രുട്ടിൽ നിന്നും വെളിച്ചത്തിന്റെ വഴിയിലേയ്ക്ക് നടന്നടുക്കുകയാണ് ഗായിക വൈക്കം വിജയ ലക്ഷ്മി. ഉള്ളിൽ തൊടുന്ന വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രിയ ഗായികയുടെ കണ്ണിൽ ചെറിയ ചില നിഴൽ രൂപങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചികിത്സയുടെ ഓരോ ഘട്ടം കഴിയുമ്പോഴും കാഴ്ചയിൽ മാറ്റങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് വിജയലക്ഷ്മി മാതൃഭൂമി ഡോട് കോമിനോട്  പറഞ്ഞു.

ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ഒരു വര്‍ഷത്തിലേറെയായി കാഴ്ചയ്ക്കുവേണ്ടി ഹോമിയോ ചികിത്സയുണ്ട്. കോട്ടയം സ്പന്ദന മെഡിക്കല്‍സിലെ ഡോ. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് ചികിത്സ. ഇപ്പോൾ നിഴല്‍ പോലെ എന്തോ കാണാന്‍ കഴിയുന്നുണ്ട്. വെളിച്ചം അറിയാനാവുന്നുണ്ട്.

കാഴ്ച പൂര്‍ണമായും കിട്ടിയാല്‍ ആദ്യം കാണാന്‍ ആഗ്രഹിക്കുന്നത് അച്ഛനെയും അമ്മയെയുമാണ്. പിന്നെ ജീവിതപങ്കാളിയാകാന്‍ പോകുന്ന സന്തോഷിനെയും. അതു കഴിഞ്ഞാല്‍ വൈക്കത്തപ്പനെ കണ്‍കുളിര്‍ക്കെ കാണണം-വിജയ ലക്ഷ്മി ആവേശത്തോടെ പറയുന്നു. 

അച്ഛനും അമ്മയ്ക്കും പുറമെ ജീവിതത്തില്‍ കൈത്താങ്ങാവാന്‍ തൃശൂര്‍ സ്വദേശിയായ സന്തോഷ് ഈ വര്‍ഷം വിജയ ലക്ഷ്മിക്കൊപ്പം കൂടും.

മാര്‍ച്ച് 29 നാണ് വിവാഹം എല്ലാവരും എന്നെ അനുഗ്രഹിക്കണം, എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം.

വിവാഹം കഴിഞ്ഞാലും വൈക്കം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല. അദ്ദേഹം ഇവിടെ വന്നു താമസിക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി പ്രത്യേക ജീവിതരീതികളൊന്നുമില്ല. പതിവുപോലെ കച്ചേരികള്‍ക്കും റെക്കോഡിങ്ങിനുമൊക്കെ പോകുന്നുണ്ട്. വെറുതെയിരിക്കാന്‍ സമയമില്ല- വിജയ ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.