കേരളത്തിന്റെ കളരിപ്പയറ്റ് പാരമ്പര്യത്തെ അതേ രീതിയില്‍ തനിമയൊട്ടും ചോര്‍ന്നു പോകാതെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ജയരാജിന്റെ 'വീരം' എന്ന ചിത്രം. ബോളിവുഡിലെ യുവതാരം കുനാല്‍ കപൂര്‍ നായകവേഷത്തിലെത്തുന്ന ചിത്രം കളരിപ്പയറ്റിന്റെ ഏറ്റവും മികച്ച സാധ്യതകളാണ് ഉപയോഗിച്ചിരുന്നത്. 

എന്നാല്‍ ഈ താരങ്ങളുടെ ഈ അഭ്യാസ പ്രകടനത്തിനു പിന്നില്‍ ഒരു മികച്ച ഗുരുനാഥനുണ്ട്. തന്റെ വിലപ്പെട്ട ഒന്നര വര്‍ഷം വീരത്തിനായി സമര്‍പ്പിച്ച കൊല്ലം അയത്തില്‍ സ്വദേശി ശിവകുമാര ഗുരുക്കള്‍.

1980 കാലഘങ്ങളില്‍ ശിവകുമാര്‍ ഗുരുക്കളുടെ പിതാവ് മലബാര്‍ വാസുദേവ ഗുരുക്കളുടെ ശിഷ്യനായിരുന്നു സംവിധായകന്‍ ജയരാജ്. അന്ന് ശിവകുമാര ഗുരുക്കളും ജയരാജിനൊപ്പം കളരി അഭ്യസിച്ചിരുന്നു. 1986 മുതലേ ജയരാജിന്റെ സ്വപ്‌നമായിരുന്നു കളരിയെ അടിസ്ഥാനമാക്കി ഒരു സിനിമ ഒരുക്കുകയെന്നത്. 30 വര്‍ഷം പിന്നിടുമ്പോഴാണ് അത് സഫലമായത്. 

Read More: മാക്ബത്തും ചന്തുവും എങ്ങിനെ വീരമായി? ജയരാജ് പറയുന്നു

ഒന്നര വര്‍ഷക്കാലമാണ് ചിത്രത്തിലെ കഥാപാത്രങ്ങളാകാന്‍ കുനാല്‍ കപൂറും ശിവജിത്ത് നമ്പ്യാരും കളരി അഭ്യസിച്ചത്. തികച്ചും ശാസ്ത്രീയമായിരുന്നു പരിശീലനം. ആരോമല്‍ ചേകവരെ അവതരിപ്പിച്ച ശിവജിത്ത് കളരി പഠനത്തിലൂടെ അക്ഷരാർഥത്തിൽ ഒരു ചേകവരായി മാറിയെന്ന് ശിവകുമാര ഗുരുക്കള്‍ പറയുന്നു. ആറ് വര്‍ഷത്തെ പരീശീലനത്തിലൂടെ സ്വായത്തമാക്കേണ്ട കാര്യങ്ങള്‍ വെറും ഒന്നരവര്‍ഷം കൊണ്ടാണ് കുനാലും ശിവജിത്തും മറ്റ് അഭിനേതാക്കളും പഠിച്ചെടുത്തത്. 

Read More: കണ്ടുമടുത്ത വടക്കന്‍പാട്ടല്ല വീരം: ജയരാജ്

ലോകത്തിന് മുന്‍പില്‍ കളരിയുടെ സാധ്യതകള്‍ തുറന്ന് കാണിക്കുകയെന്നതാണ് ചിത്രത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ജയരാജ് മാതൃഭൂമി ഡോട്ട്കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് വീരം പുറത്തിറങ്ങുന്നത്.