കാശത്ത് വിമാനം പറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ വീടിന് പുറത്തേക്കിറങ്ങി ഓടി വന്ന് നോക്കി നില്‍ക്കുന്ന ഒരു ബാല്യകാലം ഇല്ലാത്തവര്‍ വിരളമായിരിക്കും. വിമാനം കൗതുകം ജനിപ്പിക്കാത്ത കുട്ടികള്‍ ഉണ്ടാകുമോ? വിമാനത്തില്‍ കയറുക എന്ന സ്വപ്നം താലോലിച്ച് നടക്കുന്ന എത്ര സാധാരണക്കാരാണ് നമ്മുടെ കൂട്ടത്തിലുള്ളത്. 

കുന്നംകുളത്ത് ജനിച്ച ഗീതു വിജയ് എന്ന പെണ്‍കുട്ടിക്കും ഒരു സ്വപ്നമുണ്ടായിരുന്നു. വിമാനത്തില്‍ കയറാനായിരുന്നില്ല. വിമാനം പറത്താന്‍. ആ സ്വപ്നത്തിലേക്ക് മെല്ലെ ചുവടുകള്‍ വച്ച് കയറുമ്പോള്‍ വെല്ലുവിളികള്‍ പലതുണ്ടായിരുന്നു. എന്നാല്‍ ഗീതുവിന്റെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ തോറ്റില്ല. മകളുടെ മനസ്സറിയുന്ന മാതാപിതാക്കള്‍ ആ സ്വപ്നത്തിന് പിന്തുണ നല്‍കിയപ്പോള്‍ ഗീതുവിന്റെ ആഗ്രഹം സഫലമായി. 

പാര്‍വതി പ്രധാനവേഷത്തിലെത്തുന്ന ഉയരേ എന്ന ചിത്രം തിയ്യറ്ററുകളില്‍ മികച്ച് കയ്യടി നേടി ഗീതുവും സന്തോഷത്തിലാണ്. പൈലറ്റാവുന്നത് സ്വപ്നം കാണുന്ന പല്ലവി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. സിനിമയുടെയും പല്ലവി എന്ന കഥാപാത്രത്തിന്റെയും പൂര്‍ണതയ്ക്ക് വേണ്ടി സംവിധായകന്‍ മനു അശോകന്‍ സമീപിച്ചത് ഗീതുവിനെയായിരുന്നു. ഇനിയുള്ള കഥ ഗീതു പറയും

ഉയരേയ്ക്ക് വേണ്ടി സംവിധായകന്‍ മനു അശോകന്‍ എന്റെ നമ്പര്‍ തപ്പിപ്പിടിച്ച് വിളിക്കുകയായിരുന്നു. ഏവിയേഷന്‍ മേഖലയെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്തത് കൊണ്ട് സിനിമയ്ക്ക് ആവശ്യമായ ചില കാര്യങ്ങള്‍ ചോദിച്ച് അറിയാനായിരുന്നു എന്നെ വിളിച്ചത്. തിരക്കഥാകൃത്ത് ബോബിച്ചേട്ടന്‍ (ബോബി) എന്നോട് സംസാരിച്ചിരുന്നു. കോസ്റ്റ്യൂം, പിന്നെ ട്രെയ്‌നിങ് സ്‌കൂളിനെ ചിട്ടകള്‍, അവിടുത്തെ രീതികള്‍, ടെക്‌നിക്കലായ ചില കാര്യങ്ങള്‍ അതെല്ലാം പറഞ്ഞു കൊടുക്കാന്‍ എനിക്ക് സാധിച്ചു. 

പല്ലവിയും ഞാനും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. ഞങ്ങള്‍ രണ്ടു പേരും ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചവരാണ്. ഏവിയേഷനെക്കുറിച്ച് എനിക്ക് വലിയ ധാരണയൊന്നുമില്ലായിരുന്നു. കാരണം എന്റെ കുടുംബത്തിലോ പരിചയത്തിലോ അങ്ങനെ ആരുമില്ലായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പൈലറ്റാകണം എന്ന മോഹം തലയില്‍ കയറിക്കൂടുന്നത്. ഉപരിപഠനത്തെക്കുറിച്ച് പറയുമ്പോള്‍ മെഡിസിന്‍ അല്ലെങ്കില്‍ എഞ്ചനിയറിങ് എന്നീ രണ്ടു കോഴ്‌സുകളെക്കുറിച്ച് മാത്രമേ എല്ലാവര്‍ക്കും സംസാരിക്കാനുള്ളൂ. അത് രണ്ടും വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. എന്തെങ്കിലും വ്യത്യസ്തമായ കോഴ്‌സ് ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് ഞാന്‍ ഏവിയേഷനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിക്കാന്‍ തുടങ്ങി. പ്ലസ്ടുവിന് ശേഷം ഒരു വര്‍ഷം കോഴ്‌സ് ചെയ്യാന്‍ വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. സാമ്പത്തികമായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ അച്ഛനും അമ്മയും എനിക്കൊപ്പം നിന്നു. എന്‍ട്രൻസ് പരീക്ഷ, മെഡിക്കല്‍ ടെസ്റ്റ് തുടങ്ങിയ കടമ്പകളെല്ലാം കടന്ന്  അവസാനം ഏവിയേഷന്‍ അക്കാദമിയിൽ എത്തി. കോഴ്‌സ് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്‍ഡിഗോയില്‍ ജോലിക്ക് കയറുന്നത്.

ആദ്യമായി വിമാനം പറത്തുമ്പോള്‍ സ്വാഭാവികമായും ടെന്‍ഷനുണ്ടാകും. ട്രെയിനിങ് സമയത്ത് തന്നെ നമ്മള്‍ അത്തരത്തിലുള്ള ടെന്‍ഷനെല്ലാം തരണം ചെയ്തിരിക്കും. യാത്രക്കാരുമായി ആദ്യം യാത്ര ചെയ്യുന്ന ദിവസം എനിക്ക് ടെന്‍ഷനുണ്ടായിരുന്നില്ല. അവരുടെ സുരക്ഷയെക്കുറിച്ചുള്ള ഉത്തരവാദിത്തബോധം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

എന്റെ അച്ഛന്‍ എപ്പോഴും പറയാറുണ്ട്. കുന്നോളം സ്വപ്നം കണ്ടാലേ കുന്നിക്കുരുവോളം ലഭിക്കുകയുള്ളൂ എന്ന്. അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും പ്രോത്സാഹനം ലഭിച്ചത് കൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്- ഗീതു പറഞ്ഞു.

Content Highlights: uyare pravthy movie, geethu vijay pilot, asif ali, tovino thomas, movie