ഫിലോമിന, മീന, കെ.പി.എ.സി ലളിത, സുകുമാരി
ഇങ്ങനെ ഉറക്കെ ചിരിക്കാമോ, പെണ്ണല്ലെ എന്ന് കേരളം ചോദിച്ചൊരു കാലമുണ്ടായിരുന്നു. ചിരിപ്പിക്കാനുള്ള തീറവകാശം പുരുഷന് കൽപിച്ചുകൊടുത്ത കാലം. ചിരിയുടെ ഈ ആണ്‍കോയ്മയില്‍ നിന്ന് മുക്തമായിരുന്നില്ല മലയാളത്തിന്റെ എഴുത്തും വരയും പോലും. മലയാളിയെ പൊട്ടിച്ചിരിപ്പിക്കാന്‍ പഠിപ്പിച്ച സിനിമ മാത്രം എങ്ങനെയോ ഇതില്‍ നിന്ന് വേറിട്ടുനടന്നു. അവിടെ പണ്ടേ ചിരിക്കുണ്ടായിരുന്നില്ല ആണ്‍ പെണ്‍ ഭേദം. ഭാസിയും ബഹദൂറും ശങ്കരാടിയും പപ്പുവും ജഗതിയും സലീംകുമാറുമെല്ലാം ചിരിപ്പിച്ചപോലെ തന്നെ ലളിതശ്രീയും ശ്രീലതയും കെ.പി.എ.സിയും സുകുമാരിയും മീനയും ഫിലോമിനയും ഉര്‍വശിയും കല്‍പനയും ബിന്ദു പണിക്കരുമെല്ലാം നമ്മളെ കുടുകുടാ ചിരിപ്പിച്ചു. ഇവരുടെ ജോഡിപ്പൊരുത്തമുണ്ടായിരുന്നില്ലെങ്കില്‍ ചിലപ്പോഴെങ്കിലും ഭാസിയുടെയും ജഗതിയുടെയുമെല്ലാം ഫലിതങ്ങള്‍ ഇത്രമേൽ ചിരിയുടെ അമിട്ട് പൊട്ടിക്കുമായിരുന്നോ എന്നു സംശയിച്ചാലും തെറ്റല്ല.
ഇന്ന് സിനിമയുടെ രൂപം മാറി. കെട്ടും മട്ടും ഭാഷയും മാറി. ഇതിനിടയിലെപ്പോഴോ ഉള്ളുതുറന്ന് ചിരിക്കാനും ചിരിപ്പിക്കാനും മറന്നു. ഹാസ്യതാരങ്ങളെന്ന് പുകള്‍പറ്റവര്‍ ഏറെയും ഗൗരവക്കാരായി. 'വലിയ നടന്മാ'രായി. ഹാസ്യം അതിഗംഭീരമായി കൈകാര്യം ചെയ്യുന്ന നടികള്‍ അപ്രസക്തരായി. ഇന്ന് പൊടിയിട്ടുനോക്കിയാല്‍ കിട്ടാനില്ല നല്ലൊരു പെണ്‍ കൊമേഡിയനെ. സുകുമാരിയും കെ.പി.എ.സി.യും ഫിലോമിനയും കല്‍പനയുമെല്ലാം ചെയ്ത കഥാപാത്രങ്ങള്‍ അധികപറ്റായ മട്ടാണോ പുതിയകാല സിനിമകളില്‍ എന്നു സംശയിച്ചാൽ ആരെ തെറ്റുപറയും?. ഈ പെണ്‍ചിരിയുടെ വില അറിയണമെങ്കില്‍, അനിവാര്യത തിരിച്ചറിയണമെങ്കില്‍ ഒരു ഫ്ളാഷ് ബാക്ക് അനിവാര്യമാണ്. പഴയകാല ഹാസ്യനായികമാരിലൂടെ ഒരിക്കല്‍ക്കൂടി ഒന്ന് യാത്ര ചെയ്യണം.
സത്യന്റെ കവിൾ പുകച്ച അടി

മുടിയനായ പുത്രന്‍ എന്ന നാടകം സിനിമയാക്കിയപ്പോള്‍ സംവിധായകന്‍ രാമു കാര്യാട്ട് അടൂര്‍ ഭവാനിക്ക് ഒരു റോള്‍ നല്‍കി - സത്യന്റെ അമ്മവേഷം. സത്യനേക്കാള്‍ 15 വയസ്സിന് ഇളയതായിരുന്നു അടൂര്‍ ഭവാനിയെന്ന് ഓര്‍ക്കണം. അതുകൊണ്ടു തന്നെ ഭവാനി മേക്കപ്പിട്ടെത്തിയപ്പോള്‍ സത്യന് തീരെ ഇഷ്ടപ്പെട്ടില്ലത്രേ. 'ഈ പീക്കരിപ്പെണ്ണാണോ എന്റെ അമ്മ. വേറേ ആളെ നോക്കൂ' - എന്ന് സത്യന്‍ പറഞ്ഞു. എന്നാല്‍ സംവിധാകയന്‍ വഴങ്ങിയില്ല. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. എന്നാല്‍, സത്യന്റെ വാക്കുകള്‍ ഭവാനി മറന്നില്ല. അഭിനയത്തിനിടയില്‍ അത് പുറത്തുവന്നു. അമ്മ മകനെ അടിക്കുന്ന രംഗത്തില്‍ ഭവാനി ജീവിച്ചു. ഫലമോ, അടിയേറ്റ് സത്യന്റെ കവിള്‍ പുകഞ്ഞു. ആ അടിയില്‍ സത്യന്‍ ക്ഷോഭിച്ചില്ലെന്ന് മാത്രവുമല്ല, അതൊരു ഊഷ്മളസൗഹൃദത്തിന് തുടക്കമാവുകയും ചെയ്തു. അടൂര്‍ ഭവാനിയെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍നിന്ന് വായിച്ചെടുത്ത സംഭവമാണിത്.
പ്രായം നന്നേ കുറവായിരുന്നുവെങ്കിലും ആദ്യകാലങ്ങളില്‍ അമ്മ വേഷങ്ങളിലായിരുന്നു അടൂര്‍ ഭവാനി കൂടുതലും പ്രത്യക്ഷപ്പെട്ടത്. ചെമ്മീനിലെ കറുത്തമ്മയുടെ അമ്മവേഷം ആ ഗണത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, ഹാസ്യത്തിന്റെ പാതയില്‍ തിളങ്ങുന്നത് 1980-കള്‍ക്ക് ശേഷമാണ്. മകനെ പാവയെപ്പോലെ തട്ടിക്കളിക്കുന്ന, ബേക്കറി പലഹാരങ്ങള്‍ കൊറിച്ചും പുസ്തകം വായിച്ചും സമയം കളയുന്ന, ഭരതന്‍ സംവിധാനം ചെയ്ത പാളങ്ങളിലെ അമ്മവേഷം ശ്രദ്ധ നേടിയിരുന്നു. ഗൗരവത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന പാളങ്ങളില്‍ ഭവാനിയുടെ അമ്മവേഷം ചിരിയുണര്‍ത്തുന്നതായിരുന്നു.
കൊച്ചുമോന് വേണ്ടി എടുത്താല്‍ പൊങ്ങാത്ത നേര്‍ച്ചകള്‍ നേരുന്ന ടി.പി. ബാലഗോപാലന്‍ എം.എയിലെ മുത്തശ്ശി, വൃദ്ധന്‍മാരെ സുക്ഷിക്കുക എന്ന ചിത്രത്തിലെ പങ്കജവല്ലി, ഒരു അഭിഭാഷകന്റെ കേസ് ഡയറിയിലെ വലിവുള്ള ദീനാമ്മ, കൊച്ചുമകന്റെ വിവാഹസ്വപ്നത്തിന് ഉടക്ക് പറയുന്ന മീനത്തില്‍ താലികെട്ടിലെ മുത്തശ്ശി, സൗഹൃദത്തിലെ കാര്‍ത്ത്യായനി അമ്മ, 'ഈ മാധവന്‍ കുട്ടിക്ക് ഒരു ഇരട്ടപ്പേരുണ്ടല്ലോ അതെന്തുവാ... ' എന്ന് നിഷ്‌കളങ്കതയോടെ ചോദിക്കുന്ന ഹിറ്റ്‌ലറിലെ ഭാര്‍വഗി അമ്മ, സേതുരാമയ്യന്‍ സി.ബി.ഐയിലെ ചേവി കേള്‍ക്കാത്ത മേരി എന്നിങ്ങനെ പോകുന്നു അടൂര്‍ ഭവാനി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍.
അഞ്ഞൂറാനെ കൊണ്ടും പനിനീർ തളിപ്പിക്കും
അഞ്ഞൂറാനോടുള്ള പക വര്‍ഷങ്ങളായി മനസ്സില്‍ സൂക്ഷിക്കുന്ന ആനപ്പാറ അച്ചാമ്മ. മലയാളത്തില്‍ അന്നുവരെയുള്ള പുരുഷ വില്ലന്മാരെ കുറിക്കു കൊള്ളുന്ന ഡയലോഗുകളും പകരംവയ്ക്കാനാവാത്ത ഇളകിയാട്ടം കൊണ്ടും നിഷ്പ്രഭമാക്കിയ പ്രകടനം. പ്രതികാരബുദ്ധിയുള്ള ആ കഥാപാത്രം ആനയെക്കൊണ്ട് പനിനീര്‍ തളിപ്പിക്കുമ്പോള്‍ പൊട്ടിച്ചിരിച്ച് ഇളകി മറിഞ്ഞുപോയി തീയേറ്ററുകള്‍. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ, സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ 1991-ല്‍ പുറത്തിറങ്ങിയ ഗോഡ് ഫാദറില്‍ എന്‍.എന്‍. പിള്ളയ്‌ക്കൊപ്പം മത്സരിച്ചഭിനയിച്ചഭിനയിക്കുകയായിരുന്നു ഫിലോമിന. ഉറച്ച ശബ്ദവും ശരീരഭാഷയുമായിരുന്നു അവരുടെ കരുത്ത്.

