മുണ്ടും ജൂബ്ബയും ചന്ദനക്കുറിയും,ലോഹിസാറിന്റെ ചോദ്യവും 'നീ കരുതിക്കൂട്ടി ഇറങ്ങിയിരിക്കുകയാണല്ലേ'


ശ്രീലക്ഷ്മി മേനോൻ

ഒരു ദിവസം സാർ ചോദിച്ചു വിനു പാട്ട് പാടുമോ എന്ന്. ഞാൻ എന്തിനും തയ്യാറായിരുന്നു. പാടിക്കൊടുത്തത് പ്രമദവനവും. അതോടെ സാർ പറഞ്ഞു ഇനി നീ ആരുടെ മുന്നിലും പാടരുതെന്ന്.

-

ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്നും അടർത്തിയെടുത്തവയായിരുന്നു ലോഹിതദാസിന്റെ കഥയും കഥാപാത്രങ്ങളും. അവയിൽ പലതും മലയാള സിനിമയുടെ ഭാവി നിർണയിച്ചവയും. കാമ്പുള്ള കഥകൾക്കൊപ്പം നിരവധി പുതുമുഖങ്ങളേയും മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. അക്കൂട്ടത്തിലൊരാളാണ് നടൻ വിനു മോഹൻ. നിവേദ്യം എന്ന സിനിമയിലൂടെ ലോഹി മലയാളികൾക്ക് പരിചയപ്പെടുത്തിയ താരം. അനശ്വര സംവിധായകൻ ഓർമ്മയായി 11 വർഷം പിന്നിടുന്ന വേളയിൽ വിനു മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു ​ഗുരു ലോ​ഹി സാറിനെക്കുറിച്ച്, നിവേദ്യത്തിന്റെ അറിയാക്കഥകളെ കുറിച്ച്

'ആകാശദൂതി'നായി പോയി, ലോഹി സാറിനെ ആദ്യമായി കണ്ടു

ലോഹി സാറിനെ ഞാനാദ്യം കാണുന്നത് എന്റെ കുട്ടിക്കാലത്താണ്. ചെങ്കോലിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പാണ്. ​ഗീതിൽ സിബി അങ്കിളിനെ കാണാൻ അച്ഛനോടൊപ്പം ചെന്നപ്പോഴാണ് ഞാനാദ്യമായിട്ട് ഇവരെ എല്ലാവരെയും കാണുന്നത്. ​ഗീതിൽ സിബി സാർ സംവിധാനം ചെയ്യുന്ന ആകാശദൂതിന്റെ ചർച്ചകൾ നടക്കുന്ന സമയമായിരുന്നു.

ആകാശദൂതിലേക്ക് വേണ്ടിയാണ് ഞാനവിടെ ചെല്ലുന്നത്. കാലിന് വയ്യാത്ത കുട്ടിയുടെ റോളിലേക്ക്, അച്ഛനോടുള്ള പരിചയത്തിന്റെ പേരിലാണ് എന്നെ സ്ക്രീനിങ്ങിന് വിളിച്ചത്. പക്ഷേ അതെനിക്ക് കിട്ടിയില്ല. കാരണം സ്ക്രീനിങ്ങിന്റെ സമയത്ത് നീ കരയുമോ എന്ന് ചോദിച്ചപ്പോൾ അങ്ങനെയൊന്നും ഞാൻ കരയില്ല അച്ഛൻ അടിച്ചാൽ മാത്രമേ കരയൂ എന്നാണ് മറുപടി പറഞ്ഞത്. അതുകൊണ്ട് ആ ചാൻസ് പോയി. അന്നാണ് ലോഹിസാറിനെയും ആദ്യമായി കാണുന്നത്. പക്ഷേ അന്നൊന്നും കരുതിയില്ല സാറിന്റെ സിനിമയിലൂടെ തന്നെയാകും എന്റെ അരങ്ങേറ്റവുമെന്ന്

'കരുതിക്കൂട്ടി' തന്നെ ചെറുതുരുത്തിയിലേക്ക്

ചക്കരമുത്തിന്റെ പൂജയുടെ സമയത്താണ് പിന്നീട് ലോഹി സാറിനെ കാണുന്നത്. സെവൻ ആർട്സ് മോഹനൻ ചേട്ടനാണ് ലോഹിസാർ പുതിയ ചിത്രമെടുക്കുന്നുണ്ടെന്നും ചെന്നു കാണാനും പറഞ്ഞത്. അത് ചെമ്പട്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. പക്ഷേ അത് നടന്നില്ല. പിന്നീടാണ് നിവേദ്യത്തിന്റെ ജോലികൾ സാർ തുടങ്ങുന്നത്. ഇത് അമ്പലവുമായി ബന്ധമുള്ള, നാട്ടിൻപുറത്തെ ഒരു സിനിമയാണെന്ന് അറിഞ്ഞിരുന്നു. പിന്നെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് സാർ ഈ ഫസ്റ്റ് ഇംപ്രഷൻ എന്ന സം​ഗതി ഒക്കെ കാര്യമായെടുക്കുന്ന ആളാണെന്ന്. അതുകൊണ്ട് തന്നെ ആദ്യമായി കാണാൻ പോകുമ്പോൾ ജുബ്ബയൊക്കെ ഇട്ട്, മുണ്ടൊക്കെ ഉടുത്ത് ചന്ദനക്കുറിയൊക്കെ തൊട്ടാണ് ഞാൻ ചെന്നത്. ചെറുതുരുത്തിയിലായിരുന്നു അന്ന് സാർ ഉണ്ടായിരുന്നത്.

ഞാൻ ചെന്ന സമയത്ത് ഉറക്കമായിരുന്നു. കാത്തിരുന്നു. സാർ ഉറക്കമെണീറ്റ് വന്ന സമയത്ത് ഞാൻ അടുത്തോട്ട് ചെന്നു. സാർ എന്നെ അടിമുടി നോക്കുന്നുണ്ടായിരുന്നു. ഭയങ്കര ചിരിയായിരുന്നു കണ്ടിട്ട്. എനിക്കാണേൽ കൺഫ്യൂഷനായി. സർ എടുത്ത വഴിക്ക് എന്നോട് ചോദിച്ചത് 'കരുതിക്കൂട്ടി തന്നെ ഇറങ്ങിയിരിക്കുകയാണല്ലേ' എന്നാണ് . പിന്നെ കുറച്ച് നേരം സംസാരിച്ചിരുന്ന ശേഷം ഞാൻ അവിടെ നിന്നും പോന്നു.

പെട്ടിയും കിടക്കയും എടുത്ത് സാറിന്റെയടുത്തേക്ക്

പിന്നീടും കുറേ കഴിഞ്ഞാണ് ഒരു ദിവസം സാറിന്റെ കാൾ വരുന്നത്. പ്രത്യേകിച്ച് ഒരു പരിപാടിയും ഇല്ലെങ്കിൽ കുറച്ച് ദിവസം നിൽക്കാൻ പാകത്തിൽ വരാൻ പറയുന്നത്. ഞാൻ കേട്ട പാതി ബാ​ഗും പാക്ക് ചെയ്ത് സാറിന്റെ അടുത്തെത്തി. അതാണ് നിവേദ്യത്തിലേക്കുള്ള എൻട്രൻസ് എന്ന് വേണമെങ്കിൽ പറയാം. അവിടെ സിനിമയിലെ പാട്ടിന്റെ കമ്പോസിങ്ങും മറ്റും നടക്കുന്നുണ്ട്. ജയചന്ദ്രൻ സാറും കൈതപ്രം തിരുമേനിയും ഒക്കെയുണ്ട്. ഇവരുടെ കൂടെ ഞാനും. എന്തിനാണ് എന്നെ വിളിച്ചു വരുത്തിയത് എന്ന് എനിക്കപ്പോഴും അറിയില്ല. ഒരു ദിവസം സാർ ചോദിച്ചു വിനു പാട്ട് പാടുമോ എന്ന്. ഞാൻ എന്തിനും തയ്യാറായിരുന്നു. പാടിക്കൊടുത്തത് പ്രമദവനവും. അതോടെ സാർ പറഞ്ഞു ഇനി നീ ആരുടെ മുന്നിലും പാടരുതെന്ന്. ഇക്കാര്യം പിന്നീട് സാർ പറഞ്ഞു ചിരിക്കുമായിരുന്നു.

സം​ഗീത പഠനവും സാധകവും

പിന്നീട് എന്നോട് പാട്ട് പഠിക്കാൻ പോവാൻ സാർ പറഞ്ഞു. അങ്ങനെ ചെറുതുരുത്തിയുള്ള ഒരു മാഷിന്റെ അടുത്ത് പാട്ട് പഠിക്കാൻ വിട്ടു. എനിക്കാകെ കൺഫ്യൂഷനായിരുന്നു. ഞാനിതിൽ അഭിനയിക്കാനാണോ പാടാനാണോ വന്നതെന്ന്. അതുപോലെ കണ്ണ് സാധകം ചെയ്യാൻ കലാമണ്ഡലത്തിലുള്ള ഒരു മാഷിന്റെ അടുത്തും കൊണ്ടാക്കി. പിന്നീട് ഇതു രണ്ടുമായിരുന്നു എന്റെ ദിനചര്യ. പാട്ട് പഠിക്കാൻ ചെന്നാൽ കുറച്ച് നേരം പഠിപ്പിക്കും പിന്നെ അദ്ദേഹം കുറേ നേരം എന്നോട് സംസാരിച്ചിരിക്കും അങ്ങനെയായിരുന്നു. അങ്ങനെ കുറച്ച് നാൾ കഴിഞ്ഞപ്പോൾ എന്റെ കൺഫ്യൂഷൻ കൂടിക്കൂടി വന്നു അങ്ങനെ സാറിനോട് നേരിട്ട് തന്നെ ചോദിച്ചു എന്തിനാണ് പാട്ട് പഠിപ്പിക്കുന്നതെന്ന്.

അന്നാണ് സാർ പറയുന്നത് സിനിമയിലെ കഥാപാത്രം വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന ആളാണ്. എനിക്കാണെങ്കിൽ തെക്കൻ ഭാഷയാണ്. അതുകൊണ്ട് വള്ളുവനാടൻ ശൈലിയിലേക്ക് കൊണ്ടുവരാനാണ് ആ ടോണിൽ സംസാരിക്കുന്ന മാഷിന്റെ അടുത്തേക്ക് എന്നെ പഠിക്കാൻ വിട്ടതെന്ന്. മാഷിനോട് സംസാരിച്ച് സംസാരിച്ച് ആ ടോൺ എനിക്ക് അറിയാതെ കിട്ടുകയും ചെയ്തിരുന്നു. മാത്രമല്ല പാട്ട് പഠിക്കാൻ പോയത് കൊണ്ട് തന്നെ ചിത്രത്തിലെ ചിറ്റാട്ടിൻ കാവിൽ എന്ന ​ഗാനരം​ഗത്തിൽ അഭിനയിക്കുമ്പോൾ ഏറെ സഹായകരമായി.അതുപോലെ നമ്മുടെ സംസാര ഭാഷയുടെ പിച്ച് കൺട്രോൾ ചെയ്യാൻ സം​ഗീത പഠനം ഉപകരിക്കും. എനിക്ക് കൊല്ലം ടോൺ ആയതുകൊണ്ട് ഹൈ പിച്ച് ശബ്ദമായിരുന്നു.അതൊക്കെ ഡബ്ബിങ്ങ് സമയത്ത് എനിക്ക് ഏറെ സഹായകരമായിട്ടുണ്ട്. ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് സാറെന്നെ അങ്ങോട്ട് വിട്ടതെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

മോഹനകൃഷ്ണന്റെ ഭൂതകാലം വരെ പറഞ്ഞു തന്ന കഥപറച്ചിൽ

ഇതെല്ലാം ഞാൻ പറഞ്ഞതിന് കാരണം, ഒരു സംവിധായകനെന്ന നിലയിൽ, ഒരു ക്രിയേറ്റർ എന്ന നിലയിൽ, ഒരാളെ കിട്ടിയാൽ അയാളെ എങ്ങനെ മോൾഡ് ചെയ്യാം, അയാളുടെ നെ​ഗറ്റീവുകളെ എങ്ങനെ പരിഹരിക്കാം എന്ന് വ്യക്തമായി അറിയാവുന്ന ഒരു ഇതിഹാസമാണ് ലോഹി സാർ. മാത്രമല്ല ഇത്ര സിനിമകൾ ചെയ്തതിൽ നിവേദ്യത്തിന്റെ മാത്രമായിരിക്കും യഥാർഥ കഥ കേൾക്കാതെ മറ്റൊരു കഥ കേട്ട് ഞാൻ അഭിനയിച്ചത്. ഒരു ദിവസം ഞാൻ ചോദിച്ചു സാർ ‍ഞാൻ തന്നെയല്ലേ ഇതിലെ നായകൻ എന്ന്. നീ നായക വരെ എത്തിയിട്ടുണ്ട് ൻ ആകുമ്പോൾ ഞാൻ പറയാം എന്നായിരുന്നു സാറിന്റെ മറുപടി. പിന്നീടാണ് ഒരു ദിവസം വിനൂ നിവേദ്യത്തിന്റെ കഥ കേട്ടിട്ടില്ലല്ലോ പറ‍ഞ്ഞു തരാം എന്ന് പറ‍ഞ്ഞ് കഥ പറയുന്നത്.

മോഹനകൃഷ്ണൻ എന്ന കഥാപാത്രത്തെ കുറിച്ചായിരുന്നു സാറിന്റെ വിവരണം. ആഢ്യത്വമുള്ള നമ്പൂതിരിക്കുടുംബത്തിൽ ജനിച്ച സികെഎം നമ്പൂതിരിപ്പാടെന്ന വ്യക്തി അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി പൂണൂല് പൊട്ടിച്ചെറിഞ്ഞ് മുന്നിട്ടിറങ്ങിയ വ്യക്തിയാണ്. ഒരു അപകടത്തിൽ ഇദ്ദേഹം മരിച്ച് പോവുകയും വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മയുടേം സഹോദരിയുടെയും ചുമതല മോഹനകൃഷ്ണന് ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്നു. സമുദായത്തിന്റെയും കുടുംബത്തിന്റെയും പിന്തുണയില്ല. ഏത് ജോലിയും ചെയ്യാൻ തയ്യാറായ നമ്പൂതിരിപ്പയ്യന്റെ കഥയാണ് എന്നാണ് എന്നോട് പറഞ്ഞത്. ആശാരിപ്പണി ചെയ്ത് മികച്ചൊരു ആശാരിയായി മാറി സന്തോഷത്തോടെ ജീവിക്കുന്നു എന്ന നിലയിലാണ് കഥ അവസാനിപ്പിച്ചത്.

മോഹനകൃഷ്ണന്റെ കുട്ടിക്കാലം വരെ എനിക്ക് വിവരിച്ച് തന്നിരുന്നു. ആ വേഷം ആരാണ് ചെയ്യുക എന്നായിരുന്നു എന്റെ ചിന്ത. ഈ സബ്ജക്ട് നന്നായി ആലോചിച്ച് പിറ്റത്തെ ദിവസം അഭിപ്രായം പറയാൻ പറഞ്ഞു സാർ. പിറ്റേ ദിവസം ഞാൻ ഓകെ പറ‍ഞ്ഞപ്പോഴാണ് സാർ പറയുന്നത് മോഹനകൃഷ്ണൻ ആശാരിപ്പണി തിരഞ്ഞെടുക്കുന്നത് മുതലാണ് നമ്മുടെ നിവേദ്യം സിനിമയെന്ന്. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു വരുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥയിലേക്ക് എത്തി ചേരാനാണ് ആ കഥാപാത്രത്തിന്റെ ഭൂതകാലം വരെ സാർ വിവരിച്ച് തന്നത്. അതിലെ ഓരോ കഥാപാത്രത്തിനും ഇത്തരത്തിലുള്ള വേരുകൾ സാറിന്റെ മനസിലുണ്ട്. അത് സാറിന്റെ ഏത് സിനിമ എടുത്ത് നോക്കിയാലും അറിയാം വെറുതേ വന്നു പോകുന്ന വ്യക്തിയാണെങ്കിൽ പോലും നമ്മുടെ ഉള്ളിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാവും അവർ.

ചിത്രത്തിൽ സി.കെ നമ്പൂതിരിപ്പാടിനെ കുറിച്ച് കൈതപ്രം നമ്പൂതിരി ഓർക്കുന്ന ചില ഫ്ലാഷ്ബാക്ക് രം​ഗങ്ങൾ ഉണ്ട്. ആ രം​ഗങ്ങളിൽ സി.കെ ആയി വേഷമിട്ടത് എന്റെ അച്ഛൻ മോഹൻകുമാറാണ്. അങ്ങനെ ഒരു സന്തോഷവും നിവേദ്യത്തിലുണ്ട്.

നിവേദ്യവും മോഹനകൃഷ്ണനും എന്റെ ഭാ​ഗ്യം

മോഹനകൃഷ്ണനും നിവേദ്യവും എന്റെ ഭാ​ഗ്യങ്ങൾ തന്നെയാണ്. ലോഹി സാറിന്റെ ചിത്രം, ഒപ്പം ഭരത് ​ഗോപി സാർ വേണുചേട്ടൻ എന്നിവർക്കൊപ്പം വേഷം. എന്റെ അപ്പൂപ്പന്റെ കാലത്ത് അഭിനയിച്ചിരുന്നവരാണ് ഇവരൊക്കെ. ഞാൻ സിനിമയിൽ വന്നപ്പോൾ ആ ഒരു അടുപ്പം ഇവർക്കൊക്കെ എന്നോടുണ്ടായിരുന്നു. അങ്ങനെയുള്ള ലെജന്റ്സിനൊപ്പം തുടങ്ങാൻ സാധിച്ചത് എന്റെ മഹാഭാ​ഗ്യം തന്നെയാണ്.

എന്റെ തലമുറയ്ക്കും എനിക്ക് മുമ്പുള്ള തലമുറയ്ക്കും അവരുടെ അഭിനയ ജീവിതത്തിൽ നാഴിക കല്ലാവാൻ സാധിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ സാർ ഉണ്ടായിരുന്നെങ്കിൽ ലഭിച്ചേനേ എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ​ഗുരു എന്ന നിലയിലാണ് ഞാൻ ലോഹി സാറിനെ കാണുന്നത്. കാരണം ഒരു ​ഗുരുകുല വിദ്യാഭ്യാസമാണ് എനിക്ക് ലോഹിസാറിലൂടെ, നിവേദ്യത്തിലൂടെ ലഭിച്ചത്.

Content highlights: Vinu Mohan interview Lohithadas Nivedhyam Movie Bhama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented