'അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം'


വിനീത് ശ്രീനിവാസൻ/കെ. വിശ്വനാഥ്

*വിനീതിന്റെ ഏറ്റവും പുതിയ സിനിമയായ 'ഹൃദയം' കോവിഡ് കാലത്തും തിയേറ്ററുകളെ നിറയ്ക്കുമ്പോള്‍ നടത്തിയ ഈ സംഭാഷണത്തില്‍ വിനീത് തന്റെ സര്‍ഗാത്മകലോകങ്ങളെക്കുറിച്ചാണ് വിശദമായി സംസാരിക്കുന്നത്

വിനീത് ശ്രീനിവാസൻ | ഫോട്ടോ : ബി.മുരളീകൃഷ്ണൻ

പുതിയ തലമുറയില്‍ ഏറെ വേറിട്ടുനില്‍ക്കുന്ന സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. സിനിമകളുടെ എണ്ണത്തെക്കാള്‍ ഗുണത്തിലും വ്യത്യസ്തതകളിലും ശ്രദ്ധിച്ച്, ഏറെ ജാഗ്രതയോടെ മുന്നോട്ടുനീങ്ങുന്ന കലാകാരന്‍. അവകാശവാദങ്ങള്‍ക്കപ്പുറം സ്വന്തം സൃഷ്ടിയെ വിനയപൂര്‍വം പ്രേക്ഷകരുടെ മുന്നിലേക്കുെവക്കുന്ന സംവിധായകന്‍. നടനും തിരക്കഥാകൃത്തും സംവിധായകനുമായ അച്ഛന്‍ ശ്രീനിവാസന്റെ പ്രതിഭയില്‍നിന്ന് പകര്‍ന്നെടുത്ത കഴിവുകളെ തന്റേതായ രീതിയില്‍ തിളക്കിയെടുത്ത വിനീതിന്റെ ഏറ്റവും പുതിയ സിനിമയായ 'ഹൃദയം' കോവിഡ് കാലത്തും തിയേറ്ററുകളെ നിറയ്ക്കുമ്പോള്‍ നടത്തിയ ഈ സംഭാഷണത്തില്‍ വിനീത് തന്റെ സര്‍ഗാത്മകലോകങ്ങളെക്കുറിച്ചാണ് വിശദമായി സംസാരിക്കുന്നത്


ചെറുപ്പം മുതല്‍ വിനീത് എന്ന സിനിമക്കാരനെ രൂപപ്പെടുത്തുന്നതില്‍ അച്ഛന്‍ ചെലുത്തിയ സ്വാധീനം എത്രമാത്രമുണ്ട്?

അതേറെ വലുതാണ്. ഓരോ സിനിമയുടെയും ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അച്ഛനെ കുട്ടികളായ ഞങ്ങള്‍ കണ്ടിരുന്നത്. ആ സമയത്ത് വലിയ ആഘോഷമായിരിക്കും. കുമാരന്‍ മാഷ്, രാഘവേട്ടന്‍, ദിവേട്ടന്‍ അങ്ങനെ അച്ഛന്റെ കുറെ കൂട്ടുകാരുണ്ട്. അവരെല്ലാം വീട്ടില്‍വന്ന് വട്ടംകൂടി കഥ പറഞ്ഞിരിക്കും. ആ സമയത്ത് അച്ഛന്‍ ചെയ്യാന്‍പോകുന്ന സിനിമകളുടെ കഥ പറയും. അങ്ങനെ 'ചിന്താവിഷ്ടയായ ശ്യാമള', 'മറവത്തൂര്‍ കനവ്' എന്നീ സിനിമകളെല്ലാം രൂപപ്പെടുന്നതിനുമുമ്പേ അതിന്റെ ആശയങ്ങള്‍ അച്ഛന്‍ സുഹൃത്തുക്കളുമായി ചര്‍ച്ചചെയ്യുന്നത് ഞാന്‍ കേട്ടിരുന്നു. ഇത്തരത്തിലൊരു അന്തരീക്ഷം വീട്ടില്‍ എപ്പോഴുമുണ്ടായിരുന്നു. അതുപോലെ മികച്ച വിദേശസിനിമകളുടെ കാസറ്റുകളുടെ വലിയൊരു ശേഖരം അച്ഛനുണ്ടായിരുന്നു. ഒരു മുറിയില്‍ അച്ഛന്റെ വലിയ പുസ്തകശേഖരവുമുണ്ട്. അച്ഛനില്ലാത്ത സമയത്ത് ആ സിനിമകളൊക്കെ കാണുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യും.

ചെറുപ്പത്തില്‍ അച്ഛനൊപ്പമിരുന്നുകൊണ്ടുതന്നെയാണോ അച്ഛന്റെ സിനിമകള്‍ കണ്ടത്?

