ഴുപതുകളിലെ കഥയാണ്. മുംബൈയിലെ ഒരു സെറ്റില്‍ മുഖദ്ദര്‍ കാ സിക്കന്ദറിന്റെ ചിത്രീകരണം നടക്കുന്നു. നടന്മാര്‍ക്ക് നിദേശങ്ങള്‍ കൊടുത്ത് ഓടി നടക്കുകയാണ് സംവിധായകന്‍ പ്രകാശ് മെഹ്‌റ. അന്നത്തെ യൂത്ത് സെന്‍സേഷനുകളായ അമിതാഭ് ബച്ചനും വിനോദ് ഖന്നയുമാണ് ക്യാമറയ്ക്ക് മുന്നില്‍. ബച്ചന്റെ സിക്കന്ദര്‍ വിനോദ് ഖന്നയുടെ വിശാല്‍ ആനന്ദിനുനേരെ ഒരു ഗ്ലാസ് എറിയണം. വിനോദ് ഖന്ന അത് തട്ടിമാറ്റണം. അതാണ് രംഗം.

എന്നാല്‍, സംവിധായകന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് ബച്ചന്‍ എറിഞ്ഞ ഗ്ലാസ് ചെന്നു കൊണ്ട് വിനോദ് ഖന്നയുടെ കവിളില്‍. കുപ്പി കുത്തിക്കയറി കവിളില്‍ നാല് സ്റ്റിച്ചിടേണ്ടിവന്നു വിനോദിന്. ബച്ചന്‍ ആകെ വിഷമത്തിലായെങ്കിലും കവിളിലെ ചോരയൊപ്പി ചിരിക്കുന്ന മുഖവുമായി വന്ന് സമാധാനിപ്പിക്കുകയായിരുന്നു വിനോദ്. 'നിങ്ങള്‍ മനപ്പൂര്‍വം എറിഞ്ഞതല്ലല്ലോ. സാരമില്ല.' ഖന്നയുടെ ഈ വാക്കുകള്‍ വലിയ ആശ്വാസമായിരുന്നുവെന്ന് പിന്നീടൊരിക്കല്‍ കൂലിയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് മുംബൈ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ പുനിത് ഇസ്സാറിനോട് ബച്ചന്‍ പറഞ്ഞു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന്റെ നോമിനേഷന്‍ ലഭിച്ചിരുന്നു വിനോദിന്.

bachan and vinodഅവസാന കാലം വരെ ബച്ചനുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചുപോന്നിരുന്നു വിനോദ് ഖന്ന. എന്നാല്‍, ഷോലെയും ബോബിയും കഴിഞ്ഞാല്‍ അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ മുഖദ്ദര്‍ കാ സിക്കന്ദറിനുശേഷം എന്തുകൊണ്ടോ മറ്റൊരു സിനിമയിലും ഒന്നിച്ച് അഭിനയിച്ചിട്ടില്ല ബച്ചനും വിനോദ് ഖന്നയും എന്നത് മറ്റൊരു കാര്യം.

സഹൃദയനും സൗമ്യനും മാത്രമായിരുന്നില്ല, സുന്ദരനുമായിരുന്നു വിനോദ് ഖന്ന. എന്നിട്ടും വില്ലനായി അരങ്ങേറാനായിരുന്നു നിയോഗം. അതും അക്കാലത്തെ സൂപ്പര്‍താരം സുനില്‍ ദത്തിനെതിരെ. അത് സിനിമയുടെ അനേകം കൗതുകങ്ങളില്‍ ഒന്ന്.

നാസിക്കിന് സമീപത്തെ ദിയോലാലിയിലെ ബാണ്‍സ് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് വിനോദ് ഖന്നയില്‍ സിനിമാമോഹം ഉദിക്കുന്നത്. അക്കാലത്തെ ശ്രദ്ധേയമായ ചിത്രങ്ങളായ സോല്‍വ സാലും മുഗളെ അസമുമാണ് വിനോദിലെ സിനിമാമോഹിയെ തൊട്ടുണര്‍ത്തുന്നത്. മുംബൈ സിഡെന്‍ഹാം കോളേജില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയായ ഉടനെ വെള്ളിത്തിരയില്‍ മുഖം കാണിക്കാനിറങ്ങി വിനോദ്. 1968ല്‍ സുനില്‍ ദത്ത് നായകനായ മന്‍ കാ മീത് എന്ന അധ്രുതി സുബ്ബ റാവുവിന്റെ ചിത്രം. തമിഴ് ചിത്രം കുമരി പെണ്ണിന്റെ റീമേക്കായ ചിത്രത്തില്‍ പ്രാണ്‍ എന്ന കഥാപാത്രത്തെയാണ് വിനോദ് ഖന്ന അവതരിപ്പിച്ചത്.

വിനോദിന്റെ സുന്ദരമായ മുഖത്തിന് വില്ലന്‍ ഭാവങ്ങള്‍ ചേരുമോ എന്ന് സംശയമുണ്ടായിരുന്നു പലര്‍ക്കും. എന്നാല്‍, തുടര്‍ന്നു വന്ന പുരബ് ഔര്‍ പശ്ചിം, സച്ച ജൂട്ട, ആന്‍ മിലോ സജ്‌ന, മസ്താന, മേര ഗാവോ മേരദേശ്, എലാന്‍ എന്നിവയിലൂടെ സുന്ദരവില്ലനായി തകര്‍ത്തഭിനയിച്ച് സകല സംശയങ്ങളും അസ്ഥാനത്താക്കി വിനോദ് ഖന്ന.

1971ല്‍ ഹം തും ഔര്‍ വോയിലൂടെയാണ് ആദ്യമായി നായകവേഷമണിയുന്നത്. കന്നഡ നടിയും വിഷ്ണുവര്‍ധന്റെ ഭാര്യയുമായ ഭാരതി അങ്ങിനെ അതില്‍ വിനോദ് ഖന്നയുടെ ആദ്യ നായികയായി.

ഹം തും ഓര്‍ വോയുടെ വാണിജ്യ വിജയമാണ് വിനോദ് ഖന്നയ്ക്ക് കാമുകവേഷവും വണങ്ങുമെന്ന് തെളിയിച്ചത്. പിന്നീട് നായകനും ഉപനായകനുമായി ഒരുപാട് വേഷങ്ങള്‍ തേടിയെത്തി. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളും നിരവധി തേടിയെത്തി. രേഖയും രാഖിയും പര്‍വീണ്‍ ബാബിയും റീന റോയിലും സീനത്ത് അമ്മനുമെല്ലാമായിരുന്നു അക്കാലത്തെ വിനോദിന്റെ നായികമാര്‍. 1974ല്‍ പ്രകാശ് മെഹ്‌റ തന്നെ സംവിധാനം ചെയ്ത ഹാത്ത് കി സഫായിയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയറിന്റെ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഫിലിം ഫെയറിന്റെ രണ്ടേ രണ്ട് അവാര്‍ഡുകളാണ് വിനോദ് ഖന്നയ്ക്ക് ലഭിച്ചത്. പിന്നീട് 1999ല്‍ ആജീവനാന്ത ബഹുമതിക്കുള്ള അവാര്‍ഡും വിനോദിനായിരുന്നു.

VINOD KHANNAവില്ലത്തരത്തില്‍ നിന്ന് നായകത്വത്തിലേയ്ക്ക് മാത്രമല്ല, ഇടയ്ക്ക് ആദ്ധ്യാത്മികതയിലേയ്ക്കും ഒരു വേഷപ്പകര്‍ച്ച നടത്തി വിനോദ് ഖന്ന. ഓഷോയുടെ ആശ്രമമായിരുന്നു അഭയകേന്ദ്രം. എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴായിരുന്നു ഒരു വെളിപാട് വന്നിട്ടെന്നപോലെ വിനോദ് ഓഷോയെ തിരഞ്ഞു പോയത്. ഓഷോയുടെ അരുമ ശിഷ്യനായി കഴിഞ്ഞ അഞ്ച് വര്‍ഷമാണ് വിനോദ് ആശ്രമത്തില്‍ കഴിഞ്ഞത്. ബോളിവുഡ് നായകന്റെ അലങ്കാരങ്ങളെല്ലാം അഴിച്ചുവച്ച് ഒരു സാധാരണ ശിഷ്യനായാണ് അഞ്ച് വര്‍ഷവും വിനോദ് ഖന്ന രജനീഷ്പുരമെന്ന ആശ്രമത്തില്‍ കഴിഞ്ഞത്. മറ്റുള്ളവര്‍ക്കൊപ്പം പാത്രങ്ങള്‍ കഴുകിയും തോട്ടപ്പണിയെടുത്തും കഴിയുകയായിരുന്നു വിനോദ്. എന്നാല്‍, സിനിമ പോലെയല്ല, ആശ്രമ ജീവിതം വലിയൊരു പരാജയമായിരുന്നു വിനോദിന്. ഈ അഞ്ച് വര്‍ഷത്തിന് വ്യക്തിപരമായി വലിയ വിലയാണ് നല്‍ക്കേണ്ടിവന്നത്. ഭാര്യ ഗീതാഞ്ജലിയുമായുള്ള ബന്ധം ശിഥിലമായി. അസ്വാരസ്യങ്ങള്‍ ഒടുവില്‍ വിവാഹമോചനത്തിലാണ് കലാശിച്ചത്.

അഞ്ചു വര്‍ഷത്തിനുശേഷം ആശ്രമജീവിതം മടുത്ത് തിരിച്ചെത്തിയപ്പോള്‍ ബോളിവുഡ് മുഖം തിരിച്ചില്ല വിനോദിനോട്. ഡിംപിളിനൊപ്പം ഇന്‍സാഫിലെ നായകവേഷമായിരുന്നു ആദ്യം വച്ചുനീട്ടിയത്.

പിന്നീട് റൊമാന്റിക് വേഷങ്ങളുടെ ഒരു പരമ്പരതന്നെ തേടിയെത്തി വിനോദിനെ. ഇടയ്ക്ക് പാകിസ്താനി ചിത്രം ഗോഡ്ഫാദറിലും ശ്രദ്ധേയമായ വേഷം ചെയ്തു. ഫ്രാന്‍സിസ് ഫോഡ് കൊപ്പോളയുടെ വിഖ്യാതമായ ദി ഗോഡ്ഫാദറിന്റെ ഉറുദു പതിപ്പായ ചിത്രത്തില്‍ അബ്ദുള്ള ഖാന്‍ എന്ന അധോലോക നായകനായി മിന്നുന്ന പ്രകടനമാണ് വിനോദ് കാഴ്ചവച്ചത്.

ഇതിനുശേഷമാണ് മൂന്നാമത്തെ വേഷപ്പകര്‍ച്ച. ബോളിവുഡില്‍ പലരും കൈവച്ച് പരാജയപ്പെട്ട രാഷ്ട്രീയവേഷം. 1997ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്ന വിനോദ് ഖന്ന ബോളിവുഡില്‍ നിന്ന് രാഷ്ട്രീയത്തിലിറങ്ങി പച്ചപിടിച്ച അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ്. പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വിനോദ് മൊത്തം നാല് തവണയാണ് അവിടെ നിന്ന് ജയിച്ചുകയറിയത്. തോറ്റത് ഒരിക്കല്‍ മാത്രം.

2009ല്‍ കോണ്‍ഗ്രസിലെ പ്രതാപ് സിങ് ബാജ്‌വയോട്. 2004ല്‍ വാജ്‌പെയി മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയും ടൂറിസം, സാംസ്‌കാരികവകുപ്പ് മന്ത്രിയുമായി സേവനമനുഷ്ഠിച്ചു.

2014ല്‍ മോദി തരംഗത്തില്‍ വിനോദ് വീണ്ടും ഗുരുദാസ്പുരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. അതും 1,36,065 വോട്ടിന്റെ തിളങ്ങുന്ന ഭൂരിപക്ഷത്തില്‍. എന്നാല്‍,  പാര്‍ലമെന്റില്‍ സജീവമാവാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് അര്‍ബുദം ബാധിച്ച് കിടപ്പിലായത്.

vinod khanna

വിനോദ് ഖന്നയുടെ രോഗവിവരം ഏതാണ്ട് അജ്ഞാതമായിരുന്നു ബോളിവുഡിന് പുറത്തുള്ളവര്‍ക്ക്. ആശുപത്രിയില്‍ നിന്നുള്ള മെലിഞ്ഞ്, അവശനായി കണ്ടാല്‍ തിരിച്ചറിയാനാവാത്തവണ്ണം ക്ഷീണിതനായ വിനോദിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയപ്പോള്‍ ഞെട്ടാത്തവരുണ്ടാവില്ല. ഇടയ്ക്ക് വിനോദിന്റെ മരണവും ട്വിറ്ററും വാട്‌സാപ്പും ഫെയ്‌സ്ബുക്കുമെല്ലാം ആഘോഷിക്കുകയും ചെയ്തു. ഒടുവില്‍ അവസാനത്തെ വേഷപ്പകര്‍ച്ചുമായി, അര്‍ബുദത്തോട് പൊരുതി കീഴടങ്ങി വിനോദ് യാത്രയാവുകയും ചെയ്തു.