സിനിമയിൽ അഭിനയിക്കാൻ മോഹമുണ്ടായെങ്കിലും അതിനായി അവസരം ചോദിച്ച് നടക്കാൻ എനിക്ക് മടിയായിരുന്നു. കൂട്ടുകാർ പലരും പറയാറുണ്ട് നീ ആ സംവിധായകനെ ഒന്ന് പോയി കാണ്... ‘നീ ഈ സംവിധായകനെ ഒന്ന് കണ്ടുനോക്ക്‌’ എന്ന്. പക്ഷേ, എന്തോ അതെനിക്ക് വലിയ മടിയുള്ള കാര്യമാണ്. അങ്ങനെയിരിക്കെ ഒരിക്കൽ എന്റെ കോമഡി ഷോ ഡോക്ടർമാരുടെ ഗെറ്റ് ടുഗദറിൽ അവതരിപ്പിച്ചു. ആ പ്രോഗ്രാം കഴിഞ്ഞപ്പോൾ കാണികളിൽ പലരും എന്നെ ബാക് സ്റ്റേജിൽ വന്ന് അഭിനന്ദിച്ചു. അതിൽ എന്റെ ടി.വി. പ്രോഗ്രാം കാണുന്ന ഒരാൾ ആത്മാർഥമായി എന്നെ അഭിനന്ദിച്ചു. വളരെ അനായാസമായ അഭിനയശൈലിയാണെന്നും സിനിമയിലേക്ക് കൂടുതൽ ശ്രദ്ധചെലുത്തണമെന്നും പറഞ്ഞു.

‘വിനോദ് പറ്റുമെങ്കിൽ സംവിധായകൻ സത്യൻ അന്തിക്കാടിനെ ഒന്ന് പോയി കണ്ടുനോക്കൂ, അദ്ദേഹത്തിന്റെ സിനിമയിലേക്ക്‌ പറ്റിയ ആളാണ് വിനോദ്. നല്ല നാട്ടുംപുറംകഥാപാത്രമൊക്കെ വിനോദ് ചെയ്താൽ വിജയിക്കും’, അദ്ദേഹം പറഞ്ഞു. എല്ലാ ആശംസകളും നേർന്ന് എന്റെ കൈകൾ പിടിച്ച് കുലുക്കി അദ്ദേഹം യാത്രയായി. സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ഏട്ടന് ഒരവസരം കിട്ട്യാമതിയായിരുന്നൂന്ന് ഭാര്യയും ഇടയ്ക്കൊക്കെ പറയാറുണ്ട്. അന്ന് പ്രോഗ്രാം കഴിഞ്ഞ് വീട്ടിലെത്തി ഭാര്യയോട് ഈ കാര്യം പറഞ്ഞു. അപ്പോഴും സത്യൻഅന്തിക്കാടിനെ കാണാൻ അവൾനിർബന്ധിച്ചു.

അന്തിക്കാട്ടേക്ക്‌

പിറ്റേന്ന്‌ രാവിലെ കോവൂർ അമ്പലത്തിൽ പോയി പ്രാർഥിച്ചശേഷം ഞാൻ തൃശ്ശൂർക്ക് ബസ് കയറി. അവിടന്ന് അന്തിക്കാട്ടേക്ക് ഓട്ടോ. സത്യൻസാറിന്റെ വീടിന്റെ മുമ്പിലെത്തി. കൈയും കാലുമൊക്കെ വിറയ്ക്കാൻതുടങ്ങി. ആദ്യമായിട്ടാണ് ഒരു സംവിധായകനെ കാണാൻപോകുന്നത്. അതും പ്രഗല്‌ഭനായ സംവിധായകനെ. വീടിന്റെ വാതിൽക്കൽ ഒരു സ്ത്രീ നിൽക്കുന്നു. സത്യേട്ടന്റെ വീടല്ലേന്ന് ചോദിച്ചപ്പോഴേക്കും നല്ല ഈണമുള്ള തൃശ്ശൂർഭാഷയിൽ മറുപടി വന്നു, “ഇവിടെ ഇല്ല്യ പിന്നെ വന്നോളൂട്ടോ...” പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല. തിരികെ വീട്ടിലേക്ക് പോന്നു.

വീണ്ടും ഭാര്യയുടെ ഉപദേശം. ആൾ സ്ഥലത്തില്ലാഞ്ഞിട്ടല്ലേ... ഒരുതവണകൂടി പോയിനോക്കാം. ശരി, സമ്മതിച്ചു. അങ്ങനെ രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും യാത്ര അന്തിക്കാട്ടേക്ക്. അന്നത്തെ ഓട്ടോയാത്രയിൽ ഓട്ടോ ഡ്രൈവറിൽനിന്നുതന്നെ സാറവിടെയില്ലെന്ന് അറിയാൻകഴിഞ്ഞു. എന്നിട്ടും വീടുവരെ പോയി. സാറിന്റെ ഭാര്യ വന്നു. പതിവ് മറുപടി, ഇവിടെ ഇല്ലാന്ന്. എപ്പോൾ വരും എന്ന് ചോദിച്ചപ്പോൾ, അതൊന്നും അറിയില്ല എന്ന മറുപടി കിട്ടി. വീണ്ടും തിരിച്ച് കോഴിക്കോട്ടേക്ക്.

രണ്ടൊത്താൽ മൂന്നൊക്കും എന്ന് ഭാര്യ ഉറപ്പിച്ചുപറഞ്ഞു. മൂന്നാമതും ഒരു യാത്ര. അപ്പോഴും സാറ് സ്ഥലത്തുണ്ടായില്ല. പക്ഷേ, അന്ന് ഞാൻ എന്റെ ഫോട്ടോയും ബയോഡാറ്റയും ചേച്ചിയെ ഏല്പിച്ചു. സാറ് വന്നാൽ ഒന്ന് കൊടുക്കണമെന്ന് പറഞ്ഞു. തിരിച്ചുപോന്നു. ഇനി സാറ് വിളിക്ക്യാണെങ്കിൽ വിളിച്ചോട്ടെ എന്ന് ഞാനും. രണ്ടാഴ്ച കഴിഞ്ഞപ്പോൾ, സത്യൻസാറിന്റെ ജയറാംചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ലൊക്കേഷനിൽ ചെന്നു. നേരിൽ കാണാൻ സാധിച്ചില്ല. താമസിക്കുന്ന ഹോട്ടൽ റിസെപ്ഷനിൽ അന്വേഷിച്ചപ്പോൾ ആരെയും അകത്തേക്ക് വിടരുത് എന്നായിരുന്നു മറുപടി. തിരിച്ച് വീട്ടിൽ വന്നു. ഇല്ല ഇനി സംവിധായകരെ കാണാൻ ഇങ്ങനെയൊരു പോക്കില്ല. ഞാൻ തീരുമാനമെടുത്തു.

കാത്തിരുന്ന വിളി

മാസം രണ്ട് കഴിഞ്ഞു. ഒരുദിവസം രാവിലെ എന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നു. ആരാന്ന് ചോദിച്ചപ്പോൾ സത്യൻ അന്തിക്കാട് ആണെന്ന് മറുപടി. അന്നൊക്കെ എന്റെ സുഹൃത്തുക്കൾ പലരും പല നമ്പറിൽ വിളിച്ച് സംവിധായകരാണെന്നുപറഞ്ഞ് പറ്റിക്കുന്ന കാലമായതുകൊണ്ട് ഞാൻ അതിനനുസരിച്ച് തിരിച്ച് സംസാരിച്ചു. എന്തോ പന്തികേട് തോന്നിയ സത്യൻസാർ ഫോൺ കട്ട് ചെയ്തു. എനിക്കും സംശയം. ഇനി ഒരുപക്ഷേ, വിളിച്ചത് സത്യൻസാറായിരിക്കുമോ? ഭാര്യയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു, ആ നമ്പറിൽ അവളുടെ മൊബൈലിൽനിന്ന് വിളിച്ചുനോക്കാൻ. വിളിച്ചു.

അപ്പുറത്ത് ഫോണെടുത്തു. ഹലോ സത്യൻ അന്തിക്കാടാണ്‌-മറുപടി. ഞാൻ ഞെട്ടി. ആരാണെന്ന് അദ്ദേഹം തിരിച്ച്‌ ചോദിച്ചപ്പോൾ വിനോദ് കോവൂരാണെന്ന് ഞാൻ പതുക്കെപ്പറഞ്ഞു. എന്താ വിനോദ് ഞാൻ വിളിച്ചപ്പോൾ ഇങ്ങനെയൊക്കെ സംസാരിച്ചത്‌.
കൂട്ടുകാർ പലരും വിളിച്ച് എന്നെ പറ്റിക്കാറുള്ള കാര്യം ഞാൻ പറഞ്ഞു. സാറ് ചിരിച്ചു. എനിക്ക് സന്തോഷമായി. എവിടെ ഉണ്ട്? സാറിന്റെ അടുത്ത ചോദ്യം. കോഴിക്കോട്ട് ഉണ്ട് സാർ. ഫ്രീ ആണെങ്കിൽ ഒന്ന് തൃശ്ശൂർവരെ വരാൻ കഴിയുമോ? ഓ... തീർച്ചയായും എന്ന് മറുപടി പറഞ്ഞു. എന്നാൽ ഇപ്പോൾതന്നെ പുറപ്പെട്ടോളൂ. തൃശ്ശൂരെത്തുമ്പോൾ ഈ നമ്പറിൽ വിളിച്ചാൽമതി എന്നുപറഞ്ഞ് ഫോൺ കട്ടായി.

മറിമായം

മനസ്സിൽ പെരുമ്പറ മുഴങ്ങി. ഭാര്യയോട് സന്തോഷവാർത്ത പറഞ്ഞു. ഉള്ളതിൽ ഏറ്റവും നല്ല ഷർട്ടും പാന്റും ധരിച്ച് കെ. എസ്.ആർ.ടി.സി.യിൽ യാത്ര തുടങ്ങി. സ്വപ്നംകണ്ടുള്ള യാത്ര. സാറിന്റെ ‘അപ്പുണ്ണി’ സിനിമമുതൽ ഏറ്റവും ഒടുവിൽ റിലീസായ ‘കഥ തുടരുന്നു’ എന്ന സിനിമവരെ മനസ്സിൽ ഓർമവന്നു. തലേദിവസം വയനാട്ടിൽ പ്രോഗ്രാമിന് പോയിട്ട് പുലർച്ചെയാണ് വീട്ടിൽ എത്തിയിരുന്നത്. ഉറക്കക്ഷീണമുള്ളതിനാൽ മൊബൈൽ സൈലന്റാക്കി ബാഗിൽവെച്ച് ഉറങ്ങി. ഉറക്കത്തിൽ സത്യൻസാറിന്റെ സിനിമയിൽ ലാലേട്ടന്റെ ഒപ്പവും മമ്മൂക്കയുടെ ഒപ്പവുമൊക്കെ അഭിനയിക്കുന്നത് സ്വപ്നംകണ്ടു.

തൃശ്ശൂർ... തൃശ്ശൂർ എന്ന് കണ്ടക്ടർ പറഞ്ഞപ്പോഴാണ് ഉണർന്നത്. സമയം നോക്കി. മൂന്നുമണിക്ക് ഇനിയും സമയമുണ്ട്. മൂന്ന്‌ മണിക്കൂർ യാത്രചെയ്ത് മൂന്നുമണിക്ക് എത്തും എന്നായിരുന്നു സത്യേട്ടൻ പറഞ്ഞത്. അപ്പോഴാണ് ‘മറിമായ’ത്തിൽ ഒപ്പം അഭിനയിക്കുന്ന വത്സലമാഡം എന്ന രചനാ നാരായണൻകുട്ടി ഔഷധിയുടെ ഹോസ്പിറ്റലിൽ കിടക്കുന്നുണ്ടെന്ന് ഓർത്തത്. അവളെ ഒന്ന് കാണാം എന്ന് തീരുമാനിച്ച് ഓട്ടോ എടുത്ത് ഔഷധിയിലേക്ക്. രചനയെ കണ്ടു. സംസാരിക്കുന്നതിനിടയിൽ ഞാൻ കാര്യം പറഞ്ഞു. രചനയ്ക്കും അമ്മയ്ക്കും സന്തോഷം.

മൂന്നുമണി ആവാറായി. സാറിനെ വിളിക്കാം. ഞാൻ ഫോണെടുത്തു. ശരിക്കും ഞെട്ടി. കാരണം എന്റെ ഫോണിൽ സത്യൻസാറിന്റെ എട്ട് മിസ്ഡ് കോൾ. എന്റെ ഞെട്ടൽകണ്ട് എന്താണെന്ന് രചന ചോദിച്ചു. ഞാൻ പറഞ്ഞു സാറിന്റെ എട്ട് മിസ്ഡ് കോൾ. വിനുവേട്ടൻ കേട്ടില്ലേ റിങ് ചെയ്യുന്നത്? ബസ്സിൽവെച്ച് ഉറങ്ങാനായി മൊബൈൽ സൈലന്റ് ആക്കിയതോർത്തു. കുറ്റബോധത്തോടെ സാറിനെ വിളിച്ചു. സാറ് ഫോണെടുത്തു. “വിനോദ് എവിടെയാണ്? എത്രതവണ വിളിച്ചു? എന്താ ഫോണെടുക്കാഞ്ഞത്?” ഞാനാകെ വല്ലാതായി. “സാറ് മൂന്നുമണിക്കാണല്ലോ വിളിക്കാൻ പറഞ്ഞത്. അതുകൊണ്ടാ... പിന്നെ മൊബൈൽ സൈലന്റ് ആയിരുന്നു. സോറിസാർ...” എന്നൊക്കെ പറഞ്ഞു.

ശരി ശരി ഇപ്പൊ എവിടെയുണ്ട്? സർ ഞാൻ ഔഷധി ഹോസ്പിറ്റലിൽ ആണ്. ഇവിടെ ‘മറിമായ’ത്തിലെ രചന കിടക്കുന്നുണ്ട്. അവളെ ഒന്ന് കാണാൻ വന്നതാണെന്ന് പറഞ്ഞതും സാറ് പറഞ്ഞു: ഞാൻ അങ്ങോട്ടുവരാം. എനിക്ക് രചനയെയും ഒന്ന് കാണണം എന്ന്. രചനയ്ക്കും സന്തോഷമായി. ഞങ്ങൾ കാത്തിരുന്നു. അഞ്ചുമിനിറ്റുകൊണ്ട് സാറ് വന്നു. ആദ്യമായി സത്യൻസാറിനെ പച്ചയോടെ കണ്ടു. രചനയോട് കുശലാന്വേഷണം നടത്തി. ഞങ്ങൾ ഒരുമിച്ച് ഒരു ഫോട്ടോ എടുത്തു. നിങ്ങൾ ‘മറിമായം’ ടീം എല്ലാം നല്ല നടന്മാരാണെന്നും പറഞ്ഞ് ഇറങ്ങാൻനേരം രചനയോട് പറഞ്ഞു, വിനോദിനെ ഞാൻ കൊണ്ടുപോവുകയാണെന്ന്.

സാറ് കാറിൽകയറി എനിക്ക് അരികിലെ ഡോർ തുറന്നുതന്നു. ഞാൻ കയറി. കാറ് മുൻപോട്ടുനീങ്ങി. സ്വപ്നതുല്യമായ ഒരു യാത്ര. നിരവധി ഹിറ്റ് സിനിമകൾ സംവിധാനംചെയ്ത സംവിധായകന്റെകൂടെ ഒരു കാർ യാത്ര! അഭിമാനത്തോടെ, എന്നാൽ ഇത്തിരി ജാള്യതയോടെ ഞാനിരുന്നു. ഇടയ്ക്ക് സാറിന്റെ കൈ ഒന്ന് തൊട്ട് ഞാൻ ഒരു സോറി പറഞ്ഞു. എന്തിനാന്ന് സാറ് ചോദിച്ചപ്പോൾ അല്ല, സാറെന്നെ എട്ടുതവണയൊക്കെ വിളിച്ചതിൽ ഒരു കുറ്റബോധം എന്ന് പറഞ്ഞതും വളരെ സരസമായി ചിരിച്ച് സാറ് പറഞ്ഞു: എയ് അത് സാരല്യ. ശരിക്കും വിനോദിനെ കിട്ടാനായി ഞാൻ രണ്ടുതവണയാണ് വിളിച്ചത്. പിന്നീട്‌ വിളിച്ചതൊക്കെ വിനോദിന്റെ റിങ് ടോൺ സോങ് കേൾക്കാനാണ്‌. മനസ്സിന് വല്ലാത്ത ഒരാശ്വാസം തോന്നി.

നല്ല പാട്ട്. ഏതാണാ പാട്ട്, ആരാ പാടിയത്.

ഞാൻ പറഞ്ഞു: രാഘവൻ മാഷ്ടെ നാടൻപാട്ടാ. പാടിയത് ഞാൻ തന്നെയാ. സാറ് ഒന്ന് ബ്രേക്കിൽ കാൽവെച്ച്‌ എന്നെ നോക്കി. വിനോദ് പാടിയതാണോ. അതെ എന്ന് അഭിമാനത്തോടെ പറഞ്ഞു. സാറിന്റെ റൂമിലെത്തി അഭിമുഖമായി ഞാൻ ഇരുന്നു. ഞാൻ വിനോദിനെ കാണണം എന്നുപറഞ്ഞത് എന്തിനാണെന്നറിയോ? ഇല്ല എന്റെ മറുപടി. ഞാൻ കഴിഞ്ഞ ദിവസം യൂട്യൂബിൽ ഒരു തമാശ കണ്ടു. എന്റെ മകനാണ് എനിക്ക് കാണിച്ചുതന്നത്. ഞാനത്‌ പലവട്ടം കണ്ടു. അടുത്തകാലത്ത് കണ്ട ഒരു ക്ലാസിക് കോമഡിയായി തോന്നി. അമൃത ടി.വി.യിൽ വിളിച്ചപ്പോഴാണ് വിനോദാണ് ഇതിന്റെ പിന്നിൽ എന്നറിയാൻ കഴിഞ്ഞത്.

ഏത് കോമഡിയാണ് സാർ?

ജാലിയൻ കണാരൻ. സാറിന്റെ മറുപടി. സന്തോഷായി. 2008-ൽ അമൃത ടി.വി.യിലെ സൂപ്പർഡ്യൂപ്പ്-2 എന്ന റിയാലിറ്റി ഷോയിൽ ചെയ്ത ഇനമായിരുന്നു ജാലിയൻ കണാരൻ.

ശേഷം കസേരയിലേക്ക് ഒന്ന് നിവർന്നിരുന്ന് സാറ് പറഞ്ഞു: വിനോദ് എന്റെ സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ചെയ്യണം.
ഞാൻ ഒന്ന് ഞെട്ടി. ഞാൻ പറഞ്ഞു. സാർ, സിനിമാ സ്‌ക്രിപ്‌റ്റൊന്നും എന്റെ ഭാവനയിൽ ഇല്ല. ഇങ്ങനെ കൊച്ചുകൊച്ച് സ്‌കിറ്റുകളൊക്കെ എഴുതുക എന്നല്ലാതെ...

സാറ് കൂട്ടിച്ചേർത്തു. അങ്ങനെ 10 മിനിറ്റിന്റെ 10 സ്‌കിറ്റുകൾ ആയാൽ ഒരു സിനിമയായി.

ഞാൻ ചിരിച്ചു. ഞാൻ സാറിന്റെ കാല് തൊട്ട് പറഞ്ഞു: സാർ എനിക്ക് അഭിനയിക്കാനാണ് മോഹം. അഭിനയമോഹവുമായി സാറിനെ കാണാൻ മൂന്നുതവണ ഞാൻ സാറിന്റെ വീട്ടിൽ വന്നിട്ടുണ്ട്. പക്ഷേ, സാറിനെ കാണാൻ പറ്റിയില്ല. സാറിന്റെ ഭാര്യയ്ക്ക് എന്നെ നന്നായിട്ടറിയാം. സരസമായി ചിരിച്ചുകൊണ്ട് സാറ് പറഞ്ഞു.

 ശരി അടുത്ത സിനിമ ‘പുതിയ തീരങ്ങൾ’ ആണ്. അതിൽ വിനോദിന് ഒരു കഥാപാത്രമുണ്ട്. വിക്കുള്ള ഒരു കഥാപാത്രമാണ്. പേര് ചന്ദ്രൻ. വിനോദിന് നായികയുണ്ട്. ദേശീയ പരാമർശം നേടിയ ഒരു നടിയാണ്. പേര് മല്ലിക. എന്റെ അപ്പോഴത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. സന്തോഷംകൊണ്ട് മനസ്സിൽ പെരുമ്പറ മുഴങ്ങി. കണ്ണ് നനഞ്ഞു. സാറിന്റെ കൈയിൽ തൊട്ട് ഞാൻ പറഞ്ഞു: സത്യൻസാറേ, ഞാനിത് എന്നോ ആഗ്രഹിച്ചകാര്യമാ.

ചിരിച്ചുകൊണ്ട് സത്യേട്ടൻ പറഞ്ഞു: ഓരോന്നിനും അതിന്റെ സമയമുണ്ട് ദാസാ. അല്ല വിനോദേ എന്ന്.

Content Highlights: Vinod Kovoor actor wires about asking chance in sathyan anthikad Movie