ഞാന്‍ പത്താംക്ലാസില്‍ പഠിക്കുന്ന കാലംവരെ കൂത്തുപറമ്പിനടുത്ത പൂക്കോടാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അന്ന് ഷൂട്ടിന്റെ ഇടവേളകളില്‍ മാത്രം വീട്ടിലെത്തുന്ന അച്ഛനെ അധികം നേരില്‍ക്കാണാറില്ലായിരുന്നു. അതുകൊണ്ടുതന്നെ അന്ന് ഒരുമിച്ചിരുന്ന് സിനിമകള്‍ കണ്ടതൊക്കെ കുറവാണ്. ഞാനും അമ്മയും അച്ഛമ്മയും മോഹനമ്മാവനും അച്ഛന്റെ അനിയനുമെല്ലാം നാട്ടിലുണ്ടാവും. അവര്‍ക്കൊപ്പമെല്ലാം പോയാണ് അന്ന് സിനിമകള്‍ കണ്ടിരുന്നത്. കാല്‍ക്കൊല്ലപ്പരീക്ഷ കഴിഞ്ഞാല്‍ പത്തുദിവസത്തെ അവധിയുണ്ടാകും. അപ്പോള്‍ അച്ഛന് എവിടെയാണോ ഷൂട്ടിങ് അവിടെച്ചെന്ന് ഞങ്ങള്‍ താമസിക്കും. ആ ദിവസങ്ങളില്‍ അച്ഛനൊപ്പം സിനിമ കാണാന്‍ പോയത് ഓര്‍മയുണ്ട്.

അന്ന് കണ്ട സിനിമകളില്‍ ഏറെ സ്വാധീനിച്ചത് ഏതൊക്കെയായിരുന്നു?

തിയേറ്ററില്‍ കണ്ട സിനിമകളില്‍ അന്ന് ഏറെ ഇഷ്ടപ്പെട്ടത് 'തേന്മാവിന്‍ കൊമ്പത്താ'ണ്. എന്നാല്‍, നമ്മള്‍ വളരുന്നതിനനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടിവരുന്ന സിനിമ 'സന്ദേശ'മാണ്. രാഷ്ട്രീയപ്രസക്തിയുള്ള സിനിമ എന്നതിനെക്കാള്‍ കൂടുതല്‍ സറ്റയറിക്കലായി കാര്യങ്ങള്‍ അവതരിപ്പിച്ച അവതരണശൈലിയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. സന്ദേശം പോലൊരു രാഷ്ട്രീയഹാസ്യ സിനിമ അതിനുശേഷം മലയാളത്തില്‍ സംഭവിച്ചിട്ടില്ല. ഇന്ന് കാണുമ്പോഴും സന്ദേശം കാലികപ്രസക്തിയുള്ളൊരു സിനിമയായി മാറുന്നു.

സിനിമക്കാരന്‍ എന്ന നിലയില്‍ അച്ഛന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി?

എഴുത്തില്‍ അച്ഛന്‍ കൊണ്ടുവന്ന പുതുമ തന്നെയാണ് ഏറെ ഇഷ്ടപ്പെട്ടത്. സര്‍ക്കാറ്റിസ്റ്റിക് ആയ രീതിയില്‍ വളരെ ആഴത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ട്. എനിക്കിഷ്ടപ്പെട്ടിട്ടുള്ള അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമുണ്ട്. നമുക്കുചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളില്‍ കാണാനാകും. ഒപ്പം അച്ഛന്റെ സെന്‍സ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമെല്ലാം അതിലുണ്ടാവും. അതുകൊണ്ട് അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം.

വിനീത് അച്ഛനില്‍നിന്ന് കോപ്പിചെയ്യാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ്?

പുകവലി പോലുള്ള ശീലങ്ങളില്‍പ്പെട്ട് അച്ഛന്‍ ആരോഗ്യകരമായി ബുദ്ധിമുട്ടുന്നത് ചെറുപ്പം മുതലേ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് അത്തരം ശീലങ്ങളിലേക്ക് പോവരുത് എന്ന് ഞാന്‍ അന്നേ മനസ്സിലുറപ്പിച്ചിരുന്നു. അതിലേക്ക് അച്ഛനും പോവരുത് എന്ന് ഞാന്‍ എപ്പോഴും ആഗ്രഹിക്കാറുണ്ട്.

അച്ഛനും മകനും തമ്മില്‍ വീട്ടില്‍ കൗണ്ടറുകള്‍ അടിക്കാറുണ്ടോ?

അച്ഛന്‍ നല്ല മൂഡിലാണെങ്കില്‍ ഭയങ്കര രസമാണ്. ഞാന്‍ വീട്ടില്‍പ്പോയിക്കഴിഞ്ഞാല്‍ അമ്മയുമായുള്ള കൗണ്ടറുകളാണ് കൂടുതലും. അമ്മ ആരോഗ്യകാര്യത്തെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ അച്ഛന്‍ അമ്മയെ പൊക്കി സംസാരിക്കും. ''ഇവളെന്തൊരു ആളാണ്, നീ നോക്കിയേ ഇവളില്ലെങ്കില്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടേനേ'' എന്നൊക്കെ പറഞ്ഞ് അച്ഛന്‍ അമ്മയെ പൊക്കും. അമ്മ അപ്പോള്‍ രസകരമായ രീതിയില്‍ത്തന്നെ അതിന് മറുപടി കൊടുക്കും. അവര്‍ തമ്മിലുള്ള സംഭാഷണം കേട്ടിരിക്കാന്‍ നല്ല രസമാണ്.

vineeth sreeenivasan
ശ്രീനിവാസനും കുടുംബവും.
ഒരു പഴയകാല ചിത്രം |ഫോട്ടോ: മാതൃഭൂമി ആർക്കേവ്‌സ്‌

സിനിമ ചെയ്യണം എന്ന ആഗ്രഹം വിനീത് പ്രകടിപ്പിച്ചപ്പോള്‍ അച്ഛന്റെ പ്രതികരണം എങ്ങനെയായിരുന്നു?

(ചിരിയോടെ) പ്രത്യേകിച്ച് പ്രതികരണമൊന്നും ഇല്ലായിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്തുതന്നെ ഞാന്‍ അച്ഛനോട് സിനിമയാണ് എനിക്ക് താത്പര്യം എന്ന് പറഞ്ഞിരുന്നു. ബിരുദപഠനം കഴിയുന്നതുവരെ അതിനെക്കുറിച്ചൊന്നും ചിന്തിക്കേണ്ട, അത് കഴിഞ്ഞ് എന്താണെന്നുവെച്ചാല്‍ നിനക്ക് തീരുമാനിക്കാം എന്നായിരുന്നു അച്ഛന്റെ നിലപാട്. അല്ലാതെ സ്‌കൂള്‍ കഴിഞ്ഞയുടന്‍ സിനിമയിലേക്ക് എടുത്തുചാടുക എന്നൊരു സംഗതിയോട് അച്ഛന് താത്പര്യമില്ലായിരുന്നു. അപ്പോഴും സിനിമ എന്ന എന്റെ ആഗ്രഹത്തെ എതിര്‍ക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ആദ്യ സിനിമ എങ്ങനെയാണ് സംഭവിക്കുന്നത്?

എന്റെ ഇരുപത്തിനാലാം വയസ്സിലാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയെഴുതുന്നത്. ഒരു കോണ്‍ഫിഡന്‍സിന്റെ പുറത്ത്് സംഭവിച്ച സിനിമയാണത്. സിനിമയെക്കുറിച്ച് എത്രത്തോളം അറിയാമെന്നോ, ഒരുപാട് അറിയാവുന്നര്‍ക്കുമാത്രം ചെയ്യാന്‍ പറ്റുന്ന ഒന്നാണ് സിനിമ എന്നോ ഉള്ള ചിന്തയൊന്നുമില്ലാതെ ഒരു ആവേശത്തിന്റെപുറത്ത് ചെയ്ത സിനിമയാണത്. അജ്ഞത അനുഗ്രഹമാണെന്ന് പറയില്ലേ, എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു. പക്ഷേ, ചെയ്തുതുടങ്ങിയപ്പോള്‍ എന്റെ ചുറ്റുമുള്ള ആളുകളില്‍നിന്ന് കൂടുതല്‍ പഠിക്കാന്‍ പറ്റുന്നുണ്ടായിരുന്നു. സിനിമയ്ക്ക് അങ്ങനെയൊരു ഗുണമുണ്ട്, നമ്മള്‍ ചെയ്തുതുടങ്ങുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കും. കാരണം, അത്രമാത്രം ടെക്‌നീഷ്യന്മാരും മറ്റ് ആളുകളും നമ്മുടെ ചുറ്റും നില്‍ക്കുകയും അവര്‍ ചോദ്യങ്ങള്‍ ചോദിക്കും അതിന് നമ്മള്‍ മറുപടി പറയേണ്ടിയും വരുമ്പോള്‍ ഉത്തരങ്ങള്‍ നമ്മള്‍ സ്വയം കണ്ടുപിടിച്ചുതുടങ്ങും. അവര്‍ പറയുന്ന കാര്യങ്ങളില്‍നിന്ന് നമുക്ക് ഒരുപാട് ഉത്തരങ്ങള്‍ കിട്ടും. ചെയ്തുതുടങ്ങിയപ്പോഴാണ് എനിക്ക് സിനിമയെപ്പറ്റി കൂടുതല്‍ മനസ്സിലായത്.

ആ സിനിമ ചെയ്യുമ്പോള്‍ അച്ഛന്‍ തന്ന ഉപദേശമെന്തായിരുന്നു?

