ലയാളസിനിമയുടെ ചരിത്രമെഴുതുന്ന ആര്‍ക്കും മറക്കാന്‍ കഴിയാത്ത പേരാണ് വിജയനിര്‍മലയുടേത്. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിലൊന്നായ ഭാര്‍ഗവീനിലയ'ത്തിലെ ഭാര്‍ഗവിക്കുട്ടിയെ അനശ്വരമാക്കിയ നായിക. ചലച്ചിത്ര മേഖലയില്‍ വിപ്ലവം തീര്‍ത്ത സിനിമാപ്രവര്‍ത്തക. മലയാളത്തിലെ ആദ്യ വനിതാ സംവിധായിക. 47 സിനിമകള്‍ ഒരുക്കി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടം നേടി ഇന്ത്യന്‍ സിനിമയുടെതന്നെ അഭിമാനമായി മാറിയ ബഹുമുഖപ്രതിഭയുമാണ് ഈ അഭിനേത്രി. ഭാര്‍ഗവീനിലയത്തിനുശേഷം മലയാളചിത്രങ്ങളില്‍ ഇവര്‍ നായികയായും സഹനായികയായും അഭിനയിച്ചു.

ഇതൊന്നുമല്ലാതെ വിജയ നിര്‍മലയ്ക്ക് മറ്റൊരു വിശേഷണം കൂടിയുണ്ട്‌. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 'അഡല്‍ട്ടസ് ഒണ്‍ലി' ചിത്രത്തിലെ നായിക എന്ന പദവി. എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കല്യാണരാത്രി എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത് എ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ആ ചിത്രത്തില്‍ നായകനായെത്തിയത് മലയാളത്തിലെ നിത്യഹരിത നായകന്‍ പ്രേംനസീറായിരുന്നു. അങ്ങനെ മലയാളത്തിലെ ആദ്യ അഡല്‍ട്ട്‌സ് ഒണ്‍ലി ചിത്രത്തിലെ നായകന്‍ എന്ന വിശേഷണം പ്രേംനസീറും സ്വന്തമാക്കി. 

നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു

രാജു മാത്തന്‍ തങ്കം മൂവീസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രമായിരുന്നു കല്യാണരാത്രി. സെന്റ്ട്രല്‍ പിക്‌ചെഴ്‌സ് വിതരണം ചെയ്ത ഈ ചിത്രം 1966 ജൂലൈ 15-ന് പ്രദര്‍ശനത്തിനെത്തി. ടി.എസ്. മുത്തയ്യ, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഫിലോമിന, അടൂര്‍ ഭാസി, പറവൂര്‍ ഭരതന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

തമിഴ്നാട്ടില്‍ ജനിച്ച വിജയ നിര്‍മല ഫിലിം പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പിതാവ് വഴിയാണ് സിനിമയില്‍ എത്തുന്നത്. 1957 -ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു. 

വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായെത്തിയ വിജയ നിര്‍മലയ്ക്ക് മികച്ച വേഷങ്ങള്‍ നല്‍കിയത് മലയാള സിനിമയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി എ. വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയത്തിലെ ഭാര്‍ഗവി എന്ന യക്ഷി കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി. മധു, പ്രേംനസീര്‍ എന്നിവരായിരുന്നു നായകന്‍മാര്‍.

bhargavi nilayam
ഭാര്‍ഗവി നിലയത്തില്‍ പ്രേം നസീറും വിജയ നിര്‍മലയും

റോസി, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളില്‍ വേഷമിട്ടു. 

തെലുങ്ക് സിനിമാ താരം കൃഷ്ണ ഘട്ടമനേനിയെ വിവാഹം കഴിച്ചത് വിജയ നിര്‍മലയുടെ കരിയറില്‍ വഴിത്തിരിവായി. സംവിധാനം ചെയ്യുക എന്ന തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് കൃഷ്ണയാണെന്ന് വിജയ നിര്‍മല അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. തെലുങ്കില്‍ സിനിമയെടുക്കാന്‍ അന്ന് താരതമ്യേന ചെലവ് കൂടുതലായിരുന്നു. ബജറ്റ് പ്രശ്‌നങ്ങള്‍ കാരണം സിനിമയെടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഒരു സിനിമയുടെ സെറ്റില്‍ വച്ച് അന്ന് കലാസംവിധാനത്ത് പ്രവര്‍ത്തിച്ചിരുന്ന ഐ.വി. ശശിയെ (സംവിധായകന്‍) വിജയ നിര്‍മല പരിചയപ്പെടുന്നത്.

vijaya nirmala
കൃഷ്ണ ഘട്ടമനേനിക്കൊപ്പം വിജയ നിര്‍മല

ഐ.വി. ശശിയാണ് തെലുങ്കില്‍ ഒരു ചിത്രമെടുക്കുന്നതിന്റെ പകുതി ചെലവില്‍ മലയാളത്തില്‍ ഒരു ചിത്രം നിര്‍മിക്കാമെന്ന് പറഞ്ഞു കൊടുത്തത്. അങ്ങനെ 1973-ല്‍ വിജയ നിര്‍മലയുടെ സംവിധാനത്തില്‍ 'കവിത' എന്ന മലയാളചിത്രം പുറത്തുവന്നു. അങ്ങനെ ഞാന്‍ മലയാളത്തിലെ ആദ്യത്തെ വനിതാ സംവിധായികയായി. വിജയകൃഷ്ണാ മൂവീസ് എന്ന പേരില്‍ വിജയ നിര്‍മലയും ഭര്‍ത്താവും കൂടിയായിരുന്നു കവിത നിര്‍മിച്ചത്. 'വെറും നാലു ലക്ഷം രൂപ മാത്രമായിരുന്നു ആ ചിത്രത്തിന്റെ മുതല്‍ മുടക്ക്. കവിത എന്ന ടൈറ്റില്‍ റോളില്‍ വിജയ നിര്‍മല തന്നെ അഭിനയിച്ചു. തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഉമ്മര്‍ എന്നിവരായിരുന്നു മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Kalyanarathriyil, heroine of First Malayalam Movie to get A Certificate

കവിത തെലുങ്കിലും എടുക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റണമെന്ന് പല സുഹൃത്തുക്കളും വിജയ നിര്‍മലയോട് പറഞ്ഞു. പക്ഷേ അവര്‍ സമ്മതിച്ചില്ല. സദാചാരസങ്കല്പങ്ങള്‍ക്കു നേരേയുള്ള ഒരു ഷോക്ക് ട്രീറ്റുമെന്റാണ് തന്റെ ചിത്രമെന്ന് വിജയ നിര്‍മല ഉറച്ചു വിശ്വസിച്ചു. തെലുങ്കിലും അതേ പടി റീമേക്ക് ചെയ്തു. തെലുങ്കിലും കവിത വിജയമായി. രണ്ടാമത് സംവിധാനംചെയ്ത മീന എന്ന തെലുങ്ക് ചിത്രം 100 ദിവസം ഓടി സൂപ്പര്‍ഹിറ്റായി. 

ആത്മവിശ്വാസക്കുറവാണ് സംവിധാന രംഗത്ത് നിന്ന് സത്രീകളെ പിന്നോട്ട് വലിക്കുന്നതെന്ന് വിജയ നിര്‍മല പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഇപ്പോഴും സ്ത്രീകള്‍ പുരുഷന്റെ നിഴലില്‍ കഴിഞ്ഞു കൂടാനാണ് ആഗ്രഹിക്കുന്നത്. സ്ത്രീയുടെ സഹപ്രവര്‍ത്തകനായി പുരുഷനെ ഒരുമിച്ചുനിര്‍ത്തിക്കൊണ്ട് സ്ത്രീക്ക് അവളുടെ വഴികളില്‍ മുന്നേറാവുന്നതേയുള്ളൂ- ഇതായിരുന്നു നിര്‍മലയുടെ കാഴ്ചപ്പാട്. 

തെലുങ്ക് നടന്‍ നരേഷാണ് വിജയ നിര്‍മലയുടെ മകന്‍. ആദ്യ ഭര്‍ത്താവായ കൃഷ്ണ മൂര്‍ത്തിയില്‍ ജനിച്ച മകനാണ് നരേഷ്.

പ്രശസ്ത നടന്‍ മഹേഷ് ബാബുവിന്റെ രണ്ടാനമ്മ കൂടിയാണ് വിജയ നിര്‍മല. കൃഷ്ണ ഘട്ടമനേനിക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകനാണ് മഹേഷ് ബാബുവും.

Content Highlights: vijaya nirmala Kalyanarathriyil, heroine of First Malayalam Movie to get A Certificate, prem nazir, M. Krishnan Nair, bhargavi nilayam, kavitha