വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റർ തേജസ്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യർ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാൻ ഇടയായത്. തനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞ് കരയുന്ന തേജസ്സായിരുന്നു വീഡിയോയിൽ. 

അന്ന് ഒരുപാട് കരഞ്ഞെങ്കിലും ഇന്ന് ഇഷ്ടതാരത്തിനൊപ്പം അഭിനയിക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് തേജസ്. കുരുന്നിന്റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു. ആറു വയസ്സാണ് ഇപ്പോൾ തേജസിന്.

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം.  മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.

മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. എഡിറ്റിങ് അപ്പു ഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. 

ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ - എ.എസ്.ദിനേശ്.

Content Highlights: vellarikkapattanam movie, manju warrier, soubin shahir, mahesh vettiyar