മലര്‍വാടിയുടെ സമയത്ത് ഞാന്‍ ആദ്യം എഴുതിയതിലൊക്കെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഓരോ തവണ എഴുതിയിട്ടും ഞാന്‍ അച്ഛനെ കാണിക്കും. അച്ഛനത് വായിച്ച് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ അങ്ങനെ ചെയ്യാമല്ലോ എന്നൊരു ഐഡിയ എനിക്ക് കിട്ടും. മലര്‍വാടിയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചു. അപ്പോള്‍ ഒരു സീന്‍ വായിച്ച് അച്ഛന്‍ ചിരിച്ചു: ''എഴുതിയെഴുതി പതംവന്നുതുടങ്ങിയിട്ടുണ്ടല്ലോ'' എന്ന് പറഞ്ഞു.

ശ്രീനിവാസന്റെ മകന്‍ എന്ന നിലയില്‍ ഒരുപാട് വലിയ താരങ്ങളെ പരിചയമുണ്ടായിട്ടും അവരെയൊന്നും സമീപിക്കാതെ പുതുമുഖങ്ങളൈവച്ച് സിനിമ ചെയ്യാനുള്ള ധൈര്യം എങ്ങനെയുണ്ടായി?

അത് ഞാന്‍ ചെന്നൈയില്‍ വളര്‍ന്നതിന്റെ ഗുണം ആയിരിക്കണം. ഞാന്‍ ചെന്നൈയില്‍ ഉള്ളപ്പോള്‍ അവിടെനിന്ന് കണ്ട കുറെ സിനിമകളുണ്ട്. അവിടത്തെ ആള്‍ക്കൂട്ടത്തിനിടയില്‍നിന്നാണ് ഞാന്‍ ഓരോ സിനിമയും കണ്ടത്. ചെന്നൈ 28, ശശികുമാറിന്റെ സിനിമകള്‍, സെല്‍വരാഘവന്റെ സിനിമകള്‍ അങ്ങനെ കുറേയെണ്ണം. ഇവയൊക്കെ വലിയ താരനിരയോ ടെക്‌നീഷ്യന്മാരോ ഇല്ലാതെ പുതുമുഖങ്ങളൈവച്ച് ഇറക്കിയ സിനിമകളായിരുന്നു. അവയെല്ലാം തിയേറ്ററില്‍ വലിയ വിജയമാകുന്നതും ആഘോഷമാകുന്നതുമാണ് ഞാനവിടെ കണ്ടത്. മലയാളത്തില്‍ ആ സമയം അങ്ങനൈയാരു സാഹചര്യം ഇല്ലായിരുന്നു. നമുക്ക് അന്ന് അഞ്ചോ ആറോ വലിയ നായകനടന്മാരുണ്ടായിരുന്നു. അവരെ െവച്ചുതന്നെയാണ് എല്ലാ സിനിമകളും മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. ചിലര്‍ പുതുമുഖങ്ങളെവെച്ച് സിനിമ ചെയ്യുന്നുണ്ടായിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ചെന്നൈ മൗണ്ട് റോഡിലുള്ള ഒരു തിയേറ്ററില്‍നിന്ന് സരോജ എന്ന സിനിമ കണ്ടിട്ട് ഞാനും എന്റെയൊരു കസിനായ രാകേഷേട്ടനും (ഗോദ, തിര എന്നീ സിനിമകളുടെ തിരക്കഥാകൃത്ത്) കൂടി വീട്ടിലേക്ക് വരുന്ന സമയത്ത് പുതിയൊരു കൂട്ടായ്മ മലയാളത്തില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരിക്കുമെന്ന് ചിന്തിച്ചു. കുറെ പുതിയ ചെറുപ്പക്കാര്‍, അവര്‍ പറയുന്ന പുതിയ രീതിയിലുള്ള സിനിമകള്‍ അങ്ങനത്തെ സാധ്യതയെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് ചര്‍ച്ചചെയ്തു. ആ ചര്‍ച്ചയാണ് മലര്‍വാടിയുടെ ആലോചനയിലേക്ക് നയിക്കുന്നത്.

ശ്രീനിവാസന്‍ സിനിമകളുമായി ഒരുരീതിയിലും ബന്ധമില്ലാത്ത പുതിയ രീതിയില്‍ മറ്റൊരു പാറ്റേണിലുള്ള സിനിമകളാണ് വിനീത് ചെയ്യുന്നത്, അതുതന്നെയാണോ വിനീതിന്റെ വിജയരഹസ്യം?

പൂര്‍ണമായും എനിക്കങ്ങനെ പറയാന്‍പറ്റില്ല, കാരണം, വൈകാരികമായ രംഗങ്ങള്‍ അച്ഛന്‍ എഴുതുന്നത് എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 'സന്മനസ്സുള്ളവര്‍ക്ക് സമാധാനം' എന്ന സിനിമയിലെ സീനുകള്‍ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എഴുതുമ്പോള്‍ എന്നെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. ഈ രണ്ടു പടവും ഇനി നിങ്ങള്‍ കാണുമ്പോള്‍ ശ്രദ്ധിച്ചാല്‍ ആ കാര്യം മനസ്സിലാകും. വളരെ നല്ലരീതിയില്‍ ജീവിച്ചൊരാള്‍ക്ക് ഒരു പകലില്‍ എല്ലാം നഷ്ടപ്പെടുമ്പോള്‍ എങ്ങനെ ആ സാഹചര്യത്തോട് പ്രതികരിക്കും എങ്ങനെ മുന്നോട്ടുപോവാന്‍ നോക്കും എന്ന വിഷയമാണ് 'സന്മനസ്സുള്ളവര്‍ക്ക് സമാധാന'ത്തിലൂടെ പറയാന്‍ ശ്രമിച്ചത്. ഇതു തന്നെയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെയും പ്രമേയം.

രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ ഉള്ളയാളും അത് തുറന്നുപറയുന്ന വ്യക്തിയുമാണ് അച്ഛന്‍. പലപ്പോഴും അതിന്റെ പേരില്‍ വലിയ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. വിനീതിന് എന്താണ് ഇതൊക്കെ കേള്‍ക്കുമ്പോള്‍ തോന്നാറുള്ളത്?

അച്ഛന്‍ അങ്ങനെയാണ്. തന്റെ നിലപാടുകള്‍ തുറന്ന് പ്രകടിപ്പിക്കും. അതിന്റെ അനന്തരഫലങ്ങളൊന്നും ആലോചിക്കില്ല. ആരെന്തുവിചാരിക്കും എന്ന ശങ്ക അച്ഛന് പണ്ടുതൊട്ടേയില്ല, ഒരു കാര്യത്തിലും. എന്ത് പ്രതികരണവും നേരിടാന്‍ അച്ഛന്‍ സന്നദ്ധനുമാണ്. അക്കാര്യത്തില്‍ അച്ഛനെ തിരുത്താനുമാവില്ല. പിന്നെ ഇത്തരം കാര്യങ്ങള്‍ സധൈര്യം തുറന്നുപറയാനും ആരെങ്കിലുമൊക്കെ വേണ്ടേ എന്നുതോന്നും പലപ്പോഴും.

വിനീത് ഒരു ഗായകന്‍കൂടിയാണല്ലോ, സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ?

കുറച്ചുകാലം പഠിച്ചിട്ടുണ്ട്. പാട്ടിന്റെ കാര്യത്തില്‍ ചിന്തിക്കുമ്പോള്‍ എനിക്കിപ്പോള്‍ അദ്ഭുതം തോന്നാറുണ്ട്. കാരണം, സ്‌കൂള്‍കാലത്ത് രവീന്ദ്രന്‍മാഷുടെയും ദാസേട്ടന്റെയുമൊക്കെ പാട്ടുകള്‍ കേട്ട് ഏറ്റുപാടാന്‍ ശ്രമിച്ചാല്‍പ്പോലും സാധിക്കാറില്ല. 'പ്രമദവന'വും 'ഹരിമുരളീരവവു'മൊക്കെ പാടി ഞാന്‍ പരാജയം സമ്മതിച്ചിട്ടുണ്ട്. പിന്നീട് പിന്നണിഗാനത്തിന്റെ രീതി മാറിയ കാലഘട്ടത്തിലാണ് ഞാന്‍ പാടാന്‍ തുടങ്ങുന്നത്. ലളിതമായ പാട്ടുകള്‍ ആളുകള്‍ ഏറ്റുപാടുന്നൊരു സാഹചര്യമുണ്ടായി, അപ്പോള്‍ വ്യത്യസ്തമായ ശബ്ദങ്ങള്‍ സംഗീതസംവിധായകര്‍ അന്വേഷിച്ചുതുടങ്ങി. വിധു ചേട്ടന്‍, അഫ്‌സല്‍ക്ക, ജ്യോത്സ്‌ന എന്നിവരൊക്കെ ആ കാലത്താണ് വന്നത്. ആ സമയത്താണ് ഞാനും പാടിത്തുടങ്ങുന്നത്. ആ സമയത്ത് പാടാന്‍ തുടങ്ങിയതുകൊണ്ടാണ് എനിക്കിപ്പോഴും നിലനില്‍ക്കാനാകുന്നത്. ഒരുപക്ഷേ, അതിനും പത്തുവര്‍ഷം മുന്നേ ഞാന്‍ പാടിത്തുടങ്ങിയിരുന്നെങ്കില്‍ സ്വീകാര്യത കിട്ടാതെ നിര്‍ത്തേണ്ടിവരുമായിരുന്നു.

'മകന്റെ അച്ഛനി'ല്‍ വിനീതിന്റെ കഥപാത്രം അച്ഛനോട് ചോദിക്കുന്ന ഒരുചോദ്യമുണ്ട്, അച്ഛന്റെ സ്‌കൂളെന്താ ശബരിമലയില്‍ ആയിരുന്നോ എന്ന്, ആയൊരു ചോദ്യം ശരിക്കും വിനീത്, അച്ഛനോട് തന്നെ ചോദിച്ചതാണോ?

