വിനീത് ശ്രീനിവാസൻ | ഫോട്ടോ: ബി. മുരളികൃഷ്ണൻ | മാതൃഭൂമി
സിനിമയിലേക്ക് എന്നെ അടുപ്പിച്ചതിൽ അച്ഛന്റെ സ്വാധീനം വളരെ വലുതാണ്. പത്താംക്ലാസിൽ പഠിക്കുന്ന കാലം വരെ കൂത്തുപറമ്പിനടുത്ത പൂക്കോടാണ് ഞങ്ങൾ താമസിച്ചിരുന്നത്. സിനിമാഷൂട്ടിങ് കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അച്ഛനെ ഞങ്ങൾ കണ്ടിരുന്നത്. ആ സമയത്ത് വലിയ ആഘോഷമായിരിക്കും. കുമാരൻ മാഷ്, രാഘവേട്ടൻ, പ്രദീപേട്ടൻ...അച്ഛന്റെ കുറേ കൂട്ടുകാരുണ്ട്. അവരെല്ലാം വീട്ടിൽ വന്ന് വട്ടംകൂടി കഥ പറഞ്ഞിരിക്കും. ആ സമയത്ത് അച്ഛൻ ചെയ്യാൻ പോകുന്ന സിനിമകളുടെ കഥ പറയും. അങ്ങനെ ചിന്താവിഷ്ടയായ ശ്യാമള, മറവത്തൂർ കനവ് എന്നീ സിനിമകളെല്ലാം രൂപപ്പെടുന്നതിനു മുമ്പേ അതിന്റെ ആശയങ്ങൾ അച്ഛൻ സുഹൃത്തുക്കളുമായി ചർച്ചചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്.
അങ്ങനെയൊരു അന്തരീക്ഷം വീട്ടിൽ എപ്പോഴുമുണ്ടായിരുന്നു. വിദേശസിനിമകളുടെ കാസറ്റുകളുടെ വലിയൊരു ശേഖരം അച്ഛനുണ്ടായിരുന്നു. ഒരു മുറിയിൽ വലിയ പുസ്തകശേഖരവും. അച്ഛനില്ലാത്ത സമയത്ത് ആ സിനിമകളൊക്കെ കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്യും. അതെല്ലാം ജീവിതത്തെ സ്വാധീനിച്ച ഘടകങ്ങളാണ്.
കുട്ടിക്കാലത്ത് കണ്ട സിനിമകളിൽ അന്നേറെ ഇഷ്ടപ്പെട്ടത് "തേന്മാവിൻ കൊമ്പത്താ'യിരുന്നു. എന്നാൽ വളരുന്നതിനനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുന്ന സിനിമ “സന്ദേശമാണ്. രാഷ്ട്രീയപ്രസക്തിയുള്ള സിനിമ എന്നതിനേക്കാൾ കൂടുതൽ സറ്റയറിക്കലായി കാര്യങ്ങൾ അവതരിപ്പിച്ച അവതരണ ശൈലിയാണ് ഏറെ ആകർഷിച്ചത്.

അച്ഛൻ നല്ല മൂഡിലാണെങ്കിൽ വീട്ടിൽ ഭയങ്കര രസമാണ്. അച്ഛനും അമ്മയും തമ്മിലുള്ള സംസാരം കേട്ടിരിക്കാൻ തോന്നും. അമ്മ ആരോഗ്യകാര്യത്തെ കുറിച്ച് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും, അപ്പോൾ അച്ഛൻ അമ്മയെ പൊക്കി സംസാരിക്കും. "ഇവളെന്തൊരു ആളാണ്, നീ നോക്കിയേ ഇവളില്ലെങ്കിൽ ഞാൻ കഷ്ടപ്പെട്ടേനേ' എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും.
പ്ലസ് ടു കഴിയുന്ന സമയത്ത് തന്നെ ഞാൻ അച്ഛനോട് സിനിമയാണ് എനിക്ക് താത്പര്യം എന്ന് പറഞ്ഞു. "ബിരുദപഠനം കഴിയുന്നത് വരെ അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട, അതുകഴിഞ്ഞ് എന്താണെന്നുവെച്ചാൽ നിനക്ക് തീരുമാനിക്കാം' എന്നായിരുന്നു അച്ഛന്റെ നിലപാട്. അപ്പോഴും സിനിമ എന്ന എന്റെ ആഗ്രഹത്തെ എതിർക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്റെ ഇരുപത്തിനാലാം വയസ്സിലാണ് മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയെഴുതുന്നത്.
മലർവാടിയുടെ സമയത്ത് ഞാൻ ആദ്യം എഴുതിയതിലൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഓരോ തവണ എഴുതിയിട്ട് ഞാൻ അച്ഛനെ കാണിക്കും. അച്ഛനത് വായിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ അങ്ങനെ ചെയ്യാമല്ലോ എന്നൊരു ഐഡിയ കിട്ടും. മലർവാടിയുടെ തിരക്കഥ എട്ടാമത്തെ തവണ മാറ്റിയെഴുതി അച്ഛനെ കാണിച്ചു. അപ്പോൾ ഒരു സീൻ വായിച്ച് അച്ഛൻ ചിരിച്ചു. എഴുതിയെഴുതി പതംവന്നുതുടങ്ങിയിട്ടുണ്ടല്ലോ' എന്നുപറഞ്ഞു.

എന്റെ സിനിമകൾ കണ്ടിട്ട് അച്ഛൻ ഇതുവരെ കൊള്ളാമെന്ന് പറഞ്ഞിട്ടില്ല. 'തട്ടത്തിൻ മറയത്തി'ന്റെ തിരക്കഥ വായിച്ചപ്പോൾ അച്ഛൻ വളരെ സന്തോഷത്തോടെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. സത്യം പറഞ്ഞാൽ, ഞാൻ അച്ഛന്റെയടുത്ത് എന്റെ സിനിമകളെ കുറിച്ച് അഭിപ്രായം ചോദിക്കാറില്ല.
എഴുത്തിൽ അച്ഛൻ കൊണ്ടുവ ന്ന പുതുമ തന്നെയാണ് എനിക്കെന്നും ഇഷ്ടം, സർക്കാസ്റ്റിക് ആയ രീതിയിൽ വളരെ ആഴത്തിൽ കാര്യ ങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് അച്ഛനുണ്ട്. അച്ഛന്റെ തിരക്കഥകളിലെല്ലാം പുതുമയുള്ള ഒരു ജീവിതമു ണ്ട്. നമുക്ക് ചുറ്റും ജീവിക്കുന്ന പല മനുഷ്യരെയും ആ സിനിമകളിൽ കാണാം. ഒപ്പം അച്ഛന്റെ സെൻസ് ഓഫ് ഹ്യൂമറും കാഴ്ചപ്പാടുകളുമെ ല്ലാം അതിലുണ്ടാവും. അതുകൊണ്ട് അച്ഛനിലെ എഴുത്തുകാരനെയാണ് എനിക്ക് ഏറെ ഇഷ്ടം.
(2022 ജൂൺ ലക്കം മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: vineeth sreenivasan about sreenivasan, sreenivasan movies, sreenivasan's movie scripts
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..