വടക്കൻ കേരളത്തിലെ ഒരു ഗാനമേളയിൽ പങ്കെടുക്കാൻ റഫിക്കൊപ്പം കാറിൽ യാത്രചെയ്യുകയാണ് ഗായികയായ ഉഷ. ‘‘തലശ്ശേരിയിലോ കണ്ണൂരിലോ ആണെന്നാണ് ഓർമ. ഇടയ്ക്ക് വിജനമായ ഒരു സ്ഥലമെത്തിയപ്പോൾ അല്പം ശുദ്ധവായു ശ്വസിക്കാൻവേണ്ടി കാർ നിർത്തി പുറത്തിറങ്ങി ഞങ്ങൾ. നാട്ടിൻപുറമാണ്. ചുറ്റും പ്രകൃതിയുടെ നിശ്ശബ്ദസംഗീതം മാത്രം. ആ നിശ്ശബ്ദതയിലേക്ക് പൊടുന്നനെ മുകളിൽനിന്നൊരു പരുക്കൻ ശബ്ദം ഒഴുകിയെത്തുന്നു: റഫി സാർ, റഫി സാർ എന്ന് തൊണ്ടകീറി വിളിച്ചുകൂവുകയാണ് ആരോ. ഞെട്ടി തലയുയർത്തിനോക്കുമ്പോൾ അടുത്തുള്ള തെങ്ങിന്റെ മുകളിൽ ചിരിച്ചുകൊണ്ടിരിക്കുന്നു അർധനഗ്നനായ ഒരാൾ. ഇഷ്ടഗായകനെ അപ്രതീക്ഷിതമായി താഴെ കണ്ടതിലുള്ള ആവേശത്തിൽ വിളിച്ചുപോയതാണ് ആ പാവം ചെത്തുതൊഴിലാളി. ഉയരങ്ങളിലെ ആരാധകന്റെ ഇരിപ്പുകണ്ട് പൊട്ടിച്ചിരിച്ചുപോയി റഫി സാഹിബ്. അയാളെ തെങ്ങിൽനിന്ന് താഴെ വിളിച്ചിറക്കി വിശേഷങ്ങൾ ചോദിച്ചറിയുക മാത്രമല്ല, ഒപ്പംനിന്ന് ഒരു പടമെടുക്കുകകൂടി ചെയ്തശേഷമേ അന്ന് ഞങ്ങൾ യാത്രയായുള്ളൂ.’’
അങ്ങനെ എത്രയെത്ര രസികൻ അനുഭവങ്ങൾ! ‘‘കേരളത്തിലേക്കുള്ള യാത്രകളൊന്നും മറക്കാനാവില്ല. ‘നമ്മുടെ നാട്ടിലുള്ളതിനെക്കാൾ ആരാധകർ എനിക്ക് കേരളത്തിലാണല്ലോ’ എന്ന് തമാശയായി. പറയും റഫി സാഹിബ്.’’ -മഹാഗായകനൊപ്പം ലോകമെങ്ങും ഗാനമേളകളിൽ പങ്കാളിയാകാൻ ഭാഗ്യമുണ്ടായ ഗായികയുടെ വാക്കുകൾ. കൊച്ചിയിലേക്കുള്ള ഒരു വിമാനയാത്ര ഉഷയുടെ ഓർമയിലുണ്ട്. ‘‘താരനിബിഡമാണ് ഫ്ളൈറ്റ്. ധർമേന്ദ്ര, ഹേമമാലിനി, ശത്രുഘൻ സിൻഹ, രേഖ തുടങ്ങി ഒട്ടേറെപ്പേർ. വിമാനമിറങ്ങിയപ്പോൾ വലിയൊരു കൂട്ടം ആളുകൾ പുഷ്പഹാരങ്ങളുമായി കാത്തുനിൽക്കുന്നു. ‘ഇത്തവണ നമ്മൾ രക്ഷപ്പെട്ടു.’ റഫി സാഹിബ് എന്റെ കാതിൽ പറഞ്ഞു. ‘ഇത്രയും താരങ്ങൾ ഉള്ളതുകൊണ്ട് നമ്മളെ ആരും ഗൗനിക്കില്ല’. എന്നാൽ, സംഭവിച്ചത് മറിച്ചാണ്. ആൾക്കൂട്ടം കാണാനാഗ്രഹിച്ചത് താരങ്ങളെയല്ല, റഫി സാഹിബിനെയായിരുന്നു. നടീനടന്മാരെ തള്ളിമാറ്റി ആളുകൾ ഞങ്ങളെ പൊതിഞ്ഞപ്പോൾ എല്ലാവർക്കും അദ്‌ഭുതം. മലയാളികൾ റഫി സാഹിബിനെ എത്ര തീവ്രമായി സ്നേഹിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് അന്നാണ്.’’
ഒമ്പതാം വയസ്സിൽ റഫിയോടൊപ്പം പാടിത്തുടങ്ങിയ ഉഷ തിമോത്തിക്ക് ഇപ്പോൾ പ്രായം എഴുപത്. ‘‘റഫി സാഹിബിനെക്കുറിച്ചോർക്കാത്ത, അദ്ദേഹത്തിന്റെ പാട്ടുകൾ മനസ്സുകൊണ്ടെങ്കിലും മൂളാത്ത ഒരു ദിവസവുമില്ല ഇന്നും എന്റെ ജീവിതത്തിൽ.’’ -ഉഷ പറയും. ‘‘വെറുമൊരു ഗായകൻ മാത്രമായിരുന്നില്ല എനിക്ക് അദ്ദേഹം. ഗുരു കൂടിയായിരുന്നു. റഫി സാഹിബ് വാത്സല്യപൂർവം അടുത്തിരുത്തി പഠിപ്പിച്ചുതന്ന പാട്ടുകളിലൂടെയാണ് ഞാനെന്റെ സംഗീതജീവിതം കെട്ടിപ്പടുത്തത്.’’ ഗാനമേളകളിൽ മാത്രമല്ല സിനിമയിലും റഫിയോടൊപ്പം യുഗ്മഗാനങ്ങൾ പാടാൻ ഭാഗ്യമുണ്ടായി ഉഷയ്ക്ക്. ആദ്യം പാടിയത് കല്യാൺജി ആനന്ദ്ജിക്ക് വേണ്ടി ‘ഹിമാലയ് കെ ഗോദ് മേ’ (1965) എന്ന ചിത്രത്തിൽ, തു രാത് ഖഡി ഥി ഛാത്ത് പേ. തുടർന്ന് വിദ്യാർഥി (നൈൻ സേ നൈൻ മിലാ ചൈൻ ചുരായാ), സോറോ (ദിൽവാലോ സേ പ്യാർ കർ ലോ), മേരാ സലാം (മേരി ജാൻ തുംസെ മൊഹബ്ബത് ഹേ) തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ. തക്ദീർ (1967) എന്ന ചിത്രത്തിലെ ‘ജബ് ജബ് ബഹാർ ആയേ’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിൽ റഫി, ലതാ മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ എന്നിവർക്കൊപ്പം പങ്കാളിയാകാൻ കഴിഞ്ഞതാണ് മറ്റൊരു സൗഭാഗ്യം. പഞ്ചാബി, ഭോജ്പുരി ചിത്രങ്ങളിലും റഫിയുമൊത്ത് യുഗ്മഗാനങ്ങൾ പാടി, ഉഷ.
കുട്ടിപ്പാട്ടുകാരി

നാഗ്പുരിൽ ജനിച്ചുവളർന്ന ഉഷ തിമോത്തി റഫിയുമൊത്ത് വേദി പങ്കിട്ടുതുടങ്ങിയത് യാദൃച്ഛികമായാണ്. ചെറുപ്പംമുതലേ പാട്ട് പഠിച്ചിരുന്നു. പണ്ഡിറ്റ് ലക്ഷ്മൺ പ്രസാദ് ജയ്‌പുർവാലയും നടൻ ഗോവിന്ദയുടെ അമ്മ നിർമലുമായിരുന്നു ആദ്യഗുരുക്കന്മാർ. പഠിച്ചത് ശാസ്ത്രീയസംഗീതമാണെങ്കിലും പ്രിയം സിനിമാപ്പാട്ടുകളോടുതന്നെ; പ്രത്യേകിച്ച് റഫിയുടെ പാട്ടുകളോട്. ആയിടയ്ക്കൊരുനാൾ കല്യാൺജി ആനന്ദ്ജി ഗാനമേളാ സംഘവുമായി നാഗ്പുരിൽ വരുന്നു. റഫി, മുകേഷ്, മന്നാഡേ എന്നിവരാണ് ഗായകർ. കൂടെ പാടേണ്ട സുമൻ കല്യാൺപുരിന് എന്തോ കാരണത്താൽ വരാൻപറ്റിയില്ല. സ്ത്രീശബ്ദത്തിലുള്ള പാട്ടുകൾ പാടാൻ അത്യാവശ്യമായി ആളെ വേണം. അതിനുവേണ്ടി ഓൾ ഇന്ത്യ റേഡിയോയുടെ സഹകരണത്തോടെ ഒരു ഓഡിഷൻ ടെസ്റ്റ് തിടുക്കത്തിൽ സംഘടിപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. ആ ഘട്ടത്തിലാണ് വയലിനിസ്റ്റായ ജ്യേഷ്ഠൻ മധുസൂദൻ തിമോത്തി ഉഷയുടെ പേര് കല്യാൺജിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പക്ഷേ, പത്തു വയസ്സുപോലും തികയാത്ത ഒരു കുട്ടി സീനിയർ ഗായകർക്കൊപ്പം യുഗ്മഗാനം പാടിയാൽ ശരിയാവില്ല എന്നായിരുന്നു കല്യാൺജിയുടെ നിലപാട്.
കൊച്ചനിയത്തിയുടെ കഴിവുകളിൽ പൂർണ
വിശ്വാസമുണ്ടായിരുന്ന ജ്യേഷ്ഠന് ആ അവഗണന പൊറുക്കാനാവില്ലായിരുന്നു. ഉഷയെ പാടിക്കാൻവേണ്ടി ഹാളിൽ സൗണ്ട് കൈകാര്യം ചെയ്തിരുന്ന ആളെ സ്വാധീനിക്കാൻ തയ്യാറാകുന്നു അദ്ദേഹം. ഗാനമേളയുടെ ഇടവേളയിൽ ഒരു പാട്ടുപാടാൻ ഉഷയ്ക്ക് അവസരം വീണുകിട്ടിയത് അങ്ങനെയാണ്. ‘ചോരി ചോരി’യിലെ രസിക് ബൽമാ എന്ന സൂപ്പർഹിറ്റ് ഗാനം ഭാവമധുരമായിത്തന്നെ പാടി ഉഷ. ജീവിതംതന്നെ മാറ്റിമറിച്ച നിമിഷങ്ങൾ. നിറഞ്ഞ സദസ്സിന്റെ നിലയ്ക്കാത്ത കൈയടി ഏറ്റുവാങ്ങിയ കുട്ടിപ്പാട്ടുകാരിയെ റഫിയും മുകേഷും അണിയറയിലേക്ക് വിളിച്ചുവരുത്തുന്നു. ‘‘നന്നായി വരും മോളെ എന്ന് അനുഗ്രഹിച്ചുകൊണ്ട് റഫി സാഹിബ് എന്റെ തലയിൽ കൈവെച്ചപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി. ആ അനുഗ്രഹത്തിന്റെ തണുപ്പ് ഇന്നും ഈ പ്രായത്തിലും എന്റെ നെറുകയിലുണ്ട്. ശരിക്കും ദൈവസ്പർശംതന്നെ.’’
കുട്ടിപ്പാട്ടുകാരിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ കല്യാൺജി പരിപാടിയിൽ കുറച്ചു യുഗ്മഗാനങ്ങൾകൂടി പാടാൻ ഉഷയ്ക്ക് അവസരം നൽകുന്നു. ഓർക്കസ്ട്രയുടെ കൂടെ പാടിശീലിച്ചിരുന്നതിനാൽ അതൊരു വെല്ലുവിളിയായിത്തോന്നിയില്ല, ഉഷയ്ക്ക്. അന്ന് റഫിയുമൊത്ത് പാടിയ ഗാനങ്ങളിൽ ഒന്ന് ഇന്നുമുണ്ട് ഉഷയുടെ ഓർമയിൽ -‘ജബ് പ്യാർ കിസി സെ ഹോത്താ ഹേ’യിൽ ശങ്കർ ജയ്‌കിഷൻ ചിട്ടപ്പെടുത്തിയ ‘സൗ സാൽ പെഹലെ മുജേ തുംസേ പ്യാർ ഥാ.’ ആ പാട്ടിൽനിന്നായിരുന്നു റഫിയുമൊത്തുള്ള സംഗീതയാത്രയുടെ തുടക്കം. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഒട്ടേറെ വേദികളിൽ പിന്നീട് റഫിയോടൊപ്പം പാടി ഉഷ. ലണ്ടൻ, ആംസ്റ്റർഡാം, ന്യൂയോർക്ക്, വെസ്റ്റിൻഡീസ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക... ഉഷ തിമോത്തിയും കൃഷ്ണ മുഖർജിയും ആയിരിക്കണം റഫിയോടൊപ്പം ഏറ്റവുമധികം വേദിപങ്കിട്ട ഗായികമാർ.
കേരളത്തിൽ ആദ്യം റഫി സാഹിബിനൊപ്പം പാടിയത് മട്ടാഞ്ചേരിയിലാണ് എന്നാണോർമ, 1965-ൽ. പിന്നീട് തിരുവനന്തപുരം, കോഴിക്കോട്, തലശ്ശേരി തുടങ്ങി പലയിടങ്ങളിൽ. ‘‘ഓരോ നാട്ടിലും പരിപാടി നടത്തുമ്പോൾ അവിടത്തെ പ്രാദേശിക ഭാഷകളിലെ ഹിറ്റ് ഗാനങ്ങൾ അവതരിപ്പിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു റഫി സാഹിബിന്. അങ്ങനെയാണ് ഞാൻ മുംബൈയിലെ മലയാളിയായ കുടുംബസുഹൃത്തിന്റെ സഹായത്തോടെ മലയാളം പാട്ടുകൾ പഠിച്ചെടുത്തത്. സൂര്യകാന്തി, ഒരു കൊച്ചു സ്വപ്നത്തിൻ, ആകാശപ്പൊയ്കയിൽ ഉണ്ടൊരു പൊന്നും തോണി... അങ്ങനെ പല പാട്ടുകളും വേദിയിൽ പാടിയിരുന്നു ഞാൻ.’’ -ഓർമയിൽനിന്ന് സൂര്യകാന്തിയുടെ വരികൾ മൂളുന്നു ഉഷ. ‘‘കണ്ടില്ലേ, ഇത്ര വർഷം കഴിഞ്ഞിട്ടും ആ പാട്ട് ഞാൻ മറന്നിട്ടില്ല. അതാണ് സംഗീതത്തിന്റെ മാജിക്. റഫി സാഹിബിനും ഇഷ്ടമായിരുന്നു ഈ പാട്ടുകളെല്ലാം.’’ 1966-ലോ 67-ലോ സുനിൽ ദത്തിനും ഗായകൻ മുകേഷിനുമൊപ്പം കൊച്ചിയിൽ വന്നപ്പോഴാണ് ഏറ്റവുമധികം മലയാളം പാട്ടുകൾ പഠിച്ചു പാടിയത്. അന്ന് എസ്. ജാനകിയും ഉണ്ടായിരുന്നു ഗായികയായി. ജാനകി പാടിയത് ഹിന്ദി പാട്ടുകൾ; ഉഷ മലയാളം പാട്ടുകളും.
മുകേഷിനൊപ്പം മാത്രമല്ല മഹേന്ദ്ര കപൂർ, സി. രാമചന്ദ്ര, ശങ്കർ ജയ്‌കിഷൻ തുടങ്ങിയവർക്കൊപ്പമെല്ലാം ഗാനമേളകളിൽ പങ്കാളിയായി ഉഷ. സി. രാമചന്ദ്രയ്ക്കൊപ്പം ഒരു വേദിയിൽ വിഖ്യാതമായ ‘ഏ മേരേ വതൻ കേ ലോഗോം’ എന്ന ദേശഭക്തി ഗാനം പാടിയത് മറക്കാനാവാത്ത അനുഭവം. എങ്കിലും മനസ്സറിഞ്ഞ് ആസ്വദിച്ചത് റഫിക്കൊപ്പമുള്ള സംഗീതയാത്രകൾ തന്നെ.
അസാധ്യമായ മനോധർമപ്രകടനത്തോടെ നമ്മൾ പ്രതീക്ഷിക്കുകപോലും ചെയ്യാത്ത തലങ്ങളിലേക്ക് ഏതു പാട്ടിനെയും ഉയർത്തിക്കൊണ്ടുപോകും റഫി സാഹിബ്. ‘അച്ഛാ ജി മേ ഹാരി പിയാ’ എന്ന പാട്ടിന്റെ ചരണത്തിൽ ‘ചോഡോ ഹാഥ് ചോഡോ’ എന്ന ഭാഗമെത്തുമ്പോൾ ചിരിച്ചുകൊണ്ട് എന്റെ കൈപിടിക്കും അദ്ദേഹം. ‘സർപർ ടോപ്പി ലാൽ ഹാഥ് മേ രേഷം കാ റൂമാൽ’ എന്ന പാട്ട്, കീശയിൽനിന്നൊരു പട്ടുതൂവാലയെടുത്തു വീശിക്കൊണ്ടാണ് അദ്ദേഹം പാടുക. ‘സൗ സാൽ പെഹലെ’ എന്ന ഗാനത്തിന്റെ പല്ലവിയിലെ ‘മുജേ തുംസേ പ്യാർ ഥാ’ എന്ന വരി ഒരു പ്രത്യേക ഈണത്തിൽ അവതരിപ്പിക്കും അദ്ദേഹം, കുസൃതിച്ചിരിയോടെ ഇടംകണ്ണിട്ട് എന്നെ നോക്കിക്കൊണ്ട്. ഏത് പെൺകുട്ടിയും ലജ്ജകൊണ്ട് ചൂളിപ്പോകുന്ന ഒരു നോട്ടം. അപ്രതീക്ഷിതമായ ആ നോട്ടവും എന്റെ പ്രതികരണവും കണ്ട് സദസ്സ് ഒന്നടങ്കം ചിരിച്ചുമറിയും. ജനങ്ങൾ വളരെയേറെ ആസ്വദിച്ചിരുന്നു ഗാനമേളകളിലെ ഇത്തരം കൊച്ചുകൊച്ചു തമാശകൾ...’’ -ഉഷ ഓർക്കുന്നു.

‘‘വേദിക്കുപുറത്ത് എന്റെ ബഹു (പുത്രവധു) ആണ് നീ. റഫി സാഹിബ് എപ്പോഴും പറയാറുണ്ട്. പക്ഷേ, വേദിയിൽ ചിലപ്പോൾ നമുക്ക് കാമുകീകാമുകന്മാരായി അഭിനയിക്കേണ്ടിവരും. ഞാൻ ദേവാനന്ദും നീ മധുബാലയും ആകും അപ്പോൾ. അതൊക്കെ ജോലിയുടെ ഭാഗമായി കണ്ടാൽമതി...’’ മൈക്കിനുമുന്നിൽ നിൽക്കുമ്പോൾ എന്തൊക്കെ തയ്യാറെടുപ്പുകൾ വേണമെന്ന് എന്നെ പറഞ്ഞുമനസ്സിലാക്കിയത് റഫി സാഹിബാണ്. ചില വാക്കുകളുടെ, അക്ഷരങ്ങളുടെ ഉച്ചാരണം മൈക്കിലൂടെ പുറത്തുവരുമ്പോൾ അരോചകമായിത്തോന്നും. അത്തരം അക്ഷരങ്ങൾ ഉച്ചരിക്കുമ്പോൾ മൈക്കിൽനിന്ന് എത്ര അകലം പാലിക്കണമെന്ന് ക്ഷമയോടെ അദ്ദേഹം എന്നെ പഠിപ്പിച്ചുതന്നിട്ടുണ്ട്. ഇന്ന് പുതിയ തലമുറയിലെ കുട്ടികൾക്ക് വോയ്‌സ് ട്രെയിനിങ് നൽകുമ്പോൾ എന്നെ നയിക്കുന്നത് ആ അമൂല്യ ഉപദേശങ്ങൾ തന്നെ.’’
