ജയസൂര്യയും മുരളിയും
ഏറെ നാള്‍ പൂട്ടിക്കിടന്ന തീയറ്റുകളിലേക്ക് കോവിഡ് കാലത്ത് എത്തിയ ആദ്യ മലയാള സിനിമ. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ ജയസൂര്യ അവതരിപ്പിച്ച നായക കഥാപാത്രം.. മദ്യപാനം നശിപ്പിച്ച ഒരായിരം ജീവിതങ്ങള്‍ക്ക് ഒരു തിരി വെട്ടമാവാന്‍ സാധ്യതയുള്ള കഥ. വെള്ളിത്തിരയ്ക്ക് പുറത്തെ യഥാര്‍ത്ഥ മുരളി ജീവിതം തുറന്നു പറയുന്നു...
കുടിച്ചു കുടിച്ച് എല്ലാം വിറ്റുതുലച്ചു.. വീട് ഭാഗംവെച്ചുകിട്ടിയ കാശുപോലും കുടിച്ച് തീര്‍ത്തു. ഭാര്യ ഉപേക്ഷിച്ചു. അച്ഛന്‍ വീട്ടില്‍നിന്ന് പുറത്താക്കി.. ഗതികിട്ടാതെയലഞ്ഞ് ഒരുനാള്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കൈയിലേക്ക് 200 രൂപ നീട്ടിവെച്ചുകൊടുത്ത് ഹൃദയം വിങ്ങിപ്പൊട്ട് അമ്മ പറഞ്ഞു 'മോനേ, ഇതുംകൊണ്ട് ഇത്തവണയെങ്കിലും നീ ഡോക്ടറെ പോയി കാണണം.. കുടിച്ച് തീര്‍ക്കരുത്.. അമ്മയ്ക്കുവേണ്ടി' .. പണവുംകൊണ്ട് കണ്ണൂരിലെ ബാറിനുമുന്നിലെത്തിയപ്പോള്‍ എവിടുന്നോ ഒരു അദൃശ്യ ശക്തി മന്ത്രിച്ചു..'അരുത്. ഇതുംകൊണ്ട് ബാറില്‍ കയറരുത്..' കോഴിക്കോട്ടേക്ക് ഒരു യാത്ര.. ആ യാത്ര ചെന്ന് അവസനാനിക്കുന്നത് ഇന്ന് ലോകമൊട്ടുക്കും ബിസിനസ് യാത്രകള്‍ക്കായി പറന്നുനടക്കുന്ന മുരളി കുന്നുംപുറത്ത് എന്ന വ്യവസായിയുടെ വിജയഗാഥയിലേക്കാണ്..
? ജീവിതം സിനിമയാവുന്നത്...
= ജീവിതം നമ്മള്‍ ചിന്തിക്കുന്നപോലെയേ അല്ല എന്ന് എന്റെ വഴികള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഈ സിനിമയും അങ്ങനെയാണ് സംഭവിച്ചത്, തീര്‍ത്തും അവിചാരിതമായി. രണ്ടുവര്‍ഷം മുമ്പ് സുഹൃത്ത് വിജേഷ് വിശ്വം എന്നെ ഫോണില്‍ വിളിച്ചു. അവനും കൂട്ടുകാരന്‍ ഷംസുദ്ദീന്‍ കുട്ടോത്തും കോഴിക്കോടുണ്ട്. ഒരു സിനിമയുടെ കഥയെഴുത്താണ് ലക്ഷ്യം. നില്‍ക്കാന്‍ പറ്റിയ ഇടം ഏതാണ് എന്നായിരുന്നു ചോദ്യം. തളിപ്പറമ്പ് തൃച്ചംബരംകാരനാണെങ്കിലും കോഴിക്കോട് ഫ്‌ലാറ്റിലായിരുന്നു കുടുംബം താമസം. വിജേഷിനോട് എന്റെ ഫ്‌ലാറ്റില്‍ താമസിച്ചോളാന്‍ പറഞ്ഞു. ഭാര്യയും മക്കളും അന്ന് നാട്ടിലായിരുന്നു. പിറ്റെദിവസം ഞാനും ഫ്‌ലാറ്റിലെത്തി. എനിക്ക് ഒറ്റക്ക് പാട്ടുപാടുന്ന ഒരു സ്വഭാവമുണ്ട്. എന്റെ ചില സ്വഭാവങ്ങള്‍കണ്ട് ഷംസു വിജേഷിനോട് എന്നെക്കുറിച്ച് ചോദിച്ചു. ഇതൊരു സിനിമാക്കഥയാണല്ലോ എന്ന് ആദ്യം ചോദിച്ചത് ഷംസുവാണ്. പിറ്റേദിവസം ഷംസുവിന് സംവിധായകന്‍ പ്രജേഷിനെ കാണേണ്ട ആവശ്യമുണ്ടായിരുന്നു. അന്ന് ഞാനും കൂടെപ്പോയി പ്രജേഷിനെ പരിചയപ്പെട്ടു. പിറ്റെ ദിവസം കൊച്ചിയിലേക്ക് ഒന്നിച്ചുള്ള യാത്രയില്‍ എന്റെ കഥ ഷംസു പ്രജേഷിനോട് പറയുകയായിരുന്നു. കേട്ടമാത്രയില്‍ ഇതുതന്നെ തന്റെ അടുത്ത സിനിമയെന്ന് പ്രജേഷ് മനസ്സില്‍ ഉറപ്പിക്കുകയായിരുന്നു. പിന്നീട് ദുബായില്‍ വെച്ച് മൂന്നുദിവസത്തെ കൂടിക്കാഴ്ചയില്‍ ഞാന്‍ പ്രജേഷിനോട് എന്റെ ജീവിതം മുഴുവന്‍ പറഞ്ഞു. പ്രജേഷ് തിരക്കഥയെഴുതി. വിജേഷും ഷംസുവും സഹ രചയിതാക്കളായി. അങ്ങനെയാണ് ഈ കഥ സിനിമയാവുന്നത്...
? സിനിമയില്‍ യഥാര്‍ത്ഥജീവിതത്തിലേക്കാള്‍ എരിവ് കൂടുതലുണ്ടോ
= സിനിമയ്ക്കുവേണ്ടി ചില ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ സിനിമയ്ക്കും അപ്പുറത്താണ് എന്റെ താളം തെറ്റിയ ജീവിതം. കുറച്ചുസീനുകള്‍ മാറ്റി നിര്‍ത്തിയാല്‍ എന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ തന്നെയാണ് സിനിമയിലും കാണുന്നത്.

ഗ്ലാസില്‍ മദ്യവുമായി മുരളി (ഫയല്‍ചിത്രം)
രണ്ടായിരത്തിന്റെ ആദ്യത്തെ വര്‍ഷങ്ങള്‍ ഞാന്‍ എന്ന വ്യക്തിയുടെ ഏറ്റവും മോശം രൂപം കണ്ടകാലമായിരുന്നു. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അച്ഛനും അമ്മയുമുള്ള കുടുംബം. ബാങ്ക് ജീവനക്കാരനായിരുന്ന അച്ഛന്റെ ചിലവിലായിരുന്നു ഞാന്‍ ജീവിച്ചിരുന്നത്. ജോലിക്കൊന്നും പോവാതെ കിട്ടുന്നതുമുഴുവന്‍ കുടിച്ചുതീര്‍ക്കുമായിരുന്നു അന്ന്. കൈയില്‍ കാശുവന്നാല്‍ അത് തീരുന്നതുവരെ കുടിക്കുന്നതായിരുന്നു ശീലം. രണ്ട് സഹോദരമാരുടെ കല്യാണം അന്നേ കഴിഞ്ഞിരുന്നു. എന്നെക്കൊണ്ട് പൊറുതിമുട്ടിയ അച്ഛന്‍ വീട് ഭാഗം വെച്ച് അതിന്റെ പണം തന്ന് നന്നാവാന്‍ എന്നോട് പറഞ്ഞു. അതുമുഴുവന്‍ എങ്ങനെ തീര്‍ത്തു എന്നാലോചിച്ചിട്ട് എനിക്ക് ഇപ്പോഴും ഉത്തരമില്ല. ഭാര്യ മക്കളെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. പണം തീരുംവരെ അലഞ്ഞുനടന്ന് ഒടുവില്‍ ഞാന്‍ വീട്ടിലേക്ക് തന്നെ തിരിച്ചെത്തി. എന്നാല്‍ വീണ്ടും ഞാന്‍ പഴയപോലെത്തന്നെയായി. അതോടെ അച്ഛന്‍ വീട് വിറ്റ് ദൂരേക്ക് പോവാന്‍ തീരുമാനിച്ചു. എന്നോട് വീട്ടില്‍നിന്ന് ഇറങ്ങിക്കോളാന്‍ പറഞ്ഞു. അവര്‍ക്ക് വേറെ വഴിയില്ലായിരുന്നു.
അച്ഛന്‍ തന്ന 230 രൂപയും ഒരു ബാഗും കൈയില്‍വെച്ച് തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ഡ എത്തി ഞാന്‍ നേരേ പോയത് സാമ്രാട്ട് ബാറിലേക്കായിരുന്നു. കൈയിലുള്ളതില്‍ നിന്ന് കാശെടുത്ത് ഞാന്‍ കുടിച്ചു. ബാഗൂമെടുത്ത് ഞാന്‍ കാഞ്ഞങ്ങാടെത്തി. അവിടെച്ചെന്ന് ബന്ധുവായ സന്തോഷേട്ടനെ കണ്ടു. (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല) സന്തോഷേട്ടന്‍ എന്നെ ആദ്യം ഓടിച്ചുവിട്ടു. പോകാനിടമില്ലാതെ അവിടെ കുത്തിയിരുന്ന എന്നെക്കണ്ട് പിന്നെ അദ്ദേഹം അടുത്തുവന്നു. കൈയില്‍് 100 രൂപ എടുത്തുതന്ന് സന്തോഷേട്ടന്‍ പറഞ്ഞു, 'കോഴിക്കോട് പോയി ലോകേഷ് എന്ന ഡോക്ടറെ കാണണം. അദ്ദേഹം നിന്നെ സഹായിക്കും.' ആ പണം വാങ്ങി ഞാന്‍ ആദ്യം പോയത് ബാറിലേക്കായിരുന്നു. മുഴുവന്‍ പണത്തിനും കുടിച്ച ശേഷം കോഴിക്കോട്ടേക്ക് കള്ള വണ്ടി കയറി.
? മാറ്റത്തിന്റെ ടേണിങ് പോയിന്റ്...അതെവിടെയായിരുന്നു
= ജീവിതത്തിനുമുന്നില്‍ ഞാന്‍ സ്വയം തോല്‍ക്കുന്ന ഒട്ടേറെ അനുഭങ്ങളുണ്ടായി. ഡോ.ലോകേഷ് എനിക്ക് ജോലി ശരിയാക്കിത്തന്നു. അതില്‍നിന്ന് കിട്ടിയ വരുമാനത്തില്‍നിന്നെടുത്ത് ഞാന്‍ കുടിച്ചു. ജോലിക്ക് പോവാതെയായി. നുണയുടെ ലോകമുണ്ടാക്കി കുറെ തവണ ഡോക്ടറില്‍നിന്ന് രക്ഷപ്പെട്ടു. ഒടുവില്‍ റൂമെടുക്കാനായി തന്ന രൂപയുമെടുത്ത് കുടിച്ചുതീര്‍ത്ത് ഞാന്‍ കോഴിക്കോട് ബസ് സ്‌റ്റോപ്പിന് സമീപം ഇരുന്നു. വിശപ്പിന്റെ വിളിയില്‍ അപ്പുറത്തെ അമൃത ബാറില്‍നിന്ന് വന്ന പൊറോട്ടയുടെയും ബീഫിന്റയും മണം എന്നെ വല്ലാതെ കൊതിപ്പിച്ചു. ചൂടുവെള്ളം കുടിച്ച് ഞാന്‍ ആ കൊതി അണയ്ക്കാന്‍ നോക്കി. എന്നെ അവിടെ കണ്ട സിറ്റി ലൈറ്റ് ബസ് ഡ്രൈവര്‍ ഗിരീഷേട്ടന്‍ എന്നെ തിരിച്ചറിഞ്ഞ് അടുത്തുവന്നു. അന്ന് അദ്ദേഹം വാങ്ങിത്തന്ന ആ പൊറോട്ടയുടെ സ്വാദ് ഇന്നുവരെ ഞാന്‍ കഴിച്ച ഒരു ഫൈവ് സ്റ്റാര്‍ ഭക്ഷണത്തില്‍നിന്നും ലഭിച്ചിട്ടില്ല. ഗിരീഷേട്ടന്‍ ഇന്ന് ജീവിച്ചിരിപ്പില്ല, എന്നാല്‍ ആ സ്വാദ്, ഒരുക്കലും എന്റെ നാവില്‍നിന്ന് പോവില്ല.
ബസ്സില്‍ കയറ്റി അദ്ദേഹം എന്നെ തളിപ്പറമ്പ് എത്തിച്ചു. അച്ഛനും അമ്മയും പാലക്കുളങ്ങരയിലെ വീടുവിറ്റ് കീഴാര്‌റൂരേക്ക് പോയെന്ന് ഒരു ഓട്ടോ ഡ്രൈവര്‍ വഴി ഞാനറിഞ്ഞു. അയാള്‍ എന്നെ അവിടെ കൊണ്ടെത്തിച്ചു. എന്നാല്‍ അച്ഛന്‍ വീണ്ടും ഇറക്കി വിട്ടു. പുതിയ താമസക്കാര്‍ വന്നിട്ടില്ലാത്തതിനാല്‍ പഴയവീടിന്റെ വരാന്തതന്നെയായി ശരണം. പറങ്കിമാങ്ങ തിന്നും കിണറ്റിലെ വെള്ളം കുടിച്ചും വിശപ്പുമാറ്റി. പെങ്ങളുടെ വീട് തൊട്ടടുത്തുണ്ടായിരുന്നു. അവിടേക്കും എനിക്ക് പ്രവേശനമില്ലായിരുന്നു. ഒടുവില്‍ ഒരു ദിവസം പെങ്ങളുടെ മകന്‍ ചോറുമായെത്തി. പുറകെ അമ്മയും അച്ഛനും. ആവേശത്തില്‍ ഞാനത് വാങ്ങി വാരിവാരി തിന്നു. അന്ന് പുലര്‍ച്ചെ 5 മണിക്ക് 200 രൂപ കൈയില്‍ത്തനന് അമ്മ കേണപേക്ഷിച്ചു.. ഇത് കൊണ്ടുപോയി ഡോക്ടറെ കാണണം, അമ്മയ്ക്കുവേണ്ടി.. പണവുമായി തളിപ്പറമ്പെത്തി.. ബാറുകള്‍ തുറന്നിരുന്നില്ല. അവിടെനിന്നും കണ്ണൂരെത്തി. ബാര്‍ തുറന്നതു കണ്ട് കാലുകള്‍ അങ്ങോട്ട് തനിയെ നീങ്ങി. എന്നാല്‍ അകത്തേക്ക് കയറുമ്പോള്‍ ഒരു അദൃശ്യശക്തി എന്നെ പിറകില്‍നിന്ന് വിളിച്ചു. അമ്മയെ ഓര്‍ത്ത് അങ്ങോട്ട് പോവരുത് എന്ന് നിര്ബന്ധിച്ചു. ഞാന്‍ ഇറങ്ങിയോടി കോഴിക്കോട് ബസില്‍ കയറിയിരുന്നു. അതായിരുന്നു ആ ടേണിങ് പോയിന്റ്. പണം തന്ന് വഴിയും പറഞ്ഞുതന്ന അമ്മയെന്ന സ്‌നേഹത്തിന്റെ അദൃശ്യബലം..
? മാറ്റത്തിലേക്കുള്ള ദൂരം അല്ലെങ്കില്‍ ദൂരക്കുറവ്.. അതെങ്ങനെയായിരുന്നു

= അന്നത്തെ കോഴിക്കോട് യാത്രയില്‍ ഞാന്‍ ആദ്യമായി എന്നെക്കുറിച്ച് ചിന്തിച്ചു. എന്നെ എല്ലാവരും വെറുക്കുന്നതിന് കാരണം മദ്യം എന്ന വില്ലനാണെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. കോഴിക്കോട് ചെന്ന് ലോകേഷ് ഡോക്ടറെ കണ്ട് കാലുപിടിച്ച് ഞാന്‍ കരഞ്ഞു. അദ്ദേഹം ഒരു ഡോക്ടറായതുകൊണ്ടുമാത്രമാണ് എന്നെ മനസ്സിലാക്കിയത്. ഇതൊരു രോഗമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം എന്നെ അന്ന് മലാപ്പറമ്പില്‍ പ്രവര്‍ത്തിച്ചിരുന്ന സുരക്ഷ ഹോസ്പിറ്റലിലെ ഡോ.സത്യനാഥന്റെ അടുത്തേക്ക് പറഞ്ഞയച്ചു. ഭാര്യയോ അമ്മയോ കൂടെ ഇല്ലാതെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ലോകേഷ് ഡോക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് അച്ഛനും അമ്മയും ഒടുവില്‍ എനിക്കായി വന്നു. അഞ്ചുദിവസം ലോഡ്ജല്‍നിന്ന ശേഷം അഡ്മിറ്റായി. കൂടെ ജീവിക്കേണ്ടത് ഭാര്യയാണെന്നും അവരെ വിളിപ്പിക്കണമെന്നും അവിടത്തെ മനശാസ്ത്രജഞന്‍ ആയ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതറിഞ്ഞ ഭാര്യ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് സ്വന്തം ഇഷ്ടത്തിന് മക്കളെയും കൂട്ടി എന്റെ അടുത്തേക്ക് പോന്നു. ഇത്രയും അനുഭവിച്ച ശേഷം ഒരു പെണ്ണും ചെയ്യാത്ത, ഒരുറപ്പുമില്ലാത്ത ഒരു ജീവിത്തതിലേക്കാണ് എനിക്കുവേണ്ടി അവള്‍ വീണ്ടും വന്നത്. എന്റെ ഭാര്യയുടെ ആ തിരിച്ചുവരവ് ഒന്നുമാത്രമാണ് എന്റെ ഇന്നത്തെ വിജയത്തിലേക്കുള്ള വഴിയായത്.
? ഇതുപറയുമ്പോള്‍ കണ്ണുനിറയുന്നല്ലോ

= ചില സംഭവങ്ങള്‍ അങ്ങനേയുമാണ്. കുടി നിര്‍ത്തിയ കാലം. മാസം 2000-3000 രൂപ വരുമാനം. ഒരിക്കല്‍ അപ്പുറത്തെ വീട്ടില്‍ കോഴിക്കറി വെച്ച മണം കേട്ട് എന്റെ മക്കള്‍ കഴിക്കാന്‍ ഒരാഗ്രഹം പറഞ്ഞു. മദ്യത്തിനുവേണ്ടി ലക്ഷങ്ങള്‍ കളഞ്ഞുകുളിച്ച എനിക്ക് എന്റെ മക്കള്‍ക്ക് അതുവാങ്ങി നല്‍കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ. ഞാന്‍ ആരും കാണാതെ അന്ന് ഏറെ കരഞ്ഞു. ഒടുവില്‍ എങ്ങനെയോ കിട്ടിയ 25 രൂപക്ക് കുറച്ച് ചിക്കന്‍ വാങ്ങിക്കൊടുത്തു സമാധാനിപ്പിച്ചു. മണ്ണെണ്ണ സ്റ്റൗ അടിച്ചടിച്ച് കത്തിച്ച് ഭാര്യ കറിവെച്ചു. ഈ അനുഭവങ്ങളല്ലാം എന്റെ 32 വയസ്സിനുള്ളിലായിരുന്നു.
? ജീവിതം തിരിച്ചുപിടിച്ചത് എങ്ങനെയാണ്
= അതും അവിശ്വസിനീയമായ കഥയാണ്. പണ്ടെങ്ങോ മദ്യപിച്ച് ബോംബെയില്‍ എത്തി പണമെല്ലാം തീര്‍ത്ത് തിരിച്ച് മംഗലാപുരത്തെത്തിയ സമയം. അവിടെനിന്ന് മദ്രാസിലേക്ക് പോകുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ കയറി നാട്ടിലേക്ക് യാത്രയായിരുന്നു ലക്ഷ്യം. അള്‍ട്രാ ഡിസൈന്‍ ടൈല്‍സിന്റെ റീജയണല്‍ മോനേജരായ രാജീവ് സാറിനെ അവിടെവെച്ച് ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹം എനിക്ക് അദ്ദേഹത്തിന്റെ കാര്‍ഡ് തന്നു. മദ്യപാനം നിര്‍ത്തിയ ശേഷം ഇവിടത്തെ ജോലി നഷ്ടപ്പെട്ട കാലത്ത് ഞാന്‍ അദ്ദേഹത്തെ സഹായംചോദിച്ച് വിളിച്ചു. അദ്ദേഹം എന്നോട് ബിജു ജനാര്‍ദ്ദനന്‍ എന്നയാളെ കാണാന്‍ പറഞ്ഞു. കുറച്ചുദിവസത്തിനുശേഷം സനല്‍സാറും രാജീവ് സാറും അഭിമുഖം നടത്തി എനിക്ക് ജോലി തന്നു. കോഴിക്കോട് പൊക്കുന്നായിരുന്നു അന്ന് താമസം. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ആയിരുന്നു ജോലി. ലോണ്‍ എടുത്ത് ജോലിക്കുവേണ്ടി ബൈക്ക് വാങ്ങി. എന്റെ ജോലിയില്‍ തൃപ്തരായി അവര്‍ എനിക്ക് തലശ്ശേരിയിലക്ക് മാറ്റം തന്നു. എന്നാല്‍ വീണ്ടും കടബാധ്യതകളില്‍ ജീവിതം ചെറുതായി താളം തെറ്റിത്തുടങ്ങി. അപ്പോഴാണ് സ്വന്തമായി കയറ്റുമതി എന്ന ചിന്ത വന്നത്. അതിന് എന്നെ സഹായിച്ചത് മെട്രോ ടൈല്‍സിന്റെ ശേഖര്‍ ഭായി ആയിരുന്നു. എക്‌സ്‌പോര്‍ട്് ബിസിനസില്‍ വിദേശത്തുപോകുമ്പോള്‍ എ.ബി.സി.ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി എന്ന മഹദ് വ്യക്തിയെ പോലുള്ള ചില സഹായ കരങ്ങളാണ് ഇന്നും എനിക്ക് താങ്ങായി നില്‍ക്കുന്നത്. വിമാനം കൊതിയോടെ നോക്കിനിന്നിരുന്ന ഞാന്‍ ലോകത്ത് പല രാജ്യങ്ങളിലും ബിസിനസ് ക്ലാസില്‍ പറന്നു നടക്കുന്നതിന് കാരണക്കാര്‍ ഇങ്ങനെ ചിലരാണ്.
? മോഹന്‍ലാലിനെ ചുറ്റിച്ച ഒരു കഥ ഉണ്ടല്ലോ

= അത് കഥയല്ല, സത്യമാണ്. ലാലേട്ടന്റെ നമ്പര്‍ ഒരിക്കല്‍ എനിക്ക് കിട്ടി. മദ്യപിച്ച് നടക്കുന്ന കാലമാണ്. എന്റെ ശല്യം സഹിക്കാനാവാതെ അദ്ദേഹം ഫോണ്‍ നമ്പര്‍ പലതവണ മാറ്റിയ കാലംപോലുമുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ദുബായ് എമിറേറ്റ്‌സിന്റെ ഫസ്റ്റ്ക്ലാസ് ലോഞ്ചില്‍ വെച്ച് ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടു. സംസാരത്തിനിടയില്‍ ഈ കഥ പറഞ്ഞ് മാപ്പുചോദിച്ചു. എന്നാല്‍ എന്റെ ഒരിക്കല്‍ ഞാന്‍ ശല്യമെന്ന് കണ്ട അതേ മോഹന്‍ലാല്‍ പിന്നീട് എനിക്ക് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ നമ്പര്‍തന്നു. ജീവിതത്തില്‍ ഞാന്‍ ഏറെ വിലമതിക്കുന്ന ഒരു അവാര്‍ഡാണത്. ഇന്ന് എന്നെ അദ്ദേഹത്തിന് പറഞ്ഞാല്‍ അറിയാം എന്നത് എന്റെ വലിയ ഭാഗ്യമാണ്.
? കടപ്പാടുകള്‍ ഏറെയുണ്ടോ
ഒരുപാടുപേരുണ്ട് എടുത്തുപറയാന്‍. എനിക്ക് മാര്‍ഗ്ഗദീപം തന്നെ അമ്മ, കൂടെ ശക്തിയായി നിന്ന ഭാര്യ, എന്തിനും താങ്ങായ ബന്ധുകൂടിയായ ഷാജി, തൃച്ചംബരത്തെ ചില പ്രിയ സുഹൃത്തുക്കള്‍.. പിന്നെ നേരത്തെ പറഞ്ഞ സഹായകരങ്ങളും. ജീവിതത്തിലും സിനിമയിലും കൂടെ നിന്നവര്‍.. പറഞ്ഞാല്‍ തീരാത്ത കടപ്പാടുണ്ട് പലരോടും..
? കുടുംബം ഇപ്പോള്‍
= അച്ഛന്‍ 2012 ല്‍ കാന്‍സര്‍ രോഗം വന്ന് മരിച്ചു. നാലുവര്‍ഷം അച്ഛനെ നന്നായി നോക്കാന്‍ പറ്റി എന്നതാണ് ജീവിതത്തിലെ സന്തോഷങ്ങളിലൊന്ന്. ഞാന്‍ നന്നായികണ്ട സംതൃപ്തിയോടെയാണ് അച്ഛന്‍ കണ്ണടച്ചത്. അമ്മ നാട്ടില്‍ സഹോദരിക്കൊപ്പമാണ്. ഭാര്യ സിമി. മൂത്ത മകന്‍ യദുകൃഷ്ണ, മകള്‍ ശ്രീലക്ഷ്മി. രണ്ടുപേരും കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്‌കൂളില്‍ പഠിക്കുന്നു.
? സിനിമക്കു പിറകെ പുസ്തകവും വരുന്നുണ്ടല്ലോ
= സിനിമക്ക് പറയുന്നതിന് പരിധികളുണ്ട്. പുസ്തകത്തിന് അതില്ലല്ലോ. ഷംസുവും വിജേഷും ചേര്‍ന്നാണ് 'വാട്ടര്‍മാന്‍' എന്ന പേരില്‍ പുസ്തകം എഴുതുന്നത്. ശരിക്കും ഞാന്‍ ഒരു 'വെള്ളമനുഷ്യന്‍' തന്നെയാണല്ലോ!
? ജീവിതത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത്
= എന്റെ ജീവിതം ഒരു പാഠമാണ്. അതുകാണിച്ച് കുറച്ചുപേരെയെങ്കിലും എനിക്ക് നേര്‍വഴിക്ക് നയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും അത് തുടരുകതന്നെ ചെയ്യും.. ഈ സിനിമ പലരുടെയും നന്മയിലേക്കുള്ള പാതയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
Content Highlights: Vellam Movie Murali Real life story, Interview , Jayasurya, Prajesh sen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..