ത്തുവർഷംമുമ്പ്, മാഘമാസത്തിലെ ഒരു തണുത്ത പ്രഭാതത്തിൽ, കൊൽക്കത്തയിലെ പുരാതനമായ തെരുവുകളിലൊന്നിൽവെച്ച് വാങ്ങിയ ‘ടെലിഗ്രാഫ്’ പത്രത്തിൽ ഒരു ചെറിയ വാർത്തയുണ്ടായിരുന്നു: ‘സൗമിത്ര ചാറ്റർജിക്ക്‌ ഇന്ന് പിറന്നാൾ’. ഞങ്ങളുടെ സുഹൃദ്സംഘം ആ വാർത്ത ആരാധനയോടെയാണ് വായിച്ചത്. കാരണം, ആ ഒറ്റവരിയിലൂടെ മനസ്സിലേക്ക് തിരയടിച്ചുവന്നത് സത്യജിത് റായ്‌ സൃഷ്ടിച്ച് സൗമിത്ര ചാറ്റർജി അനശ്വരമാക്കിയ ഒരുപിടി കഥാപാത്രങ്ങളായിരുന്നു: അതിൽ ‘അപുർ സൻസാറി’ലെ അപൂർബ കുമാർ റായും ‘ദേവി’യിലെ ഉമാപ്രസാദും ‘തീൻ കന്യ’യിലെ അമുല്യയും ‘ചാരുലത’യിലെ അമലും ‘കാപുരുഷി’ലെ അമിതാഭ്‌ റായും ‘ആരണ്യേർ ദിൻ രാത്രി’യിലെ അസിം ചാറ്റർജിയും ‘സൊനാർ കെല്ല’യിലെ പ്രദോഷ് സി. മിത്രയും ‘ഗണശത്രു’വിലെ ഡോ. അശോക് ഗുപ്തയുമെല്ലാമുണ്ടായിരുന്നു.

കഥാപാത്രം മുന്നിൽ

കഥാപാത്രത്തെയും കഥാനായകനെയും പിറന്നാൾദിനത്തിൽ ഒന്നിച്ചുകാണാനൊരു മോഹം. താമസിക്കുന്ന സ്ഥലത്തെത്തി ടെലിഫോൺ ഡയറക്ടറിയെടുത്ത് അതിൽ കാണുന്ന സൗമിത്ര ചാറ്റർജിമാരെ മുഴുവൻ വിളിച്ചുതുടങ്ങി. ഏതൊക്കെയോ സൗമിത്രമാർ അപരിചിത ശബ്ദങ്ങളായി വന്നുപോയി. ഒടുവിലൊന്നിൽ സ്നിഗ്ധമായ ആ പരിചിതശബ്ദം നിറഞ്ഞു. പിറന്നാൾദിന ആശംസകൾ പറഞ്ഞപ്പോൾ മറുപടിയായി നന്ദി പറഞ്ഞു. കാണാൻ താത്‌പര്യമുണ്ട് എന്ന് അറിയിച്ചപ്പോൾ തിരക്കുണ്ട് എന്നു പറഞ്ഞൊഴിയാൻ ശ്രമിച്ചു. ഒടുവിൽ മാതൃഭൂമിയെയും അവിടേക്ക് ഗോവണി കയറിവന്ന മഹാത്മാഗാന്ധിയെയും സ്വാതന്ത്ര്യസമരത്തെയും സൗമിത്രയ്ക്ക് ഓരോ തവണയും ദേശീയ അവാർഡ് ലഭിക്കാതാവുമ്പോൾ പത്രം നടത്തിയ എഡിറ്റോറിയൽ പരാമർശങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞപ്പോൾ ഒരുവിധം സമ്മതിച്ചു. എന്നിട്ട് തനി ബംഗാളിയിൽ പറഞ്ഞു: ആഷൂൻ, ആഷൂൻ (വരൂ, വരൂ). ഞങ്ങൾ ചെന്നു. മഹാനഗരത്തിൽ ഗോൾഫ് ഗ്രീനിലുള്ള ആ വീട് അതിലളിതമായിരുന്നു. ഇരിപ്പുമുറിയിൽ അഭിജാതവും കുലീനവുമായ മന്ദഹാസവുമായി അദ്ദേഹം ഇരുന്നിരുന്നു. അപരിചിതത്വത്തിന്റെ അല്പനിമിഷങ്ങൾ ഉരുകിത്തീർന്നപ്പോൾ സൗമിത്ര പതുക്കെപ്പതുക്കെ സംസാരിച്ചുതുടങ്ങി. ആ സംസാരങ്ങളിൽ ആകാശം മുട്ടെ ഉയർന്നുനിന്നിരുന്ന രൂപം സത്യജിത് റായിയുടേതായിരുന്നു.

