വി കെ പ്രകാശ് | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മറാഠി തുടങ്ങി വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് സംവിധായകൻ വി.കെ പ്രകാശ്. 2000-ൽ പുറത്തിറങ്ങിയ പുനരധിവാസം മുതൽ ഒടുവിൽ 'ഒരുത്തീ' വരെ പ്രേക്ഷകർക്ക് സമ്മാനിച്ചത് വ്യത്യസ്തമായ സിനിമകൾ. ഹിന്ദിയിൽ വി കെ പി സംവിധാനം ചെയ്ത ഹാഫ് പാന്റ്സ് ഫുൾ പാന്റ്സ് എന്ന വെബ് സീരിസിന് ഇപ്പോൾ പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് നേടുന്നത്. ഹാഫ് പാന്റ്സ് ഫുൾ പാന്റ്സിന്റെ വിശേഷങ്ങളും ചലച്ചിത്രാനുഭവങ്ങളും മാതൃഭൂമി ഡോട്ട്കോമിനൊപ്പം പങ്കുവെക്കുകയാണ് അദ്ദേഹം.
'ഹാഫ് പാന്റ്സ് ഫുൾ പാന്റ്സ്' തരുന്നത് അഭിമാനം
ഹാഫ് പാന്റ്സ് ഫുൾ പാന്റ്സ് എന്നതൊരു ബുക്കാണ്. അതിനെ അടിസ്ഥാനമാക്കിയാണ് ഹാഫ് പാന്റ്സ് ഫുൾപാന്റ്സ് വെബ്സീരിസ് ചെയ്തിരിക്കുന്നത്. ഇപ്പോൾ വരുന്ന കണ്ടന്റുകളെല്ലാം ത്രില്ലറോ മറ്റോ ആണ്. ഹാഫ്പാന്റ്സ് ഫുൾപാന്റ്സിനെ ആൾക്കാർ സ്വീകരിക്കുന്നതും കണ്ടന്റിലെ വ്യത്യസ്തതകൊണ്ട് തന്നെയാണ്. ഹാഫ്പാന്റ്സ് ഫുൾപാന്റ്സ് എന്നെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണ്. കാരണം
മലയാളത്തിൽ നിന്ന് ആദ്യമായിട്ടാണ് ഒരു സംവിധായകൻ ഹിന്ദിയിൽ പോയിട്ട് വെബ് സീരിസ് ചെയ്യുന്നത്. അത് എട്ട് എപ്പിസോഡുകളായിട്ടാണ്. വളരെ അഭിമാനം തോന്നുന്ന സമയമാണിത്.
സ്ത്രീപക്ഷ സിനിമകളുടെ വി കെ പി
ഓരോ സിനിമ ചെയ്യുന്നതും അതിന്റെ കണ്ടന്റ് എന്താണ് എന്ന് നോക്കിയാണ്. കണ്ടന്റ് ഇഷ്ടമായാൽ മാത്രമേ ആക്ടറിനെ അപ്പ്രോച്ച് ചെയ്യാറുള്ളൂ. സ്ത്രീപക്ഷ സിനിമകൾ എന്ന് പറയുമ്പോൾ എന്റെ സിനിമയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾക്കും വളരെയേറെ പ്രാധാന്യം ഉണ്ട്. ഇപ്പോൾ അടുത്തിടെ ചെയ്ത കുറേ സിനിമകൾ സ്ത്രീപക്ഷ സിനിമകളാണ്. അത് അങ്ങനെ തന്നെ വേണമെന്ന് വിചാരിച്ച് ചെയ്തതല്ല. അങ്ങനെ ഭവിക്കുന്നതാണ്.
ട്രിവാൻഡ്രം ലോഡ്ജ്- ഒരു ക്ലാസിക് ചിത്രം
ട്രിവാൻഡ്രം ലോഡ്ജ് എന്ന് സിനിമക്ക് ആദ്യം ലഭിച്ചത് നെഗറ്റീവ് പ്രതികരണമായിരുന്നു. ഇന്ന് അതിനെ ഒരു കൾട്ട് സിനിമയായി പറയും. അതിന് മുൻപോ ശേഷമോ അങ്ങനെയൊരു സിനിമ വന്നിട്ടില്ല. അതുകൊണ്ട് തന്നെ ട്രിവാൻഡ്രം ലോഡ്ജ് ഒരു ക്ലാസിക് സിനിമയാണെന്ന് പറയും. കാരണം ആർട് ഫോമിന് മുൻപും പിമ്പും വേറെയൊന്ന് വരാതിരിക്കുമ്പോഴാണ് അതൊരു ക്ലാസിക് ആയി മാറുന്നത്. അതിൽ പറഞ്ഞിട്ടുള്ളത് മനുഷ്യന്റെ കാഴ്ചപ്പാടാണ്. ഓഡിയൻസിനെ പിടിച്ചിരുത്തി കളക്ഷൻ ഉണ്ടാക്കാൻ വേണ്ടി ചെയ്ത സിനിമയല്ല അത്. വളരെ സ്ലോ ഫെയിസിലുള്ളതാണ് ചിത്രം. അത് ജനങ്ങൾക്ക് കാണാനും കണക്ട് ചെയ്യാനും പറ്റി. അല്ലായെങ്കിൽ 100 ഓ 120 ദിവസം തീയേറ്ററിൽ ഓടില്ലല്ലോ. ഫാമിലിയായിട്ട് പോകാൻ പറ്റാത്തവർ ഒറ്റക്ക് പോയി കണ്ടിട്ടുണ്ട്.
ചലച്ചിത്ര മേളകളെ വിമർശിക്കുകയല്ല വേണ്ടത്
ഞങ്ങളൊക്കെ വന്നത് ഫിലിം സൊസൈറ്റി മൂവ്മെന്റിലൂടെയാണ്. ഞങ്ങളുടെ ചെറുപ്പകാലത്ത് ഒരു സിനിമ കാണണമെങ്കിൽ ഫിലിം സൊസൈറ്റി മൂവ്മെന്റിൽ പങ്കെടുക്കണമായിരുന്നു. എന്നാൽ ഇന്ന് പടിമുറ്റത്ത് ഇത്രയും വലിയ മേള സംഘടിപ്പിക്കുകയാണ്. ലോകത്തിലെ ക്ലാസിക് സിനിമകൾ കാണാൻ അവസരമുണ്ടാവുകയാണ്. ഇതിനെയെല്ലാം വിമർശിക്കുന്ന സമയത്ത് ഈ സിനിമകളെല്ലാം കാണുകയും പഠിക്കുകയുമാണ് വേണ്ടത്. ഇത്തരം വിമർശനങ്ങൾക്ക് ചെലവാക്കുന്ന സമയം ക്രിയേറ്റീവ് ആകാൻ ശ്രമിക്കുകയാണ് വേണ്ടത്. എല്ലാ സിനിമകൾക്കും രണ്ടോ മൂന്നോ സ്ക്രീനിംഗ് എന്ന് പ്ലാൻ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു സിനിമയുടെ സ്ക്രീനിംഗ് കൂട്ടണം എന്ന് പറയുന്നത് മറ്റ് സിനിമകളോട് കാണിക്കുന്ന വിവേചനമാണ്. അങ്ങനെ സിനിമയെ സ്നേഹിക്കുന്നവരാണെങ്കിൽ സിനിമ തീയേറ്ററിൽ വരുമ്പോൾ പണം മുടക്കി പോയി കാണുകയാണ് വേണ്ടത്.
Content Highlights: vk prakash interview, half pants full pants web series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..