മോഹന്‍ലാലിനും മമ്മൂട്ടിക്കും എന്നോട് പകയില്ല; ഈ സിനിമയില്‍ അവരുടെ സാന്നിധ്യമുണ്ട്- വിനയന്‍


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)

ഞാനൊരു കുട്ടനാട്ടുകാരനാണ്. പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ഇടയില്‍ ജീവിച്ചവനാണ്. എന്തു പ്രതിന്ധി അഭിമുഖീകരിക്കേണ്ടി വന്നാലും അതില്‍ തളര്‍ന്നുപോകില്ല, അതാണ് എന്റെ ഗുണമായി ഞാന്‍ കണക്കാക്കുന്നത്. എന്റെ സുഹൃത്തുക്കളില്‍ പലരും പറയാറുണ്ട്, നിന്റെ സ്ഥാനത്ത് ഞങ്ങളാണെങ്കില്‍ നാടു വിട്ട് പോവുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്യുമെന്ന്.

Interview

വിനയൻ, പത്തൊൻപതാം നൂറ്റാണ്ടിന്റെ പോസ്റ്റർ

വിനയന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കരുടെ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ജീവിതമാണ് വിനയന്‍ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രത്തില്‍ സിജു വില്‍സനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുപാട് ഗവേഷണങ്ങള്‍ക്കൊടുവിലാണ് 'പത്തൊമ്പതാം നൂറ്റാണ്ട്' പിറന്നതെന്ന് വിനയന്‍ പറയുന്നു. അതോടൊപ്പം സിനിമയില്‍ തന്നെ വിലക്കിയതുമായി ബന്ധപ്പെട്ട നീണ്ട നിയമപോരാട്ടത്തില്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം മനസ്സു തുറക്കുന്നു.

തമസ്‌കരിച്ച ചരിത്രമാണ് ഞാന്‍ അവതരിപ്പിക്കുന്നത്

ചരിത്രസിനിമകള്‍ പ്രേക്ഷകര്‍ കയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമുണ്ട് മലയാള സിനിമയ്ക്ക്. അതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. കുഞ്ഞാലി മരയ്ക്കാര്‍, കായം കുളം കൊച്ചുണ്ണി, പഴശ്ശിരാജ തുടങ്ങിയവരെല്ലാം ചരിത്രം എന്നും ഓര്‍ക്കുന്ന വീരപുരുഷന്‍മാരാണ്. എന്നാല്‍ ആറാട്ടുപ്പുഴ വേലായുധപണിക്കാരെ പലര്‍ക്കും അറിയില്ല. അദ്ദേഹം സമൂഹത്തിന് നല്‍കിയ സംഭാവനകളൊന്നും ചരിത്രത്താളുകളില്‍ അധികം ആഘോഷിക്കപ്പെട്ടിട്ടില്ല. ചരിത്രം തമസ്‌കരിക്കുന്ന വ്യക്തിയാണദ്ദേഹം. സ്ത്രീകള്‍ക്ക് മാറ് മറക്കാന്‍ അവകാശമില്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അത് ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് അത്ഭുതമാണ്. അവര്‍ക്ക് അത് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. കേരളത്തില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല എന്ന് പറയുന്ന മറ്റൊരു വിഭാഗവും ഇവിടെയുണ്ട്. മുലക്കരം എന്ന സമ്പ്രദായം ഉണ്ടായിരുന്നുവെന്ന് ഒരുപാട് ചരിത്രപുസ്തകങ്ങളിലുണ്ട്. ഈ വിഷയങ്ങളെല്ലാം കടന്നുവരുന്ന ചരിത്രമായതിനാല്‍ ഇങ്ങനെ ഒരു സിനിമ ചെയ്യാന്‍ എല്ലാര്‍ക്കും ഭയമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇത് ചെയ്യാമെന്ന് ഞാന്‍ തീരുമാനിക്കുന്നത്.

ഞാനൊരു ആലപ്പുഴക്കാരനാണ്. അമ്പലപ്പുഴയാണ് എന്റെ വീട്. വേലായുധ പണിക്കര്‍ ജനിച്ച് ജീവിച്ച ഇടം എന്റെ ഗ്രാമത്തിന് അടുത്താണ്. കുട്ടിക്കാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ കഥകള്‍ പ്രായമാവര്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ചേര്‍ത്തലയും അടുത്താണ്. അവിടെ മുലച്ചിപ്പറമ്പ് എന്ന സ്ഥലമുണ്ട്. അവിടെ മാറുമറയ്ക്കുന്നതിന് സമരം ചെയ്ത നങ്ങേലിയുടെ പ്രതിമയുണ്ട്. അവിടെ ഒരു അനുസ്മരണ യോഗത്തില്‍ ഒരിക്കല്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. നങ്ങേലി മാറുമുറിച്ച് ആത്മാഹുതി നടത്തിയ കഥ മുത്തശ്ശിമാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഇതെല്ലാം എനിക്ക് പ്രചോദനമായിരുന്നു. വേലായുധ പണിക്കരുടെ ജനനവും മരണവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വേലായുധ പണിക്കരുടെ ജീവചരിത്രത്തില്‍ നങ്ങേലി കടന്നുവരുന്നുണ്ട്. ഇതെല്ലാം പരസ്പരം ബന്ധിപ്പിച്ചാണ് തിരക്കഥ ഒരുക്കിയത്.

ഗോകുലം ഗോപാലന്‍ നല്‍കിയ പിന്തുണയും ആത്മവിശ്വാസവും

'അത്ഭുത ദ്വീപ്' ചെയ്യുന്ന സമയത്തു തന്നെ മനസ്സിലുണ്ടായ ഒരു സിനിമയായിരുന്നു ഇത്. അന്ന് പല കാരണങ്ങള്‍ കൊണ്ട് നടന്നില്ല. ഗോകുലം ഗോപാലന്‍ സാറിനോട് ഞാന്‍ കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആദ്യകേള്‍വിയില്‍ തന്നെ വിഷയം ഇഷ്ടപ്പെട്ടു. അങ്ങനെയാണ് നിര്‍മിക്കാമെന്ന് ഏറ്റത്. ചരിത്രം തമസ്‌കരിച്ച ഒരു വ്യക്തിയുടെ കഥ എന്നത് തന്നെയാണ് അദ്ദേഹത്തെ പ്രധാനമായും ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്. എന്നില്‍ അദ്ദേഹം പൂര്‍ണമായും വിശ്വസിച്ചു എന്ന് പറയുന്നതാകും ശരി. സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴേക്കും കോവിഡ് പ്രതിസന്ധി വന്നു. അങ്ങനെ വീണ്ടും നീണ്ടുപോയി. എന്നാല്‍ എല്ലാ പിന്തുണയുമായി നിര്‍മാതാവ് കൂടെയുണ്ടായിരുന്നു. ഇന്ന് എല്ലാം മറികടന്ന് ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.

തികച്ചും സിനിമാറ്റിക്കായ അനുഭവമായിരിക്കും ചിത്രം

കുറച്ച് ചരിത്രപുസ്തകങ്ങളില്‍ വേലായുധ പണിക്കരെ കുറിച്ച് പറയുന്നുണ്ട്. പിന്നെ ചെറിയ പുസ്തകങ്ങളിലും. തൃശ്ശൂരില്‍ അഭിഭാഷകനായ ഇ. രാജന്‍ ജനയുഗത്തിന്റെ ഞായറാഴ്ച പതിപ്പില്‍ ഈ ചരിത്രങ്ങളെല്ലാം പറയുന്ന ഒരു ലേഖനം എഴുതിയിരുന്നു. തിരുവതാം കൂറിലെ മാറുമറയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ആ പുസ്തകത്തില്‍ വേലായുധപ്പണിക്കരെക്കുറിച്ച് പറയുന്നുണ്ട്. അതെല്ലാം വായിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും ഈ സിനിമയുടെ ഗവേഷത്തില്‍ സഹകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം നല്‍കിയ ഒരുപാട് വിവരങ്ങള്‍ ഈ സിനിമയ്ക്ക് ഉപകാരപ്പെട്ടു. 'പത്തൊമ്പതാം നൂറ്റാണ്ട്' ഒരു ഡോക്യുമെന്ററിയായല്ല ഒരുക്കിയിരിക്കുന്നത്. തികച്ചും സിനിമാറ്റിക് ആയ ഒരു അനുഭവമായിരിക്കും ചിത്രം.

പല മുന്‍നിര നടന്‍മാരെയും സമീപിച്ചു, അവര്‍ ഒഴിഞ്ഞുമാറി

സിജു വില്‍സണ്‍ ഈ സിനിമയിലേക്ക് ആകസ്മികമായി കടന്നുവന്നതാണ്. മലയാള സിനിമയില്‍ ഇപ്പോള്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടന്‍മാരോടും ഞാന്‍ കഥ പറഞ്ഞിട്ടുണ്ട്. ഡേറ്റില്ല, ഒരു വര്‍ഷം കഴിഞ്ഞു ചെയ്യാം എന്നൊക്കെ പറഞ്ഞ് പലരും ഒഴിഞ്ഞു. താരങ്ങള്‍ക്ക് പിറകേ നടക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല. എന്റെ മനസ്സില്‍ ഒരു സബ്ജക്ട് ഉണ്ടെങ്കില്‍ അതിനൊരു നിര്‍മാതാവിനെ ലഭിച്ചാല്‍ പിന്നെ അഭിനേതാക്കള്‍ക്ക് വേണ്ടി കാത്തിരിക്കാനാകില്ല. അഭിനയിക്കാന്‍ അറിയുന്നവരെ കിട്ടിയാല്‍ മോള്‍ഡ് ചെയ്‌തെടുക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. ഞാന്‍ കൊണ്ടുവന്ന പല പുതുമുഖങ്ങളും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്റെ സുഹൃത്തും തിരക്കഥാകൃത്തുമായ എ.കെ. സാജനാണ് സിജു വില്‍സന്റെ പേര് പറയുന്നത്. സുരേഷ് ഗോപിയുടെ 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ അദ്ദേഹം ഒരു പോലീസുകാരനായി അഭിനയിച്ചിട്ടുണ്ട്. അത് കണ്ടപ്പോഴാണ് എനിക്ക് കൊള്ളാമെന്ന് തോന്നിയത്. അങ്ങനെയാണ് അദ്ദേഹത്തെ ഞാന്‍ വിളിക്കുന്നതും കഥ പറയുന്നതും.

സിജു വില്‍സണ്‍ കാണിച്ച അര്‍പ്പണബോധം എടുത്തു പറയേണ്ടതാണ്. സിനിമ ചെയ്യാമെന്ന് ഉറപ്പിച്ച സമയത്ത് തന്നെ അദ്ദേഹം ജിമ്മില്‍ പോകാനും കളരി പഠിക്കാനും തുടങ്ങി. ആറ് മാസത്തിന് ശേഷം ഞാന്‍ ആഗ്രഹിച്ചതുപോലെ അദ്ദേഹത്തിന്റെ ശരീരഭാഷയും രൂപവും മാറി. ആ ചെറുപ്പക്കാരനില്‍ കാണാന്‍ സാധിച്ച ഫയര്‍ അതെന്നെ അത്ഭുതപ്പെടുത്തി.

നിലപാടുകള്‍ക്ക് കൊടുക്കേണ്ടി വന്ന വിലയാണ് എനിക്ക് സംഭവിച്ച നഷ്ടങ്ങള്‍

ഞാനൊരു കുട്ടനാട്ടുകാരനാണ്. പാടത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ഇടയില്‍ ജീവിച്ചവനാണ്. എന്തു പ്രതിന്ധി അഭിമുഖീകരിക്കേണ്ടി വന്നാലും അതില്‍ തളര്‍ന്നുപോകില്ല, അതാണ് എന്റെ ഗുണമായി ഞാന്‍ കണക്കാക്കുന്നത്. എന്റെ സുഹൃത്തുക്കളില്‍ പലരും പറയാറുണ്ട്, നിന്റെ സ്ഥാനത്ത് ഞങ്ങളാണെങ്കില്‍ നാടു വിട്ട് പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യുമെന്ന്. എന്റെ വ്യക്തിത്വം വിട്ട് ഞാനൊന്നും ചെയ്തില്ല. എന്റെ നിലപാടുകളാണ് എന്റെ സമ്പാദ്യം. അതിന്റെ വിലയാണ് എനിക്ക് സംഭവിച്ച നഷ്ടങ്ങള്‍. എന്നാല്‍ ഞാനത് കാര്യമാക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടാണ് സിനിമ എടുത്തത് എന്ന് ആര്‍ക്കും അറിയില്ല. സെറ്റില്‍നിന്ന് ക്യാമറ കാണാതാകുക, ക്യാമറാമാനെ കാണാതാകുക. ഞാനുമായി സഹകരിക്കുന്ന ആര്‍ട്ടിസ്റ്റുകളെയും തിയേറ്റര്‍ ഉടമകളെയും ഫൈറ്റ് മാസ്റ്ററെയും മറ്റും ഭീഷണിപ്പെടുത്തി പിന്‍മാറ്റുക. പലരും പകുതിക്കുവച്ച് പടം ഇട്ടുപോയിട്ടുണ്ട്. ചിരിയും സങ്കടവും ദേഷ്യവും തോന്നിയിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് ഞാന്‍ സിനിമ എടുത്തത്. വിമര്‍ശിക്കുന്നവരോട് വിരോധമില്ല. കാരണം വിനയനില്‍ നിന്ന് പ്രേക്ഷകര്‍ ഒരു ക്വാളിറ്റി പ്രതീക്ഷിക്കുന്നുണ്ട്. അതില്ലാതാകുമ്പോള്‍ വിമര്‍ശിക്കപ്പെടും. അത് സ്വാഭാവികമാണ്. എന്നോടുള്ള പകയുടെ പേരില്‍ തുടര്‍ച്ചയായി വേട്ടയാടപ്പെട്ടപ്പോള്‍ ഞാന്‍ അതിനെ ഒരു സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ എടുത്തു. അതാണ് നിയമപോരാട്ടത്തിന് പ്രചോദനമായത്. പത്ത് വര്‍ഷങ്ങള്‍ നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധമായിരുന്നു. അതില്‍ ഞാന്‍ വിജയിച്ചു. വിനയന്‍ ഇനി സിനിമ എടുക്കില്ല, എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. കാലത്തിന്റെ കാവ്യനീതിയാണ്.

വിനയനോട് ചെയ്തത് ശരിയായില്ലെന്ന് മമ്മൂട്ടി പറഞ്ഞു

'അത്ഭുത ദ്വീപ്' കഴിഞ്ഞതിന് ശേഷമാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഒരുപാട് പ്രത്യേകതകളുള്ള സിനിമയായിരുന്നു. എന്നാല്‍ അത് ഞാന്‍ വരേണ്യവര്‍ഗം എന്ന് വിളിക്കുന്ന ഒരുവിഭാഗം ചര്‍ച്ചയാക്കാന്‍ തയ്യാറായില്ല. അങ്ങനെ ഒന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഒരുപാട് നല്ല സിനിമകള്‍ എനിക്ക് നഷ്ടമാവില്ലായിരുന്നു. വിനയനോട് ചെയ്തത് ശരിയായില്ലെന്ന് മമ്മൂട്ടി അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പിന്നീട് പറഞ്ഞു. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും എന്നോട് വ്യക്തിപരമായി യാതൊരു പകയുമില്ലായിരുന്നു. ദിലീപിനെപ്പോലുള്ളവരാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായി തീര്‍ന്നത്. 'പത്തൊമ്പതാം നൂറ്റാണ്ടു'മായി മമ്മൂട്ടിയും മോഹന്‍ലാലും സഹകരിച്ചു. അഭിനയിച്ചില്ലെങ്കിലും അവരുടെ ശബ്ദസാന്നിധ്യമുണ്ട്. തുടക്കത്തില്‍ മോഹന്‍ലാലും ഒടുക്കത്തില്‍ മമ്മൂട്ടിയും ശബ്ദം നല്‍കിയിട്ടുണ്ട്. അത് സൗഹൃദത്തിന്റെ ഭാഗമാണ്.

Content Highlights: Vinayan Interview, Mammootty, Mohanlal, Siju Wilson, Pathonpatham Noottandu, Gokulam Gopalan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented