വൈശാഖ് മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം
മലയാളത്തിലെ ആദ്യ 100 കോടി ചിത്രത്തിന്റെ കപ്പിത്താന്‍, വൈശാഖ് എന്ന സംവിധായകന് പറയാന്‍ ഹിറ്റുകളുടെ വലിയ കഥകളുണ്ട്. മമ്മൂട്ടി ചിത്രം പോക്കിരി രാജയെന്ന സൂപ്പര്‍ ഹിറ്റില്‍ തുടങ്ങി മോഹന്‍ലാല്‍ ചിത്രം പുലിമുരുകനിലെത്തിയപ്പോള്‍ വൈശാഖ് മലയാളത്തിന് സമ്മാനിച്ചത് ചരിത്ര നേട്ടം. സഹസംവിധായകനായി സിനിമയില്‍ തുടക്കം കുറിച്ച വൈശാഖ് ആദ്യ സംവിധാനസംരംഭമായ പോക്കിരിരാജയ്ക്ക് പിന്നാലെ സീനിയേഴ്‌സ്, മല്ലുസിംഗ്,സൗണ്ട് തോമ, മധുരരാജ, പുലിമുരുകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റുകളുടെ സംവിധായകനായി മാറി.
തന്റെ ഏറ്റവും പുതിയ ചിത്രമായ നൈറ്റ് ഡ്രൈവ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന വേളയില്‍ വൈശാഖ് മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു. ഒപ്പം പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളുടെ വിശേഷങ്ങളും വൈശാഖ് പങ്കുവയ്ക്കുന്നു
പതിവ് ശൈലി മാറ്റിപിടിച്ച നൈറ്റ് ഡ്രൈവ്, എന്നാല്‍ റൂട്ട് ചേഞ്ചല്ല
പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് അഭിലാഷ് പിള്ള എന്നെ വന്നു കണ്ടു ഒരു കഥ പറയുന്നത്. ഞാന്‍ സാധാരണ ചെയ്യുന്ന പോലുള്ള ഒരു മാസ്സ് സിനിമയുടെ കഥയാണ് പുള്ളി ആദ്യം പറയുന്നത്. എനിക്കൊരു ചെറിയ സിനിമ ചെയ്യാന്‍ ആഗ്രഹം ഉണ്ടെന്ന് ഞാന്‍ അഭിലാഷിനോട് ആവശ്യപ്പെടുകയായിരുന്നു. അന്നേരമാണ് ഒരു രാത്രി നടക്കുന്ന കഥയുടെ നോട്ട് അഭിലാഷ് പറയുന്നത്. അതെനിക് ഇഷ്ടമായി. ഒറ്റ രാത്രി നടക്കുന്ന സംഭവങ്ങള്‍ പറയുന്ന സിനിമ എന്നത് ശരിക്കും വെല്ലുവിളി തന്നെ ആണ്. അന്ന് നടക്കുന്ന സംഭവങ്ങള്‍ അത്രയ്ക്കും ഇന്ററസ്റ്റിംഗ് ആയാലേ പ്രേക്ഷകര്‍ക്ക് ആകാംഷയും താല്പര്യവും ഉണ്ടാകൂ. അതിന് പറ്റിയ തിരക്കഥ കേട്ടപ്പോള്‍ കൗതുകം തോന്നി. ഇതൊരു ത്രില്ലറാണെങ്കിലും ഡ്രൈ ത്രില്ലര്‍ അല്ല. എന്റര്‍ടെയ്ന്‍മെന്റിന് പ്രധാന്യം കൊടുത്താണ് തിരക്കഥ മുന്നോട്ട് പോവുന്നത്. അതെനിക്ക് സന്തോഷം നല്‍കിയ കാര്യമാണ്. കാരണം, പൊതുവേ ഡാര്‍ക് ത്രല്ലര്‍ ഇഷ്ടമുള്ള ആളല്ല ഞാന്‍, കുടുംബ ചിത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ട് തന്നെ എല്ലാ തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഘടകങ്ങള്‍ ചേര്‍ന്ന തിരക്കഥയായപ്പോള്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നെ എന്റെ കംഫര്‍ട്ടിലുള്ള പല കാര്യങ്ങളും മാറ്റിവച്ച് ഞാന്‍ ചെയ്ത ചിത്രം കൂടിയാണിത്. എന്നാലും ഇനിയങ്ങോട്ടുള്ള റൂട്ട് ചേഞ്ച് അല്ലെങ്കില്‍ ജോണര്‍ ചേഞ്ച് എന്നൊന്നും ഇതിനെ പറയാനാവില്ല. ഞാന്‍ ഇനി ചെയ്യാനിരിക്കുന്നതെല്ലാം വലിയ ചിത്രങ്ങളാണ്. മാസ് എന്റര്‍ടെയ്‌നറുകളാണ്. എങ്കിലും കാലത്തിന് വേണ്ട മാറ്റങ്ങള്‍ ചിത്രങ്ങളില്‍ തീര്‍ച്ചായും ഉണ്ടാകും.

