റാസ്പുട്ടിന്‍പാട്ടിനെപറ്റി മിണ്ടരുതെന്ന് കമ്മ്യൂണിസ്റ്റ് റഷ്യയും പോളണ്ടും ഉത്തരവിട്ടത് എന്തുകൊണ്ട്?


ബി.കെ.രാജേഷ്

പ്രതിരോധത്തിന്റെ പാട്ടായി ഇന്ന് പുനരവതരിപ്പിക്കപ്പെടുന്ന റാസ്പുട്ടിന്‍ഗാനത്തിന് ഒരു കാലത്ത് വിപ്ലവം വിരിഞ്ഞ കമ്മ്യൂണിസ്റ്റ് റഷ്യയും പോളണ്ടും നിരോധനമേര്‍പ്പെടുത്തിയിരുന്നു എന്നത് ഇന്ന് അവിശ്വസനീയമായി തോന്നിയേക്കാം

റാസ്പുട്ടിനും ബോണി എമ്മും. Photo Courtesy: Getty Images, WikkiCommons

സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെ ഹോട്ടല്‍മുറിയില്‍ അവസാനശ്വാസമെടുക്കുന്നതിന് ഒരു മൂന്ന് പതിറ്റാണ്ട് മുന്‍പെങ്കിലും ബോണി എമ്മുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമുറിച്ച് കളഞ്ഞിരുന്നു റോബര്‍ട്ടോ അല്‍ഫോണ്‍സോ ഫാരല്‍ എന്ന അരൂബക്കാരന്‍. പ്രശസ്തിയില്‍ നിന്ന് ഇല്ലായ്മയുടെയും ലഹരിയുടെയും കലഹത്തിന്റെയും കഠിനവഴികളിലേയ്ക്ക് ബാന്‍ഡിലെ ഏക ആണ്‍തരി വഴിതെറ്റി പിണങ്ങി ഇറങ്ങിനടന്ന കാലത്ത് തന്നെ ബോണി എമ്മും നിശബ്ദമായി അരങ്ങൊഴിഞ്ഞു. എന്നിട്ടും ബോബി ഫാരലിന്റെ മരണം വല്ലാത്തൊരു ഞെട്ടലായിരുന്നു ആരാധകര്‍ക്ക്, പ്രത്യേകിച്ച് പഴയ സാര്‍, സോവിയറ്റ് ഗൃഹാതുര കാലം ഉള്ളില്‍പേറുന്ന റഷ്യക്കാര്‍ക്ക്. ഡിസംബര്‍ മുപ്പത്തിന് കാലത്ത് ഹോട്ടല്‍മുറിയില്‍ ഹൃദയംനിലച്ച് കഥാവശേഷനായി കിടക്കുന്ന ഫാരലിന്റെ ദയനീയമായ രൂപത്തിനുമേല്‍ പക്ഷേ, ഒരു ദുരന്തത്തേക്കാള്‍ ദുരൂഹതയാണ് നിഴലിട്ടുനിന്നത്. അവിശ്വസനീയമായൊരു യാദൃച്ഛികതയുണ്ടായിരുന്നു അകാലത്തിലുള്ള ആ അന്ത്യത്തിന്.
കൃത്യം തൊണ്ണൂറ്റിനാല് കൊല്ലം മുന്‍പ് അതുപോലൊരു മഞ്ഞിലുറഞ്ഞ ഡിസംബര്‍ മുപ്പതിനുതന്നെയാണ് സാര്‍ ചക്രവര്‍ത്തിമാരുടെ ഈ പഴയ ആസ്ഥാനനഗരം മറ്റൊരു മരണത്തിന് സാക്ഷ്യം വഹിച്ചത്. അന്നാണ് തന്റെ ഹിപ്‌നോട്ടിക് സ്വാധീനത്തിന്റെ ഒറ്റച്ചരടില്‍ സാര്‍ ഭരണകൂടത്തെ വരുതിക്കുനിര്‍ത്തി വിലസിയ ഗ്രിഗറി റാസ്പുട്ടിനെ പ്രഭുസംഘം മൊയ്ക്ക കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചുവരുത്തി ആദ്യം മെദീര വീഞ്ഞില്‍ വിഷം കലര്‍ത്തിയും പിന്നീട് പോയന്റ് ബ്ലാങ്കില്‍ നിറയൊഴിച്ചും ഒടുക്കം തണുത്തുറഞ്ഞ നെവ്ക നദിയുടെ മഞ്ഞുപാളിയിലേയ്ക്കു വലിച്ചെറിഞ്ഞും വകവരുത്തിയത്. ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ഇടവേളയിലുണ്ടായ ഈ രണ്ടു മരണങ്ങളെയും നിഗൂഢമായ എന്തോ ഒന്ന് പരോക്ഷമായെങ്കിലും ബന്ധിപ്പിക്കുന്നുണ്ട്. മരണദിവസത്തിന്റെ ആകസ്മികത മാത്രമല്ലത്. നഗ്‌നമായ മാറും അരക്കെട്ടിറുങ്ങി തൊങ്ങലുകെട്ടിയ തൂവെള്ള ബെല്‍ബോട്ടം പാന്റും ആഫ്രോ ഹെയര്‍സ്‌റ്റൈലുമായുള്ള ബോബി ഫാരലിന്റെ ഉന്മാദച്ചുവടുകളില്ലായിരുന്നെങ്കില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം മുച്ചൂടും വിഴുങ്ങിയ പഴയ റഷ്യന്‍ സാമ്രാജ്യത്തിന്റെ തമസ്‌ക്കരിക്കപ്പെട്ട പുരാവൃത്തങ്ങളില്‍ ഒന്നു മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു റാസ്പുട്ടിന്റെ നിഗൂഢവും വിഭ്രമജനകവുമായ കഥ.
ഫ്രാങ്ക് ഫാരിയാന്റെ വരികളും ഈണവും ലിസ് മിച്ചലിന്റെയും മാഷ്യ ബാരെറ്റിന്റെയും മെയ്‌സി വില്ല്യംസിന്റെയും തേന്‍പുരട്ടിയ വശ്യസ്വരവും മാത്രമല്ല നൈറ്റ് ഫ്‌ളൈറ്റ് ടു വീനസ് എന്ന എല്‍പി റെക്കോഡിന്റെ എ സൈഡിലെ രണ്ടാം ഗാനത്തെ നിത്യഹരിതമാക്കിയത്. ബോണി എമ്മിനുവേണ്ടി ഒറ്റപ്പാട്ടു പോലും പാടി റെക്കോഡ് ചെയ്യാത്ത ബോബി ഫാരലിന്റെ കാമോദീപകമെന്ന് പഴികേട്ട ചുവടുകള്‍ കൂടിയായിരുന്നു റാ റാ റാസ്പുട്ടിന്‍ ലവര്‍ ഓഫ് ദ റഷ്യ ക്യൂനിന്റെ പ്രധാന ഹിറ്റ് ചേരുവയെന്ന് സമ്മതിക്കാതെ തരമില്ല. പലപ്പോഴും വെപ്പുതാടിവച്ച് കഠിനശബ്ദത്തിന്റെ ഇന്റര്‍ല്യൂഡുമായി റാ റാ റാസ്പുട്ടിന് ചുവടുവച്ച് അരങ്ങിലെത്തിയ ഫാരല്‍ കഥാനായകന്‍ റാസ്പുട്ടിന്റെ പരകായപ്രവേശംപോലെയാണ് ഉറഞ്ഞാടാറുള്ളത്. ബോബി ഫാരല്‍ ഇല്ലെങ്കില്‍ ബോണി എമ്മിന്റെ ഒരു ഡസനോളം വരുന്ന ഓള്‍ടൈം ഹിറ്റുകളില്‍ റാ റാ റാസ്പുട്ടിനെങ്കിലും നിറംകുറയുമെന്ന് ഉറപ്പ്. അത്രമേല്‍ അവ രണ്ടും ഉടലും ഉയിരും പോലെ ഇഴചേര്‍ന്നുകഴിഞ്ഞിരുന്നു എഴുപതുകളുടെ ഒടുക്കം.
ജീവിതവും മരണവും അതിലേറെ മരണാനന്തര ജീവിതവും കൊണ്ട് റാസ്പുട്ടിന്‍ എന്ന 'നിഗൂഢ യോഗി' സൃഷ്ടിച്ച ചുരുളഴിയാത്ത സമസ്യകളില്‍ ഒന്നു മാത്രമാണ് ബോബ് ഫാരലിന്റെ കഥ. അതിലും വലിയ സമസ്യകളും ദുരൂഹതകളം പെറുന്നതാണ് ഫാരലും സംഘവും അനശ്വരമാക്കിയ റാസ്പുട്ടിന്‍ ഗാനവും മിത്തും യാഥാര്‍ഥ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന അതിലെ നായകന്റെ സംഭ്രമജനകമായ ജീവിതവും. ബലാലൈക്കയുടെ തന്ത്രികളം ഹൊപക്ക്ച്ചുവടുകളും പിന്നണി ചേര്‍ന്ന റാസ്പുട്ടിന്‍ ഗാനത്തിന്റെ ചടുലവേഗത്തിന് പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയുമെല്ലാം പുതിയ രാഷ്ട്രീയ ഭാഷ്യങ്ങള്‍ ചമയ്ക്കപ്പെടുമ്പോള്‍ ഈ സമസ്യകള്‍ വീണ്ടും വീണ്ടും പുനര്‍വായനകള്‍ക്ക് വിധേയമാകുന്നത് സ്വാഭാവികം. പ്രതിരോധത്തിന്റെ പാട്ടായി ഇന്ന് പുനരവതരിപ്പിക്കപ്പെടുന്ന റാസ്പുട്ടിന്‍ഗാനത്തിന് ഒരു കാലത്ത് വിപ്ലവം വിരിഞ്ഞ കമ്മ്യൂണിസ്റ്റ് റഷ്യയും പോളണ്ടും നിരോധനമേര്‍പ്പെടുത്തിയിരുന്നു എന്നത് ഇന്ന് അവിശ്വസനീയമായി തോന്നിയേക്കാം. ബോണി എമ്മിന്റെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ളത് യൂറോപ്പിനേക്കാള്‍ പഴയ സോവിയറ്റ് റിപ്പബ്ലിക്കിലാണെന്ന വെള്ളം ചേര്‍ക്കാത്ത വസ്തുതയോട് ചേര്‍ത്തുവച്ചുവേണം ആ പഴയ 'നിരോധന'ത്തെ കൂട്ടിവായിക്കാന്‍.