മൂക്കില്ലാരാജ്യത്തെ മാനസികപ്രശ്‌നമുള്ള കഥാപാത്രത്തെ തന്നെ ഓര്‍ക്കാം, മേക്കപ്പ് ഇട്ട് അണിഞ്ഞൊരുങ്ങി ചെല്ലുമ്പോള്‍ തന്നെ 'തള്ള' എന്ന് വിളിച്ച് പരിഹസിക്കുന്ന വ്യാജ സീരിയല്‍ സംവിധായകനെയും നിര്‍മാതാവിനെയും കണക്കിന് ചീത്തവിളിച്ചാണ് ആ കഥാപാത്രം ഇറങ്ങിപ്പോരുന്നത്. ബോഡി ഷെയ്മിങ്ങിനെ പ്രതിരോധിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളെ ഫിലോമിന മനോഹരമാക്കിയിട്ടുണ്ട്.
പ്രേതകഥ വായിച്ച് പേടിക്കുന്ന ഇന്‍ ഹരിഹര്‍ നഗറിലെ മുത്തശ്ശി, മകന്റെ ഭാര്യയെ ഓടിച്ച് കുടുംബം ഭരണം സ്വന്തമാക്കുന്ന ഗജകേസരിയോഗത്തിലെ അമ്മായിയമ്മ, എത്ര കഴിച്ചാലും വിശപ്പുമാറാത്ത വെങ്കലത്തിലെ മുത്തശ്ശി, ബന്ധുവീടുകളില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തി പണവും മുറുക്കാനും വസൂലാക്കുന്ന തലയണമന്ത്രത്തിലെ പാറുവമ്മായി, വികൃതിയായ കുട്ടികളുടെ ഉത്തരവാദിത്തം പേറുന്ന അങ്കിള്‍ ബണ്ണിലെ വേലക്കാരി, പ്രണയപരവശയായി മരിച്ച ഭര്‍ത്താവിന്റെ അപരന്റെ പിറകെ പോകുന്ന വൃദ്ധന്‍മാരെ സുക്ഷിക്കുക എന്ന ചിത്രത്തിലെ മാര്‍ഗരറ്റ്, സര്‍ദാര്‍ജിയുടെ വീട്ടില്‍ ജോലി ചെയ്ത ചരിത്രം പറഞ്ഞ് വീമ്പിളക്കുന്ന സൗഹൃദത്തിലെ വീട്ടുജോലിക്കാരി, പേരക്കുട്ടിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നവനെ 'ആരടാ നാറി നീ' എന്ന് വിളിക്കുന്ന മുത്തശ്ശി... എന്നിങ്ങനെ പോകുന്നു അവിസ്മരണീയമായ പ്രകടനത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഫിലോമിന കഥാപാത്രങ്ങള്‍.

കലഹിക്കുന്ന, തെറി വിളിക്കുന്ന, പോരിന് വിളിക്കുന്ന, 'സംസ്‌കാരമില്ലാത്ത സ്ത്രീ' എന്ന് വിളിച്ച് കളിയാക്കുന്നവരോട് തന്റേടത്തോടെ പ്രതികരിക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ അമ്മ, മുത്തശ്ശി സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ നടിയായിരുന്നു അവര്‍. ദശമൂലം ദാമുവിന്റെയും കണ്ണന്‍ സ്രാങ്കിന്റെയും ട്രോളുകള്‍ അരങ്ങുവാഴുന്ന ഈ സമയത്ത് സാമൂഹിക മാധ്യമങ്ങളില്‍ 'ബി ലൈക്ക് ഫിലോമിന' എന്ന ഹാഷ്ടാഗോടു കൂടി കാമ്പയിനുകള്‍ പൊട്ടിപ്പുറപ്പെട്ടത് ഇക്കാലത്താണെന്നത് പുതിയ തലമുറകള്‍ക്കിടയില്‍ ഫിലോമിനയ്ക്കുള്ള സ്വീകാര്യതയ്ക്ക് ഉദാഹരണമാണ്.
ഗോഡ്ഫാദറിന്റെ കരുത്ത് അവർ രണ്ടു പേർസാമാന്യബുദ്ധിയുള്ള സ്ത്രീയല്ല ആനപ്പാറ അച്ചാമ്മ, വളരെ കര്‍ക്കശ്ശക്കാരിയായ, തന്റേടിയായ, ധാര്‍ഷ്ട്യമുള്ള സ്ത്രീയാണ്. അഞ്ഞൂറാന്റെ കുടുംബത്തോട് പകരം വീട്ടാന്‍ സ്വന്തം പേരക്കുട്ടിയെ തന്നെ ആയുധമാക്കുന്ന സ്ത്രീ. വൈരാഗ്യം തീര്‍ക്കാനുള്ള വാശിയായാണ് ആനപ്പാറ അച്ചാമ്മയെ ഭരിക്കുന്നത്. ഇതെല്ലാം പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണമെങ്കില്‍ അപാരമായ കഴിവുള്ള ഒരു നടി തന്നെ അഭിനയിക്കണം. ഫിലോമിന ചേച്ചിയല്ലാതെ മറ്റൊരാളും അത് ചെയ്താല്‍ ശരിയാകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ ഫിലോമിന ചേച്ചി അച്ചാമയായി നിറഞ്ഞാടി. അതേ സിനിമയിലെ എന്ന കഥാപാത്രമായി ലളിത ചേച്ചിയും നിറഞ്ഞാടി. ഞങ്ങളുടെ സിനിമകളിലെ ഏറ്റവും വലിയ കരുത്തുകളിലൊന്ന് ഈ കോമഡി ചെയ്യാന്‍ കഴിവുള്ള അഭിനേത്രികളുടെ പ്രകടനം കൂടിയായിരുന്നു. അവര്‍ക്ക് പകരമാകില്ല. എന്നിരുന്നാലും പുതിയ തലമുറയിലുെം കഴിവുള്ളവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ അതിനനുസരിച്ചുള്ള കഥകള്‍ വന്നാലേ അവര്‍ക്ക് അവസരം ലഭിക്കൂ-
സിദ്ദീഖ്
ചിരിപ്പിച്ചും കരയിച്ചും 2500 വേഷങ്ങൾ
മലയാള സിനിമയില്‍ 60 വര്‍ഷം പൂര്‍ത്തിയാക്കിയ നടി. 2500-ലേറെ സിനിമകള്‍. എണ്ണമറ്റ കഥാപാത്രങ്ങള്‍, ആറു പതിറ്റാണ്ടില്‍ ആറു ഭാഷകളിലൂടെ നീണ്ട അഭിനയസപര്യ. അതില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത കലാകാരി. സുകുമാരിയെ ഓര്‍ക്കുമ്പോള്‍ പാവപ്പെട്ട അമ്മ-സഹോദരി വേഷങ്ങളല്ല, നല്ല തന്റേടവും മിടുക്കുമുള്ള ഉറച്ച ശബ്ദമുള്ള കലഹിക്കുന്ന കഥാപാത്രങ്ങളെയാണ് ഓര്‍മവരുന്നത്. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ഒരുപോലെ വഴങ്ങുന്ന അഭിനേത്രി, ഒരു നര്‍ത്തകി കൂടിയായത് കൊണ്ടായിരിക്കണം, കണ്ണുകള്‍ കൊണ്ട് വിവിധ ഭാവങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള നടിയായിരുന്നു അവര്‍.

