ലയാളത്തിലെ പ്രശസ്ത ചെറുകഥകളെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്ന പദ്ധതി ദൂരദർശനുണ്ടായിരുന്നു. അതിന്റെ ഭാഗമായി തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയെന്ന ആവശ്യമാണ് എന്റെ മുമ്പിലേക്കെത്തിയത്. ‘വെള്ളപ്പൊക്കത്തിൽ’ എന്ന ചെറുകഥ നിർദേശിച്ചത് രൺജി പണിക്കരാണ്. തകഴിയുടെ ഏറ്റവും മികച്ച കഥ അതാണെന്ന അഭിപ്രായമാണ് രൺജിക്കുണ്ടായിരുന്നത്.

‘വെള്ളപ്പൊക്കത്തിൽ’ ചിത്രീകരിക്കുമ്പോൾ തകഴിച്ചേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞിരുന്നു. എന്നാൽ, അദ്ദേഹത്തെ ഞാൻ കാണുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. തകഴിച്ചേട്ടന് ജ്ഞാനപീഠം കിട്ടിയ സമയത്ത് ഭരതേട്ടനും ജോൺ പോളും ഞാനുംകൂടി  അദ്ദേഹത്തെ കാണാൻ പോയിരുന്നു.  

ഭരതേട്ടന് ‘രണ്ടിടങ്ങഴി’ സിനിമയാക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ആ പോക്കുതന്നെ വളരെ രസകരമായിരുന്നു. വലിയൊരു സാഹിത്യകാരനെ കാണാൻ പോകുന്ന ആവേശത്തിലായിരുന്നു ഞാൻ. വീട്ടിലെത്തിയപ്പോൾ തകഴിച്ചേട്ടൻ അവിടെയില്ല. ചായക്കടയിൽ കാണുമെന്ന് വീട്ടിൽനിന്ന് പറഞ്ഞു. പാടവരമ്പത്തുകൂടെ നടന്ന് ചായക്കടയിലെത്തിയപ്പോൾ അദ്ദേഹം അവിടെനിന്ന് പഞ്ചായത്തോഫീസിലേക്ക് പോയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ അവിടെ ഒരു മേശയുടെ മുകളിൽ ഷർട്ടിടാതെ, ചായകുടിച്ചുകൊണ്ട്, ചേറുപുരണ്ട കാലുമായി അദ്ദേഹം ഇരിക്കുന്നു. കൃഷിയെക്കുറിച്ച് സംസാരിക്കുകയാണ്. പ്രകൃതിയുമായും അവിടത്തെ മനുഷ്യരുമായും അത്രമാത്രം ബന്ധപ്പെട്ട അദ്ദേഹം ലോകസാഹിത്യത്തിൽത്തന്നെ മികച്ച എഴുത്തുകാരിലൊരാളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഓരോ വെള്ളപ്പൊക്കം വരുമ്പോഴും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധം തുടരുമ്പോഴും അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല.

വെള്ളപ്പൊക്കത്തിൽ വായിക്കുമ്പോൾ ഒരിക്കലും വിശ്വസിക്കാൻപോലും കഴിയാത്ത കാലത്തേക്കാണ് നമ്മളെത്തിച്ചേരുന്നത്. 99-ലെ (1924-ലെ) വെള്ളപ്പൊക്കക്കാലത്തെക്കുറിച്ചാണ്  ആ കഥ. നാടുമുഴുവൻ വെള്ളത്തിൽ മുങ്ങി. ദേവന്റെ കഴുത്തറ്റം വെള്ളംകയറി. നാട്ടുകാരെല്ലാം സ്കൂളിൽ ക്യാമ്പ് ചെയ്യുകയാണ്. ചേന്നപ്പറയനെയും ഗർഭിണിയായ ഭാര്യയെയും കുട്ടികളെയുമൊക്കെ വള്ളത്തിൽ വന്ന് ഒഴിപ്പിച്ചു. മുങ്ങാനായ കുടിലിനുമുകളിൽ പട്ടിമാത്രം. പട്ടിയെക്കുറിച്ച് ചേന്നപ്പറയൻ ചോദിച്ചപ്പോൾ അതവിടെ നിൽക്കട്ടെയെന്ന് വള്ളത്തിലുള്ളവർ പറഞ്ഞു. അതിനുള്ള ഇടം വള്ളത്തിലില്ലായിരുന്നു. കുടിലിന് മുകളിലിരിക്കുന്ന പട്ടിയുടെ മൂന്നുനാലുദിവസത്തെ ജീവിതമാണ് കഥയിൽ പറയുന്നത്. 

നാമൊരിക്കലും അനുഭവിക്കാത്ത വെള്ളപ്പൊക്കത്തിന്റെ കഥയായാണ് അന്ന് ആ കഥയെ കണ്ടത്. ഇത്രയും ഭീകരമായ വെള്ളപ്പൊക്കം ഇനി നമ്മുടെ നാട്ടിലുണ്ടാകുമെന്ന് അന്ന് കരുതിയിരുന്നില്ല. പക്ഷേ, ഇപ്പോഴത്തെ വെള്ളപ്പൊക്കം കണ്ടപ്പോൾ ഇത് അന്നുള്ളതിനേക്കാൾ ഭീകരമാണ്. 
എവിടെ ഷൂട്ടുചെയ്യുമെന്നുള്ളതായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്നം. ഒരു നാടുമുഴുവൻ വെള്ളത്തിലാകുന്നത് ചിത്രീകരിക്കണം. സാധാരണ ഒരു സെറ്റിട്ടതിനുശേഷം അതിലേക്ക് വെള്ളം കയറ്റുകയാണ് ചെയ്യുക. എന്നാൽ, ഞങ്ങൾ കായലിൽ കൊണ്ടുപോയി സെറ്റിട്ടു. കായലിനുനടുവിൽ ഒരു കുടിലും തെങ്ങുമൊക്കെ കൊണ്ടുപോയി വെക്കുകയായിരുന്നു. കായ്പുറം എന്ന സ്ഥലത്തായിരുന്നു അത്. അവിടത്തെ നാട്ടുകാരൊക്കെക്കൂടി ചേർന്നാണ് തെങ്ങ് പിഴുതെടുത്തുകൊണ്ടുവന്നു കായലിന് നടുവിൽ വെച്ചത്. മേൽക്കൂരയും അതിനുമുകളിലെ പട്ടിയെയുംമാത്രം കാണാം. കായലിനുനടുവിൽ സെറ്റിട്ട ആദ്യ സിനിമയായിരിക്കുമത്. 

തകഴിയുടെ കഥയിൽ മനുഷ്യത്വത്തിന്റെ വലിയ അംശമുണ്ട്. ദുരന്തത്തിന്റെ ഭീകരത മുഴുവൻ വളരെ ചെറിയൊരു പട്ടിയിലൂടെയോ പക്ഷിക്കുഞ്ഞിലൂടെയോ ഒക്കെ നമുക്ക് പറയാൻ പറ്റും. ചെറിയ ആവിഷ്കരണത്തിലൂടെ വലിയൊരു കാര്യം പറയുമ്പോഴാണ് അതിന് ഭംഗിയുണ്ടാകുക. അടുത്തകാലത്ത് അമേരിക്കയിൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവുമുണ്ടായപ്പോൾപ്പോലും പല വീടിന്റെയും മുകളിൽ പട്ടികളും പൂച്ചകളുമൊക്കെ ഇരുന്നിരുന്നു. പണ്ട് ഇവിടെ നടന്നതുതന്നെ ഇത്രയും പരിഷ്കൃതമായ അമേരിക്കയിലുമുണ്ടായി. ഇത് മനുഷ്യരുടെ മനഃസ്ഥിതിയെയാണ് വെളിവാക്കുന്നത്. മഹാദുരന്തംതന്നെയുണ്ടായി എന്നുള്ള സൂചന തകഴി തരുന്നുണ്ട്. ഒഴുകിവരുന്ന ഓരോ കാഴ്ചയും ചുറ്റുപാടും കേൾക്കുന്ന ഓരോ ശബ്ദവും അവതരിപ്പിക്കുന്നതിനൊപ്പം മനുഷ്യത്വത്തിന്റെ ഒരു അവസ്ഥകൂടി കഥയിൽ പറയുന്നു. മനുഷ്യൻ അവന് പ്രിയപ്പെട്ട പട്ടിയെ ഉപേക്ഷിച്ചുപോകുന്നു. ഇത്തവണയും നമ്മളത് കണ്ടു. പലയിടത്തും ഉപേക്ഷിക്കപ്പെട്ട നായ്‌ക്കളുണ്ടായിരുന്നു. മനുഷ്യന്റേതുപോലെ പ്രധാനപ്പെട്ടതാണ് അതിന്റെ ജീവനും. 

രണ്ട് വെള്ളപ്പൊക്കങ്ങൾക്കിടയിലുള്ള കാലമാണ് നമ്മുടേത്. 1924-ലെ വെള്ളപ്പൊക്കം കുട്ടനാടിനെ മാത്രമാണ് കാര്യമായി ബാധിച്ചത്. അന്ന് ഇതുപോലെ ഡാമുകളൊന്നുമില്ല. പെയ്ത്തുമഴ മാത്രമേയുള്ളൂ. സ്വാഭാവികമായി വെള്ളപ്പൊക്കത്തിൽ പുഴ കവിഞ്ഞ് കുട്ടനാടിനെ മുക്കി. ഇന്ന് കുട്ടനാടിനേക്കാൾ മറ്റു പല സ്ഥലങ്ങളെയും വെള്ളപ്പൊക്കം ബാധിച്ചു. മനുഷ്യനിർമിതമായ പരിഷ്കാരങ്ങളുടെ വലിയൊരു ഇരയായി മനുഷ്യൻതന്നെ മാറി. രണ്ട് കാലം, രണ്ട് പ്രളയം, അതിനിടയിലെ ഒരു കാലം, പ്രകൃതിയെ നമ്മൾ കണ്ട രീതി... ഇവയൊക്കെ നമ്മൾ ചിന്തിക്കേണ്ട വിഷയങ്ങളാണ്.     കഥയുടെ അവസാനം വെള്ളമിറങ്ങിയപ്പോൾ ചേന്നപ്പറയൻ തിരിച്ചുവരികയാണ്. കണ്ടാൽ തിരിച്ചറിയാത്ത രൂപത്തിലുള്ള ഒരു നായ ചത്തുചീർത്തുകിടക്കുന്നു. അപ്പോൾ ആരോ ചോദിച്ചു, ചേന്നാ നിന്റെ പട്ടിയാണോടാ എന്ന്. ‘ആ, കണ്ടിട്ട് തോന്നുന്നില്ല’ എന്നായിരുന്നു ചേന്നന്റെ മറുപടി. പ്രിയപ്പെട്ട സ്വന്തം പട്ടിയുടെ രൂപംപോലും തിരിച്ചറിയാനാകാത്ത ഒരാളായി ആ മനുഷ്യൻ മാറുകയാണ്.

(എം.എസ്‌. രാഖേഷ് കൃഷ്ണനോട് പറഞ്ഞത്)