rasputin
റാസ്പുട്ടിൻ രാജ കുടുംബത്തിനൊപ്പം (ഇടത്ത്). സാർ സാമ്രാജ്യത്തിലെ റാസ്പുട്ടിന്റെ സ്വാധീനത്തെ കളിയാക്കുന്ന കാർട്ടൂൺ (വലത്ത്)

മദ്യലഹരിയില്‍ ബ്രഷ്‌ണേവിനുണ്ടായ വെളിപാടെന്ന് അക്കാലത്തുണ്ടായിരുന്നു രഹസ്യമായൊരു പരിഹാസം. അമേരിക്ക അടക്കമുള്ള അറുപത്തിയാറ് രാജ്യങ്ങള്‍ ബഹിഷ്‌കരിച്ച 1980ലെ മോസ്‌ക്കോ ഒളിമ്പിക്‌സിന് മുന്നോടിയായുള്ള മുഖംമിനുക്കല്‍ യജ്ഞത്തിന്റെ ഭാഗമായിരുന്നു എന്നാണ് മറ്റൊരു വാദം. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടുതുടങ്ങിയ കാലത്ത് നുരഞ്ഞുപൊന്തുന്ന യുവജനരോഷത്തെ തണുപ്പിക്കാന്‍ എന്നുമുണ്ടായി വ്യാഖ്യാനം. ഞങ്ങളുടെ ഗാനം നേതാക്കളുടെ ഹൃദയത്തെ കീഴടക്കിയിട്ടുണ്ടാകാം എന്നാണ് പില്‍ക്കാലത്ത് ലീഡ് ഗായികയായ ലിസ് മിച്ചല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇരുമ്പുമറയിട്ട് കൊട്ടിയടച്ചിരുന്നെങ്കിലും നേരത്തെ തന്നെ പാശ്ചാത്ത്യ പോപ്പും റോക്കും റെഗ്ഗെയുമെല്ലാം പലവിധത്തില്‍ പണ്ടേ നുഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു ഭൂരിഭാഗം സോവിയറ്റ് റിപ്പബ്ലിക്കുകളിലും. ബോണി എമ്മും ബീറ്റില്‍സും അബ്ബയും ഡോണ സമ്മറുമെല്ലാം റഷ്യന്‍ യുവാക്കളില്‍ വലിയൊരു വിഭാഗത്തിന്റെയെങ്കിലും രഹസ്യലഹരിയായിരുന്നു വിപ്ലവാനന്തര സോവിയറ്റ് യൂണിയനില്‍. ആദ്യമായി ഔദ്യോഗികമായി തന്നെ ഇരുമ്പുമറ ഭേദിച്ച് കടന്നുവരാനുള്ള യോഗം ബോണി എമ്മിന്റേതായിരുന്നുവെന്നു മാത്രം. കരീബിയന്‍ പാരമ്പര്യവും അതുവഴി അവര്‍ക്ക് ചാര്‍ത്തിക്കിട്ടിയ സാംസ്‌കാരിക ബഹുസ്വരതയുടെ മുഖവും വര്‍ണവെറിക്കും അസമത്വത്തിനുമെതിരേ പാട്ടില്‍ കൈക്കൊണ്ട നിലപാടുമൊക്കെ കമ്മ്യൂണിസ്റ്റ് ബ്ലോക്കിന്റെ രാഷ്ട്രീയനിറത്തിന് ചേരുന്നതാണെന്ന് ബ്രഷ്‌ണേവ് കണക്കുകൂട്ടിയിരിക്കാം. അങ്ങനെയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജര്‍മന്‍കാരനായ ഫ്രാങ്ക് ഫാരിയന്റെ ബാന്‍ഡിന് മോസ്‌ക്കോ റെഡ് സ്‌ക്വയര്‍ കണ്‍സേര്‍ട്ടിലേയ്ക്ക് നാസി ജര്‍മനി സോവിയറ്റ് യൂണിയന്‍ ആക്രമിക്കുന്ന കാലത്ത് റെഡ് ആര്‍മിയില്‍ അംഗമായിരുന്ന ബ്രെഷ്‌ണേവ് ചുവപ്പ് പരവതാനി വിരിച്ചത്. എന്നാല്‍, ഒരൊറ്റ നിബന്ധന മാത്രം മുന്നില്‍ വച്ചു അദ്ദേഹം. ബോണി എമ്മിന്റെ ഏറ്റവും മികച്ച ഹിറ്റുകളില്‍ ഒന്നാം റാ റാ റാസ്പുട്ടിന്‍ മാത്രം പാടരുത്. ജര്‍മനിയിലും ഓസ്ട്രിയയിലും യു.കെയിലും സ്വിറ്റ്‌സര്‍ലന്‍ഡിലുമെല്ലാം ആഴ്ചകളോളം ഹിറ്റ്ചാര്‍ട്ടില്‍ ഒന്നാംസ്ഥാനം അലങ്കരിച്ച റാസ്പുട്ടിന്‍ ഇല്ലാതെ എന്ത് സോവിയറ്റ് പര്യടനം. പാട്ടുപറയുന്നതാവട്ടെ റഷ്യന്‍ ചരിത്രത്തിലെ സംഭവബഹുലമായൊരു ഏടും. പക്ഷേ, കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ രഹസ്യമായ തിട്ടൂരത്തിന് ചെവികൊടുക്കാതെ തരമില്ലായിരുന്നു ബോണി എമ്മിന്. മറ്റൊരു ആവശ്യം കൂടി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബോണി എമ്മിന് മുന്നില്‍ വച്ചിരുന്നു. ബാന്‍ഡിന്റെ ജീവനാഡിയായ ബോബി ഫാരലിന്റെ കാമോദീപകമായ അരക്കെട്ടിളക്കിക്കൊണ്ടുള്ള ഐക്കോണിക്ക് നൃത്തത്തിനുംവേണം ഒരു കൂച്ചുവിലങ്ങ്.
bobby farrel
ബോബി ഫാരൽ വേദിയിൽ. Photo: Getty Images

നാലു മാസം മുന്‍പ് മാത്രം റിലീസ് ചെയ്ത റാസ്പുട്ടിനെ അങ്ങനെ അവര്‍ മനസില്ലാ മനസോടെ കണ്‍സേര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. ബോബി ഫാരല്‍ സ്‌റ്റേജില്‍ ഒന്നടങ്ങി. ഔദ്യോഗികമായി നിരോധനമൊന്നും ഉണ്ടായിരുന്നില്ലെന്ന വാദഗതി പണ്ട് മുതലേ ശക്തമാണെങ്കിലും റെഡ് സ്‌ക്വയര്‍ കണ്‍സേര്‍ട്ടില്‍ മാത്രമല്ല, സോവിയറ്റ് യൂണിയനില്‍ അന്ന് അനുവദിക്കപ്പെട്ട പത്ത് കണ്‍സേര്‍ട്ടിലും റാസ്പുട്ടിന്‍ഗാനം ഉണ്ടായിരുന്നില്ല. ബോണി എമ്മിന് മാത്രമായിരുന്നില്ല സെന്‍സര്‍ഷിപ്പ്. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഇംഗ്ലണ്ടിലെത്തി പ്രത്യയശാസ്ത്രപരമായി കമ്മ്യൂണിസത്തിന് ഹാനികരമായ ഒന്നും തന്നെ പാട്ടില്‍ അരുതെന്ന് ശട്ടംകെട്ടിയാണ് എല്‍ട്ടണ്‍ ജോണിനെയും സോവിയറ്റ് യൂണിയനിലേയ്ക്ക് ആനയിച്ചുകൊണ്ടുവന്നതെന്നും ഒരു കഥയുണ്ടായിരുന്നു അക്കാലത്ത്. ചെങ്കൊടി പുതച്ച പോളണ്ടിലും സമാനമായൊരു അലിഖിത വിലക്ക് നേരിട്ടിരുന്നു റാ റാ റാസ്പുട്ടിന്‍. പാട്ടിന്റെ വരികള്‍ കമ്മ്യൂണിസ്റ്റ് തത്വസംഹിതയ്ക്ക് യോജിക്കുന്നതല്ലെന്നായിരുന്നു ഭരണകൂടം നിരത്തിയ ന്യായം. 1979ലെ പോളണ്ട് പര്യടനത്തിലെ അവരുടെ കണ്‍സേര്‍ട്ടില്‍ നിന്ന് റാസ്പുട്ടിന്‍ഗാനം വെട്ടിമാറ്റിയാണ് പോളിഷ് ടിവി സംപ്രേഷണം ചെയ്തത്.
റാസ്പുട്ടിന്‍ഗാനത്തെ സെന്‍സര്‍ ചെയ്‌തെങ്കിലും പ്രത്യേക സൈനികവിമാനത്തില്‍ പറത്തിക്കൊണ്ടുവന്ന ബാന്‍ഡിന് പത്ത് കണ്‍സേര്‍ട്ടുകള്‍ മാത്രമല്ല റെഡ് സ്‌ക്വയറില്‍ വീഡിയോ ചിത്രീകരിക്കാനുള്ള അനുമതി കൂടി കൊടുത്തു ബ്രഷ്‌ണേവ്. റെഡ് സ്‌ക്വയറില്‍ ലെനിന്റെ ശവകുടീരത്തിന് അടുത്തുവച്ച്‌പോലും അന്നവര്‍ വീഡിയോ ചിത്രീകരിച്ചു. ഒക്‌ടോബര്‍ വിപ്ലവത്തിന്റെ മധുവിധുനാളുകള്‍ നിറംമങ്ങിത്തുടങ്ങിയ കാലത്ത് പടിഞ്ഞാറിന് മുന്നില്‍ മുഖംമിനുക്കി കാണിക്കാനുള്ള ഉപായമായാണ് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബോണി എമ്മിന്റെ വരവിനെ കണ്ടത്. റെഡ്‌സ്‌ക്വയര്‍ കണ്‍സേര്‍ട്ടിന് സദസ്സില്‍ ബ്രഷ്‌ണേവ് തന്നെ സന്നിഹിതനായിരുന്നു. ഒരു എഞ്ചിനീയറുടെ മാസശമ്പളമായ 150 റൂബിളായിരുന്നു ടിക്കറ്റ് ചാര്‍ജ്. എന്നിട്ടും 2700 ഓളം പേര്‍ അന്ന് മാ ബേക്കര്‍ക്കും ഡാഡി കൂളിനും ബ്രൗണ്‍ ഗേള്‍ ഇന്‍ ദ റിങ്ങിനും ഹുറേ ഹുറേയ്ക്കും കാതോര്‍ക്കാനായി എത്തി. രഹസ്യമായി കേട്ട് ആസ്വദിച്ച ഈണങ്ങള്‍ക്ക് അന്നാദ്യമായി പരസ്യമായി അവര്‍ ചുവടുവച്ചു. ഔദ്യോഗിക ടിവി ചാനല്‍ ഒരു പ്രത്യേക പരിപാടി തന്നെ സംപ്രേഷണം ചെയ്തു. എന്നാല്‍, പിന്നീട് ബ്രഷ്‌ണേവിന്റെ പിന്‍ഗാമിയായി ഹംഗേറിയന്‍ വിപ്ലവം അടിച്ചൊതുക്കിയ ചരിത്രമുള്ള യൂറി ആന്ദ്രപ്പോവ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ കാലത്ത് ഈ കണ്‍സേര്‍ട്ടിന്റെ വീഡിയോകള്‍ നഷ്ടപ്പെട്ടതായാണ് ചരിത്രം. കണ്‍സേര്‍ട്ട് ബൂര്‍ഷ്വാ സംസ്‌കാരത്തെ പ്രാത്സാഹിപ്പിക്കുന്നു എന്ന ആരോപണം ബ്രഷ്‌ണേവിന്റെ കാലത്തേ ശക്തമായിരുന്നു. ഇതാണോ ഫിലിം റീലുകള്‍ അപ്രത്യക്ഷമായതിന് പിന്നിലെന്ന സംശയം ഇന്നും പ്രബലമാണ്.
boney m
ബോണി എം മോസ്ക്കോ റെഡ് സ്ക്വയറിൽ. Photo Courtesy: Getty Imges

ബോണി എം മാത്രമല്ല, അതിന്റെ ചുവടുപിടിച്ച് എണ്ണമറ്റ പോപ്പ് ബാന്‍ഡുകള്‍ സോവിയറ്റ് യൂണിയനിലെ ഗാനാസ്വാദകരിലേയ്ക്ക് ഇരച്ചകയറുന്നതാണ് പിന്നീട് കണ്ടത്. അവര്‍ക്കത് പുതിയ ആകാശമായി. ബാന്‍ഡുകള്‍ക്ക് പുതിയ വിപണിയും. എന്നാല്‍, അപ്പോഴും പിടിതരാത്ത ദുരൂഹതയായി ശേഷിക്കുകയായിരുന്നു റാസ്പുട്ടിന്‍ ഗാനത്തോടുള്ള റഷ്യന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അന്നത്തെ എതിര്‍പ്പിന്റെ പൊരുള്‍. കമ്മ്യൂണിസ്റ്റ് വിപ്ലവം യാഥാര്‍ഥ്യമാകും മുന്‍പ് തന്നെ റാസ്പുട്ടിന്‍ വധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. എങ്കിലും പില്‍ക്കാലത്തും റാസ്പുട്ടിന്റെ നിഗൂഢ വിശ്വാസപ്രമാണങ്ങളോട് അനുഭാവമുള്ള നിരവധിയാളുകള്‍ റഷ്യയിലുണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പ്രഭുക്കളും തൊഴിലാളികളും റാസ്പുട്ടിന്‍ സാര്‍സാമ്രാജ്യത്തില്‍ ചെലുത്തുന്ന ദുസ്വാധീനത്തിനെതിരേ വാളെടുത്തെങ്കിലും ചെറിയൊരു വിഭാഗം കര്‍ഷകരും മതവിശ്വാസികളും റാസ്പുട്ടിനെ അവരുടെ രക്ഷകനായി കണ്ടിരുന്നു. ബോണി എമ്മിന്റെ ഗാനം ഇവര്‍ക്ക് ഊര്‍ജം പകരുമെന്ന ഭയമാണോ സാര്‍ ഭരണകാലത്തെ ദുഷ്പ്രവണതകള്‍ വീണ്ടും തലപൊക്കുമെന്ന ആശങ്കയാണോ ബ്രഷ്‌ണേവിന്റെ അന്നത്തെ തീരുമാനത്തെ ഭരിച്ചതെന്ന് വ്യക്തമല്ല. സാര്‍ സാമ്രാജ്യത്തെ തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് ചാരനായിരുന്നു റാസ്പുട്ടിന്‍ എന്നൊരു വിചിത്രമായ വാദഗതി നിലനില്‍ക്കുന്നുണ്ടെങ്കിലും വ്‌ളാഡിമര്‍ ലെനിന്‍ എന്നും റാസ്പുട്ടിനെതിരേ ശക്തമായ നിലപാട് കൈക്കൊണ്ടതായാണ് ചരിത്രം. സാര്‍ ഭരണകൂടത്തിന്റെ ജീര്‍ണതയുടെ അടയാളമായാണ് ലെനിന്‍ റാസ്പുട്ടിനെ എക്കാലത്തും ചിത്രീകരിച്ചിട്ടുള്ളത്. അത് എഴുതിവയ്ക്കുക പോലും ചെയ്തിട്ടുണ്ട്. പിന്‍ഗാമിയായ ബ്രഷ്‌ണേവിനെ ഒരുപക്ഷേ ഇതും സ്വാധീനിച്ചിരിക്കാം. റാസ്പുട്ടിന്റെ മരണത്തെവരെ അധികാരം വെട്ടിപ്പിടിക്കാനുള്ള പ്രഭുക്കളുടെ കരുനീക്കമായേ ബോള്‍ഷേവിക്കുകള്‍ കണ്ടിരുന്നുള്ളൂ. എന്തായാലും ഗ്ലാസ്‌നോസ്റ്റും പെരിസ്‌ട്രോയ്ക്കയും തലക്കുറി മാറ്റിയെഴുതുംവരെ പാട്ടിലായാലും ചരിത്രത്തിലായാലും റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി റാസ്പുട്ടിന്‍ ഗാനത്തെ ഭയന്നിരുന്നു എന്നത് വാസ്തവം.
എന്നാല്‍, അറിഞ്ഞോ അറിയാതെയോ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് വഴിയൊരുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചൊരാളാണ് ഗ്രിഗറി റാസ്പുട്ടിന്‍ എന്ന മിസ്റ്റിക്. അവസാനകാലത്ത് സാര്‍ സാമ്രാജ്യത്തെ ഇത്രമേല്‍ ദുഷിപ്പിച്ചതില്‍, ജനങ്ങളുടെ മനസില്‍ അവര്‍ക്കെതിരായ പക ശക്തമായതില്‍ റാസ്പുട്ടിന്‍ വഹിച്ച പങ്ക് ചെറുതല്ല. റാസ്പുട്ടിനില്ലെങ്കില്‍ ലെനിനില്ല എന്നു പറഞ്ഞത് അലക്‌സാണ്ടര്‍ കെരെന്‍സ്‌കിയാണ്. റഷ്യാസ് ഗ്രേറ്റസ്റ്റ് ലവ് മെഷിന്‍ എന്ന് ബോണി എം തന്നെ പാടിയ, ഹിപ്‌നോട്ടിക് കണ്ണുകളുള്ള റാസ്പുട്ടിന്‍ ഊരുതെണ്ടലിനുശേഷം ഒരു നിഗൂഢ മാന്ത്രികനായി, രോഗശമനക്കാരനായി കൊട്ടാരത്തില്‍ കയറിപ്പറ്റിയ അന്ന് മുതല്‍ തുടങ്ങിയിരുന്നു സാര്‍ സാമ്രാജ്യത്തിലെ അപഹാരം. ആദ്യം സാര്‍ നിക്കോളസ് രണ്ടാമന്റെ ഇഷ്ടം പിടിച്ചുപറ്റി. പിന്നെ ഏക കിരീടാവകാശിയായ മകന്റെ ഹീമോഫീലിയ രോഗം താത്കാലികമായി ഭേദമാക്കി രാജ്ഞി അലക്‌സാന്‍ഡ്ര ഫ്യോദറോവ്‌നയുടെ സ്വന്തക്കാരനായി. ഡോക്ടര്‍മാരെ ബോധപൂര്‍വം അകറ്റിയ റാസ്പുട്ടിന്‍ ആസ്പിരിന്‍ ഗുളികയോ സൈബീരിയയില്‍ കുതിരകളുടെ ആന്തരിക രക്തസ്രാവത്തിനുള്ള മരുന്നോ കൊടുത്താണ് കുട്ടിയുടെ രക്തസ്രാവം നിര്‍ത്തിയതെന്നായിരുന്നു അരമനരഹസ്യം. കൊട്ടാരത്തിന് പുറത്ത് മതാചാര്യന്റെ മേലങ്കിയണിഞ്ഞും കര്‍ഷകരുടെ പ്രതിനിധി ചമഞ്ഞും മദ്യവും മദിരാക്ഷിയുമായി വിലസിക്കൊണ്ടിരുന്നെങ്കിലും അലക്‌സാന്‍ഡ്രയ്ക്ക് റാസ്പുട്ടിന്‍ ഒരു ദിവ്യസാന്നിധ്യമായിരുന്നു. സാമ്രാജ്യത്തെ സംരക്ഷിക്കാന്‍ ദൈവം നിയോഗിച്ച് അയച്ചതായിരുന്നു റാസ്പുട്ടിനെ എന്നു വരെ അവര്‍ വിശ്വസിച്ചു. മാനഭംഗശ്രമത്തിന് പരിചാരിക കൊടുത്ത പരാതിപോലും അവര്‍ ചെവിക്കൊണ്ടില്ല. റാസ്പുട്ടിന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ഭര്‍ത്താത് സാര്‍ നിക്കോളസ് രണ്ടാമനെ പോലും. ഇതിന്റെ ബലത്തില്‍ റാസ്പുട്ടിന്‍ രക്ഷകനും ഉപദേശകനുമായി കൊട്ടാരത്തില്‍ ചോദ്യംചെയ്യപ്പെടാതെ വാണു. റാസ്പുട്ടിന്റെ ഉപദേശപ്രകാരമാണ് നിക്കോളസ് രണ്ടാമന്‍ ഒന്നാം ലോകമഹായുദ്ധത്തില്‍ റഷ്യയെ നയിക്കാനായി പുറപ്പെട്ടത്. യുദ്ധനിപുണത ഒട്ടുമില്ലാതിരുന്ന ചക്രവര്‍ത്തി നയിച്ച സൈന്യം പരാജയത്തെ മുഖാമുഖം കണ്ടു. ചക്രവര്‍ത്തി ഇല്ലാത്ത ഈ അവസരമാണ് ഭരണം സ്വന്തം കൈപ്പിടിയിലാക്കാന്‍ റാസ്പുട്ടിന്‍ വിനിയോഗിച്ചത്. ലവര്‍ ഓഫ് ദി റഷ്യന്‍ ക്യൂന്‍ എന്നാണ് ബോണി എം പാടിപ്പഠിപ്പിച്ചതെങ്കിലും റാസ്പുട്ടിനുമായി രാജ്ഞി പ്രണയത്തിലായിരുന്നില്ലെന്നുമുണ്ട് വാദം. എന്തായാലും പിന്നീട് ഭരണം നിയന്ത്രിച്ചത് റാസ്പുട്ടിനായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. രാജ്ഞിയെ സ്വാധീനിച്ച് കഴിവുറ്റ മന്ത്രിമാരെയെല്ലാം തെറിപ്പിച്ച് പകരം കഴിവുകെട്ട സ്വന്തക്കാരെ നിയമിച്ചു. യുദ്ധത്തിലും ഭരണകാര്യത്തിലും ഒരുപാലെ റഷ്യ തകര്‍ന്നടിഞ്ഞുതുടങ്ങി. പ്രഭുക്കള്‍ അസ്വസ്ഥരായി. ജനങ്ങള്‍ രാജഭരണത്തിനെതിരേ പരസ്യമായി തിരിഞ്ഞു. ഒരിക്കല്‍ റാസ്പുട്ടിനെതിരേ വിഫലമായൊരു വധശ്രമം പോലുമുണ്ടായി. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനുളള ശരിയായ വിളനിലമൊരുക്കലായി ഒരര്‍ഥത്തില്‍ റാസ്പുട്ടിന്റെ ഈ അപഹാരകാലം. കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും കൈവിട്ടപ്പോഴാണ് പ്രഭുസംഘം റാസ്പുട്ടിനെ വകവരുത്താനുളള കടുത്ത തീരുമാനത്തിലേയ്ക്ക് തിരിഞ്ഞത്.
Rasputin
റാസ്പുട്ടിന്റെ മൃതദേഹം. Photo Courtesy: WikkiCommons

ജീവിതം പോലെ തന്നെ റാസ്പുട്ടിന്റെ മരണവും ഇന്നും ദുരൂഹമാണ്. റഷ്യയിലെ ഏറ്റവും ധനാഢ്യനായിരുന്ന ഫെലിക്‌സ് യുസ്സുപ്പോവിന്റെ നേതൃത്വത്തിലുള്ള പ്രഭുസംഘം ആദ്യം വീഞ്ഞിലും പിന്നീട് കേക്കിലും സയനൈഡ് കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് കഥ. ഇതിന് റാസ്പുട്ടിന്റെ മരുമകന്റെ ഒത്താശ കൂടി ഉണ്ടായിരുന്നുവെന്നൊരു ശ്രുതിയുണ്ടായിരുന്നു. രണ്ടും പരാജയപ്പെട്ടപ്പോഴാണ് നെഞ്ചിലും തലയിലും വെടിവെച്ചതെന്നും എന്നിട്ടും മരിക്കാതായപ്പോഴാണ് നദിയിലെറിഞ്ഞതെന്നുമാണ് അതിന്റെ അനുബന്ധം. എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം പുഴയില്‍ നിന്ന് കണ്ടെടുത്ത മരവിച്ച ജഡത്തില്‍ വെടിയേറ്റ പാടും പുഴയിലെ മഞ്ഞുപാളിയില്‍ വന്നിടിച്ചതിന്റെ പരിക്കുമേ ഉണ്ടായിരുന്നുള്ളൂ. യുസ്സുപ്പോവ് ലോസ്റ്റ് സ്‌പ്ലെന്‍ഡര്‍ എന്ന തന്റെ ആത്മകഥയില്‍ ഏറ്റുപറച്ചില്‍ നടത്തുകയും ബോണി എം പാടിപ്രചരിപ്പിക്കുകയും ഒട്ടേറെ സിനിമകള്‍ക്ക് വിഷയമാവുകയുമെല്ലാം ചെയ്‌തെങ്കിലും റാസ്പുട്ടിന്റെ ജഡത്തില്‍ വിഷാംശം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴിഞ്ഞിരുന്നില്ല. അച്ഛന്‍ വെടിയേറ്റ് മാത്രമാണ് മരിച്ചതെന്നും ശേഷിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും പില്‍ക്കാലത്ത് ഗായികയും മൃഗശിക്ഷകയുമെല്ലാമായി മാറിയ മകള്‍ മരിയയയും തന്റെ പുസ്തകത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സാര്‍ പദവി ലക്ഷ്യമിട്ട് അമാനുഷിക പരിവേഷത്തിനുവേണ്ടി യുസ്സുപ്പോവ് ചമച്ചതാണ് ശേഷിക്കുന്ന തിരക്കഥയെന്നാണ് മറ്റൊരു ശ്രുതി. യുസ്സുപ്പോവിനെതിരേ മാനനഷ്ടത്തിന് കേസു കൊടുത്തിരുന്നു മരിയ. പക്ഷേ, പാരിസ് കോടതി അത് തള്ളിക്കളയുകയാണുണ്ടായത്.
സാര്‍ ചക്രവര്‍ത്തിയെ സ്വാധീനിച്ച് ജര്‍മനിയുമായി സന്ധി ചെയ്യാന്‍ പദ്ധതി തയ്യാറാക്കിയ റാസ്പുട്ടിനെ ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമായ എം15 വകവരുത്തിയതാണെന്ന സ്ഥിരീകരിക്കാത്തൊരു അനുമാനം കൂടിയുണ്ട്. എന്തായാലും കൊല്ലപ്പെട്ടുംമുന്‍പ് റാസ്പുട്ടിന്‍ സാര്‍ ചക്രവര്‍ത്തിക്ക് ഒരു കത്തെഴുതിയതായാണ് വിവരം. 'മൂന്ന് തവണ മണി മുഴങ്ങിയാല്‍ ഞാന്‍ മരിച്ചുവെന്നാണ് അര്‍ഥം. നിങ്ങളുടെ സ്വന്തക്കാരാണ് എന്നെ വധിക്കുന്നതെങ്കില്‍ ഓര്‍ക്കുക. അത് നിങ്ങളുടെയും സാമ്രാജ്യത്തിന്റെയും അന്ത്യംകുറിക്കലാവും. രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാം നശിക്കും'ഒരു പ്രവചനസ്വഭാവമുണ്ടായിരുന്നു കത്തിലെ വാചകങ്ങള്‍ക്ക്. റാസ്പുട്ടിന്‍ വധിക്കപ്പെട്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സാര്‍ ചക്രവര്‍ത്തിയും കുടുംബവും റാസ്പുട്ടിന്റെ ജന്മനാടായ സൈബീരിയയിലേയ്ക്ക് നാടുകടത്തപ്പെടുകയും പിന്നീട് യെകതരിന്‍ബര്‍ഗില്‍വച്ച് വധിക്കപ്പെടുകയും ചെയ്തു. സാര്‍ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകള്‍ക്ക് മീതേ പുതിയ സോവിയറ്റ് യൂണിയന്റെ രക്തപതാക ഉയര്‍ന്നു.

പുതിയ സോവിയറ്റ് ഭരണകൂടം തുടക്കം മുതല്‍ തന്നെ സാര്‍ ഭരണകാലത്തിന്റെ സ്ഥാവരജംഗമ മുദ്രകളെ പരമാവധി മായ്ച്ചുകളയാന്‍ ശ്രമിച്ചിരുന്നു. ലെനിന്റെ പട്ടാളപ്പേശി അതില്‍ വലിയൊരളവുവരെ വിജയിക്കുകയും ചെയ്തു. എങ്കിലും പഴയ സോവിയറ്റ് ബ്ലോക്കിലെ ജനമനസ്സില്‍ നിന്നും റാസ്പുട്ടിന്‍ എന്ന പ്രതിഭാസത്തെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ ലെനിനോ സ്റ്റാലിനോ ക്രൂഷ്‌ചേവിനൊ കഴിഞ്ഞില്ല. അടക്കംപറച്ചിലുകളില്‍ ജീവിച്ചുപോന്ന റാസ്പുട്ടിനെ കാല്‍പനികമായൊരു മിത്താക്കി പുന:പ്രതിഷ്ഠ നടത്തിയതിലും ആ പുരാവൃത്തത്തെ അതിര്‍ത്തി കടത്തി അനശ്വരമാക്കുകയും ചെയ്തതില്‍ ബോണി എമ്മിനുള്ള പങ്ക് വളരെ വലുതാണ്. ബാന്‍ഡ് എന്നെന്നേക്കുമായി നിലച്ചുപോയിട്ടും പഴകുംതോറും വീര്യംകൂടുന്ന വീഞ്ഞുപോലെ പില്‍ക്കാലത്തും ജീവിച്ചുപോന്ന അവരുടെ ഗാനങ്ങള്‍ക്കൊപ്പം റാസ്പുട്ടിന്റെ പുരാവൃത്തവും കാലത്തെ അതിജീവിച്ചുകൊണ്ടിരുന്നു.

പല കാലത്തില്‍ പല ദേശത്തില്‍ പല രൂപത്തില്‍ റാസ്പുട്ടിന്‍ ജീവിച്ചുകൊണ്ടിരുന്നതിന്റെ ഒരു കാരണം കാലദേശാതിര്‍ത്തികള്‍ ഭേദിക്കുന്ന റാ റാ റാസ്പുട്ടിന്‍ഗാനം തന്നെയാണ്. ഡിസ്‌നിയുടെ വിഖ്യാതമായ കാര്‍ട്ടൂണ്‍ അനസ്താസ്യയില്‍ വില്ലന്‍ പരിവേഷത്തിലുണ്ട് റാസ്പുട്ടിന്‍. ഒക്‌ടോബര്‍ വിപ്ലവവും സാര്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും മാത്രമല്ല, രണ്ടാം ലോകമഹായുദ്ധം വരെ റാസ്പുട്ടിന്‍ പ്രവചിച്ചിരുന്നുവെന്ന് പോലും കഥകള്‍ പ്രചരിച്ചു. റാസ്പുട്ടിന്‍ മരണത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്നവരുമുണ്ട് വര്‍ത്തമാനകാല റഷ്യയിലെന്നത് വിചിത്രമായൊരു വാസ്തവമാണ്. മനുഷ്യകുലത്തിനായി ജീവത്യാഗംചെയ്ത അവതാരമായി കണ്ട് ആരാധിക്കുന്നവരുണ്ട്. ഓര്‍മദിനം കൊണ്ടാടുന്നവരുണ്ട്. പഴയ ചരിത്രമറിയാതെ ഫ്രാങ്ക് ഫാരിയന്റെ ഭാവനാസമ്പന്നമായ വരികളെ വിശ്വസിച്ച് റാസ്പുട്ടിനെ പ്രണയനായകനായി ആഘോഷിക്കുന്നവരുമുണ്ട് ലോകമെങ്ങും. പ്രൊക്കോവ്‌സ്‌കോയയില്‍ റാസ്പുട്ടിന്‍ മ്യൂസിയവും റാസ്പുട്ടിന്റെ കൊലപാതകരംഗം മെഴുകില്‍ പുനരാവിഷ്‌കരിച്ച മൊയ്ക്ക കൊട്ടാരവുമെല്ലാം ഇന്ന് പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളാണ്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഇറോട്ടിക് മ്യൂസിയത്തില്‍ റാസ്പുട്ടിന്റേതെന്ന് അവകാശപ്പെടുന്ന ജനനേന്ദ്രിയം പ്രദര്‍ശനത്തിനുവയ്ക്കുന്നതുവരെയെത്തി കാര്യങ്ങള്‍.
പുതിയ കാലത്തെ ചുവടുകള്‍ക്കും കവര്‍, വൈറല്‍ പുനരാവിഷ്‌കാരങ്ങള്‍ക്കും ഒരുപക്ഷേ, ചരിത്രത്തിന്റെ രാഷ്ട്രീയാടിത്തറ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷേ, ഓരോ തവണ റാ റാ റാസ്പുട്ടിന്‍ പുതിയ അവതാരമെടുക്കുമ്പോഴും ബോബി ഫാരലിന്റെ ദുരന്തത്തില്‍ പര്യവസാനിച്ച ജീവിതവും റാസ്പുട്ടിന്റെ ഇനിയും പിടിതരാത്ത നിഗൂഢതയും ബോണി എമ്മിനോടുള്ള സോവിയറ്റ് റഷ്യയുടെ പ്രണയവും കമ്മ്യൂണിസറ്റ് മണ്ണില്‍ അവര്‍ അവശേഷിപ്പിച്ച ചോദ്യങ്ങളും കൂടി ജീവന്‍വച്ചുകൊണ്ടിരിക്കും. ചില ചുവടുകള്‍ ചരിത്രത്തില്‍ ഊന്നുമ്പോള്‍ മാത്രമാണ് ആവിഷകാരം പൂര്‍ണമാകുന്നത്. റാ റാ റാസ്പുട്ടിന്‍ഗാനം അതര്‍ഹിക്കുന്നുണ്ട്.

Content Highlights: BoneyM, ABBA, Rasputin, Ra Ra Rasputin Song, Russia, Poland, Tsar, Lenin

Watch Video

Rasputin

റാ റാ റാസ്പുട്ടിൻ... ചരിത്രത്തിൽ എന്താണ് റാസ്പുട്ടിൻ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented