'വാണി എന്ന പാട്ടുകാരിയെ പൂര്‍ണമാക്കിയത് ജയറാം സാറാണ്,എനിക്കുവേണ്ടി അദ്ദേഹം ജോലി വരെ രാജിവെച്ചു'


വേണു ആലപ്പുഴ

വാണി ജയറാം ഭർത്താവ് ജയറാമിനൊപ്പം| Photo: Mathrubhumi Archives

ലയാളിക്ക് പ്രിയതരമായ സ്ത്രീനാദങ്ങളിലൊന്നാണ് വാണി ജയറാം. 'പിരിയാനരുതാത്ത ഏതോ മണിനൂപുരനാദം' കണക്കെ മുഗ്ധവും സ്വയംപൂര്‍ണവുമായ സ്വരം. ചെന്നൈ നുങ്കംപാക്കത്തെ ഹാഡോസ് റോഡ് ഒന്നാം തെരുവിലെ ഫ്‌ളാറ്റിലിരുന്ന് വാണി ജയറാം മൂളുമ്പോള്‍ ഗാനസാന്ദ്രമായ ഒരു കാലം ഇതള്‍ നിവര്‍്ത്തി ഉണരുന്നു. നൂറുകണക്കിന് മധുരഗാനങ്ങള്‍ ഓര്‍മപ്പടവുകള്‍ കയറിവരുന്നു.

1970-ല്‍ 'ബോലേ രേ പപ്പി ഹരാ...' എന്ന പ്രശസ്ത ഗാനവുമായി ഹിന്ദി ചലച്ചിത്രഗാനലോകത്ത് തുടക്കംകുറിച്ച കലൈവാണി എന്ന വാണി ജയറാം സ്വപ്നം എന്ന സലില്‍ ചൗധരി ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. നിന്നെ ഞാനെന്തു വിളിക്കും എന്ന് ശ്രോതാക്കളെ വിസ്മയംകൂറിച്ച 'സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണ സൗഗന്ധിക'മായിരുന്നു ആദ്യഗാനം.

19 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ക്ക് സ്വരമാധുരി സമ്മാനിച്ച ഈ ഗായികയ്ക്ക് മൂന്നുവട്ടം ദേശീയ പുരസ്‌കാരം ലഭിച്ചു. കേരളമൊഴികെയുള്ള ഒട്ടെല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും അര്‍ഹമായ അംഗീകാരങ്ങള്‍ നല്‍കി ആ നാദമികവിനെ ആദരിച്ചു.

സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് വാണിയമ്മ ജനിച്ചതെന്ന് കേട്ടിട്ടുണ്ട്

ഞാന്‍ വടക്കേ ഇന്ത്യയില്‍നിന്ന് വന്നതാണെന്നാണ് കുറച്ചുപേരെങ്കിലും കരുതുന്നത്. തമിഴ്നാട്ടില്‍ വെല്ലൂരിലാണ് ഞാന്‍ ജനിച്ചത്. അമ്മ നന്നായി പാടും. വീണ വായിക്കും. അച്ഛന്‍ അക്കൗണ്ടന്റായിരുന്നു. ഒമ്പത് മക്കളില്‍ അഞ്ചാമത്തെ പെണ്‍കുട്ടിയായിരുന്നു ഞാന്‍. എനിക്ക് പത്തുദിവസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ എന്റെ ജാതകം എഴുതിച്ചു. അതിപ്പോഴും എന്റെ കൈയിലുണ്ട്. ഈ കുട്ടി വളരുമ്പോള്‍ ഒരു വലിയ പാട്ടുകാരിയായിത്തീരുമെന്ന് അതില്‍ എഴുതിയിരുന്നു. ഞങ്ങളെ എല്ലാവരെയും സംഗീതം പഠിപ്പിക്കാന്‍ അമ്മ ശ്രദ്ധിച്ചു. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍ വീട്ടില്‍വന്ന് ചേച്ചിമാരെ സംഗീതം പഠിപ്പിക്കുന്നത് ഞാന്‍ കേട്ട് പാടുമായിരുന്നു. അഞ്ചുവയസ്സില്‍ത്തന്നെ എന്നെയും സംഗീതം പഠിപ്പിക്കാന്‍ തുടങ്ങി. എന്റെ സംഗീതപഠനത്തിന് ചെന്നൈയിലേക്ക് താമസം മാറ്റുന്നതാണ് നല്ലതെന്ന് ഗുരു പറഞ്ഞതുപ്രകാരമാണ് ഞങ്ങള്‍ ചെന്നൈയില്‍ വന്നത്.

വിദ്യാഭ്യാസകാലം എങ്ങനെ...എന്തൊക്കെയാണ് പഠിച്ചത്...

നാലാംക്ലാസുവരെ വെല്ലൂരിലാണ് പഠിച്ചത്. ചെന്നൈയില്‍ വന്നശേഷം ടി.ആര്‍. ബാലസുബ്രഹ്‌മണ്യം, ആര്‍.എസ്. മണി എന്നീ ഗുരുക്കന്‍മാരുടെ കീഴില്‍ പഠനം തുടര്‍ന്നു. ക്വീന്‍ മേരീസ് കോളേജില്‍ ഞാന്‍ ബി.എ. ഇക്കണോമിക്‌സാണ് പഠിച്ചത്. ഞാന്‍ പാട്ടിനും ഡിബേറ്റ്സിനും നാടകത്തിനും ചിത്രരചനയ്ക്കുമെല്ലാം മത്സരിക്കുമായിരുന്നു. ഇന്റര്‍യൂണിവേഴ്സിറ്റി മത്സരത്തില്‍ ഡിബേറ്റിന് ഞങ്ങളുടെ ടീമിനായിരുന്നു ഫസ്റ്റ് പ്രൈസ്. ടീമിലെ ഏക പെണ്‍കുട്ടി ഞാനായിരുന്നു.

കുട്ടിക്കാലത്തേ പിന്നണി പാടണമെന്ന മോഹമുണ്ടായിരുന്നോ...

പാട്ടുകേള്‍ക്കാന്‍ അന്നൊക്കെ റേഡിയോ മാത്രമേയുള്ളൂ. ലതാജിയുടെ ഹിന്ദി സിനിമാ ഗാനങ്ങള്‍ എന്നും അതില്‍ കേള്‍ക്കും. അങ്ങനെയാണ് സിനിമയില്‍ പാടണമെന്ന ആഗ്രഹം വളര്‍ന്നത്. ഹിന്ദി സിനിമയില്‍ പാടണമെന്നായിരുന്നു മോഹം. 1970 ഡിസംബര്‍ 22-ന് ഋഷികേശ് മുഖര്‍ജിയുടെ ഗുഡ്ഡി എന്ന ചിത്രത്തില്‍ പാടിയതോടെ ആ സ്വപ്നം സഫലമായി.

എങ്ങനെയാണ് ആ അവസരം വന്നത്..

പഠിക്കുന്ന കാലത്തേ ചെന്നൈയില്‍ കച്ചേരികള്‍ ചെയ്യുമായിരുന്നു. ഡിഗ്രി കഴിഞ്ഞശേഷം എസ്.ബി.ടി.യില്‍ ജോലി കിട്ടി. സെക്കന്തരാബാദിലായിരുന്നു പോസ്റ്റിങ്. അപ്പോള്‍ കുടുംബസമേതം അങ്ങോട്ട് ഷിഫ്റ്റ് ചെയ്തു. അവിടെവെച്ചായിരുന്നു വിവാഹം. ഇന്‍ഡോ ബെല്‍ജിയം ചേംബര്‍ ഓഫ് കൊമേഴ്സില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായിരുന്നു ഭര്‍ത്താവ് ജയറാം സാര്‍. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ബോംബെയിലേക്ക് പോയി. ജയറാം സാറാണ് ഉസ്താദ് അബ്ദുള്‍റഹ്‌മാന്‍ ഖാന്‍ സാഹിബിനെ എന്റെ ഗുരുവാക്കിയത്. ഉസ്താദിന്റെ മുന്നില്‍വെച്ച് ഞാന്‍ ഒരു ദീക്ഷിതര്‍ കീര്‍ത്തനം പാടിയപ്പോള്‍ 'നിങ്ങള്‍ക്ക് ഡിഫറന്റായ ഒരു ശബ്ദമുണ്ട്, സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം' എന്നുപറഞ്ഞു. ഞാന്‍ എസ്.ബി.ടി.യിലെ ജോലി രാജിവെച്ച് അദ്ദേഹത്തിന്റെയടുത്ത് ഒരു കൊല്ലത്തോളം ഹിന്ദുസ്ഥാനി പഠിച്ചു. ഉസ്താദാണ് വസന്ത് ദേശായിക്ക് എന്നെ പരിചയപ്പെടുത്തുന്നത്. വസന്ത് സര്‍ എന്റെ പാട്ടുകേട്ടിട്ട് ഡയറക്ടര്‍ ഋഷികേശ് മുഖര്‍ജിയോട് പറയുകയായിരുന്നു. ജയ ഭാദുരിയുടെ(ജയാബച്ചന്‍) ഫസ്റ്റ് ഫിലിമായിരുന്നു ഗുഡ്ഡി.