ബോയിങ് ബോയിങ്ങില്‍ യന്ത്രമനുഷ്യനെപ്പോലെ ജോലി ചെയ്യുന്ന, മദ്യപിച്ച് നൃത്തം വയ്ക്കുന്ന ഡിക്കമ്മായി, പൂച്ചക്കൊരു മൂക്കുത്തിയിലെ ശങ്കരമംഗലത്തിലെ വെസ്റ്റേണ്‍ പാട്ടുകളുടെ ആരാധികയായ, എല്ലായ്പ്പോഴും വൃത്തിയായി ഒരുങ്ങി നടക്കുന്ന രേവതിയമ്മ, വന്ദനത്തിലെ കാര്‍ക്കശ്യക്കാരിയായ മാഗിയാന്റി, അക്കര അക്കരെയിലെ വാടകക്കാരായ യുവാക്കളുടെ മുട്ട മോഷണം കയ്യോടെ പിടികൂടി അവരെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഹൗസ് ഓണര്‍, തലയണമന്ത്രത്തിലെ മുക്കുകണ്ണാടി വച്ച്, പരിഷ്‌കാരത്തോടൊപ്പം പരദൂഷണവും അലങ്കാരമാക്കി നടക്കുന്ന നടക്കുന്ന സുലോചന തങ്കപ്പന്‍... അങ്ങനെ പോകുന്നു സുകുമാരി അനശ്വരമാക്കിയ വേഷങ്ങള്‍. അങ്ങനെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നേതൃത്വസ്ഥാനത്ത് ഒറ്റയ്ക്കുനിന്ന് തന്റേടത്തോടെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു സുകുമാരിയുടേത്.
.jpg?$p=315a4bb&&q=0.8)
എല്ലാകഥാപാത്രങ്ങളും ഇഷ്ടപ്പെടുന്ന, പ്രതിച്ഛായയില്‍ കുടുങ്ങി കുടുങ്ങിക്കിടക്കാതെ ഏതുസിനിമയും ചെയ്യുന്ന നടിയായിരുന്നു അവര്‍. അതെക്കുറിച്ച് സുകുമാരി ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു....
'അഭിനയിക്കാന്‍ മടി തോന്നുന്നതോ അഭിനയിക്കാന്‍ പറ്റാത്തതെന്ന് തോന്നിപ്പിക്കുന്നതോ ആയ വേഷമില്ല. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചെയ്യാന്‍ കിട്ടുന്നതെല്ലാം നല്ല വേഷങ്ങളായി കണക്കാക്കണം. സിനിമയില്‍ മോശപ്പെട്ട കഥാപാത്രമെന്നൊന്നില്ല. സംവിധായകന്‍ എന്താണോ ആവശ്യപ്പെടുന്നത് അത് കഴിവനനുസരിച്ച് ചെയ്തുകൊടുക്കുക. അഭിനയത്തില്‍ നമ്മള്‍ പേഴ്‌സണലാകാന്‍ പാടില്ല'-
സുകുമാരി
(പഴയ അഭിമുഖത്തിൽ നിന്ന്)
'ഞാൻ അത്ര സുന്ദരിയൊന്നുമല്ലല്ലോ'
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ക്ലാസിക് ചിത്രത്തില്‍ ഒരു രംഗമുണ്ട്. സത്യന്‍ അവതരിപ്പിക്കുന്ന ചെല്ലപ്പന്‍ തൂമ്പയെടുത്ത് പറമ്പില്‍ തെങ്ങിന് തടം കോരുകയാണ്. അയാളുടെ അടുത്തേക്ക് പ്രണയഭാവത്തില്‍ ഒരു പെണ്‍കുട്ടി നടന്നുവരുന്നു. ചെല്ലപ്പന്‍ ഒളിവില്‍ താമസിക്കുന്ന കുടുംബത്തിലെ ഒരംഗമായ പാര്‍വതി. അധ്വാനിയും മുരടനുമായ ചെല്ലപ്പനോട് പാര്‍വതിക്ക് കടുത്ത ആരാധനയാണ്. അയാളുടെ നോട്ടത്തിലും സംസാരത്തിലും പ്രണയപരവശയാകുന്ന പാര്‍വതി നാണിച്ച് തലകുനിച്ച് ഇടക്കണ്ണുകൊണ്ടൊന്നു പാളിനോക്കി ഒരു ചെടിയുടെ ഇല പറിച്ച് വായില്‍വച്ച് കാല് കൊണ്ട് നിലത്ത് കളമെഴുതി കളിക്കുകയാണ്. മഹാനടനായ സത്യനൊപ്പം തമാശനിറഞ്ഞ ആ രംഗങ്ങള്‍ താളബോധത്തോടെ അവതരിപ്പിക്കാന്‍ കെ.പി.എ.സി. ലളിതയ്ക്കല്ലാതെ മറ്റാര്‍ക്ക് കഴിയും. സഹതാരമായെത്തി പതിറ്റാണ്ടുകളോളം സിനിമയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന നടി. തനിക്ക് മുന്‍പിലെത്തുന്ന വേഷങ്ങള്‍ എന്തും തന്നെയാകട്ടെ, ആ കഥാപാത്രത്തെ അതിന്റെ പാരമ്യത്തില്‍ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള പ്രതിഭ... അതാണ് നാടകത്തില്‍നിന്നു സിനിമയിലെത്തിയ സമീപകാലത്ത് വിടപറഞ്ഞ കെപി.എ.സി. ലളിത..
'ഞാന്‍ അത്ര സുന്ദരിയൊന്നുമല്ലല്ലോ? അതുകൊണ്ടു തന്നെ നായികാവേഷങ്ങളൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ എനിക്ക് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ സാധിച്ചു. പുരസ്‌കാരങ്ങളേക്കാള്‍ വിലമതിക്കുന്നതാണ് ആ സന്തോഷം. എന്റെ സഹതാരങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാനും ഇന്നസെന്റെും ജോടിയായെത്തിയ വേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഹാസ്യരംഗങ്ങള്‍ ചെയ്യുമ്പോള്‍ എനിക്ക് ഇന്നസെന്റിനോളം കെമിസ്ട്രി മറ്റൊരു നടനായും ഇല്ല. എന്നോടൊപ്പം അഭിനയിച്ച പലതാരങ്ങളും ഇന്നില്ല എന്നോര്‍ക്കുമ്പോള്‍ അതിയായ ദുഃഖവുമുണ്ട്. എന്നിരുന്നാലും ഇത്രയും വര്‍ഷങ്ങള്‍ സിനിമയില്‍ നില്‍ക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അതിനായി എനിക്ക് അവസരം നല്‍കിയ സംവിധായകരോട് നന്ദി പറയുന്നു. ഒരു നടിയെന്ന നിലയില്‍ ഞാന്‍ സംതൃപ്തയാണ്ര-
കെ.പി.എ.സി. ലളിത
(പഴയ അഭിമുഖത്തിൽ നിന്ന്)

ഹാസ്യരംഗങ്ങളിലെ സംഭാഷണങ്ങളില്‍ ശബ്ദവിന്യാസം കൊണ്ട് കെ.പി.എ.സി. ലളിത തീര്‍ക്കുന്നൊരു മാജിക്കുണ്ട്. ആ മികവ് മറ്റൊരു അഭിനേതാവിനും അവകാശപ്പെടാന്‍ സാധിക്കുകയില്ല. സുകുമാരി ചെയ്തതില്‍നിന്ന് വ്യത്യസ്തമായി നാടന്‍ വേഷങ്ങളിലായിരുന്നു ലളിത കൂടുതലും പ്രത്യക്ഷപ്പെട്ടത്. കുശുമ്പും കൗശലവും കുശാഗ്രബുദ്ധിയും പരദൂഷണവും വിടുവായിത്തരവുമുള്ള അമ്മ-ഭാര്യ വേഷങ്ങള്‍, ദാരിദ്ര്യത്തിന്റെയും ജീവിത പ്രാരാബ്ധത്തിന്റെയും പ്രതീകങ്ങളായമായ വേഷങ്ങള്‍. വിയറ്റ്‌നാം കോളനിയിലെ പട്ടാളം മാധവിയും കൊട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയും അതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പിടക്കോഴി കൂവൂന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ സൂപ്രണ്ട്, ഐസ്‌ക്രീമിലെ എലിസബത്ത്, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, മേഘത്തിലെ ആച്ചയമ്മ, പൈ ബ്രദേഴ്‌സിലെ അല്ലു, സി.ഐ.ഡി ഉണ്ണികൃഷ്ണനിലെ അമ്മ, മണിചിത്രത്താഴിലെ ഭാസുര, ഇഞ്ചക്കാടന്‍ മത്തായിയിലെ ഏലിക്കുട്ടി, കാട്ടുകുതിരയിലെ കല്യാണി, പൊന്‍മുട്ടയിടുന്ന താറാവിലെ ഭാഗീരഥി, സന്ദേശത്തിലെ ലത, ആദ്യത്തെ കണ്‍മണിയിലെ മാളവിക എന്നിങ്ങനെ പുതിയ തലമുറയിലെ സംവിധായകനായ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ആകാശവാണി എന്ന ചെല്ലപ്പേരുള്ള സീരിയല്‍ നടി വരെ എത്തിനില്‍ക്കുന്നു കെ.പി.എ.സി. ലളിത അഭിനയിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കഥാപാത്രങ്ങള്‍.

കഥാപാത്രം ഉണ്ടെങ്കിലേ പുതിയ അഭിനേതാക്കളെ കണ്ടെത്താനാകൂഎന്റെ സിനിമകളില്‍ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്ന അഭിനേത്രികള്‍ അതിഗംഭീരമായ ഹ്യൂമര്‍ ചെയ്തിരുന്നു. അതുപോലെ പുരുഷ കഥാപാത്രങ്ങളുമതെ. ഹ്യൂമര്‍ ചെയ്യാന്‍ വേണ്ടി ബോധപൂര്‍വ്വം എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങളായിരുന്നില്ല അവയൊന്നും. തികച്ചും സ്വാഭാവികമായി സംഭവിക്കുന്നതായിരുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ കോമഡി ഒരു പാരലല്‍ ട്രാക്കിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പണ്ട് കാലത്തെ സിനിമകളും 1980 കള്‍ക്ക് ശേഷമുള്ള സിനിമകളും വിശലകനം ചെയ്താല്‍ അത് മനസ്സിലാകും. എന്നാല്‍ ഞാന്‍ സിനിമ ചെയ്യാന്‍ തുടങ്ങിയ കാലഘട്ടത്തില്‍ ആ ട്രാക്ക് പൊളിച്ചുമാറ്റപ്പെട്ടിരുന്നു. ഹ്യൂമര്‍ കഥയിലേക്കും അതിലൂടെ കഥാപാത്രങ്ങളിലേക്കും കൊണ്ടുവന്നപ്പോള്‍ ആളുകളെ അത് ഗംഭീരമായി ചിരിപ്പിച്ചു. എന്റെ സിനിമകളിലൂടെ കെ.പി.എ.സി ലളിത, സുകുമാരി, ഫിലോമിന, ഉര്‍വ്വശി തുടങ്ങിയവരുടെ അഭിനയശേഷി ഒരു പരിധിവരെ ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ട്. ഉര്‍വ്വശിയോളം ഹ്യൂമര്‍ ചെയ്ത ഒരു നായിക ഉണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പുതിയ സിനിമകളില്‍ അച്ഛന്‍, അമ്മ, മുത്തശ്ശന്‍, മുത്തശ്ശന്‍ എന്നീ കഥാപാത്രങ്ങളുണ്ടോ എന്നനിക്കറിയില്ല. കഥാപാത്രം ഉണ്ടെങ്കിലേ പുതിയ അഭിനേതാക്കളെ കണ്ടെത്താനാകൂ. എന്റെ പുതിയ സിനിമയായ മകളിലും ശ്രീലതയുടെ ഒരു നല്ല രംഗമുണ്ടായിരുന്നു. ഞാന്‍ പ്രകാശനില്‍ രമ്യ സുരേഷ് എന്ന അഭിനേത്രി നല്ല പ്രകടനമാണ് കാഴ്ച വച്ചത്. രമ്യയെല്ലാം പുതിയ തലമുറയില്‍ ഹ്യൂമര്‍ ചെയ്യുന്ന അഭിനേത്രികളുടെ പ്രതിനിധികളാണ്.
സത്യന്‍ അന്തിക്കാട്
ഭാസിയുടെ ജോഡി
മലയാള സിനിമയിലെ ആദ്യ ഹാസ്യജോടിയായിരുന്നു അടൂര്‍ ഭാസിയും ശ്രീലതയും. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്തു. ഉറച്ച ശബ്ദവും കരുത്തുള്ള ശരീരപ്രകൃതിയുമാണ് ശ്രീലതയെ മറ്റു നടിമാരില്‍നിന്ന് വ്യത്യസ്തയാക്കിയത്. ഗായികയായി പേരെടുക്കണമെന്നതായിരുന്നു മോഹം. എന്നാല്‍ കാലം ശ്രീലതയ്ക്കായി കാത്ത് വച്ചത് മറ്റൊന്നായിരുന്നു. അതെക്കുറിച്ച് ശ്രീലത പറയുന്നതിങ്ങനെ.....

'അടൂര്‍ ഭവാനി ചേച്ചിയും പങ്കജവല്ലി ചേച്ചിയും നിറഞ്ഞുനിന്ന വേളയിലാണ് ഞാന്‍ എത്തിയത്. ഹാസ്യതാരമായി അഭിനയിക്കേണ്ടി വരുമെന്നൊന്നും ഞാന്‍ സ്വപ്നത്തില്‍ കരുതിയില്ല. കോമഡി ചെയ്യണം എന്ന് പറഞ്ഞല്ല എന്നെ മദ്രാസിലേക്ക് വിളിപ്പിക്കുന്നത്. എന്റെ അച്ഛന്റെ സഹോദരിയുടെ ഭര്‍ത്താവെടുക്കുന്ന വിരുതന്‍ ശങ്കു എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ഞാന്‍ ചെല്ലുന്നത്. 1968-ലായിരുന്നു അത്. എനിക്ക് പതിനേഴ് വയസ്സായിരുന്നു പ്രായം. ഭാസി ചേട്ടന്‍ നായകനും. ഞാന്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ കൂട്ടാക്കിയില്ല. കാരണം മറ്റൊന്നുമല്ല, എനിക്ക് കോമഡി ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അതിനിടെ എനിക്ക് ഒരു മേക്കപ്പ് ടെസ്റ്റ് നടത്തിയിരുന്നു. ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയുടെ സെറ്റിലേക്ക് ഞാന്‍ ചെന്നപ്പോള്‍ അവിടെ വച്ച് സേതുമാധവന്‍ സാറാണ് മേക്കപ്പ് ടെസ്റ്റ് നടത്തിയത്. ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന് പാട്ടിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ എഴുന്നേറ്റ് നില്‍ക്കുന്ന ഒരു രംഗം. പിന്നീട് എം.കൃഷ്ണന്‍ നായരുടെ പഠിച്ച കള്ളന്‍ എന്ന സിനിമയില്‍ ഭാസി ചേട്ടന്റെ നായികയായി. അങ്ങനെയായിരുന്നു തുടക്കം.
അന്നത്തെ കാലത്ത് മലയാളത്തില്‍ കോമഡി ചെയ്യാന്‍ ഒരു ചെറുപ്പക്കാരിയായ നടിയില്ല. അതുകൊണ്ടു തന്നെ എനിക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. അന്ന് സ്റ്റുഡിയോയില്‍ വച്ച് ചെയ്യുന്ന രംഗങ്ങള്‍ ലൈവ് റെക്കോഡിങ്ങായിരുന്നു. ഔട്ട് ഡോര്‍ രംഗങ്ങള്‍ മാത്രമേ ഡബ്ബ് ചെയ്യുമായിരുന്നുള്ളൂ. ആദ്യത്തെ പത്ത് പന്ത്രണ്ട് സിനിമകളില്‍ ഞാന്‍ വല്ലാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. പിന്നീട് പതിയെ ഞാന്‍ ആ ട്രാക്കിലേക്ക് വീണു. ഭാസി ചേട്ടന്‍ പറയുന്നതിന് കൗണ്ടര്‍ പറയുന്നത് എളുപ്പമായിരുന്നില്ല. അദ്ദേഹം എന്നെ നന്നായി പിന്തുണതുകൊണ്ടാണ് എനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞത്.

മലയാളികള്‍ നല്ല ഹ്യൂമര്‍ സെന്‍സ് ഉള്ളവരാണെങ്കിലും അത്ര പെട്ടന്ന് ചിരിക്കുകയില്ല. അതുകൊണ്ടു തന്നെ ചെറുതായൊന്നു പാളിപ്പോയാല്‍ മതി എല്ലാം തീര്‍ന്നു. കോമഡി ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ച് മറ്റൊരു വെല്ലുവിളികൂടിയുണ്ട്. അന്യഭാഷ സിനിമകളില്‍ ശോഭിക്കണമെങ്കില്‍ ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയണം. മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിച്ചാല്‍ നന്നാവുകയില്ല. ഉദാഹരണത്തിന് ഉര്‍വ്വശിക്ക് തമിഴില്‍ നന്നായി കോമഡി ചെയ്യാന്‍ സാധിക്കുന്നത് ആ ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയുന്നത് കൊണ്ടും കൂടിയാണ്. പിന്നെ മറ്റൊരു കാര്യമുണ്ട്, നന്നായി കോമഡി ചെയ്യുന്ന ഒരു അഭിനേതാവിന് ഏതൊരു വേഷവും ചെയ്യാന്‍ കഴിയും. സലീം കുമാറിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കല്‍പ്പനയുടെയുമെല്ലാം നേട്ടങ്ങള്‍ ദേശീയ പുരസ്‌കാരം വരെ എത്തിനില്‍ക്കുന്നതും അതുകൊണ്ടാണ്.
വിവാഹത്തിന് ശേഷം അഭിനയം നിര്‍ത്തിയ എന്നെ മലയാള സിനിമ വീണ്ടും കൈനീട്ടി സ്വീകരിച്ചത് ഞാന്‍ ചെയ്ത ഹാസ്യവേഷങ്ങള്‍ ഓര്‍ത്തിരിക്കുന്നത് കൊണ്ടായിരിക്കണം. ചിരിപ്പിക്കുന്നത് അത്ര എളുപ്പമല്ലല്ലോ? അതുകൊണ്ട് ചിരിപ്പിച്ചവരെ പ്രേക്ഷകര്‍ മറക്കുകയില്ല'- ശ്രീലത പറയുന്നു.
ചിരിയുടെ ചൂരലുമെടുക്കും
മീനയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് കടന്നവരുന്നത് 'അശോകന് ക്ഷീണമാകാം' എന്ന ഒറ്റ ഡയലോഗാണ്. 1992-ല്‍ സംഗീത് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ യോദ്ധയിലെ വസുമതിയമ്മ അത് പറയുമ്പോള്‍ ആര്‍ക്കും അനുകരിക്കാനാകാത്ത ഒരു പ്രത്യേക താളമുണ്ട്. സ്വന്തം സഹോദരിയെ തോല്‍പ്പിക്കാന്‍ മകന്‍ അപ്പുകുട്ടനെ ആയുധമാക്കുന്ന അരശുംമൂട്ടില്‍ വസുമതിയമ്മയുടെ സ്ഥാനത്ത് മീനയെ അല്ലാതെ മറ്റേതെങ്കിലും നടിയെ സങ്കല്‍പ്പിക്കാന്‍ കഴിയുമോ...?

സ്‌നേഹനിധിയായ അമ്മയായും പോരടിക്കുന്ന അമ്മായിയമ്മയായും പരദൂഷണപ്രിയയായ സൊസൈറ്റി ലേഡിയായും വേലക്കാരിയായും ഒരേ മികവില്‍ തിളങ്ങാന്‍ മീനയിലെ പ്രതിഭയുള്ള അഭിനേത്രിയ്ക്ക് അനായാസം കഴിഞ്ഞു. ശബ്ദത്തിലും ഭാവങ്ങളിലും കഥാപാത്രങ്ങള്‍ക്ക് തന്റേതായ മാനറിസങ്ങള്‍ സമ്മാനിക്കുകയും ചെയ്ത മീന, ഹാസ്യ രംഗങ്ങളില്‍ കാണിച്ച മികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. രാജസേനന്‍ സംവിധാനം ചെയ്ത മേലേപ്പറമ്പിലെ ആണ്‍വീടിലെ ഭാനുമതി എന്ന കഥാപാത്രം. കഞ്ഞി കുടിക്കാന്‍ ഇരിക്കുന്ന ഭര്‍ത്താവിനും മക്കള്‍ക്കും മുന്നില്‍ തനിക്ക് ഒറ്റയ്ക്ക് പണി ചെയ്യാന്‍ വയ്യെന്ന് തറപ്പിച്ച് പറഞ്ഞ് കരിച്ചമുളക് നീട്ടുന്ന, പേടിച്ച് കുളത്തില്‍ ചാടിയ നാല്‍പ്പത് വയസ്സോളം പ്രായമുള്ള മകനെ തല്ലാന്‍ ചൂരലുമായി വരുന്ന, വേലക്കാരിക്ക് പിറകെ പഞ്ചാരയൊലിപ്പിച്ച് നടക്കുന്ന മകന് ചൂലു നല്‍കി മുറ്റമടിക്കാന്‍ ആജ്ഞാപിക്കുന്ന അമ്മ... മലയാള സിനിമയില്‍ കണ്ടു ശീലിച്ച ത്യാഗമതിയായ അമ്മ മാതൃകകളില്‍നിന്ന് വേറിട്ടതായിരുന്നു മീനയുടെ ഭാനുമതി.
മേലേപറമ്പിലെ ആണ്‍വീട്, യോദ്ധ എന്നീ ചിത്രങ്ങള്‍ മാത്രമല്ല, മിഥുനത്തിലെ വേലക്കാരി, കിളിക്കുറിശിയിലെ കുടുംബമേളയിലെ പങ്കജവല്ലി, തലയണമന്ത്രത്തിലെ 'ഡാനീ ഗോ ഇന്‍സൈഡ്' എന്ന് പറഞ്ഞ് ഭര്‍ത്താവിനെ വിരട്ടുന്ന ജീജീയും ഇന്നും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളാണ്.
കഥാപാത്രമുണ്ടെങ്കിലേ അഭിനേതാവുണ്ടാകൂ
.jpg?$p=8ef28c6&&q=0.8)
രാജസേനന്‍
ചിരിച്ചെപ്പ് തുറന്ന ക്ലാര
മലയാള സിനിമയില്‍ രണ്ട് ക്ലാരമാരുണ്ട്. ആദ്യത്തെ ക്ലാര മലയാളി പുരുഷന്‍മാരുടെ പ്രണയകാമനകളെ ഉദ്ദീപിപ്പിച്ച ജയകൃഷ്ണന്റെ കാമുകിയായിരുന്നു. പത്മരാജന്റെ തൂവാനത്തുമ്പികളുടെ നായിക. എന്നാല്‍ അത്രയൊന്നും ആഘോഷിക്കപ്പെടാത്ത മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മറ്റൊരു ക്ലാരയുണ്ട്. സഹപ്രവര്‍ത്തകന്‍ ഉമ്മച്ചനെ തന്റെ വാക്കുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തിച്ച മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കുക്കിങ്ങില്‍ ഡിപ്ലോമയും 'ഡിപ്ലോമസിയും' നേടിയ സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡിലെ ക്ലാര. കല്‍പ്പനയുടെ ക്ലാര.

1977-ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലും ദിഗ്വിജയത്തിലും ബാലതാരമായി സിനിമയിലെത്തിയ കല്പനയ്ക്ക് കല പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ്. തിരുവതാംകുര്‍ സിസ്റ്റേഴ്‌സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പത്മിനി, രാഗിണി, ലളിത സഹോദരിമാരെ പോലെ മലയാള സിനിമയിലെ ഒരു ഏടാണ് കലാരഞ്ജിനി, കല്‍പ്പന, ഉര്‍വശി സഹോദരിമാരും. മൂന്ന് പേരും സിനിമയുടെ വഴിയെ നടന്നു. അതില്‍ ഉര്‍വ്വശി നായികയായി വെന്നിക്കൊടി പാറിച്ചപ്പോഴും വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും ഇടവേളയില്ലാതെ കല്‍പ്പന സിനിമയിലെ സ്ഥിരസാന്നിധ്യമായി.
അരവിന്ദന്റെ പോക്കുവെയിലില്‍ നായികയായ കല്‍പ്പന, കെ.ജി. ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി എന്ന കഥാപാത്രത്തിലൂടെ ഹാസ്യമാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞു. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയായും വന്നതോടെ മലയാളസിനിമയിലെ ഹാസ്യതാരപട്ടികയില്‍ കല്പനയെന്ന പേരും എഴുതി ചേര്‍ക്കപ്പെട്ടു. പ്ലെയിന്‍ സാരിയും കൂളിങ് ഗ്ലാസും സാരിയുടെ നിറത്തിന് ചേരുന്ന കുടയും ചൂടി 'ഹരിത മനോജ്ഞമാം പോക്കണംകോട്ടില്‍' എന്ന സ്വാഗതഗീതം പാടുന്ന പശുപതിയിലെ യു.ഡി.സി. ആദ്യവസാനം വരെ ചിരിപടര്‍ത്തിയ കഥാപാത്രമാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലെ പുരുഷവിരോധിയായ പോസ്റ്റല്‍ ജീവനക്കാരിയും കൗതുകവാര്‍ത്തകളിലെ കമലുവും കാവടിയാട്ടത്തിലെ ഡോളിയും കുടുംബ കോടതിയിലെ ഗുണ്ടൂര്‍ പാര്‍വതിയും അമേരിക്കന്‍ അമ്മായിയിലെ ബ്രോക്കറും കാബൂളിവാലയിലെ കള്ളിയായ ചന്ദ്രികയും അവസാനകാല ചിത്രങ്ങളിലൊന്നായ ബാംഗ്ലൂര്‍ ഡെയ്‌സിലെ പരിഷ്‌കാരം കൊതിക്കുന്ന അമ്മയും.... അങ്ങനെ ഹാസ്യത്തിന് പുതിയൊരു ഭാവപ്പകര്‍ച്ച തന്നെ അവര്‍ നല്‍കി. ജഗതിയോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളില്‍ കല്‍പ്പനയെപ്പോലെ തിളങ്ങിയ മറ്റൊരു താരമില്ല.

'അമ്പിളി ചേട്ടനൊപ്പം അഭിനയിച്ചു തുടങ്ങിയപ്പോള്‍ മനസ്സില്‍ ആദ്യം പേടിയായിരുന്നു. ചിരിയുടെ തലതൊട്ടപ്പനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ടൈമിങ്ങിന് മുന്നില്‍ കട്ടക്ക് പിടിച്ച് നില്‍ക്കുന്നത് വലിയ പാടാണ്. എന്തുകൊണ്ടോ എനിക്ക് അത് സാധിച്ചു. ഞാന്‍ ചെയ്യുന്നത് കണ്ട് ആളുകള്‍ക്ക് ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം'-
കല്‍പ്പന
(പഴയ അഭിമുഖത്തിൽ നിന്ന്)

'ഈശ്വരാ.. പാവത്തുങ്ങള്‍ക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ?' സഹിക്കാനാകാത്ത ദുഃഖത്തോടെ കല്പന അത് പറയുമ്പോള്‍ പ്രേക്ഷകരില്‍ പൊട്ടിച്ചിരിയാണ് പടര്‍ന്നത്. മോഹന്‍ലാല്‍ നായകനായ മിസ്റ്റര്‍ ബ്രഹ്മചാരിയില്‍ നായകനായ തമ്പി അളിയനെ പ്രേമിക്കുന്ന അനസൂയയുടെ ഡയലോഗാണിത്. മിസ്റ്റര്‍ ബ്രഹ്മചാരി പ്രേക്ഷരില്‍ നിന്ന് ഇറങ്ങിപോയെങ്കിലും ആ ഡയലോഗ് മെഗാ ഹിറ്റായി. യു.ഡി.സിയുടെ പാട്ടും ആ ഭാവങ്ങളും അനുകരണങ്ങളും ഇന്നും ടെലിവിഷനിലെ കോമഡി സീനുകളില്‍ വന്നുപോകുമ്പോള്‍ തോന്നും കല്‍പ്പന എവിടെയും പോയിട്ടില്ലെന്ന്....
ചിരിയുടെ ഒരേയൊരു സൂപ്പർസ്റ്റാർ
.jpg?$p=845be25&&q=0.8)
മലയാള സിനിമയിലെ പുരുഷമേല്‍ക്കോയ്മയെ വെല്ലുവിളിച്ച ഹാസ്യനടിമാരുടെ പട്ടിക ഉര്‍വ്വശിയുടെ പേരില്ലാതെ അപൂര്‍ണമായിരിക്കും. ഹാസ്യരംഗത്തെ പുരുഷാധിപത്യത്തെ മാത്രമല്ല താരാരാധനയും നടന മാഹാത്മ്യവും തികച്ചും പുരുഷ കേന്ദ്രീകൃതമായ കാലഘട്ടത്തില്‍ അവതാരപ്പിറവിയെടുത്ത വിസ്മയം എന്ന് ഈ നടിയെ വിശേഷിപ്പിക്കാം. നടന്‍ മോഹന്‍ലാലിനെയും ഉര്‍വശിയെയും താരതമ്യം ചെയ്തുള്ള ചര്‍ച്ചകളില്‍ രണ്ട് വാക്കുകള്‍ കടന്നു വരാറുണ്ട്; 'ഫ്ലെക്സിബിലിറ്റി, നാച്ചുറാലിറ്റി'. ഇവര്‍ രണ്ടുപേരുടെയും മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് ഈ മികവ് തന്നെ.

ഹാസ്യം, പ്രണയം, വഞ്ചന, കുസൃതി, നൊമ്പരം, ധിക്കാരം, ധൈര്യം, ഹാസ്യം, ദേഷ്യം, വിധേയത്വം എന്നിങ്ങനെ ഒരു വ്യക്തിയുടെ വ്യത്യസ്ത മാനസികതലങ്ങള്‍ ഉര്‍വ്വശിയുടെ മായം ചേര്‍ക്കാത്ത അഭിനയത്തികവില്‍നിന്നു പ്രേക്ഷകര്‍ ആസ്വദിച്ചു. അതുകൊണ്ടു തന്നെയാണ് ഉര്‍വശിയുമായി മറ്റൊരു നായികയെ തുലനം ചെയ്യുന്നത് അസംബന്ധമാണെന്ന് പറയുന്നത്. സിനിമയില്‍ നായികയായി അരങ്ങു വാണിരുന്ന കാലത്താണ് ഉര്‍വശി ചില സിനിമകളില്‍ കോമഡി വേഷങ്ങള്‍ ചെയതത്. മൈ ഡിയര്‍ മുത്തച്ഛനിലെ ക്ലാരയെന്ന വേലക്കാരിയുടെ വേഷം അതിനുദാഹരണമാണ്. 'അമ്മച്ചി എന്നെപ്പറ്റി വല്ലതും പറഞ്ഞായിരുന്നോ' എന്ന മുഖവുരയോടെ തന്റെ മുന്‍കാല ചരിത്രം നായിക മീരയോട് ക്ലാര വിളമ്പുന്ന ഒരു രംഗമുണ്ട്. ആ സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ മിക്കവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഈ തമാശരംഗമായിരിക്കും. ഹാസ്യരംഗങ്ങള്‍ ഇത്രയും കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു നായികയും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.
കടിഞ്ഞൂല്‍ കല്യാണത്തിലെ ഹൃദയവിശാലത തീരെയില്ലാത്ത ഹൃദയകുമാരി, പൊന്മുട്ടയിടുന്ന താറാവിലെ സിനേഹമില്ലാത്ത സ്‌നേഹലത, തലയണ മന്ത്രത്തിലെ കുശുമ്പിയായ കാഞ്ചന, കാക്കത്തൊള്ളായിരത്തിലെ മാനസിക പ്രശ്‌നമുള്ള രേവതി, മഴലില്‍ക്കാവടിയിലെ നിഷ്‌കളങ്കയായ തമിഴ്‌പൊണ്‍കൊടിയായ ആനന്ദവല്ലി, ഉത്സവമേളത്തിലെ മരംകയറ്റക്കാരിയായ തന്റേടിയായ കനകപ്രഭ, ചക്കിക്കൊത്ത ചങ്കരനിലെ രോഷ്‌നി, കാമുകനായ അപ്പുക്കുട്ടന്റെ കഴിവുകേട് അയാളുടെ മുഖത്ത് നോക്കി പറയാന്‍ മടിക്കാത്ത യോദ്ധയിലെ ദമയന്തി, അച്ചുവിന്റെ അമ്മയിലെ എല്‍.ഐ.സി. വനജ... എന്നിങ്ങനെ ഇത്രയും വൈവിധ്യവും സ്വീകാര്യതയും ഒത്തുചേര്‍ന്ന ഹാസ്യകഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ച നായിക മലയാള സിനിമയില്‍ എന്നല്ല, ലോക സിനിമയില്‍ തന്നെയില്ല. മലയാളത്തെ മാറ്റി നിര്‍ത്തിയാല്‍ തമിഴ് സിനിമയിലുമുണ്ട് ഉര്‍വ്വശി അവിസ്മരണീയമാക്കിയ ഒട്ടനവധി കഥാപാത്രങ്ങള്‍. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര സര്‍ക്കാറിന്റെ പുരസ്‌കാരങ്ങള്‍ അഞ്ചു തവണയും മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും ഏറ്റുവാങ്ങിയെങ്കിലും അര്‍ഹിക്കുന്ന രീതിയില്‍ ഉര്‍വശി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്.
പൊട്ടിച്ചിരിയുടെ ബിന്ദു
'സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡാന്‍സിനും പാട്ടിനുമൊക്കെ ഞാന്‍ മിടുക്കിയായിരുന്നു, സമൂഹഗാനം വരെ ഞാന്‍ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്.' ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന ചിത്രത്തിലെ ഇന്ദുമതിയുടെ ആ ഡയലോഗ് ഇന്ന് ടിക്ക് ടോക്കില്‍ സൂപ്പര്‍ഹിറ്റാണ്. ഇന്ദുമതിയായെത്തിയ ബിന്ദു പണിക്കരുടെ മകള്‍ കല്യാണിവരെ ആ ഡയലോഗ് പറഞ്ഞ് ആളുകളെ കയ്യിലെടുത്തു കഴിഞ്ഞു.

നിഷ്‌കളങ്കമായ മുഖവും ശബ്ദവിന്യാസത്തിലെ വ്യത്യസ്തതയുമാണ് ബിന്ദു പണിക്കരെ പ്രേക്ഷകരുടെ പ്രിയതാരമാക്കിയത്. തിളക്കത്തിലെ വനജയും സൂപ്പര്‍ മാനിലെ അല്ലേലും ഞാന്‍ സത്യം മാത്രേ പറയാറുള്ളൂ എന്ന് ഗര്‍വ്വോടെ പറയുന്ന സ്വര്‍ണലതയും സി.ഐ.ഡി. മൂസയിലെ രമണിയുമെല്ലാം ബിന്ദു അഭിനയിച്ച് തകര്‍ത്ത ഏതാനും കഥാപാത്രങ്ങള്‍ മാത്രം.

കോമഡി ചെയ്യാനല്ല വന്നത്
മലയാള സിനിമയില്‍ കോമഡിയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഞാന്‍ സിനിമയിലെത്തുന്നത്. കോമഡി ചെയ്യണം എന്ന് കരുതി സിനിമയില്‍ വന്ന ഒരാളല്ല ഞാന്‍. വാനപ്രസ്ഥത്തിലും പരിണയത്തിലുമെല്ലാം പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കത്തിലെ ഇന്ദുമതി എനിക്ക് വലിയ ബ്രേക്ക് സമ്മാനിച്ചു. സത്യം പറയാമല്ലോ, ആ കഥാപാത്രത്തിന് ഇത്രയും സ്വീകാര്യത ലഭിക്കുന്നത് ഇപ്പോഴാണ്. അന്നത് അത്രയും ഹിറ്റായിരുന്നില്ല. ഇന്ന് ഈ ലോക്ക് ടൗണ്‍ കാലത്തും ടിക്ടോക്കിലും ഫെയ്‌സ്ബുക്കിലുമെല്ലാം ഇന്ദുമതിയുടെ അനുകരണങ്ങളും ട്രോളുകളും കാണുമ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നും. ജഗതി ചേട്ടന്‍, ലളിത ചേച്ചി, ഇന്നസെന്റ് ചേട്ടന്‍, ഹനീഫക്ക, കലാരഞ്ജിനി ചേച്ചി എന്നിവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും നല്ല പിന്തുണ നല്‍കിയപ്പോള്‍ എനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചു. പിന്നീട് നല്ല വേഷങ്ങള്‍ എന്നെ തേടിയെത്തി. തുടര്‍ച്ചയായി കോമഡി ചെയ്യുമ്പോഴും സീരിയസായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ലോഹിതദാസ് സാര്‍ സംവിധാനം ചെയ്ത സൂത്രധാരനിലെ ദേവയാനിയുമൊക്കെ അത്തരം വേഷങ്ങളായിരുന്നു. എന്നിരുന്നാലും കോമഡി ചെയ്തതു കൊണ്ടു തന്നെ ആയിരിക്കണം എനിക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്. അതൊരു വലിയ ഭാഗ്യമായി തോന്നുന്നു'-
ബിന്ദു പണിക്കര്‍
കഥാപാത്രങ്ങളുമെല്ലാം ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. മനസ്സുനിറഞ്ഞ് കോമഡി ചെയ്യാന്‍ അവസരം നല്‍കുന്ന വേഷങ്ങള്‍ ഇന്ന് തേടിയെത്താറില്ല ബിന്ദു പണിക്കരും ശ്രീലതയും അടിവരയിടുന്നു. തങ്ങള്‍ക്കൊപ്പം വേഷമിട്ട പലരും ജീവിച്ചിരുപ്പില്ല മാത്രവുമല്ല കാലഘട്ടവും കഥയും കഥാപാത്രങ്ങളും മാറിപ്പോയല്ലോ. സിനിമയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് പെണ്‍കോമഡിയന്‍മാരുടെ സാന്നിധ്യം കുറച്ചതെന്ന് പുതിയ തലമുറയിലെ സിനിമാപ്രവര്‍ത്തകര്‍ പറയുന്നു. പക്ഷേ, പുതിയ തലമുറയെയും ചിരിപ്പിച്ച ചരിത്രമുളളവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. വരും. വരാതിരിക്കില്ല മറ്റൊരു സുകുമാരിയോ ഫിലോമിനയോ ബിന്ദു പണിക്കരോ എന്ന് ഉറച്ചു വിശ്വസിനുക്കുന്നവരുണ്ട് പുതിയ തലമുറക്കാരിലും.
അതൊന്നും ബോധപൂർമല്ലസിനിമ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളെയാണ് ഞാന്‍ കാസ്റ്റ് ചെയ്തിട്ടുള്ളത്. അവരില്‍ സ്വാഭാവികമായും കോമഡി കൈകാര്യം ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍ വന്നു ചേരുകയായിരുന്നു. അത് ബോധപൂര്‍വ്വം സംഭവിക്കുന്നതല്ല. സിഐഡി മൂസയിലെ ബിന്ദു പണിക്കരുടെ കഥാപാത്രമെല്ലാം ആ ഗണത്തില്‍പ്പെടുന്നതായിരുന്നു. ഇന്ന് സിനിമയില്‍ തമാശയുണ്ടെങ്കില്‍ കൂടി, അതിന്റെ സ്വഭാവം മാറിയിരിക്കുന്നു. ഫുള്‍ ടൈം കോമഡി ചിത്രങ്ങളെല്ലാം ഇന്നത്തെ കാലത്ത് വളരെ വിരളമാണ്. അതിനുള്ള കഥയും സാഹചര്യവുമെല്ലാം ഒത്തുവന്നാല്‍ പുതിയ തലമുറയിലും മികച്ച അഭിനേത്രികള്‍ വരാനുളള എല്ലാ സാധ്യതയുമുണ്ട്. അത്തരം കഥാപാത്രങ്ങള്‍ക്ക് തിരക്കഥയില്‍ സ്‌പേസ് കൂടിയുണ്ടെങ്കലേ കോമഡി ലെജന്‍ഡ്‌സ് ഉണ്ടാവുകയുള്ളൂ.
ജോണി ആന്റണി
നേട്ടങ്ങള്‍ക്കിടയിലെ നഷ്ടം
തൊട്ടാന്‍ പൊള്ളുന്ന പ്രമേയങ്ങള്‍, മികച്ച സാങ്കേതിക വിദ്യ, സാമൂഹ്യപ്രസക്തമായ കഥകള്‍, സിനിമയിലെ അധികാര വികേന്ദ്രീകരണം അങ്ങനെ ഒട്ടേറെ മേഖലകളില്‍ മലയാള സിനിമ ഒരുപാട് ദൂരം മുന്നോട്ട് പോയി. ഈ വലിയ നേട്ടങ്ങള്‍ക്കിടയിലും ചെറിയ നഷ്ടങ്ങളും സ്വാഭാവികമായും സംഭവിക്കാം. അഞ്ജലി മേനോന്‍, മിഥുന്‍ മാനുവല്‍ തോമസ്, ബേസില്‍ ജോസഫ്, ഗിരീഷ് എഡി, ജൂഡ് ആന്റണി തുടങ്ങിയ സംവിധായകരെല്ലാം കോമഡി പറയുന്ന പെണ്‍കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കോമഡി ലെജന്‍ഡസ് എന്ന് വിശേഷിപ്പിക്കാവുന്ന അഭിനേത്രികളുടെ പരമ്പര നിന്നുപോയി. കോമഡിയ്ക്ക് പ്രധാന്യം നല്‍കുന്ന കഥകളും കഥാപാത്രങ്ങളുമില്ലാത്തത് തന്നെയായിരിക്കും അതിന് കാരണം. അതില്‍ പുതുതലമുറയെ പഴിച്ചിട്ടും കാര്യമില്ല, മാറി വരുന്ന വാണിജ്യ സമവാക്യങ്ങള്‍ക്കൊപ്പം മാറ്റത്തിന്റെ ഒഴുക്കിനൊപ്പം സഞ്ചരിച്ചേ മതിയാകൂ. എന്നിരുന്നാലും കുളപ്പുള്ളി ലീല, സേതുലക്ഷ്മി തുടങ്ങിയ മുതിര്‍ന്ന അഭിനേത്രികളും മഞ്ജു വാര്യരും, പുതുനിരയിലെ അനുശ്രീ, സ്രിന്ദ, ഗ്രേസ് ആന്റണി, വിന്‍സി അലോഷ്യസ് തുടങ്ങിയ യുവനിരയും അല്‍പ്പം പ്രതീക്ഷ നല്‍കുന്നു.
ഹ്യൂമർ ചെയ്യുന്നവർക്ക് എന്തും ചെയ്യാം

അനൂപ് സത്യന്‍
മികച്ചവർ ഇപ്പോഴുമുണ്ട്, പക്ഷേ, സ്പേസ് ലഭിക്കണംഎന്പതുകളുടെ അവസാനത്തിലും തൊന്നൂറുകളിലും മലയാള സിനിമയില്‍ ധാരാളം മുഴുനീള കോമഡി ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. അത് കുറേക്കാലം തുടര്‍ന്നു. ഉര്‍വ്വശി, കല്‍പ്പന, കെ.പി.എ.സി ലളിത, സുകുമാരി തുടങ്ങിയവരെല്ലാം അന്ന് മികച്ച വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ നിറഞ്ഞു നിന്നു. ഇന്ന് കഥ പറയലിലും പ്രമേയത്തിലുമെല്ലാം കാലഘട്ടത്തിനനുസൃതമായ വ്യത്യാസങ്ങള്‍ വന്നു. അതുകൊണ്ട് മുഴുനീള കോമഡി സിനിമകള്‍ വളരെ വിരളമായേ സംഭവിക്കുന്നുള്ളൂ. എന്നിരുന്നാലും പുതിയ തലമുറയില്‍ മികച്ച അഭിനേത്രികളുണ്ട്. അവര്‍ക്ക് ഒരു സ്പേസ് ലഭിച്ചാല്‍ മികച്ചതായി ചെയ്യുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
ബേസില്‍ ജോസഫ്
മനുഷ്യന് മാറിയേ പറ്റു. മനുഷ്യജീവിതം പകർത്തുന്ന സിനിമയ്ക്കും. എന്നാൽ, എല്ലാ മാറ്റങ്ങൾക്കിടയിലും മനുഷ്യന്റെയുള്ളിൽ ചില സഹജമായ വാഞ്ചകളുണ്ട്. ചിരിയും കണ്ണീരുമൊക്കെയാണത്. ഈ ചിരിയെ മാത്രം അങ്ങനെ എളുപ്പം മറക്കാനാവില്ല വെള്ളിത്തിരയ്ക്ക്. മനസ് തുറന്നു ചിരിക്കാൻ നാളെ ഒരു സുകുമാരിയും കെ.പി.എ.സിയും ഫിലോമിനയും കൽപനയുമെല്ലാം വന്നേ പറ്റൂ. പെൺചിരികളോട് മലയാളിക്കെന്നല്ല, ആർക്കും അങ്ങനെ മുഖം തിരിച്ചിരിക്കാനാവില്ല.
Content Highlights: Urvashi, KPAC Lalitha, Kalpana, Bindu Panicker, Philomina, Meena, Sreelatha, Adoor Bhavani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..