അന്നയും റോഷനും, ഇന്ദ്രനെന്ന ഫ്‌ളെക്‌സിബിള്‍ നടനും
നടീനടന്മാരുടെ തിരഞ്ഞെടുപ്പ് മനപ്പൂര്‍വം മാറ്റി ചിന്തിച്ചതാണ്. കുറച്ചു കൂടി പുതുമുഖങ്ങളായ താരങ്ങളെ ഉപയോഗിക്കുമ്പോള്‍ അതിലൊരു പുതുമ ഉണ്ടാകുമെന്ന് തോന്നി. സാധാരണ ഗതിയില്‍ നടീനടന്മാരെ തീരുമാനിച്ച ശേഷമാണ് ഞാന്‍ സിനിമ പ്ലാന്‍ ചെയ്യാറുള്ളത്. നൈറ്റ് ഡ്രൈവിന്റെ കാര്യത്തില്‍ പക്ഷേ തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷമാണ് കാസ്റ്റിങ്ങിനെ കുറിച്ച് ആലോചിച്ചത്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ കുറച്ച് റിയലിസ്റ്റിക് ആയി ചെയ്യണമെന്നുണ്ടായിരുന്നു. റോഷനും അന്നയുമൊക്കെ നാച്ചുറലായി അഭിനയിക്കുന്ന താരങ്ങളാണ്. അതൊന്ന് എക്‌സ്പീരിയന്‍സ് ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇന്ദ്രന്റെ കാര്യം പറയുകയാണെങ്കില്‍, സിനിമയുടെ കരുത്ത് എന്ന് പറയുന്നത് ഇന്ദ്രന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ്. എക്‌സ്പീരിയന്‍സ് ഉള്ള താരം ചെയ്താലെ അതിനൊരു ഇമ്പാക്ട് ഗ്രിപ്പ് ഉണ്ടാകുകയുള്ളൂ. ഏത് കഥാപാത്രം കൊടുത്താലും അത് സേഫ് ആക്കുന്ന നടനാണ് ഇന്ദ്രന്‍. ഫ്‌ളെക്‌സിബിള്‍ ആണ്. മിനിമം ഗാരന്റി വാഗ്ദാനം ചെയ്യുന്ന നടനാണ്.
മോണ്‍സ്റ്റര്‍ സോംബി ചിത്രമല്ല
കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. മോണ്‍സ്റ്റര്‍ ഒരു സോംബി ചിത്രമല്ല. ആവേശം കൊണ്ട് ആളുകള്‍ ഒരു കൗതുകത്തിന് പറഞ്ഞുണ്ടാക്കുന്നതാണ്. എന്റര്‍ടെയ്‌നര്‍ തന്നെയാണ് മോണ്‍സ്റ്റര്‍, എങ്കിലും ഞാനിത് വരെ ചെയ്ത് പോന്നിരുന്ന മാസ് സിനിമകളുടെ ഫ്‌ളേവര്‍ ഉള്ള ചിത്രവുമല്ല. തിരക്കഥയുടെ ബലത്തില്‍ മുന്നോട്ട് പോവുന്ന ചിത്രമാണ്. എന്റര്‍ടെയ്ന്‍മെന്റിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ത്രില്ലറാണ്.

മോഹന്‍ലാല്‍-ഉദയ്കൃഷ്ണ-വൈശാഖ് കൂട്ടുകെട്ട്
തീര്‍ച്ചയായും ലാലേട്ടന് വേണ്ടി എഴുതിയ ചിത്രമാണ് മോണ്‍സ്്റ്റര്‍. ലാലേട്ടനോട് പറഞ്ഞതിന് ശേഷമാണ് കഥ തന്നെ ആലോചിക്കുന്നത്. പുലിമുരുകന് ശേഷം അതേ ടീം ഒന്നിക്കുകയാണെങ്കിലും അത്തരത്തിലുള്ള ചിത്രമല്ല ഇത്. കഥയുടെ നോട്ട് കേട്ടപ്പോള്‍ തന്നെ ലാലേട്ടന്‍ ആവേശത്തിലായിരുന്നു. നമുക്കിത് ചെയ്യാമെന്ന് ലാലേട്ടന്‍ പറഞ്ഞു. പിന്നീടുള്ള യാത്ര ഞങ്ങള്‍ ഒന്നിച്ചായിരുന്നു. അദ്ദേഹവും ആന്റണി ചേട്ടനും ഉദയേട്ടനും ഞാനും പല തവണ ഇരുന്ന് ചര്‍ച്ച ചെയ്താണ് കഥയുടെ വളര്‍ച്ച സംഭവിക്കുന്നത്. അവരുടെയൊക്കെ അനുഭവ സമ്പത്ത് ഇതില്‍ ഗുണം ചെയ്തിട്ടുണ്ട്. ഉദയേട്ടനോടൊപ്പം പ്രവര്‍ത്തിക്കുന്നത് വലിയ കംഫര്‍ട്ട് നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ തമ്മില്‍ നല്ലൊരു ധാരണയുണ്ട്. പുള്ളി സാധാരണ ചെയ്യുന്ന തരത്തിലുള്ള തിരക്കഥയേ അല്ല മോണ്‍സ്റ്ററിലേത്. കുറച്ച് വഴിമാറി സഞ്ചരിക്കുന്ന ചിത്രമാണ്. ഞങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ അതിനെ നല്ല രീതിയില്‍ അവതരിപ്പിക്കുന്നതില്‍ ഏറെ സഹായകമായിട്ടുണ്ട്. ചിത്രത്തിന്റെ സൗണ്ട് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ അവസാനത്തോടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകും.

പുലിമുരുകന്റെ ഹാങ്ങോവര്‍
പുരിമുരുകന്റെ ഹാങ്ങോവര്‍ ഇല്ലേ ഇല്ല. അതെല്ലാം ചിത്രം റിലീസ് ചെയ്തതിന്റെ പിറ്റേ ദിവസം തന്നെ അവസാനിച്ചതാണ്. സിനിമ ചെയ്യുന്നത് വരെയേ ഞാനതിന്റെ ആവേശം കൊണ്ട് നടക്കാറുള്ളൂ. സിനിമ പുറത്തിറങ്ങുന്നതിന്റെ ആദ്യ ദിവസത്തോടെ അത് വിടും. വിജയവും പരാജയവും ഉണ്ടാവും. ഞാനെന്റെ കരിയറില്‍ ഇത് രണ്ടും നേരിട്ടിട്ടുണ്ട്. എന്ന് കരുതി അത് കൊണ്ട് നടക്കാറില്ല. കാരണം, നമ്മുടെ അടുത്ത ചിത്രത്തിനെ ആ വിജയമോ പരാജയമോ സഹായിക്കുകയില്ല. പുലിമുരുകന്റെ വിജയവും അത് പോലെ തന്നെ. പഴയതിന്റെ ബാധ്യത അത് വിജയമായാലും പരാജയമായാലും കൊണ്ട് നടക്കാറില്ല. അതില്‍ നിന്ന് പഠിക്കാന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍, നമുക്ക് മെച്ചപ്പെടാനുള്ളത് ഉണ്ടെങ്കില്‍ അത് മാത്രം കണക്കിലെടുക്കുന്ന ആളാണ് ഞാന്‍.