കലൈവാണി എന്നായിരുന്നല്ലോ പേര്. അതെങ്ങനെ വാണി ജയറാം ആയി

വാണി എന്നാണ് വീട്ടില്‍ എല്ലാവരും വിളിച്ചിരുന്നത്. ഗുഡ്ഡിയില്‍ പാടാന്‍ പോകുന്ന സമയത്ത് കലൈവാണി എന്ന പേര് ഒരു പ്രശ്‌നമാകും എന്ന് ആരൊക്കെയോ പറഞ്ഞു. അതുകൊണ്ട് ജയറാം സാറിന്റെ പേരുകൂടി ചേര്‍ത്ത് വാണി ജയറാം എന്നാക്കി.

വാണിയമ്മയുടെ വളര്‍ച്ചയില്‍ ഭര്‍ത്താവ് ജയറാമിന്റെ പങ്ക് വലുതായിരുന്നു അല്ലേ

തീര്‍ച്ചയായും. വാണി എന്ന പാട്ടുകാരിയെ പൂര്‍ണമാക്കിയത് ജയറാം സാര്‍ ആണ്. അദ്ദേഹത്തിന്റെ സപ്പോര്‍ട്ടില്ലായിരുന്നെങ്കില്‍ ഈ യാത്ര ഇവിടംവരെ എത്തില്ലായിരുന്നു. 1968 ഫെബ്രുവരി നാലിനായിരുന്നു വിവാഹം. അന്നത്തെപ്പോലെത്തന്നെയാണ് ഞങ്ങളിന്നും. ഇവിടെ ഞങ്ങള്‍ രണ്ടു പേരേയുള്ളൂ. ഷോപ്പിങ്ങും കുക്കിങ്ങും ക്ലീനിങ്ങുമെല്ലാം ഞാന്‍ തന്നെ ചെയ്യും. അദ്ദേഹത്തിന് ഇഷ്ടമുള്ളത് ഞാന്‍ തന്നെ ഉണ്ടാക്കിക്കൊടുക്കും. എന്റെ സംഗീതത്തിനു വേണ്ടിയാണ് അദ്ദേഹം ജോലി രാജിവെച്ചത്.

മലയാളത്തിലെ അരങ്ങേറ്റം

ഗുഡ്ഡിയിലെ 'ബോലേ രേ പപ്പി ഹരാ...' എന്ന പാട്ടിന് ഹിന്ദി ഫിലിമിലെ ഏറ്റവും മികച്ച രാഗാ ബേസ്ഡ് സോങ്ങിനുള്ള താന്‍സന്‍ സമ്മാന്‍ എനിക്ക് കിട്ടി. അതുകഴിഞ്ഞ് നൗഷാദ്, ചിത്രഗുപ്ത്, മദന്‍മോഹന്‍ജി, ജയദേവ്ജി, ആര്‍.ഡി. ബര്‍മന്‍, കല്യാണ്‍ജി- ആനന്ദ്ജി തുടങ്ങിയവരുടെയൊക്കെ പടങ്ങളില്‍ ഞാന്‍ പാടി. അക്കാലത്ത് ഒരു റെക്കോഡിങ് പ്രോഗ്രാമിന് ചെന്നൈയില്‍ വന്നതായിരുന്നു ഞാന്‍. ആ തീയതി ഞാന്‍ മറന്നിട്ടില്ല-1973 ഫിബ്രവരി ഒന്നിന്. റിഹേഴ്സല്‍ നടക്കുന്ന സമയത്ത് കേരളത്തില്‍നിന്ന് പ്രൊഡ്യൂസര്‍ ശിവന്‍ സാറിന്റെ ഫോണ്‍ എനിക്ക് വന്നു, സ്വപ്നം എന്ന ചിത്രത്തില്‍ പാടാന്‍ ക്ഷണിച്ചുകൊണ്ട്. മ്യൂസിക് ഡയറക്ടര്‍ സലില്‍ ചൗധരിയാണെന്ന് കേട്ടപ്പോള്‍ അപ്പോള്‍ത്തന്നെ പറന്നു ചെല്ലണമെന്ന് തോന്നി. ഒ.എന്‍.വി. സര്‍ അന്ന് ഗവണ്മെന്റ് സര്‍വീസിലായിരുന്നതിനാല്‍ ബാലമുരളി എന്ന പേരുവെച്ചാണ് പാട്ടുകളെഴുതിയത്.

സലില്‍ ചൗധരി മലയാളത്തില്‍ വന്നപ്പോഴൊക്കെ അവസരങ്ങള്‍ തന്നു, അല്ലേ...

ഒരു ചിത്രത്തിലൊഴിച്ച്. നെല്ല് എന്ന ചിത്രത്തില്‍ ലതാജിയാണ് പാടിയത്. ആ സമയത്ത് എനിക്ക് മുംബൈയില്‍ റെക്കോഡിങ് ഉണ്ടായിരുന്നു. എത്രയോ നല്ല പാട്ടുകള്‍ സലില്‍ജി എനിക്ക് തന്നു! വിഷുക്കണിയിലെ കണ്ണില്‍പ്പൂവ്..., മദനോത്സവത്തിലെ ഈ മലര്‍ക്കന്യകള്‍..., എയര്‍ഹോസ്റ്റസിലെ ഒന്നാനാം കുന്നിന്‍മേല്‍..., രാഗത്തിലെ നാടന്‍പാട്ടിലെ മൈന..., അപരാധിയിലെ മാമലയിലെ പൂമരം പൂത്തനാള്‍... പടങ്ങളുടെ പേരുകള്‍പോലും എനിക്ക് ഓര്‍മയുണ്ട്.

തോമാശ്ലീഹാ എന്ന ചിത്രത്തിലെ ധുംതന ധുംതന തനതന... എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് ലഭിക്കാതെപോയതില്‍ ഖേദമുണ്ടോ...

വര്‍ഷമായി ഞാന്‍ പാടാന്‍ വന്നിട്ട്. 19 ഭാഷകളില്‍ പാടി. അതില്‍ മലയാളമാണ് എനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം തന്നിട്ടുള്ളത്. 'അമ്മാ, നിങ്ങള്‍ എത്രയോ നല്ല പാട്ടുകള്‍ പാടി. എന്നിട്ടും നല്ല ഗായികയ്ക്കുള്ള അവാര്‍ഡ് കേരളം ഇതുവരെ നിങ്ങള്‍ക്ക് തന്നില്ലല്ലോ' എന്ന് വിഷമത്തോടെ പറയുന്നവരുണ്ട്. ഗുജറാത്തിയിലും ഒഡിയയിലും കേരളത്തില്‍ പാടിയിട്ടുള്ള അത്രയും പാട്ടുകള്‍ പാടിയിട്ടില്ല. കേരളത്തിന്റെ അവാര്‍ഡ് കിട്ടാത്തതില്‍ എനിക്കല്ല ദുഃഖം, എന്റെ പാട്ടുകളെ സ്‌നേഹിക്കുന്നവര്‍ക്കാണ്.

ഓലഞ്ഞാലിക്കുരുവീ...എന്ന പുതിയ പാട്ടിനും നല്ല സ്വീകരണമാണ്

സംഗീതത്തില്‍ പുതിയ പാട്ട്, പഴയ പാട്ട് എന്നൊന്നില്ല. നല്ല പാട്ടും മോശം പാട്ടുമേയുള്ളൂ. കേരളം എന്നെ മറന്നുപോയില്ല എന്നതിന്റെ തെളിവാണ് ആ പാട്ട്. മുംബൈയില്‍ വെച്ചായിരുന്നു ഓലഞ്ഞാലിക്കുരുവിയുടെ റെക്കോഡിങ്. പാട്ട് മുഴുവന്‍ സോളോ ആയിട്ടാണ് പാടിയത്. പിന്നീട് ഡ്യുയറ്റ് ആക്കുകയായിരുന്നു. എ ലവ്ലി സോങ്. മലയാളത്തില്‍ എനിക്ക് മതിയായിട്ടില്ല. മ്യൂസിക് ഡയറക്ടേഴ്സ് വിളിച്ചാല്‍ എപ്പോള്‍ പാടാനും ഞാന്‍ റെഡി.

എം.കെ. അര്‍ജുനന്‍-ശ്രീകുമാരന്‍ തമ്പി ടീമിന്റെ പാട്ടുകളാണ് കൂടുതല്‍ പാടിയിട്ടുള്ളത് അല്ലേ.

കേരളത്തിന്റെ ഫ്‌ളേവറുള്ള പാട്ടുകളാണ് അവയെല്ലാം. തിരുവോണപ്പുലരിയില്‍..., എന്റെ കൈയില്‍ പൂത്തിരി..., തേടിത്തേടി ഞാനലഞ്ഞു..., വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി..., ഒരുപ്രേമലേഖനം എഴുതി മായ്ക്കും..., മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു..., സീമന്തരേഖയില്‍ ചന്ദനം ചാര്‍ത്തിയ... അങ്ങനെ എത്രയോ നല്ല പാട്ടുകള്‍! തമ്പിസാറിന്റെ വരികളാണ് ഞാന്‍ കൂടുതലും പാടിയിട്ടുള്ളത്. വയലാര്‍-ദേവരാജന്‍-പി. സുശീല ടീം പോലെ തന്നെ തമ്പിസാര്‍- അര്‍ജുനന്‍ മാഷ്-വാണിജയറാം ടീമും അന്ന് ഉണ്ടായിരുന്നു.

മലയാളത്തില്‍ പാടിയവയില്‍ ഏറെ പ്രിയപ്പെട്ട പാട്ടുകള്‍...

എല്ലാ മ്യൂസിക് ഡയറക്ടേഴ്സും എനിക്ക് നല്ല പാട്ടുകള്‍ തന്നിട്ടുണ്ട്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ മഞ്ഞപ്പട്ടു ഞൊറിഞ്ഞൂ വാനം..., കാറ്റുചെന്നു കളേബരം തഴുകി..., ഇളംമഞ്ഞിന്‍ നീരോട്ടം..., ദേവരാജന്‍ മാഷിന്റെ നവനീതചന്ദ്രികേ തിരിതാഴ്ത്തൂ..., എ.ആര്‍. റഹ്‌മാന്റെ അച്ഛന്‍ ആര്‍.കെ. ശേഖറിന്റെ ആഷാഢമാസം..., രാഘവന്‍ മാഷിന്റെ നാദാപുരം പള്ളിയിലെ..., പൊന്നും കുടത്തിനൊരു പൊട്ടുവേണ്ടെന്നാലും..., ജോയ് സാറിന്റെ മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണില്‍..., എ.ടി. ഉമ്മര്‍ സാറിന്റെ ആതിരാ പൂങ്കുരുന്നിനു താലിചാര്‍ത്താനായ്..., നിമിഷങ്ങള്‍ തോറും വാചാലമാകും..., ശ്യാം സാറിന്റെ നായകാ പാലകാ..., ഓണവില്ലിന്‍ താളവും..., എം.എസ്. വിശ്വനാഥന്‍ സാറിന്റെ പത്മതീര്‍ഥക്കരയില്‍..., ഏതുപന്തല്‍ കണ്ടാലുമത് കല്യാണപ്പന്തല്‍..., ജോണ്‍സന്‍ മാഷിന്റെ ഏതോജന്മ കല്പനയില്‍... അങ്ങനെ എത്രയോ പാട്ടുകള്‍!

അദ്വൈതാമൃതവര്‍ഷിണി..., നിലവിളക്കിന്‍ തിരിനാളമായ് വിടര്‍ന്നു..., തൃപ്രയാറപ്പാ ശ്രീരാമാ..., തിരുവൈക്കത്തപ്പാ ശ്രീമഹാദേവാ...ഭക്തിലീനങ്ങളാണ് അവയുടെയൊക്കെ ആലാപനം. ഭക്തയാണോ വാണിയമ്മ..

നിങ്ങള്‍ പറയാന്‍ വിട്ടുപോയ ഒരു പാട്ടുണ്ട്. കൃഷ്ണപ്രിയദളം കബരിയില്‍ തിരുകി എന്ന പാട്ട്. സൂപ്പര്‍ പാട്ടാണ്. ബാബുരാജാണ് അതിന്റെ മ്യൂസിക്. ചെറുപ്പകാലംതൊട്ടേ ഭക്തയാണ് ഞാന്‍. സ്പിരിച്വല്‍ പേഴ്സണ്‍ എന്നുപറയാം. കാര്‍ത്തികേയ ഭഗവാനാണ് എന്റെ ഇഷ്ടദൈവം. ഈയിടെ ഞാന്‍ പഠിച്ച വെല്ലൂരിലെ സ്‌കൂളില്‍ ഒരു പ്രോഗ്രാമിന് ചീഫ്ഗസ്റ്റായി എന്നെ വിളിച്ചു. ഞാന്‍ പോയി കുറേനേരം സംസാരിച്ചു. സംഗീതം എന്നുപറഞ്ഞാല്‍ ഏഴുസ്വരങ്ങള്‍ മാത്രമല്ല, അതില്‍ ഭക്തിവേണം, ഡിസിപ്ലിന്‍ വേണം, ജീവിതശൈലിയായിട്ട് അത് മാറണം എന്നൊക്കെ പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ വിളിച്ചിട്ട് പറഞ്ഞു, 'അമ്മാ, നിങ്ങള്‍ വന്നത് കുട്ടികള്‍ക്ക് വലിയ എന്‍കറേജ്മെന്റ് ആയി. ഇപ്പോള്‍ സ്‌കൂളിന് വളരെ മാറ്റമുണ്ട്' എന്ന്.

സിനിമാപ്പാട്ടില്‍ എന്തൊക്കെ ശ്രദ്ധിക്കും...

മൂഡ് മനസ്സിലാക്കി പാടുക എന്നതാണ് പ്രധാനം. ചില ഡയറക്ടേഴ്സ് സിറ്റുവേഷന്‍ പറഞ്ഞുതരും. നമ്മള്‍ നല്ല സജഷന്‍സ് പറഞ്ഞാല്‍ അര്‍ജുനന്‍ മാഷെപ്പോലുള്ളവര്‍ അംഗീകരിക്കും. പാട്ടുപഠിക്കുന്ന സമയത്ത് അതെഴുതിയ ആള്‍ സ്റ്റുഡിയോയില്‍ വേണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. രചയിതാവ് അടുത്തുണ്ടായാല്‍ വരികളുടെ ശരിയായ ഉച്ചാരണവും അര്‍ഥവുെമല്ലാം മനസ്സിലാക്കാന്‍ കഴിയും. അപ്പോള്‍ പാട്ടും നന്നാവും.

എസ്. ജാനകിയും പി. സുശീലയും നിറഞ്ഞുനിന്ന കാലത്താണ് വാണിയമ്മയും വന്നത്. ഇരുവരെക്കുറിച്ചും അറിയാറുണ്ടോ.

ബാലമുരളീകൃഷ്ണ സാര്‍ ചെന്നൈയിലൊരു മീറ്റിങ്ങില്‍വെച്ച് പറഞ്ഞു, കര്‍ണാട്ടിക്ക് മ്യൂസിക്കിലെ ത്രിമൂര്‍ത്തികളെപ്പോലെയാണ് പിന്നണിഗാനരംഗത്ത് പി. സുശീലയും എസ്. ജാനകിയും വാണിജയറാമും എന്ന്. സുശീലാമ്മയെ ഈയിടെയും കണ്ടിരുന്നു. ഞങ്ങളൊന്നിച്ച് ബെംഗളൂരുവില്‍ ഒരു പ്രോഗ്രാമില്‍ പാടി. രണ്ടുകൊല്ലംമുമ്പ് ഹൈദരാബാദില്‍ സുശീലാമ്മ ട്രസ്റ്റിന്റെ ബെസ്റ്റ് സിങ്ങറിനുള്ള അവാര്‍ഡ് എനിക്കാണ് കിട്ടിയത്. സുശീലാമ്മയുടെ ജന്മദിനവും നവംബറിലാണ്. ജാനകിയമ്മയെ ഇടയ്‌ക്കെല്ലാം ഞാന്‍ വിളിക്കും. എത്രയോ നല്ല സോങ്സ് പാടിയവരാണ് രണ്ടാളും.

പാട്ട് കഴിഞ്ഞുള്ള മറ്റ് ഇഷ്ടങ്ങള്‍

രാവിലെ 6-ന് എണീക്കും. പൂജയെല്ലാം കഴിഞ്ഞ് ഭക്ഷണമുണ്ടാക്കും. റേഡിയോ എപ്പോഴും ഓണ്‍ ചെയ്തുവെക്കും. പാട്ട് കേള്‍ക്കുന്നതിന്റെ കൂടെത്തന്നെ പാടും. ചിത്രം വരയും എംബ്രോയ്ഡറിയും കവിതയെഴുത്തുമൊക്കെ എനിക്കിഷ്ടമാണ്. ഞാന്‍തന്നെ എഴുതി മ്യൂസിക്ക് കൊടുത്ത ഒരു ഹിന്ദുസ്ഥാനി ഭജന്‍സ് ആല്‍ബം ഉണ്ട്. എന്റെ 30 കവിതകള്‍ 'ഒരു കുയിലിന്‍ കുരള്‍ കവിതൈ വടിവില്‍' എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്. രാത്രി കിടക്കാന്‍ പന്ത്രണ്ടരയാവും. അതുവരെ ബുക്‌സ് വായിക്കും. വിവേകാനന്ദസാഹിത്യവും ജീവചരിത്രങ്ങളുമൊക്കെ... നോ ഫെയ്സ്ബുക്ക്. നോ വാട്ട്സ്ആപ്പ്. എനിക്ക് വരുന്ന ഇ-മെയിലെല്ലാം ജയറാം സാറാണ് നോക്കുന്നത്.

വരും ജന്മത്തിലും വാണി ജയറാം ആകാനാണോ ഇഷ്ടം...

എനിക്ക് ഇനിയും ജന്മമില്ല എന്നാണ് ഒരു വലിയ ജ്യോതിഷി അസ്ട്രോളജി നോക്കി എന്നോടുപറഞ്ഞത്. 'ഏതോജന്മ കല്പനയില്‍...' എന്ന പാട്ട് കേട്ടിട്ടില്ലേ? ഈശ്വരന്റെ ഏതോ ജന്മകല്പന കാരണമാണ് നമ്മള്‍ ഇവിടെ എത്തുന്നത്. മലയാളസിനിമയുടെ ഒരു സുവര്‍ണകാലത്ത് വന്ന് കുറേ നല്ല പാട്ടുകള്‍ പാടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം. അവസാനംവരെ പാടണമെന്നാണ് ആഗ്രഹം.

(2015-ല്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖം)

Content Highlights: vani jayaram dies, interview and life story, husband Jayaram

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented