
മിഥുൻ ജയരാജ്
'ഉയിരേ... ഒരു ജന്മം നിന്നെ..ഞാനും അറിയാതെ പോകേ' ഏതൊരു വ്യക്തിയുടെ കണ്ണും കരളും ലയിച്ച് പോകുന്ന വരികളും സംഗീതവും... മിന്നൽ മുരളി എന്ന സിനിമയുടെ അമാനുഷിക പരിവേഷത്തിൽ പ്രണയത്തിന്റെയും വൈകാരികതയുടെയും ഒരു തലം വരച്ചു ചേർക്കുകയാണ് 'ഉയിരേ ഒരു ജന്മം നിന്നേ...' എന്ന് തുടങ്ങുന്ന ഗാനം. മിഥുൻ ജയരാജ് എന്ന ഗായകന്റെ സംഗീത ജീവിതത്തിൽ മാജിക് നിറച്ച ഗാനം. 2010 മുതൽ സംഗീത ലോകത്ത് സജീവമായിരുന്ന മിഥുൻ ഗായകൻ എന്ന വിശേഷണത്തിൽ ഒതുങ്ങിയിരുന്നില്ല. കമ്പോസർ, പ്രോഗ്രാമർ, പ്രൊഡ്യൂസർ എന്നിങ്ങനെ നിരവധി റോളുകളാണ് ഇക്കാലം കൊണ്ട് മിഥുൻ വരച്ച് ചേർത്തത്. റിയാലിറ്റി ഷോകളിലൂടെ ജനങ്ങൾക്ക് പരിചിതമായെത്തിയ ഇദ്ദേഹം പിന്നീട് റിയാലിറ്റി ഷോയിൽ വിധികർത്താവായും എത്തി. എങ്കിലും തന്റെ ഹൃദയവും ഫോണിന്റെ ഇൻബോക്സുകളും നിറച്ചുള്ള സ്നേഹവും പിന്തുണയും തന്നെ തേടിയെത്തിയ ഗാനം 'ഉയിരേ ഒരു ജന്മം നീയേ...' ആണെന്ന് പറയുന്നു മിഥുൻ.
ഹൃദയം നിറച്ച് ഉയിരേ..
സംഗീത സംവിധായകൻ ഷാൻ റഹ്മാൻ വഴിയാണ് മിന്നൽ മുരളിയിലെ ഗാനത്തിലേക്ക് എത്തുന്നത്. സുഹൃത്ത് കൂടിയായ മനു മഞ്ജിത്ത് ആണ് ഗാനരചന നിർവഹിച്ചത് 2019-ലാണ് ഈ ഗാനം റെക്കോർഡ് ചെയ്യുന്നത്. വരികളാകുന്നതിന് മുമ്പേ തന്നെ ഈണത്തിൽ ഇവ പാടി തുടങ്ങിയിരുന്നു. പല രീതിയിൽ ഇംപ്രൊവൈസ് ചെയ്ത് ഗാനത്തിന് വേണ്ട ഭാവം നൽകാൻ ശ്രമിച്ചിരുന്നു. തുടർന്ന് ട്രാക്ക് പാടിയതും ഞാനും നാരായണിയും ഒരുമിച്ചാണ്. ഗാനസന്ദർഭവും വരികളും കൂടി ലഭിച്ചതോടെയാണ് പൂർണ്ണഭാവത്തിൽ അവ ഉൾക്കൊള്ളാനും പാടാനും തുടങ്ങിയത്. പലവട്ടം റീവർക്ക് ചെയ്യാനുള്ള അവസരവും ഷാൻ നൽകിയിരുന്നു. അത്രയും മോഹിച്ച് ചെയ്ത ഗാനമാണ് 'ഉയിരേ...'. സംഗീത സംവിധായകനും ഗാനരചയിതാവും നൽകിയ സ്വാതന്ത്ര്യം വളരെ വലുതാണ്. പിന്നീട് ഗാനം മിക്സ് ചെയ്ത് ഷാൻ കേൾപ്പിച്ചപ്പോഴാണ് കണ്ണും മനസും നിറഞ്ഞത്. അത്രയും മാജിക് ആയിരുന്നു ആ സംഗീതത്തിലുണ്ടായിരുന്നത്. പൂ വിരിയുന്നത് പോലെയാണ് ആ ഗാനം പ്രോഗ്രസ് ചെയ്തു വരുന്നത് എന്നാണ് അപ്പോൾ തോന്നിയത്.
ദൃശ്യം കണ്ടത് റിലീസിന്റെ അന്ന്
ഈ ഗാനത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഗാനം ദൃശ്യത്തോടെ കാണണം വളരെ മനോഹരമാണെന്ന് പറയുമായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകർ. എന്നാൽ ദൃശ്യം മാത്രം കാണിച്ചിരുന്നില്ല. പലവട്ടം ഷാൻ റഹ്മാനോട് ചോദിച്ചിരുന്നെങ്കിലും അത് കാണിക്കില്ലെന്ന് തന്നെയായിരുന്നു മറുപടി. പിന്നീട് സിനിമ റിലീസ് ചെയതപ്പോൾ മാത്രമാണ് ഗാനം പൂർണ്ണമായി കണ്ടത്. അതിന് മുമ്പേ ട്രെൻഡിംഗ് ലിസ്റ്റിലും റീലുകളിലും സ്റ്റാറ്റസുകളിലുമെല്ലാം കാണുമ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു. ഇത്രയും സ്നേഹം നൽകിയ മറ്റൊരു ഗാനവും ജീവിതത്തിലുണ്ടായിട്ടില്ല. ഈ സ്നേഹവും സന്ദേശങ്ങളുമെല്ലാം എനിക്ക് പുതിയതാണ്.
മത്സരാർത്ഥിയിൽ നിന്ന് വിധികർത്താവിലേക്ക്
ഒരു കാലത്ത് റിയാലിറ്റി ഷോകളിലെ സ്ഥിരം മത്സരാർഥിയായിരുന്നു. അന്നത്തെ ഷോകളിൽ നിന്ന് ഒരുപാട് വ്യത്യാസം ഇപ്പോൾ വന്നിട്ടുണ്ട്. പാട്ടുകൾ അതുപോലെ പാടുന്ന രീതിയായിരുന്നു അന്നെങ്കിൽ, പാട്ടുകൾക്ക് സ്വന്തം കൈയൊപ്പ് ചാർത്താൻ സാധിക്കണമെന്ന നിലപാടിലേക്ക് ഇന്ന് മത്സരങ്ങൾ മാറിയിട്ടുണ്ട്. സാങ്കേതിക വർധിച്ചതോടെ അവർ കേൾക്കുന്നതിനും അറിയുന്നതിനുമൊന്നും അതിരുകളില്ല.. അറിവും കൂടുതലാകുന്നു.. റിയാലിറ്റി ഷോയിൽ ഒരാൾ പാടി വച്ച ഭാവം അതേ പോലെ പകർത്താൻ ശ്രമിക്കുമ്പോൾ റെക്കോർഡിംഗിൽ നമ്മൾ നൽകുന്ന ഭാവത്തിനാണ് പ്രാധാന്യം.. അതുകൊണ്ട് തന്നെ സ്വന്തമായ സ്റ്റൈലും ടെക്സ്ചറുമെല്ലാം കൈകാര്യം ചെയ്യാനാവുന്നവരാകാണം മത്സരാർഥികൾ.
സംഗീതമാണ് ജീവിതം നിറയെ
ഹോബിയും ജോലിയും ചിന്തയുമെല്ലാം സംഗീതം തന്നെയാണ്. അതുകൊണ്ട് തന്നെ ജീവിതവും സംഗീതവും വേർതിരിച്ച് എടുക്കാൻ സാധിക്കില്ല. ജീവിതത്തിലെ ഒരു സ്വാഭാവിക പ്രക്രിയായാണ് സംഗീതം പോകുന്നത്. കൂടുതൽ സംഗീതത്തിലേക്കെത്തണം. 2010-ൽ മഹാരാജാ ടാക്കീസ് എന്ന സിനിമയിൽ പാടിയാണ് രംഗത്തേക്കെത്തുന്നത്. പിന്നീട് ഇങ്ങോട്ട് സലാല മൊബൈൽസ്, അരിവിന്ദന്റെ അതിഥികൾ, സോളോ തുടങ്ങി ഒരുപിടി നല്ല ഗാനങ്ങളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേജ് ഷോകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല കഴിഞ്ഞ നാളുകളിൽ... സ്റ്റേജിൽ പെർഫോം ചെയ്യണമെന്നതാണ് ഇപ്പോഴത്തെ വലിയ ആഗ്രഹം. ഒപ്പം പുതിയ പ്രോജക്ടുകളും കുറച്ച് ഇൻഡിപെൻഡഡ് സംഗീതവും..
Content Highlights: uyire song from minnal murali, singer mithun jayaraj interview, shan rahman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..