അല്ല, ഞാന്‍ അച്ഛന്റെ കോളേജ് കാലഘട്ടത്തെക്കുറിച്ചും പിന്നീട് മദ്രാസിലെ സിനിമാകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചുമെല്ലാം പലതവണ ചോദിച്ച് മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ കുറെ നാളായി അതിനെക്കുറിച്ചൊക്കെ സംസാരിച്ചിട്ട്. പക്ഷേ, എപ്പോഴൊക്കെ സാധിക്കുന്നോ അപ്പോഴെല്ലാം സംസാരിക്കാറുണ്ട്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുമ്പോഴുള്ള സൗഹൃദങ്ങളെയും അതിനുശേഷമുള്ള കാലത്തെയും കുറിച്ചെല്ലാം ചോദിക്കുമ്പോള്‍ നമുക്കൊന്നും ഒരിക്കലും സങ്കല്പിക്കാന്‍പോലും പറ്റാത്ത കഥകളാണ് അച്ഛനടക്കമുള്ളവരുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്. അപ്പോള്‍ അവരോടൊക്കെ വലിയ ബഹുമാനം തോന്നും. ഞാന്‍ ആ അനുഭവങ്ങളെ, ജീവിതത്തെ വളരെ ആദരത്തേടെയാണ് കാണുന്നത്. കാരണം, എനിക്ക് അത്തരം സാഹചര്യങ്ങള്‍ ഒരിക്കലും കൈകാര്യം ചെയ്യാന്‍ പറ്റില്ലെന്നുറപ്പാണ്. എവിടെ?െയത്തുമെന്നൊരുറപ്പുമില്ലാതെ കൈയില്‍ കിട്ടിയ കാശുമായി സിനിമ സ്വപ്നംകണ്ട് മദ്രാസിലേക്ക് വണ്ടികയറി വന്ന ആള്‍ക്കാരാണല്ലോ ഇവരെല്ലാം. അത് വല്ലാത്തൊരു ധൈര്യമാണ്. ഇന്ന് എത്രമാത്രം കണക്കുകൂട്ടിയാണ് മനുഷ്യര്‍ ഓരോ കാര്യവും ചെയ്യുന്നത്.

ധ്യാനിന് അച്ഛനുമായാണോ, വിനീതുമായാണോ കൂടുതല്‍ സാമ്യം?

തീര്‍ച്ചയായും അച്ഛനുമായിട്ടാണ്. കാരണം, അവന്റെ സംസാരത്തിലും സ്വഭാവത്തിലുമൊക്കെ അച്ഛന്റെ നിഴലുകള്‍ കാണാം. ഞാന്‍ അമ്മയെപ്പോലെയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞാനും ധ്യാനും രണ്ടുതരം മനുഷ്യരാണ്.

കഥ, തിരക്കഥ, സംവിധാനം, അഭിനയം, അച്ഛന്‍ സിനിമയില്‍ ഓള്‍റൗണ്ടറാണ്. അതേ പാതയില്‍ത്തന്നെയാണ് വിനീത്. ഗാനരചനയും ആലാപനവും കൂടി അധികമായി ചേര്‍ക്കുന്നു. അച്ഛന്‍ തന്നെയാവുമല്ലേ ഈ ഓള്‍റൗണ്ടര്‍ വഴിക്കുള്ള പ്രചോദനവും?

അച്ഛന് സിനിമയോടുള്ള ഒരു സമീപനമുണ്ട്. അത് നമ്മളെയും ഉറപ്പായും സ്വാധീനിക്കും. സിനിമയില്‍ വന്നിട്ട് അതിന്റെ പകിട്ടോ, അത് നല്‍കുന്ന സെലിബ്രിറ്റി സ്റ്റാറ്റസോ ആഡംബരമോ ഒന്നിനോടും ഒരിക്കലും അച്ഛന് താത്പര്യമുണ്ടായിട്ടില്ല. കാലമേറെ കഴിഞ്ഞിട്ടും സിനിമയോടുതന്നെയാണ് അച്ഛന്റെ താത്പര്യം നില്‍ക്കുന്നത്. അതെനിക്ക് എപ്പോഴും പ്രചോദനമാണ്. പിന്നെ അച്ഛന്‍ ചെയ്യുന്നതുപോലെ ഞാനും സിനിമയില്‍ പലകാര്യങ്ങളും ചെയ്യുന്നത് എല്ലാത്തിനോടുമുള്ള ഇഷ്ടംകൊണ്ടു തന്നെയാണ്. എല്ലാകാര്യങ്ങളും ചെയ്യുന്നത് വളരെ ആത്മവിശ്വാസത്തോടെയൊന്നുമല്ല, ഒരുപാട് കണ്‍ഫ്യൂഷന്‍ ഉണ്ടാകാറുണ്ട്. പക്ഷേ, നമ്മള്‍ ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടത്തിനുമുന്നില്‍ മറ്റൊന്നും നമുക്ക് പ്രശ്‌നമാകില്ല.

'ജേക്കബിന്റെ സ്വര്‍ഗരാജ്യത്തി'ല്‍ വിനീത് അഭിനയിച്ചിരുന്നു, എന്നാല്‍, 'ഹൃദയ'ത്തില്‍ വിനീത് അഭിനയിച്ചിട്ടില്ല, സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്നത് ബുദ്ധിമുട്ടാണോ?

സത്യം, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുദിവസം അഭിനയിച്ചപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്. കാരണം ഷൂട്ടിന്റെ വേഗം കുറയും. ഞാന്‍ ക്യാമറയുടെ പിറകില്‍ നില്‍ക്കുമ്പോള്‍ എന്റെ സ്പീഡാണ് മൊത്തം ക്രൂവിന് ലഭിക്കുന്നത്. മറിച്ച്, ഞാനഭിനയിക്കുന്ന സമയത്ത് ഓരോ ഷോട്ട് കഴിയുമ്പോഴും ഓടി വന്ന് മോണിറ്ററില്‍ എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, ഒന്നിച്ച് അഭിനയിക്കുന്ന നിവിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കും. ഇതെല്ലാം പ്രശ്‌നമാണ്. അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്.

അച്ഛന്റെ അടുത്ത കൂട്ടുകാരന്റെ മകനാണ് ഹൃദയത്തിലെ നായകനായ പ്രണവ് മോഹന്‍ലാല്‍. ചെറുപ്പത്തിലേ പ്രണവുമായി സൗഹൃദമുണ്ടോ?

ഇല്ല, ഹൃദയത്തിനുവേണ്ടി കണ്ട് സംസാരിച്ച ശേഷമാണ് ഞാനും പ്രണവും തമ്മില്‍ പരിചയമാകുന്നതുതന്നെ. അതിനുമുമ്പ് പല ചടങ്ങുകളിലും കണ്ടിട്ടുണ്ട് എന്നല്ലാതെ അടുത്ത പരിചയമൊന്നുമില്ല. ഹൃദയത്തിന്റെ ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ഞങ്ങള്‍ ബെസന്ത് നഗര്‍ ബീച്ചില്‍ പോയിരുന്നു. ബെസന്ത് നഗര്‍ ബീച്ചാണ് നാടോടിക്കാറ്റില്‍ ദാസനും വിജയനും ദുബായ് ആണെന്ന് പറഞ്ഞെത്തുന്ന സ്ഥലം. അവിടെ ഞാനും പ്രണവും കൂടെ ഇരിക്കുന്ന സമയത്ത് എനിക്ക് ഭയങ്കരമായ ഒരു ഫീലുണ്ടായി. കാരണം, അതേസ്ഥലത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് അച്ഛനും ലാലങ്കിളും തകര്‍ത്തഭിനയിച്ച സീന്‍ ഇന്നും ആളുകളുടെ മനസ്സിലുണ്ടല്ലോ. ഞങ്ങള്‍ രണ്ടുപേരും ആ സ്ഥലത്തുനിന്ന് ഒന്നിച്ച് ഫോട്ടോയൊക്കെ എടുത്തു.

വ്യക്തി എന്ന നിലയില്‍ പ്രണവ് എങ്ങനെയാണ്?

സിനിമയില്‍ അഭിനയിക്കുന്ന ഒരാളല്ല പ്രണവെങ്കില്‍ അവന്‍ നമ്മുടെ അടുത്തുവന്ന് നിന്നാല്‍പോലും നമ്മള്‍ ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ പെരുമാറുകയോ അങ്ങനെ ജീവിക്കുകയോ ഒന്നും ചെയ്യുന്ന ആളല്ല. ഭയങ്കര സിംപിളായിട്ടുള്ള മനുഷ്യനാണ്. ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടങ്ങളില്‍നിന്ന് വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും നല്ല വായനയുള്ളതുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊരുതലത്തില്‍ കാണുകയും ഒക്കെ ചെയ്യുന്ന ഒരാളായിട്ടാണ് എനിക്കുതോന്നിയത്. ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാള്‍. ലളിതമായി ജീവിക്കുക, അങ്ങനെത്തന്നെ മുന്നോട്ടുപോകുക എന്നതാണ് അയാളുടെ രീതിയെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ, ചെറിയകാര്യങ്ങള്‍പോലും ശ്രദ്ധിക്കുന്ന ഒരാളാണ്. ഉദാഹരണത്തിന് നമ്മള്‍ ഒരു മലയുടെ മുകളില്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ അവിടെ ആള്‍ക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കിയെടുത്ത് അവിടം വൃത്തിയാക്കുന്ന പ്രണവിനെ ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ അവന്റെ ലഗേജൊന്നും വേറെ ആരെയും എടുക്കാന്‍ സമ്മതിക്കില്ല. അങ്ങനെയൊക്കെ കുറെ പ്രത്യേകതകളുണ്ട് കക്ഷിക്ക്.

ദുല്‍ഖറുമായിട്ടുള്ള ബന്ധം എങ്ങനെയാണ്?

ചെറുപ്പം തൊട്ടേ നല്ല പരിചയവും സൗഹൃദവും ചാലു(ദുല്‍ഖര്‍)വുമായിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ചൊരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല എന്നേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ഒന്നിച്ച് സിനിമ ചെയ്യുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഒരു സിനിമ കുറെ ചര്‍ച്ച ചെയ്‌തെങ്കിലും അതൊരു പ്രോജക്ടിലേക്ക് എത്തിയില്ല. അതുപോലെ മലര്‍വാടിക്കുമുമ്പേ ഞാനൊരു സിനിമ നിര്‍മിക്കാന്‍ ആദ്യമായി കഥ പറഞ്ഞത് ചാലുവിന്റെയടുത്താണ്. അങ്ങനെയൊക്കെ കുറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

വലിയ ഗ്യാപ്പ് എടുത്താണ് വിനീത് സിനിമകള്‍ സംവിധാനം ചെയ്യുന്നത്. എന്താണ് കാരണം?

മനഃപൂര്‍വമല്ല, ഒരുസിനിമ സംവിധാനം ചെയ്ത് കഴിയുമ്പോള്‍ അഭിനയിക്കേണ്ട കുറെ സിനിമകള്‍ വരും. അപ്പോള്‍ അതുചെയ്യും. പിന്നെ ഭാര്യയും കുട്ടികളുമൊക്കെയായി യാത്രകള്‍ പോവാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവിടാനും മാറ്റിവെക്കാറുണ്ട്. പിന്നെ രണ്ടോ മൂന്നോ കൊല്ലം കൂടുമ്പോള്‍ ഒരുസിനിമ സംവിധാനം ചെയ്യുക എന്നതാണ് എന്റെ പോളിസി. 12 വര്‍ഷം കൊണ്ട് സംവിധാനം ചെയ്തത് അഞ്ച് സിനിമകളാണ്. അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹമില്ല. ഇനി കൂടിപ്പോയാല്‍ പത്ത് സിനിമ കൂടി.

സ്വപ്നസിനിമകളുണ്ടോ മനസ്സില്‍?

ചില പ്രോജക്ടുകളുണ്ട്. ചില സിനിമകള്‍ ഞാന്‍ വിചാരിക്കുന്നത് കുറച്ചുകൂടി കാലം കഴിയുമ്പോള്‍ നന്നായി ചെയ്യാന്‍ പറ്റും എന്ന ചിന്തയില്‍ മാറ്റിവെച്ചിരിക്കുകയാണ്. കുറച്ചുവര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ ഇപ്പോഴത്തെക്കാള്‍ നല്ല രീതിയില്‍ ആ സിനിമകള്‍ എഴുതാനും സംവിധാനം ചെയ്യാനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അത്തരം സിനിമകള്‍ക്ക്, മലയാളത്തില്‍ ബജറ്റ് പ്രശ്‌നമായി മാറില്ലേ?

ഇല്ല, അത്തരമൊരു സാഹചര്യമെല്ലാം മാറും എന്നാണ് ഞാന്‍ കരുതുന്നത്. ബേസിലിന്റെ മിന്നല്‍ മുരളിയെപ്പോലുള്ള സിനിമകളൊക്കെ ലോകപ്രേക്ഷകര്‍ക്കുമുന്നിലേക്ക് മലയാള സിനിമയെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് മലയാളസിനിമയിലേക്ക് മറ്റ് ഇന്‍ഡസ്ട്രികളില്‍നിന്ന് ആള്‍ക്കാര്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. ഇനി അവരുടെയൊക്കെ ഈ താത്പര്യം ഒരു ബിസിനസ് എന്ന നിലയിലേക്കുകൂടി മാറുന്ന ഒരുകാലം ഉണ്ടാകും. അപ്പോള്‍ ഇനി വരുന്ന സംവിധായകര്‍ അത്തരം ബിഗ് ബജറ്റിലുള്ള സിനിമകള്‍ മലയാളത്തില്‍ പ്രാവര്‍ത്തികമാക്കും എന്നാണ് ഞാന്‍ കരുതുന്നത്.

വിനീതിന്റെ കൂടെ ബേസിലും അജുവും നിവിനും എല്ലാം അടങ്ങുന്ന വലിയൊരു ടീം തന്നെയുണ്ട്. അത് ഗുണം ചെയ്തിട്ടുണ്ടോ?

തീര്‍ച്ചയായും എന്റെ സുഹൃത്തുക്കള്‍ എല്ലാകാലത്തും മുന്നോട്ടുള്ള യാത്രയില്‍ ഒരുപാട് സ്വാധീനിച്ചവരാണ്. ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നതും അങ്ങനെയൊരു സുഹൃദ്വലയം ഉള്ളതുകൊണ്ടാണ്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented