ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും | ഫോട്ടോ: ജെഫിൻ ബിജോയ് | മാതൃഭൂമി
സിനിമമാത്രം സ്വപ്നംകണ്ടുനടന്ന രണ്ടുസുഹൃത്തുക്കൾ, ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും. സിനിമയിലൊന്നു മുഖം കാണിക്കാൻ തിരക്കഥപോലുമെഴുതി. ഇപ്പോൾസംവിധായകരായും തിളങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഗോകുലം ഗോപാലൻ, എൻ.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവർചേർന്ന് നിർമിച്ച ‘വെടിക്കെട്ടി’ലൂടെ.
ആദ്യം തിരക്കഥ, പിന്നെ അഭിനയം. ഇപ്പോഴിതാ സംവിധാനവും. ആ അനുഭവമെങ്ങനെ?
വിഷ്ണു: ഇതിനുമുമ്പ് മൂന്ന് സിനിമകൾക്കാണ് ഞങ്ങൾ തിരക്കഥയെഴുതിയത്. ഓരോ സിനിമയുടെയും പ്രീ പ്രൊഡക്‌ഷൻമുതൽ പോസ്റ്റ് പ്രൊഡക്‌ഷൻവരെ സംവിധായകനൊപ്പം ഞങ്ങളുമുണ്ടാവും. പക്ഷേ, ഇവിടെ അവസാന തീരുമാനമെടുക്കാൻ സംവിധായകൻ എന്നപേരിൽ മറ്റൊരാളില്ല. ഞങ്ങൾതന്നെ അങ്ങോട്ടുമിങ്ങോട്ടും ചർച്ചചെയ്ത് തീരുമാനമെടുക്കണം. അതായിരുന്നു വ്യത്യാസം.
ബിബിൻ: അതുമാത്രമല്ല. സംവിധായകന്റേത് ഉത്തരവാദിത്വമേറെയുള്ള ജോലിയാണെന്നും അതിന്റെ സമ്മർദം ഞങ്ങളുടെ ഉള്ളിലാണെന്നും അത് ഓരോദിവസവും കൂടിക്കൂടി വരുമെന്നുമൊക്കെ ഇപ്പോഴാണ് മനസ്സിലായത്. പ്രത്യേകിച്ച് റിലീസിനോടടുപ്പിച്ച് അതിന്റെ ടെൻഷൻ കൂടുതലായിരുന്നു.
എങ്ങനെയാണ് വെടിക്കെട്ടിലേക്കെത്തുന്നത്?
വിഷ്ണു: കൂട്ടുകാരെയൊക്കെവെച്ച് വളരെ ചെറിയരീതിയിലൊരു സിനിമയായിരുന്നു മനസ്സിൽ. അതിനിടെ വേറൊരു വലിയ സിനിമയുടെ പണിപ്പുരയിലുമായിരുന്നു. അപ്പോഴാണ് കോവിഡ് കാരണം ആ സിനിമ നടക്കാതെപോയത്. അപ്പോൾ പെട്ടെന്ന് തീരുമാനിച്ചതാണ് വെടിക്കെട്ട്. നമ്മുടെ കൂട്ടുകാരെയൊക്കെ ഈ സിനിമയുടെ ഭാഗമാക്കുകയും ചെയ്യാം. പക്ഷേ, എഴുതിവന്നപ്പോൾ വലിയ കാൻവാസിലേക്കുള്ള തിരക്കഥയായി മാറി. പക്ഷേ, പിന്തുണയ്ക്കാൻ പാകത്തിലുള്ള നിർമാതാക്കൾ ഉണ്ടായിരുന്നതുകൊണ്ട് മുന്നോട്ടുപോവാൻപറ്റി.
ബിബിൻ: കോവിഡിനുശേഷം ആളുകൾ സിനിമ കാണുന്ന രീതി മാറിയിട്ടുണ്ട്. എല്ലാവരും സിനിമാനിരൂപകരായി. ഒരുവിധം ലോക സിനിമകളെല്ലാം അവർ കണ്ടുകഴിഞ്ഞു. ആ തിരിച്ചറിവുകളുടെ ഭാഗമായി, ഞങ്ങൾ ഈ സിനിമയെ വേറൊരുരീതിയിൽ ഒരുക്കാനാണ് ശ്രമിച്ചത്.
അമർ അക്ബർ അന്തോണിയിലാണല്ലോ തുടക്കം. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ. ഇപ്പോൾ വെടിക്കെട്ടും. ഈ കൂട്ടുകെട്ടിന്റെ രഹസ്യമെന്താണ്?
വിഷ്ണു: ഞങ്ങളുടെ സൗഹൃദം സിനിമയിൽ തുടങ്ങിയതല്ല. ആറാംക്ലാസ് മുതലേയുള്ളതാണ്. ഒരുപാട് സ്കിറ്റുകളും മറ്റും ഒരുമിച്ചെഴുതിയിട്ടുണ്ട്. സിനിമയിൽ വരണമെന്ന് തോന്നിയപ്പോഴാണ് ഒരുമിച്ച് തിരക്കഥയെഴുതിയത്. പരസ്പരധാരണയോടെയാണ് എഴുത്തും ചർച്ചയും.
ബിബിൻ: രണ്ടുപേരും രണ്ടുവീടുകളിൽനിന്ന് വരുന്നവർ. ഇടയിൽ പ്രശ്നങ്ങളുണ്ടാവാം. അതിനൊക്കെ മുകളിൽ സ്നേഹമാണ് ഞങ്ങളെ നയിക്കുന്നത്. ഷൂട്ടിങ്ങിനിടയിൽ ഞങ്ങൾക്കിടയിൽ വഴക്കോ ആശയപരമായ പ്രശ്നങ്ങളോ ഒന്നുമുണ്ടായിട്ടില്ല. എഴുത്തിന്റെ സമയത്താണ് തല്ലുപിടിത്തമൊക്കെ.
സാമൂഹികമാധ്യമങ്ങളുടെ കാലത്ത് ആളുകളെ തമാശപറഞ്ഞ് ചിരിപ്പിക്കാൻ ബുദ്ധിമുട്ടല്ലേ? പക്ഷേ, ഓരോ സിനിമയിലും നിങ്ങൾക്കത് സാധിക്കുന്നു
വിഷ്ണു: പണ്ടൊക്കെ ഒരു തമാശയുണ്ടാക്കിയിട്ടുണ്ടെങ്കിൽ, അതെല്ലാവരിലേക്കും എത്താൻ ഒരുപാട് സമയമെടുക്കും. പല സ്റ്റേജ് ഷോകളിലൂടെയും പരിപാടികളിലൂടെയുമാണ് അത് നാടുമുഴുവൻ എത്തുന്നത്. അത്യാവശ്യം സമയമെടുക്കും. ഇന്നങ്ങനെയല്ല. ലോകത്തിന്റെ ഏതെങ്കിലും മൂലയിലിരുന്ന് ഒരാളൊരു തമാശയുണ്ടാക്കുന്നു. അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ഉടനെ വൈറലാവുന്നു. അങ്ങനെയുള്ള കാലഘട്ടത്തിൽ തമാശയുണ്ടാക്കി ആളുകളെ ചിരിപ്പിക്കൽ വളരെ ബുദ്ധിമുട്ടാണ്.
ബിബിൻ: നമ്മളുദ്ദേശിക്കുന്ന തമാശ ചെറുതായിട്ടൊന്ന് പിഴച്ചാൽ മതി, ആളുകൾക്കത് ചളിയായി തോന്നും. അതിനെ ഭയങ്കരമായിട്ട് ട്രോളും. അതൊക്കെ മനസ്സിൽ കണ്ടുതന്നെയാണ് എഴുതാറുള്ളത്.
സംവിധാനംചെയ്ത ആദ്യസിനിമ പുറത്തിറങ്ങി. ഇനി?
വിഷ്ണു: അഭിനയിക്കണമെന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു മനസ്സിൽ. അതിനുവേണ്ടി ചെയ്തുകൂട്ടിയ കാര്യങ്ങളാണ് തിരക്കഥയെഴുത്തും മറ്റും. സിനിമ സംവിധാനംചെയ്യുമെന്നൊന്നും ചിന്തിച്ചിരുന്നേയില്ല. അതുപോലെ ഒട്ടും പ്ലാൻ ചെയ്യാതെ ഓരോ കാര്യങ്ങൾ നടക്കട്ടെ.
ബിബിൻ: ഈ സിനിമയ്ക്കുവേണ്ടിയുള്ള പ്രതീക്ഷയിലും കാത്തിരിപ്പിലുമായിരുന്നു ഞങ്ങൾ. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവുംവലിയ സ്വപ്നങ്ങളിലൊന്ന്. അതുമാത്രമല്ല, ഞങ്ങളുടെ സുഹൃത്തുക്കളെയും ഇരുനൂറിൽപ്പരം പുതിയ ആളുകളെയും ഈ സിനിമയിലേക്ക് കൊണ്ടുവരാനും കഴിഞ്ഞു. അതൊക്കെയാണ് ഇപ്പോഴത്തെ സന്തോഷങ്ങൾ.
Content Highlights: vishnu unnikrishnan and bibin george interview, vedikkettu movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..