കുശനും ലവനും | ഫോട്ടോ: www.facebook.com/kusan.prakashan
വെറും അഞ്ചു മിനിറ്റ് നേരത്തെ ഫോണ്‍ സംഭാഷണത്തിലാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ ഇപ്പോഴത്തെ ഏറ്റവും മികച്ച വി.എഫ്.എക്‌സ്.(വിഷ്വൽ എഫക്ട്‌സ്) കമ്പനി തുടങ്ങിയതെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ വിവിധ ഭാഷകളിലായി 350-ഓളം സിനിമകള്‍ ചെയ്ത ഡിജിറ്റല്‍ ടര്‍ബോ മീഡിയ അഥവാ ഡി.ടി.എം. ആണ് ആ കമ്പനി. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശികളായ ലവന്‍ പ്രകാശനും കുശന്‍ പ്രകാശനും ലവകുശ എന്ന പേരില്‍ ഇന്ന് വി.എഫ്.എക്‌സ്. രംഗത്ത് പുതിയ ഉയരങ്ങള്‍ തേടുകയാണ്. മലയാളവും തെലുങ്കും തമിഴും കന്നഡയും ഹിന്ദിയുമെല്ലാം കടന്ന് സിനിമാലോകത്തിന്റെ വിഹായസ്സില്‍ സ്വന്തം പേരുകള്‍ എഴുതിച്ചേര്‍ത്തു ഈ സഹോദരന്മാര്‍. ലവകുശ ടീമിനുവേണ്ടി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ലവന്‍ പ്രകാശന്‍.
വി.എഫ്.എക്‌സ്. രംഗത്തേക്ക്
തികച്ചും അപ്രതീക്ഷിതമായിട്ട് വന്നതാണ്. ബി.സി.ഐ. കഴിഞ്ഞയാളാണ് ഞാന്‍. പരസ്യം കണ്ടപ്പോഴൊക്കെ വന്ന ആഗ്രഹത്തില്‍ ഈ ഫീല്‍ഡിലേക്ക് വരികയായിരുന്നു. പഠിക്കാനെല്ലാം നമ്മളെക്കൊണ്ട് കഴിയാവുന്ന രീതിയിലെല്ലാം നോക്കി. പിന്നീട് മുംബൈക്ക് പോയി. കൂട്ടുകാരുണ്ടായിരുന്നു. ആ സമയത്താണ് കുറച്ച് കാര്യങ്ങളൊക്കെ പഠിച്ചത്. പിന്നെ ഒരു കമ്പനിയില്‍ ജോലിക്ക് കയറി, അവിടെനിന്നാണ് കരിയറിന്റെ അടുത്ത സ്‌റ്റെപ്പ്. കുശന്റെ കാര്യമെടുത്താല്‍ ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. എക്‌സ് റേ വെല്‍ഡിങ് ആയിരുന്നു. സിനിമ, നാടകം, അഭിനയം ഒക്കെയായിരുന്നു താത്പര്യം. സിനിമയോടുള്ള താത്പര്യം കൊണ്ട് പഠിച്ച് മുംബൈയില്‍ ജോലിക്ക് കയറി. പിന്നെ ക്രമേണ അവനും ഈ ഫീല്‍ഡിലേക്ക് വരികയായിരുന്നു.
ഒരുമിച്ച് ചെയ്യാമെന്ന ആശയം
ഞാന്‍ ബോംബെയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത്, 2015-ല്‍ കുശന്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. ഒരു ദിവസം അവന്‍ വിളിച്ച് പറഞ്ഞു, ചേട്ടാ ഒരു കമ്പനി തുടങ്ങാന്‍ ആഗ്രഹമുണ്ടെന്ന്. എനിക്ക് അതുവരെ അങ്ങനെ ഒരാഗ്രഹമുണ്ടായിരുന്നില്ല. ഞാന്‍ ഓ.കെ. പറഞ്ഞു. ഞാനങ്ങനെ എന്റെ ഭാര്യയുമായി ഇക്കാര്യം സംസാരിച്ചു. എനിക്കിഷ്ടമുണ്ടെങ്കില്‍ കുശനൊപ്പം ചേര്‍ന്നോളാന്‍ പുള്ളിക്കാരി പറഞ്ഞു. അനിയനല്ലേ. വേറെയാരും ഇല്ല എന്നുണ്ടെങ്കില്‍ ഞാനുണ്ടെന്ന് അവനെ വിളിച്ചു പറഞ്ഞു. ഞാനുണ്ടെങ്കില്‍ വേറെ ടെന്‍ഷനൊന്നുമില്ലെന്ന് അവനും പറഞ്ഞു. അങ്ങനെയാണ് ഞങ്ങള്‍ രണ്ടുപേരും ഈ രംഗത്തേക്ക് വരുന്നത്. വെറും അഞ്ച് മിനിറ്റിന്റെ ഫോണ്‍സംഭാഷണത്തിലുണ്ടായ കമ്പനിയാണ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ. ഡി.ടി.എം. എന്നാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 350-ഓളം സിനിമകള്‍ ചെയ്തുകഴിഞ്ഞു.

ആദ്യകാലത്തെ ബുദ്ധിമുട്ടുകള്‍
ആദ്യമായി ഒരു കമ്പനി തുടങ്ങുമ്പോള്‍ വിശ്വാസക്കുറവുണ്ടാവും. ഏതു കാര്യത്തിലും അതങ്ങനെ തന്നെയാണല്ലോ. പേരില്ലാത്ത കമ്പനിയാണ്, പുതിയ ആള്‍ക്കാരാണ്, അവരെ ജോലിയേല്‍പ്പിച്ചാല്‍ ഉത്തരവാദിത്വത്തോടെ ചെയ്തുതരുമോ എന്നെല്ലാമായിരുന്നു തുടക്കത്തില്‍ നേരിട്ട കാര്യങ്ങള്‍. അതുകൊണ്ട് ആദ്യത്തെ വര്‍ഷം കുറച്ച് പടങ്ങളേ ചെയ്തിട്ടുള്ളൂ. 'പുതിയ നിയമം' ആണ് ആദ്യത്തെ പടം. ആന്റോ ചേട്ടനാണ് ചാന്‍സ് തന്നത്. സിബി മലയില്‍ സാറിന്റെ സൈഗാള്‍ പാടുകയാണ് എന്ന ചിത്രവും ആ വര്‍ഷം തന്നെയാണ് ചെയ്തത്. രണ്ടാമത്തെ വര്‍ഷമാണ് 'കമ്മട്ടിപ്പാടം' ചെയ്തത്. അതുതന്നെയാണ് ബ്രേക്കായതും. അതിനുശേഷം എസ്ര, പറവ, ട്രാന്‍സ്, മായാനദി, വരത്തന്‍ ഒക്കെ ചെയ്തു. മലയാളത്തില്‍ ഏഴെട്ട് വര്‍ഷത്തിനിടെ ഒരു വിധം എല്ലാ സംവിധായകരുടേയും ഛായാഗ്രാഹകരുടേയും കൂടെ ജോലി ചെയ്യാനായി.
'777 ചാര്‍ലി' കൊണ്ടുവന്ന മാറ്റം
സിനിമകള്‍ നേരിട്ട് ഏറ്റെടുത്ത് ചെയ്യുകയായിരുന്നു ഇതുവരെ. അതിനൊരു മാറ്റം കൊണ്ടുവന്നത് 777 ചാര്‍ലി എന്ന കന്നഡ സിനിമയായിരുന്നു. മറ്റൊരു കമ്പനിയുടെ കീഴില്‍ ആ പടം ചെയ്തത്. 'കാന്താര'യുടെയെല്ലാം ഛായാഗ്രഹകനായ അരവിന്ദ് കശ്യപ് പറഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
എല്ലാ പടങ്ങളും വെല്ലുവിളിയാണ്
എട്ടു വര്‍ഷത്തെ കരിയറില്‍ എല്ലാ പടങ്ങളും വെല്ലുവിളിയായിത്തന്നെയാണ് തോന്നിയിട്ടുള്ളത്. കാരണം ഒരു പടത്തില്‍ ചെയ്യുന്ന കാര്യം മറ്റൊരു പടത്തില്‍ ആവര്‍ത്തിക്കാന്‍ പറ്റില്ല. ഒരേ പോലുള്ള രണ്ട് വര്‍ക്കുകള്‍ ഒരേ ടൂളുകള്‍ ഉപയോഗിച്ച് ചെയ്യാന്‍ പറ്റില്ല. അല്ലെങ്കില്‍ ഒരേ ആശയം വെച്ച് ചെയ്യാന്‍ പറ്റില്ല. പ്രേക്ഷകന് ഒരേ സംഗതി തന്നെ ആവര്‍ത്തിച്ച് കാണാനാവില്ല. അതാണ് നമുക്കുള്ള ഗുണവും വെല്ലുവിളിയും. കോടാനുകോടി മുടക്കി ചെയ്യുന്ന സിനിമയായാലും മിനിമം ബജറ്റില്‍ ചെയ്യുന്ന പടമായാലും ടെക്‌നീഷ്യന്‍ എന്നുള്ള രീതിയില്‍ നമുക്കുള്ള വെല്ലുവിളി അതാണ്.

ഒരു സിനിമയ്ക്ക് വി.എഫ്.എക്‌സ്. ചെയ്യാനെടുക്കുന്ന സമയം
സമയം എന്നത് ഓരോ സിനിമയേയും ആശ്രയിച്ചിരിക്കും. സിനിമയുടെ റിലീസ് ഡേറ്റ് കണക്കാക്കിയാണ് എല്ലാം ചെയ്യുന്നത്. ഉദാഹരണത്തിന് നമ്മുടെ സ്‌ട്രെങ്ത് വെച്ച് പടം ചെയ്യാന്‍ പത്തു ദിവസം വേണമെങ്കില്‍ അത് പറയും. ഇനി നമ്മള്‍ പറയുന്നത് ഒരു മാസവും സിനിമയുടെ റിലീസ് പതിനഞ്ച് ദിവസംകൊണ്ടാണെന്ന് അവര്‍ പറയുകയും ചെയ്താല്‍ ഒന്നിലേറെ കമ്പനികളായി ചെയ്യാമെന്ന് നിര്‍ദേശിക്കുകയാണ് പതിവ്. പ്രൊഫഷണലുകളുമായി ബന്ധപ്പെട്ടാണ് ഇക്കാര്യങ്ങള്‍ ചെയ്യാറ്. ഒരുവിധം എല്ലാ വി.എഫ്.എക്‌സ്. കമ്പനികളും അങ്ങനെ തന്നെയാണ് ചെയ്യാറ്.
മലയാളത്തിനെ അപേക്ഷിച്ച് അന്യഭാഷാചിത്രങ്ങള്‍ വി.എഫ്.എക്‌സിന് നല്‍കുന്ന പ്രാധാന്യം?
ഏത് ഭാഷാ ചിത്രമായാലും ജോലിക്ക് കൊടുക്കുന്ന പ്രാധാന്യം ഒരു പോലെയാണ്. അന്യഭാഷാ ചിത്രങ്ങളുടെ കാര്യമെടുത്താല്‍ അവര്‍ക്ക് കുറച്ചുകൂടി പൈസ മുടക്കാനുണ്ടാവും. ആ ഒരു മെച്ചം അന്യഭാഷാ ചിത്രങ്ങളിലുണ്ട്. ഒരു ചെറിയ മലയാളസിനിമയുടെ ബജറ്റ് മൂന്ന് മുതല്‍ അഞ്ച് കോടി വരെയായിരിക്കും ഏകദേശം. പക്ഷേ അന്യഭാഷകളില്‍ ഈ ബജറ്റിലാണ് വി.എഫ്.എക്‌സ്. മാത്രം ചെയ്യുന്നത്. എല്ലാം അതിന്റെ സ്‌കെയില്‍ അനുസരിച്ചിട്ടാണ്. മലയാളം എന്നത് ഇത്രയും ചെറിയ ജനവിഭാഗം കാണുന്ന പടമല്ലേ. പ്രേക്ഷകരുടെ എണ്ണം മാറുന്നതിനനുസരിച്ച് വി.എഫ്.എക്‌സ്. ചെയ്യുന്നതിലും എന്തായാലും വ്യത്യാസങ്ങളുണ്ടാകും.
വി.എഫ്.എക്‌സ്. വിദഗ്ധര്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഉണ്ടാവണോ?
വി.എഫ്.എക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്ന സമയത്ത് നമ്മളുണ്ടാവും ലൊക്കേഷനില്‍. എങ്ങനെയാണ് ഷൂട്ട് ചെയ്‌തെടുക്കേണ്ടത് എന്നറിയണം. എങ്ങനെയെടുക്കണം എന്ന് പറഞ്ഞ് ചെയ്യിച്ചെടുക്കും. അങ്ങനെയുള്ള ഷോട്ടുകള്‍ എടുക്കേണ്ട സമയത്ത് നമ്മളെ വിളിച്ചുവരുത്തും. ഉദാഹരണത്തിന് ഒരു നടന്‍ ഡബിള്‍ റോള്‍ ചെയ്യുകയാണെന്ന് കരുതുക. രണ്ടുപേരും തമ്മിലുള്ള ഫൈറ്റാണ്. രണ്ടു പേര്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് സംസാരിക്കുന്ന ഷോട്ടാണെങ്കില്‍ കുഴപ്പമില്ല. രണ്ടായിട്ട് ഷൂട്ട് ചെയ്താല്‍ നടക്കും. ഫൈറ്റ് സീനാണെങ്കില്‍ കുറച്ചുകൂടി ബുദ്ധിമുട്ടാകും. തമിഴില്‍ ഡിക്കിലോന എന്നൊരു പടം ചെയ്തു. നായകനായ സന്താനം ട്രിപ്പിള്‍ റോളിലാണ്. ട്രിപ്പിള്‍ ആക്ഷനുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ നമ്മളെ ലൊക്കേഷനിലേക്ക് വിളിക്കും. സംവിധായകനുമായി ചര്‍ച്ച ചെയ്യും. കാരണം സാങ്കേതികപരമായി കുറച്ചധികം ശ്രദ്ധിക്കേണ്ട രംഗങ്ങളായിരിക്കും അവ. പിന്നെ ഛായാഗ്രാഹകനുമായി എങ്ങനെ ഷൂട്ട് ചെയ്‌തെടുക്കണമെന്നും ചര്‍ച്ച ചെയ്യും. മലയാളത്തില്‍ 'പ്രീസ്റ്റിന്റെ'യും 'കള'യുടേയുമെല്ലാം ഗ്രാഫിക്‌സ് എങ്ങനെ ചെയ്‌തെന്നുള്ള വീഡിയോകള്‍ പുറത്തിറക്കിയിരുന്നു.

ഒരേ സമയം, ഒന്നിലേറെ സിനിമകള്‍
ഒരേസമയം മൂന്ന് സിനിമകള്‍ വരെ ചെയ്തിട്ടുണ്ട്. പക്ഷേ, ഓരോ ചിത്രവും ചെയ്ത് കഴിയുന്നത് ഓരോ സമയത്തായിരിക്കും. ഒരു പ്രോജക്റ്റ് മാത്രമെടുത്ത് നമുക്ക് ചെയ്യാന്‍ കഴിയില്ല. അല്ലെങ്കില്‍ വലിയ ചിത്രങ്ങള്‍ പിടിക്കണം. അതായത് ഗ്രാഫിക്‌സിന് വലിയ മുടക്കുള്ള ചിത്രങ്ങള്‍. അപ്പോള്‍ വേറെ ചിത്രങ്ങളില്ലെങ്കിലും നമ്മുടെ ആവശ്യങ്ങള്‍ നടന്നുപോകും. പക്ഷേ, ഞങ്ങള്‍ ചെറിയ സിനിമകള്‍ ചെയ്യുന്നവര്‍ ആയതുകൊണ്ട് ഒറ്റ സിനിമ മാത്രമായി ചെയ്യാന്‍ പറ്റില്ല. റിലീസ് നീട്ടിവെയ്ക്കുകയൊക്കെ ചെയ്താല്‍ ബുദ്ധിമുട്ട് വരും. അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് ഒന്നിലേറെ ചിത്രങ്ങള്‍ ചെയ്യുന്നത്.
വ്യക്തിപരമായി ഒരു സ്വപ്‌നമുണ്ട്
കമ്പനിയുടേതല്ലാത്ത, വ്യക്തിപരമായ ഒരു സ്വപ്‌നമുണ്ട്. വെള്ളത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒരു ഹിന്ദി സിനിമയ്ക്കുവേണ്ടി ചെറിയ രീതിയില്‍ ചെയ്തിരുന്നു. അതല്ലാതെ 'ലൈഫ് ഓഫ് പൈ' പോലെയൊക്കെയുള്ള പടമാണ് മനസില്‍. നല്ല രീതിയില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
പുതിയ ചിത്രങ്ങള്‍
മലയാളത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്ന ധൂമം എന്ന പടം വരാനുണ്ട്. വേല, മമ്മൂക്കയുടെ പുതിയ ചിത്രം വരുന്നുണ്ട്. തമിഴില്‍ ജയം രവി നായകനാവുന്ന 'സൈറണ്‍' ആണ് ചെയ്യുന്നത്. പിന്നെ തെലുങ്കില്‍ സായി ധരം തേജ് അഭിനയിക്കുന്ന 'വിരൂപാക്ഷ'. കന്നഡയില്‍ ദാലി ധനഞ്ജയയുടെ 'ഹൊയ്‌സാല'യും ചെയ്തുവരുന്നു.
Content Highlights: vfx technician lava kusa lavan interview, story behind dtm vfx company
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..