മലയാളത്തിന്റെ 'ബിഗ് എം'സ്
മമ്മൂക്കയും ലാലേട്ടനും എനിക്ക് ഒരുപോലെ കംഫര്‍ട്ട് ആയുള്ള നടന്മാരാണ്. എന്റെ ആദ്യത്തെ ചിത്രം മമ്മൂക്കയ്‌ക്കൊപ്പമാണ്. ആദ്യ ചിത്രം എന്നതിന്റെ ആകാംക്ഷയും ആവേശവും വലുതാണല്ലോ. ഒപ്പം ടെന്‍ഷനും. പക്ഷേ ഞാനത് അറിഞ്ഞിട്ടേയില്ല. നമുക്കൊപ്പം ഇറങ്ങി വന്ന് നമ്മളില്‍ ഒരാളായി നിന്ന് നമ്മളെ നല്ലതിലേക്ക് കൈപിടിച്ച് കൊണ്ടുപോകാന്‍ പറ്റുന്ന അനുഭവ സമ്പത്തും മനസും ഇരുവര്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് എനിക്കേറെ സുഖകരമായ സംഗതിയാണ്. വ്യക്തിപരമായി വളരെയധികം കരുതല്‍ നല്‍കുന്ന വ്യക്തിയാണ് മമ്മൂക്ക. ടെന്‍ഷന്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത് തുറന്ന് പറയാം. നമ്മുടെ മാനസിക സമ്മര്‍ദ്ദം മനസിലാക്കാനുള്ള അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. നല്ല മാര്‍ഗദര്‍ശികളാണ് ഇരുവരും. എന്റെ പുതിയ പ്രോജക്ടുകളില്‍ പലതും അവര്‍ക്കൊപ്പമുള്ളതാണ്.

മമ്മൂക്കയുടെ ന്യൂയോര്‍ക്ക്, ലാലേട്ടന്റെ മോണ്‍സ്റ്റര്‍
മമ്മൂക്കയ്‌ക്കൊപ്പം ന്യൂയോര്‍ക്ക് എന്ന ചിത്രമാണ് പുതിയ പ്രോജക്ടുകളില്‍ ഒന്ന്. അതിന്റെ എഴുത്തെല്ലാം കഴിഞ്ഞതാണ്. രണ്ട് വര്‍ഷം മുമ്പ് തുടങ്ങേണ്ട ചിത്രമായിരുന്നു. അന്നേരമാണ് കോവിഡും മറ്റും വരുന്നത്. അത് തുടങ്ങാനുള്ള പരിപാടികളൊക്കെ നടക്കുന്നുണ്ട്. മോണ്‍സ്റ്ററിന് പുറമേ ലാലേട്ടന് വേണ്ടി പുതിയ ഒരു സിനിമ എഴുതിക്കൊണ്ടിരിക്കുകയാണ്. ഞാനും ഉദയ്കൃഷ്ണയും അതിന് പിന്നിലുള്ള ജോലികളിലാണ്. അത് പൂര്‍ത്തിയായ ശേഷമേ ലാലേട്ടനോട് കഥ പറയുകയുള്ളൂ.
Content Highlights: Vysakh interview, mammootty movie new york, mohanlal monster movie, udaykrishna, night drive movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..