ലയാള സിനിമയിലെ പുരുഷമേല്‍ക്കോയ്മയെ വെല്ലുവിളിച്ച നടിമാരുടെ പട്ടിക ഉര്‍വ്വശിയുടെ പേരില്ലാതെ അപൂര്‍ണമായിരിക്കും. പ്രത്യേകിച്ച് ഹാസ്യരംഗത്തെ പുരുഷാധിപത്യത്തെ മാത്രമല്ല താരാരാധനയും നടന മാഹാത്മ്യവും തികച്ചും പുരുഷ കേന്ദ്രീകൃതമായ കാലഘട്ടത്തില്‍ അവതാര പിറവിയെടുത്ത വിസ്മയം എന്ന് ഈ നടിയെ വിശേഷിപ്പിക്കാം. ഉര്‍വ്വശിയെ ലേഡി മോഹന്‍ലാല്‍ എന്ന് വിളിക്കുന്നവരുണ്ട്. കാരണം 'ഫ്ലെക്‌സിബിലിറ്റി, നാച്ചുറാലിറ്റി' ഈ രണ്ടു ഗുണങ്ങളുമാണ് ഇവരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. എന്നാല്‍ ഉര്‍വ്വശിയെന്ന നടിക്ക് സ്വന്തമായ വ്യക്തിത്വമുണ്ട്. ആരെയും അനുകരിക്കാത്ത അഭിനയ ശൈലിയുണ്ട്. അതുകൊണ്ടു തന്നെ ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണത്തിനപ്പുറത്താണ് ഉര്‍വശിയുടെ നടനവൈഭവം. 

ഈ കോവിഡ് കാലത്ത് മൂന്നു തമിഴ് ചിത്രങ്ങളാണ് ഉര്‍വ്വശിയുടേതായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങിയത്. പുത്തം പുതു കാലൈ, സൂരറൈ പോട്ര് ഏറ്റവുമൊടുവില്‍ മൂക്കുത്തി അമ്മനും. സിനിമാ ചര്‍ച്ചകളും സംവാദങ്ങളും കൊഴുക്കുമ്പോഴും ഉര്‍വ്വശിയെ സോഷ്യല്‍ മീഡിയ ഐക്യകണ്‌ഠേന വാഴ്ത്തി പാടുകയാണ്. 

പുത്തം പുതു കാലൈ എന്ന ചലച്ചിത്ര സമാഹാരത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോയില്‍ ജയറാമിനോടൊപ്പമായിരുന്നു ഉര്‍വ്വശി അഭിനയിച്ചത്. ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുക്കെട്ടിനെ വീണ്ടും ഒരുമിച്ച് കണ്ടതിന്റെ ആവേശമായിരുന്നു പ്രേക്ഷകരില്‍ പലര്‍ക്കും. ഒരു മധ്യവയസ്‌കയുടെ പ്രണയത്തിന്റെ വ്യത്യസ്തമായ ഭാവപ്പകര്‍ച്ചകള്‍ വളരെ സ്വാഭാവികമായ ശൈലിയിലൂടെ ഉര്‍വശി മനോഹരമായി അവതരിപ്പിച്ചു. സുധ കൊങ്കരയുടെ 'സൂരറൈ പോട്ര് എന്ന സിനിമയില്‍  സൂര്യയുടെ കഥാപാത്രമായ നെടുമാരന്റെ അമ്മയായ പേച്ചിയുടെ കഥാപാത്രമാണ് ഉര്‍വശി അവതരിപ്പിച്ചത്. ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങളുള്ള ചിത്രത്തില്‍ ഉര്‍വ്വശി അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. ഫുള്‍ ടൈം കോമഡിയായ മൂക്കുത്തി അമ്മനും ഉര്‍വ്വശിക്ക് വെല്ലുവിളിയായിരുന്നില്ല.

നാല് പതിറ്റാണ്ടുകളിലേറെയായി ഉര്‍വ്വശി സിനിമയിലെത്തിയിട്ട്. ഇതിനിടെ ഒട്ടനവധി ചിത്രങ്ങള്‍. ഹാസ്യം, പ്രണയം, വഞ്ചന, കുസൃതി, നൊമ്പരം, ധിക്കാരം, ധൈര്യം, ഹാസ്യം, ദേഷ്യം, വിധേയത്വം എന്നിങ്ങനെ ഒരു വ്യക്തിയുടെ വ്യത്യസ്ത മാനസിക തലങ്ങള്‍ ഉര്‍വ്വശിയുടെ മായം ചേര്‍ക്കാത്ത അഭിനയത്തികവില്‍ പ്രേക്ഷകര്‍ ആസ്വദിച്ചു. സിനിമയില്‍ നായികയായി അരങ്ങുവാണിരുന്ന കാലത്താണ് ഉര്‍വശി ചില സിനിമകളില്‍ കോമഡി വേഷങ്ങള്‍ ചെയതത്. മൈ ഡിയര്‍ മുത്തച്ഛനിലെ ക്ലാരയെന്ന വേലക്കാരിയുടെ വേഷം അതിനുദാഹരണമാണ്. 'അമ്മച്ചി എന്നെപ്പറ്റി വല്ലതും പറഞ്ഞായിരുന്നോ' എന്ന മുഖവുരയോടെ തന്റെ മുന്‍കാല ചരിത്രം നായിക മീരയോട് ക്ലാര വിളമ്പുന്ന ഒരു രംഗമുണ്ട്. ആ സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍  മിക്കവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്  ഈ തമാശരംഗമായിരിക്കും. ഹാസ്യരംഗങ്ങള്‍ ഇത്രയും കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു നായികയും മലയാള സിനിമയില്‍ ഉണ്ടായിട്ടില്ല.

കടിഞ്ഞൂല്‍ കല്യാണത്തിലെ ഹൃദയവിശാലത തീരെയില്ലാത്ത ഹൃദയകുമാരി, പൊന്മുട്ടയിടുന്ന താറാവിലെ സ്നേഹമില്ലാത്ത സ്‌നേഹത, തലയണമന്ത്രത്തിലെ കുശുമ്പിയായ കാഞ്ചന, കാക്കത്തൊള്ളായിരത്തിലെ  മാനസിക പ്രശ്‌നമുള്ള രേവതി, മഴലില്‍ക്കാവടിയിലെ നിഷ്‌കളങ്കയായ തമിഴ്‌പൊണ്‍കൊടിയായ ആനന്ദവല്ലി, ഉത്സവമേളത്തിലെ തന്റേടിയായ കനകപ്രഭ, ചക്കിക്കൊത്ത ചങ്കരനിലെ രോഷ്‌നി, കാമുകനായ അപ്പുകുട്ടന്റെ കഴിവ്കേട് അയാളുടെ മുഖത്ത് നോക്കി പറയാന്‍ മടിക്കാത്ത യോദ്ധയിലെ ദമയന്തി, അച്ചുവിന്റെ അമ്മയിലെ എല്‍.ഐ.സി വനജ, എന്നിങ്ങനെ ഇത്രയും വൈവിധ്യവും സ്വീകാര്യതയും ഒത്തുചേര്‍ന്ന ഹാസ്യ കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിച്ച നായിക മലയാള സിനിമയില്‍ എന്നല്ല ലോക സിനിമയില്‍ തന്നെയില്ല. 

Content Highlights: Urvashi actor, Putham Puthu Kaalai, Soorarai Potru, Mookuthi Amman, Evergreen Comedy