ബംഗാളി സിനിമയിൽ ഒരു താത്‌പര്യവുമില്ലാതെ കവിതയിലും നാടകത്തിലും ഭ്രമിച്ചുനടന്നിരുന്ന സൗമിത്ര ‘പഥേർ പാഞ്ചലി’ ആദ്യ ദിവസങ്ങളിലൊന്നും കണ്ടതേയില്ല. അഞ്ചുതവണ ആ സിനിമകണ്ട് ഒരു സുഹൃത്ത് സൗമിത്രയോട് പറഞ്ഞു: ‘അഞ്ചു പ്രാവശ്യവും ഇടവേളയ്ക്കുമുമ്പ് എനിക്ക്‌ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോരേണ്ടിവന്നു’. പിന്നീട്, ഒരുതവണയല്ല ഒരുപാടുതവണ സൗമിത്ര ആ സിനിമ കണ്ടു. ആ കാഴ്ചകളിൽ ഒന്നുമാത്രമേ തനിക്കിപ്പോൾ ഓർമയുള്ളൂ എന്ന് അദ്ദേഹം അന്ന് പറഞ്ഞു: ‘‘ഓരോ തവണയും ഞാൻ കരഞ്ഞിട്ടുണ്ട്’’.

അപുവും അച്ഛനും

സത്യജിത് റായിയെ ആദ്യമായി കണ്ടതിനെക്കുറിച്ചും അന്നദ്ദേഹം വിശദമായി പറഞ്ഞത് ഓർക്കുന്നു:
‘സ്കൂളുകൾക്ക് മുന്നിൽ ചെന്നുനിന്ന് കുട്ടികളെ നിരീക്ഷിച്ച് തന്റെ കഥാപാത്രത്തിന് യോജിച്ചവരെ കണ്ടെത്തുകയായിരുന്നു റായിയുടെ രീതി. ആ സമയത്ത് റായിയുടെ അസിസ്റ്റന്റ് പ്രൊഡക്‌ഷൻമാനും എന്റെ സുഹൃത്തുമായ നിതായി ദത്ത എന്നോട് അഭിനയിക്കാൻ താത്‌പര്യമുണ്ടോ എന്നു ചോദിച്ചു. ഞാൻ കൃത്യമായി മറുപടി പറഞ്ഞില്ല. ഒരുദിവസം ഞാനും എന്റെ സുഹൃത്തും കൊൽക്കത്ത കോഫി ഹൗസിൽ ഇരിക്കുമ്പോൾ പുറത്ത് റോഡിനപ്പുറം ദീർഘരൂപനായ ഒരാൾ നിൽക്കുന്നത് കണ്ടു. അദ്ദേഹം ഞങ്ങളെത്തന്നെയാണ് നോക്കിയിരുന്നത്. 
‘അതാരാണ്’ ഞാൻ സുഹൃത്തിനോട് ചോദിച്ചു. 
അവൻ പറഞ്ഞു: ‘അതാണ് സത്യജിത് റായ്‌’’. 

അദ്ദേഹം അടുത്തനിമിഷം ആൾക്കൂട്ടത്തിലേക്ക് മറഞ്ഞു. പിന്നീട് നിതായി ദത്തയുടെ നിർബന്ധപ്രകാരം ഞാൻ റായെക്കാണാൻപോയി. അദ്ദേഹം വാതിലടച്ചിരുന്ന് പഥേർ പാഞ്ചലിയുടെ രണ്ടാം ഭാഗമായ ‘അപരാജിതോ’യുടെ തിരക്കഥയുടെ അവസാനവട്ട മിനുക്കുപണികൾ ചെയ്യുകയായിരുന്നു. വാതിൽ തുറന്ന് ഞാൻ അകത്ത് കടന്നയുടനെ തലയുയർത്തി അദ്ദേഹം പറഞ്ഞു: ‘‘നീയെന്റെ അപുവിനെക്കാൾ വളർന്ന് പോയല്ലോടാ’’. അന്ന് ഞാൻ മടങ്ങി. മൂന്നുവർഷത്തിനുശേഷം മൂന്നാം ഭാഗമായി ‘അപുർ സൻസാർ’ എടുക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം എന്നെ വിളിപ്പിച്ചിട്ട് പറഞ്ഞു: ‘‘അപുവിന്റെ യൗവനം ഞാൻ നിനക്ക് തരുന്നു. എന്റെ അപു ഇനി നീയാണ്.’’
അവിടെ ലോകസിനിമയിലെ ഒരു അപൂർവ ബന്ധം തുടങ്ങുകയായിരുന്നു. തുടർന്ന് സത്യജിത് റായിയുടെ പതിന്നാല്‌ സിനിമകളിൽ സൗമിത്ര ചാറ്റർജിയായിരുന്നു മുഖ്യനടൻ. ഇരുവരും പ്രായംകൊണ്ട് നല്ല അന്തരമുണ്ടായിരുന്നു. റായിക്ക് സവിശേഷമായ വാത്സല്യം സൗമിത്രയോടുണ്ടായിരുന്നു എന്നതിന് നെമായി ഘോഷ് എടുത്ത അവരുടെ ഫോട്ടോകൾ സാക്ഷ്യമാണ്. ആ ഫോട്ടോകളിലൊന്നിൽ ഒരച്ഛൻ മകനെന്നതുപോലെ റായ്‌ സൗമിത്രയുടെ മുടി ചീകിക്കൊടുക്കുന്നതാണ്. സുഹൃത്തിനെപ്പോലെ സൗമിത്രയ്ക്ക് റായ്‌ ഹുക്ക വലിക്കാൻ പഠിപ്പിക്കുന്ന ചിത്രവും പ്രസിദ്ധമാണ്.

സമാനരുചിയുള്ളവർ

റായിയും സൗമിത്രയും പലകാര്യങ്ങളിലും സമാനരുചിയുള്ളവരായിരുന്നു. രണ്ടുപേർക്കും ഇന്ത്യയെയും ഇന്ത്യൻ ഗ്രാമങ്ങളെയും ഇഷ്ടമായിരുന്നു. രബീന്ദ്രനാഥ ടാഗോറും അദ്ദേഹത്തിന്റെ കഥകളും കവിതകളും ഗാനങ്ങളും ചിത്രങ്ങളുമൊക്കെയായിരുന്നു ഇരുവർക്കുമിടയിലെ ഇഷ്ടസംസാരവിഷയം. സൗമിത്ര ടാഗോർ കവിതകളും രബീന്ദ്രസംഗീതവും അതിമനോഹരമായി ആലപിക്കുമായിരുന്നു. 
കൊൽക്കത്തയിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ചതും ഇപ്പോഴും നന്നായി നടക്കുന്നതുമായ കൊൽക്കത്ത റോവിങ്‌ ക്ലബ്ബിൽ ഒരു വൈകുന്നേരം സൗമിത്രയെ ദൂരെനിന്ന് കണ്ടിട്ടുണ്ട്. രാത്രി ഏറെവൈകിയും ഏതൊക്കെയോ സുഹൃത്തുക്കൾക്കിടയിലിരുന്ന് അദ്ദേഹം ഏതോ ടാഗോർ കവിത ചൊല്ലുന്നത് കേട്ടു. കൊൽക്കത്തയിലെ സായാഹ്നങ്ങളിൽ പൊതുവേദിയിൽ ടാഗോർ കവിതകൾ ചൊല്ലുന്ന സൗമിത്രയുടെ ചിത്രം മിക്കദിവസങ്ങളിലെ നഗരപത്രങ്ങളിലുമുണ്ടാകും.

