'ഉറിയടി എന്ന ടൈറ്റില്‍ മന:പൂര്‍വം കൊടുത്തതാണ്', നായിക പറയുന്നു


By രഞ്ജന കെ

4 min read
Read later
Print
Share

ഉറിയടി എന്ന ടൈറ്റില്‍ മന:പൂര്‍വം കൊടുത്തതാണ്.

മാനസ രാധാകൃഷ്ണൻ

ടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിനു ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉറിയടി. ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ബിജുക്കുട്ടന്‍, സിദ്ദിഖ്, ബൈജു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ മാനസ രാധാകൃഷ്ണനാണ് നായിക. തിരുവനന്തപുരം നഗരത്തിലുള്ള ഒരു പോലീസ് ക്വാര്‍ട്ടേഴ്സും അവിടുത്തെ താമസക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. റിലീസ് ദിവസം കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ലെങ്കിലും പിന്നീട് സിനിമ കണ്ടവര്‍ മികച്ച പ്രതികരണങ്ങള്‍ മറ്റുള്ളവരിലേക്കെത്തിച്ച് സിനിമ ഇപ്പോള്‍ കൂടുതല്‍ പേരിലേക്കെത്തുന്നുണ്ട്. ചിത്രത്തിലെ നായിക മാനസ രാധാകൃഷ്ണന്‍ മാതൃഭൂമി ഡോട്ട് കോമിനോടു സംസാരിക്കുന്നു.

ആഗ്രഹിച്ചു തുടങ്ങിയപ്പോഴേ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചു തുടങ്ങി..

ആഗ്രഹം മൊട്ടിട്ടു തുടങ്ങിയപ്പോഴേ എനിക്ക് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. അതിനാല്‍ നിരാശ തോന്നാനൊന്നുമുള്ള സാഹചര്യമുണ്ടായിട്ടില്ല. പ്ലസ്ടു കഴിഞ്ഞയുടനെയാണ് ടിയാനിലേക്ക് അവസരം ലഭിക്കുന്നത്. അന്ന് നായികയാവാനുള്ള പ്രായമൊന്നും എനിക്കായിട്ടില്ലെന്ന തോന്നലുണ്ടായിരുന്നു. സിനിമയെന്നെ ഭ്രമിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെയാണ് കാറ്റ് എന്ന ചിത്രത്തില്‍ ആസിഫ് അലിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്.

പഠനം..

പത്താംക്ലാസ് വരെ ദുബായിലായിരുന്നു. അതു കഴിഞ്ഞ് എന്‍ട്രന്‍സ് പഠനത്തിനാണ് ഞാന്‍ നാട്ടില്‍ വന്നത്. പിന്നെ പ്ലസ് ടു കഴിഞ്ഞ് സിനിമയില്‍ സജീവമായി. സയന്‍സ് ഇഷ്ടമായിരുന്നു. അതിനാല്‍ എഞ്ചിനീയറിങ് എടുത്തു.

എഞ്ചിനീയറിങ് പഠനവും സിനിമയും..

എഞ്ചിനീയറിങ്ങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കൊച്ചിയിലാണ്. കോളേജ് അധികൃതരും അധ്യാപകരും സുഹൃത്തുക്കളും വലിയ സപ്പോര്‍ട്ടീവാണ്. അറ്റന്റന്‍സ് ഒഴികെ എന്നെ പഠിപ്പിച്ചെടുക്കുന്ന എന്തിനും അവര്‍ സഹായിക്കാന്‍ സന്നദ്ധരാണ്. കഴിഞ്ഞ വര്‍ഷം അറ്റന്റന്‍സ് നന്നേ കുറവു വന്നു. ഇനി സമ്മര്‍ കോഴ്‌സ് ചെയ്യണം.

ഉറിയടിയില്‍ സുധി കോപ്പയ്‌ക്കൊപ്പം..

ഉറിയടിയില്‍ സുധി കോപ്പ അഭിനയിച്ച ഫയര്‍മാന്‍ കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ് ഞാന്‍ ചെയ്തത്. രേണുക എന്നാണ് കഥാപാത്രത്തിന്റെ പേര്. രേണുകയുടെ അച്ഛനും ചില ബന്ധുക്കളും പോലീസിലാണ്. താമസിക്കുന്നതും പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ തന്നെ. അച്ഛന്‍ വഴി വരുന്ന ഒരു വിവാഹാലോചന വരുന്നതായാണ് സിനിമയില്‍. നിശ്ചയം കഴിഞ്ഞുള്ള ഒരു പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

uriyadi

മൂന്നാറില്‍ നിന്നും തിരുവനന്തപുരത്തേക്ക്..

ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉറിയടിയിലേക്ക് അവസരം ലഭിക്കുന്നത്. ഉറിയടിയുടെ നിര്‍മാതാക്കളിലൊരാളായ സുധീഷ് ശങ്കര്‍ കുടുംബസുഹൃത്താണ്. ബാലതാരമായി ഞാന്‍ അഭിനയിച്ച വില്ലാളി വീരന്‍ സംവിധാനം ചെയ്തതും സുധീഷ ഏട്ടനാണ്. അടി കപ്യാരെ കൂട്ടമണി സംവിധാനം ചെയ്ത എ ജെ വര്‍ഗീസിന്റെ സിനിമയാണ് എന്ന കേട്ടപ്പോഴേ ഹാപ്പിയായിരുന്നു. മൂന്നാറിലെ സെറ്റില്‍ നിന്നും നേരെ ഈ സെറ്റിലേക്ക് ജോയിന്‍ ചെയ്യുകയായിരുന്നു. അവിടെ ചെന്നിട്ടാണ് കഥയും മറ്റു കാര്യങ്ങളും ശ്രദ്ധിച്ചു കേള്‍ക്കുന്നത്.

ഉറിയടി എന്ന ടൈറ്റിലിനു പിന്നില്‍..

ഉറിയടി എന്ന ടൈറ്റില്‍ മന:പൂര്‍വം കൊടുത്തതാണ്. പേരു കേട്ടാല്‍ ഊഹിക്കുന്നപോലെ ഒരു ഓണാഘോഷപരിപാടി സിനിമയിലുണ്ട്. ഉറിയടിക്കുമ്പോള്‍ പലതും സംഭവിക്കാറുണ്ടല്ലോ. ഉന്നം തെറ്റും. മറിഞ്ഞു വീഴും. കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് തമാശയാണ്. എന്നാല്‍ ഉറിയടിക്കാനായാല്‍ ആ നിമിഷം തൊട്ട് അയാളാണ് ഹീറോ. ആരാണ് ഇതില്‍ ഉറിയടിക്കുന്നത് എന്നത് സിനിമകണ്ടു തന്നെ മനസ്സിലാക്കണം. പോലീസുകാരുടെയും ഫയര്‍മാന്റെയുമെല്ലാം ജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളാണ് സിനിമയില്‍ പ്രതിപാദിച്ചിരിക്കുന്നത്.

uriyadi

പ്രൊമോഷന്‍ കുറവായിരുന്നു..

ഉറിയടിയ്ക്കു പ്രമോഷന്‍ കുറവായിരുന്നു. അതു തന്നെയാകണം ചിത്രം വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാത്തത്. എല്ലാ സാഹചര്യങ്ങളും ഒത്തു വന്നില്ല. അതുകൊണ്ടു തന്നെ ഞങ്ങള്‍ക്കെല്ലാം എക്‌സ്ട്രാ ടെന്‍ഷന്‍ എടുക്കേണ്ടി വന്നു. സോഷ്യല്‍മീഡിയയിലൂടെ ചിത്രത്തെ പരമാവധി സപ്പോര്‍ട്ട് ചെയ്യാനുമെല്ലാം. ചിത്രം റിലീസായത് ആദ്യ ദിവസം ആരുമറിഞ്ഞില്ലെങ്കിലും പിന്നീട് കണ്ടവര്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത റിവ്യുകള്‍ അനുസരിച്ചാണ് പിന്നീട് സിനിമ കേറി വന്നത്. അതായത് ഞായറാഴ്ച്ചയൊക്കെ ആയപ്പോഴേക്കും ഉറിയടി പലയിടത്തും ചര്‍ച്ചയായിക്കണ്ടു. മൗത്ത് പബ്ലിസ്റ്റി കാരണം ചിത്രത്തിന് ആളും കൂടി. ശനിയും ഞായറുമെല്ലാം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഹൗസ്ഫുള്‍ ആയി സിനിമ ഓടിയതും വലിയ സന്തോഷമായി.

ആദ്യം പേടിച്ചു, പിന്നെ കംഫര്‍ട്ടബിളായി..

രാത്രി രണ്ടു മണി മൂന്നു മണിയ്‌ക്കെല്ലാം ഷൂട്ട് ഉണ്ടായിരുന്നു. പക്ഷേ അതൊന്നും ഒരു ബുദ്ധിമുട്ടായേ തോന്നിയില്ല. സെറ്റ് വളരെ കംഫര്‍ട്ടബിളായതിനാല്‍. ചിത്രത്തില്‍ ഒരു ഓണാഘോഷരംഗമുണ്ട്. സിദ്ദിഖ് അങ്കിളും ശ്രീനിവാസന്‍ അങ്കിളുമെല്ലാം മതിമറന്ന് നൃത്തം ചെയ്യുന്ന രംഗങ്ങളെല്ലാം ജോളിയായി ആസ്വദിച്ചു ചെയ്തവയാണ്. നമുക്കിതൊന്നും എല്ലാ സിനിമകളിലും കാണാന്‍ കിട്ടുന്ന കാര്യങ്ങളല്ലല്ലോ. നമ്മുടെ കുട്ടിക്കളിയും തെറ്റുകുറ്റങ്ങളും കണ്ടു നില്‍ക്കാനുള്ള സമയമൊന്നും അവര്‍ക്കുണ്ടാകില്ലല്ലോ. അതിനാല്‍ തന്നെ ആദ്യമൊരു പേടിയുണ്ടായിരുന്നു. അവരും സീരിയസ്‌നെസ് ഒക്കെ വിട്ട് കുട്ടികളായി മാറുമായിരുന്നു. പയ്യെപ്പയ്യെ ടെന്‍ഷനെല്ലാം മാറി. പുതുമുഖം വിനീത് മോഹനാണ് എന്റെ സഹോദരനായി അഭിനയിച്ചത്.

ത്രില്ലിങ് റോളുകള്‍ക്കായി കാത്തിരിക്കുന്നു..

നല്ല ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നതും പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള റോളുകള്‍ വരണമെന്നതു തന്നെയാണ് ഏതൊരു പുതുമുഖവും ആഗ്രഹിക്കുക. ഞാന്‍ പുതുമുഖമല്ല. എന്റെയും ആഗ്രഹം അതു തന്നെയാണ്.

ആദ്യ തമിഴ് ചിത്രത്തിലും അഭിനയിക്കുന്നു..

'ടിയാന്‍' സംവിധാനം ചെയ്ത ജി എന്‍ കൃഷ്ണകുമാറേട്ടന്റെ തമിഴ് സിനിമയില്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ശശികുമാറിനൊപ്പമാണ് അഭിനയിക്കുന്നത്. ഒരു ഷെഡ്യൂള്‍ കഴിഞ്ഞു. ഒന്നു ബാക്കി നില്‍ക്കുന്നു. ലവ് ട്രാക്കല്ല, ക്രൈം സസ്‌പെന്‍സ് ത്രില്ലറാണ്.

തമിഴ് സിനിമാ സെറ്റ്..

സംവിധായകന്‍ മലയാളി. മറ്റ് അണിയറപ്രവര്‍ത്തകരെല്ലാം തമിഴ് സിനിമയില്‍ നിന്നു തന്നെ. കംഫര്‍ട്ടബിള്‍ സെറ്റ് തന്നെയാണ്. മലയാളത്തിലും ഇപ്പോള്‍ അഭിനേതാക്കള്‍ക്ക് കാരവാനൊക്കെ തരുന്നുണ്ടല്ലോ. പണ്ടത്തെപ്പോലെ അതൊരു ലക്ഷ്വറി സംഭവം അല്ലാതായിട്ടുണ്ട്. ഔട്ട് ഡോര്‍ ഷൂട്ട് ഒക്കെ വരുമ്പോള്‍ അത് മിക്കപ്പോഴും ആവശ്യമായി വരുന്നുണ്ട്. കാരവാനില്ലാതെ വയ്യ എന്നല്ല, ഉണ്ടെങ്കില്‍ സൗകര്യപ്രദമാണ്.

സംവിധായകരുടെ ഒരു നീണ്ട വിഷ്‌ലിസ്റ്റുണ്ട്..

ഒരു വലിയ വിഷ്‌ലിസ്റ്റുണ്ട്. പ്രതിഭ തെളിയിച്ച സംവിധായകര്‍ മാത്രമല്ലല്ലോ. പുതുമുഖങ്ങളായ ഒട്ടനവധി സംവിധായകര്‍ ഇപ്പോള്‍ അടിപൊളിയായി സിനിമ ചെയ്യുന്നുണ്ടല്ലോ. ഓരോ സിനിമ മലയാളത്തില്‍ ഉണ്ടാകുന്തോറും ആ വിഷ്‌ലിസ്റ്റ് നീണ്ടു നീണ്ടു വരികയാണ്. പുതിയ പേരുകള്‍ ചേര്‍ക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.

മുടിയൊക്കെ ഇന്നു വരും. നാളെ പോകും..

ഇഷ്ടഭക്ഷണം ചപ്പാത്തിയും പനീര്‍കറിയും. കഴിച്ചയുടനെ പിന്നെയും വിളമ്പിത്തരികയാണെങ്കില്‍ വീണ്ടും കഴിക്കും. അത്ര ഇഷ്ടമാണ്. ഞാന്‍ മെലിഞ്ഞുവെന്ന് കണ്ടു കഴിഞ്ഞാല്‍ അമ്മ അപ്പോള്‍ ഈ ട്രംപ് കാര്‍ഡ് ഇറക്കും. ഇതുവരെ വെല്ലുവിളി തരുന്ന കഥാപാത്രമൊന്നും ലഭിച്ചിട്ടില്ല. ഡയറ്റായാലും മുടി മുറിക്കാനായാലും തയ്യാറാണ്. മുടിയൊക്കെ ഇന്നു വരും. നാളെ പോകും. അതുപോലെയല്ലല്ലോ നല്ല നല്ല കഥാപാത്രങ്ങള്‍..

ഇഷ്ടനടി ശോഭന..

ശോഭനയെ വലിയ ഇഷ്ടമാണ്. മണിച്ചിത്രത്താഴ് എത്രയോ ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. എന്നാലും ആ ഒറിജിനലിന്റെ എസന്‍സ് മറ്റൊന്നിലും കണ്ടിട്ടില്ല. അതു തന്നെയാണ് അവരോടുള്ള ഇഷ്ടത്തിനു കാരണവും. അവര്‍ ബില്ല്യണില്‍ ഒരാളല്ലേ? അതുപോലെയൊക്കെ ആവാന്‍ നമുക്കൊക്കെ കഴിയുമോ?

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
MAMUKKOYA

6 min

'അപ്പോ ഞാന്‍ ചായക്കടക്കാരന്‍ അല്ലേ'; മാമുക്കോയയുടെ ചോദ്യം കേട്ട് കഥപറയാൻ വന്ന സംവിധായകര്‍ ചിരിക്കും

Apr 26, 2023


mannar mathai speaking Comedy, Memes, trolls Siddique Lal film, Movies, innocent mukesh
Feature

2 min

സന്ധ്യാവും ഗര്‍വാസീസ് ആശാനും;  ഈ പേരുകള്‍ വന്നതിങ്ങനെ

Jul 13, 2022


mathrubhumi

2 min

ലാലിബേല, ഇല്ലാതാവുന്ന ഭാരതപ്പുഴയുടെ കഥ

Jan 2, 2018

Most Commented