റഫിയിലെ കാമുകൻ
മുഹമ്മദ് റഫിയെ ഏറ്റവും റൊമാന്റിക്കായി കണ്ട നിമിഷം ഉഷയുടെ ഓർമയിലുണ്ട്. റഫിയുടെ പത്നി ബിൽക്കീസ് ആണ് ആ കഥയിലെ നായിക: ‘‘ഗാനമേളകളിൽ ഭാര്യക്കുവേണ്ടി ഒരു പാട്ടുപാടാറുണ്ട് റഫി സാഹിബ്. പരിപാടിക്കുമുമ്പ് ആ പാട്ട് അദ്ദേഹം ചോദിച്ചു മനസ്സിലാക്കിയിരിക്കും. ഒരു തവണ മാത്രം ആ പതിവ് മുടങ്ങി. സദസ്സിൽനിന്ന് പ്രതീക്ഷിച്ചതിനെക്കാൾ ഡിമാൻഡ് വന്നതുകൊണ്ടാണ്. ജനം ആവശ്യപ്പെട്ട ഗാനങ്ങൾ പാടിപ്പാടി തളർന്നുപോയി അദ്ദേഹം. അതിനിടെ ഭാര്യയുടെ ആവശ്യം മറന്നുപോകുകയും ചെയ്തു. പരിപാടി കഴിഞ്ഞു ഞങ്ങൾ ഗ്രീൻറൂമിൽ എത്തിയപ്പോൾ അവിടെ തലകുനിച്ചിരിക്കുകയാണ് ബാജി എന്ന് ഞാൻ വിളിക്കുന്ന ബിൽക്കീസ് റഫി. ഉള്ളിലെ സങ്കടവും പരിഭവവും ആ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. എന്തു പറഞ്ഞിട്ടും സംസാരിക്കാൻ കൂട്ടാക്കുന്നില്ല അവർ. ഒടുവിൽ റഫി സാഹിബ് അവസാനത്തെ അടവും പുറത്തെടുത്തു. ചൂണ്ടുവിരൽകൊണ്ട് ഭാര്യയുടെ താടി പിടിച്ചുയർത്തി, കണ്ണുകളിൽ ഉറ്റുനോക്കിക്കൊണ്ട് അവർ ആവശ്യപ്പെട്ട പാട്ട് നിന്നനില്പിൽ പാടിക്കൊടുത്തു അദ്ദേഹം: ‘തേരി പ്യാരി പ്യാരി സൂരത് കോ കിസികി നസർ നാ ലഗേ..’ അത്രയും റൊമാന്റിക്കായി ആ ഗാനം അതിനുമുമ്പോ പിമ്പോ പാടിക്കേട്ടിട്ടില്ല. റഫിയുടെ പാട്ടുകേട്ടാൽ ആർക്കാണ് സന്തോഷം വരാതിരിക്കുക? നിമിഷങ്ങൾക്കുള്ളിൽ ബാജിയുടെ മുഖത്ത് ചിരിവിടർന്നു. പിണക്കം അതോടെ അതിന്റെ പാട്ടിനുപോയി...’’
അതുപോലൊരു അപൂർവസൗഭാഗ്യം തനിക്കും വീണുകിട്ടിയിട്ടുണ്ടെന്ന് പറയും ഉഷ. സാഹചര്യം വ്യത്യസ്തമായിരുന്നു എന്നുമാത്രം: ‘‘ഡാർജിലിങ്ങിൽ ഒരു ഗാനമേളയ്ക്ക് എത്തിയതാണ് ഞങ്ങൾ. തലേന്ന് വൈകുന്നേരം വെറുതേ നടക്കാനിറങ്ങിയപ്പോൾ അടുത്തിടെ റെക്കോഡുചെയ്ത ഒരു പാട്ട് ഓർത്തെടുത്തുപാടുന്നു, റഫി സാഹിബ്. ഈ അന്തരീക്ഷത്തിന് ഇണങ്ങുന്ന പാട്ടാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പാടിത്തുടങ്ങിയപ്പോൾ ശരിക്കും കോരിത്തരിച്ചുപോയി. ഒരുപക്ഷേ, ആ ഗാനം റെക്കോഡുചെയ്തശേഷം ആദ്യമായി പാടിക്കേട്ടത് ഞാനായിരിക്കണം.’’ മറ്റാരുമില്ലല്ലോ ഈ ഭാഗ്യനിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ എന്നായിരുന്നു ഉഷയുടെ ദുഃഖം. ആ പാട്ട് ഇന്ന് കേൾക്കുമ്പോഴും രോമഹർഷമുണ്ടാകും: ‘ഏക് ഹസീൻ ശാം കോ ദിൽ മേരാ ഖോ ഗയാ...’ മദൻമോഹൻ സ്വരപ്പെടുത്തിയ ‘ദുൽഹൻ ഏക് രാത്’ എന്ന ചിത്രത്തിലെ പാട്ട്.’’
പതിറ്റാണ്ടുകളോളം ഇന്ത്യൻ സിനിമയുടെ ബോേക്സാഫീസ് സമവാക്യങ്ങളുടെ ഭാഗമായിരുന്നെങ്കിലും ഒരിക്കലും സിനിമ റഫിക്ക് വലിയൊരു പ്രലോഭനമായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു ഉഷ തിമോത്തി. ‘‘1960-‘70 കാലഘട്ടത്തിൽ അദ്ദേഹം തിയേറ്ററിൽപ്പോയി സിനിമ കാണുന്ന പതിവേ ഉണ്ടായിരുന്നില്ല. റെക്കോഡിങ് തിരക്കാണ് പ്രധാന കാരണം. പല പുതിയ താരങ്ങളെയുംകുറിച്ച് സ്വാഭാവികമായും അദ്ദേഹത്തിന് വലിയ ധാരണയും ഉണ്ടായിരുന്നില്ല. അത്തരം ഘട്ടങ്ങളിൽ എന്റെ സഹായം തേടും അദ്ദേഹം.’’ ബെംഗളൂരു വിമാനത്താവളത്തിൽവെച്ചുണ്ടായ രസകരമായ ഒരനുഭവം ഉഷയുടെ ഓർമയിലുണ്ട്. ‘‘എയർപോർട്ടിന് പുറത്തുപോകുംവഴി ദൂരെനിന്ന് നടന്നുവരുന്ന ഒരാളെച്ചൂണ്ടി റഫി സാഹിബ് നിഷ്‌കളങ്കമായി പറഞ്ഞു: ‘ഉഷ, അയാളെ കണ്ടോ എന്തൊരു സുന്ദരൻ. സിനിമാനടനെപ്പോലെ ഉണ്ട്.’ ഞാൻ നോക്കുമ്പോൾ നവീൻ നിശ്ചൽ ആണ് കഥാപാത്രം. അക്കാലത്തെ യുവാക്കളുടെ പ്രിയതാരം. സത്യത്തിൽ റഫി സാഹിബിന്റെ പാട്ടുകളിലൂടെയാണ് അദ്ദേഹം ഏറെ പ്രശസ്തൻ. ‘സാവൻ ബാദോ’മിലെ ‘കാൻ മേ ജൂംകാ ചാൽ മേ തുംകാ’, ‘ഹസ്തേ സഖ്മി’ലെ ‘തും ജോ മിൽ ഗയേ ഹോ...’ ഇതു കേട്ടപ്പോൾ റഫി സാഹിബിന് അദ്‌ഭുതം. നേരെ ഞങ്ങളുടെ അടുത്തേക്കാണ് നവീൻ നിശ്ചൽ വന്നത്. വന്നയുടൻ റഫി സാഹിബിന്റെ കാൽതൊട്ടു വന്ദിച്ചു അദ്ദേഹം. എന്നെനോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു അപ്പോഴൊക്കെ റഫി സാഹിബ്...’’
ഓർമകൾ നിലയ്ക്കുന്നില്ല. ഇന്നും റഫിയുടെ പാട്ടുകളാണ് സ്വകാര്യനിമിഷങ്ങളിൽ തനിക്ക് കൂട്ടെന്നു പറയും ഉഷ തിമോത്തി; പുഞ്ചിരിക്കുന്ന സ്നേഹഗീതങ്ങൾ. അവസാനമായി അദ്ദേഹത്തോടൊപ്പം ഗാനമേളയിൽ പങ്കെടുത്തത് മരിക്കുന്നതിന് രണ്ടുമാസംമുമ്പാണ്. 1980 മേയ് 15-ന് മുംബൈ ഷണ്മുഖാനന്ദ ഹാളിൽനടന്ന ആ പരിപാടിയിൽ അധികം പാട്ടുകൾ പാടിയില്ല റഫി. ആവർഷം ജനുവരിയിൽ ദുർഗാപുരിൽനടന്ന മിഥുൻ ചക്രവർത്തി ഷോയിൽ പാടുന്നതിനിടെയുണ്ടായ ഹൃദയാഘാതം അദ്ദേഹത്തെ കാര്യമായി തളർത്തിയിരുന്നു. ‘‘1980 ജൂലായ് 22-നാണ് ഞങ്ങൾ അവസാനം സംസാരിച്ചത്; ടെലിഫോണിൽ. വരാനിരിക്കുന്ന ഗൾഫ് പര്യടനത്തിൽ പാടേണ്ട പാട്ടുകളുടെ പട്ടിക തയ്യാറാക്കാൻ വിളിച്ചതായിരുന്നു അദ്ദേഹം. പക്ഷേ, ഈശ്വരൻ മറ്റൊരു യാത്രയ്ക്കായി അതിനകം അദ്ദേഹത്തെ തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു എന്ന് ആരോർത്തു...’’ -ഓർമകളിൽ മുഴുകി ഒരു നിമിഷം നിശ്ശബ്ദയാകുന്നു ഉഷ.
1980 ജൂലായ് 31-നായിരുന്നു റഫിയുടെ വിയോഗം. റഫി വില്ലയുടെ കവാടങ്ങൾ അന്നാണ് ആരാധകർക്കുവേണ്ടി മുഴുവൻ സമയവും തുറന്നുകിടന്നത്. അവിടെ ആ പരിസരത്തുനിന്നുകൊണ്ട് വാവിട്ടുകരഞ്ഞ റഫി സാഹിബിന്റെ ആരാധകരിൽ പണക്കാരെന്നോ പാവപ്പെട്ടവരെന്നോ കുട്ടികളെന്നോ മുതിർന്നവരെന്നോയുള്ള വ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയഭേദകമായ ദൃശ്യങ്ങളായിരുന്നു ചുറ്റും. ‘‘കരഞ്ഞുകൊണ്ടാണ് വിലാപയാത്രയെ ഞാൻ അനുഗമിച്ചത്. സാന്താക്രൂസിലെ ശ്മശാനത്തിനടുത്തെത്തിയപ്പോൾ ആരോ എന്നെ തടഞ്ഞു; ഇനിയങ്ങോട്ട് സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് പറഞ്ഞുകൊണ്ട്. ഒപ്പമുള്ളവരെല്ലാം മുന്നോട്ട് നടന്നുപോയിട്ടും അവിടെ ആ റോഡരികിൽ ഏകയായിനിന്നു ഞാൻ. എത്രയെത്ര ഓർമകളാണെന്നോ ആ നിമിഷങ്ങളിൽ മനസ്സിനെ വന്നുമൂടിയത്... വിങ്ങുന്ന ഹൃദയവുമായി കുറെനേരം നിശ്ചലയായി നിന്നശേഷം ഞാൻ തിരിച്ചുപോന്നു. മുഹമ്മദ് റഫി ഇല്ലാത്ത ലോകത്തെക്കുറിച്ച് സങ്കല്പിക്കാൻപോലും ആവില്ലായിരുന്നു. ജീവിതം ശൂന്യമായപോലെ.’’ ആ ശൂന്യത ഇന്നും ഉഷ തിമോത്തി അനുഭവിക്കുന്നു; റഫി വിടവാങ്ങി നാലു പതിറ്റാണ്ടുകൾക്കിപ്പുറവും.
Content Highlights: Usha Timothy about Mohammed Rafi legendary Indian Playback singer