ഒരുപാടുകാലം സത്യജിത് റായ്‌ താമസിച്ച ഫ്ളാറ്റാണ് താൻ ആദ്യം വാങ്ങിയത് എന്ന് അന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് അസ്തിത്വമുണ്ടാക്കിത്തന്ന അപു ജനിച്ച ചുമരുകൾക്കുള്ളിൽ ഒരുപാട് കാലം സൗമിത്ര ജീവിച്ചു, സന്തോഷത്തോടെ, സാഭിമാനം. ഉച്ചയ്ക്ക് ഒരു മണികഴിഞ്ഞപ്പോൾ സൗമിത്ര വാച്ചുനോക്കി സംസാരം അവസാനിപ്പിച്ച് എഴുന്നേറ്റു. ‘പിറന്നാൾ സദ്യക്ക് സമയമായോ’ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘ഏയ് സദ്യയൊന്നുമില്ല, വൈകുന്നേരം ഒരു നാടകമുണ്ട്. ഞാനാണ് പ്രധാന നടൻ. അതിന്റെ ആധി ഉള്ളിൽ തുടങ്ങിക്കഴിഞ്ഞു’’ അവസാനകാലംവരെ ബംഗാളി തിയേറ്റർ രംഗത്ത് സൗമിത്ര സജീവമായിരുന്നു. 

മലയാള സിനിമയെക്കുറിച്ച് സംസാരിച്ചപ്പോൾ മോഹൻലാലിന്റെ ഒരു സിനിമ കണ്ടിട്ടുണ്ട് എന്നും തനിക്ക് ഏറെ ആദരവുള്ള നടനാണ് ലാൽ എന്നും പറഞ്ഞു. കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്ന ലാലുമായി അല്പനേരം ഫോണിൽ സംസാരിക്കുകയും ചെയ്തു.

അന്നത്തെ സമാഗമം കഴിഞ്ഞ് തിരിച്ചെത്തി കുറച്ച് മാസങ്ങൾക്കുശേഷം ഒരു തിങ്കളാഴ്ച കൈയിൽ കിട്ടിയ ‘ഔട്ട്‌ലുക്ക്’ മാഗസിന്റെ അവസാനതാളുകളിലൊന്നിൽ ഒരു കുറിപ്പുണ്ടായിരുന്നു. ആ കുറിപ്പിന്റെ സാരം ഇതായിരുന്നു: ‘പ്രമുഖ ബംഗാളിനടനും സത്യജിത് റായിയുടെ ആത്മമിത്രവുമായ സൗമിത്ര ചാറ്റർജിക്ക്‌്‌ അർബുദം സ്ഥിരീകരിച്ചു. അടുത്തകാലത്ത് നടത്തിയ വിശദമായ പരിശോധനകൾക്കുശേഷം ഡോക്ടർമാർ പരാജയം സമ്മതിച്ചു’.

അത് വായിച്ച് വേദനയോടെ തരിച്ചിരുന്നുപോയി. രണ്ടു മാസംമുമ്പ് ഞങ്ങൾക്കുമുമ്പിൽ ചിരിച്ച് തെളിഞ്ഞിരുന്നിരുന്നത് രോഗം പടർന്ന ശരീരമുള്ള ഒരു മനുഷ്യനായിരുന്നു. തന്റെ രോഗത്തിന്റെ അവസ്ഥ അറിഞ്ഞപ്പോൾ സൗമിത്ര പറഞ്ഞു:
‘‘മരണസമയം മുൻകൂട്ടി അറിയാത്തതുകൊണ്ട് നമ്മളെല്ലാം അനശ്വരരാണ് എന്ന് നമുക്ക് തോന്നുന്നു. എന്നാൽ, ആയുസ്സ് ഇനി ഇത്രകാലം മാത്രം എന്നറിയുമ്പോൾ പെട്ടെന്ന് നാം നമ്മുടെ നശ്വരത തിരിച്ചറിയുന്നു’’. 
നശ്വരതയെക്കുറിച്ചുള്ള ഈ ബോധ്യത്തിൽനിന്നാണ് തുടർന്നുള്ള സൗമിത്രയുടെ സർഗാത്മകപ്രവർത്തനങ്ങളെല്ലാം ജ്വലിച്ചത്. അതിൽ കവിതയും നാടകവും സിനിമയും പുസ്തകരചനയുമെല്ലാമുണ്ടായിരുന്നു.

Content highlights : Veteran Bengali Actor Soumitra Chatterjee Interview Feature