ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം
കോറോം പുല്ലേരി വാധ്യാരില്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എ.കെ.ജി.യുടെ പ്രിയപ്പെട്ട ഉണ്ണിയാണ്. എ.കെ.ജി. പലപ്പോഴായി അയച്ച കത്തുകൾ കുപ്പായക്കീശയിൽ കൊണ്ടുനടക്കുന്നത് അഭിമാനമായി കരുതിയിരുന്ന ആൾ. “പ്രിയപ്പെട്ട ഉണ്ണീ...” എന്ന സംബോധനയോടെയുള്ള കത്തുകൾ...
'തൊള്ളായിരത്തി നാല്പതുകളിലെ ഒരു രാത്രി. വൈകി ഒരാൾ കിടുകിടാ വിറച്ച് ഇല്ലത്തെത്തി. അത് എ.കെ.ജി.യായിരുന്നു. സേലം ജയിലിൽനിന്ന് സി.കണ്ണനടക്കം വേറെ നാലുപേരോടൊപ്പം രക്ഷപ്പെട്ട് ആഴ്ചകളോളം ബെംഗളൂരുവിലും മൈസൂരുവിലുമെല്ലാം കാട്ടിലും മറ്റും കഴിഞ്ഞ് മലമ്പനി ബാധിച്ച് അവശനായ എ.കെ.ജി.. ഇല്ലത്തിന്റെ പടിഞ്ഞാറുഭാഗത്തെ ഒരുമുറിയിലേക്ക് എ.കെ.ജി.യെ ആക്കി. വൈക്കോലിടുന്ന മുറിയാണ്. ചികിത്സയ്ക്കായി ഒളിവിൽ താമസിക്കാൻ വേറെയെവിടെയും സാധിക്കില്ലെന്ന് മനസ്സിലാക്കി ഇല്ലത്തെത്തിച്ചതാണ്. എ.കെ.ജി.യുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു കാലഘട്ടമായിരുന്നു അത്. തന്റെ ഇല്ലം എ.കെ.ജി.യുടെ വീടായത്, തന്റെ അമ്മ എ.കെ.ജി.യുടെ പ്രിയപ്പെട്ട അമ്മയായി മാറിയത്... ഇവയെല്ലാം ഉണ്ണികൃഷ്ണൻ നമ്പൂതിരി എപ്പോഴും ഓർത്തുപറയുമായിരുന്നു.
പയ്യന്നൂർ മേഖലയിലാകെ ദേശീയപ്രസ്ഥാനത്തിന്റെ വിത്തുപാകിയ ചൊക്ലിക്കാരൻ സി.എച്ച്.ഗോവിന്ദൻ നമ്പ്യാർതന്നെയാണ് കോറോത്തെ പുല്ലേരി ഇല്ലത്ത് രാഷ്ട്രീയമെത്തിച്ചത്. അവിടത്തെ നാരായണ വാധ്യാർ നമ്പൂതിരി ഉറച്ച കോൺഗ്രസുകാരനായി. മകൻ കേശവൻ നമ്പൂതിരി എന്ന അഡ്വ. പി.വി.കെ.നമ്പൂതിരിയിലൂടെ ഉറച്ച കമ്യൂണിസ്റ്റ് കുടുംബവും. പി.വി.കെ.നമ്പൂതിരിയുടെ വീടെന്ന നിലയിലാണ് വാധ്യാരില്ലത്ത് എ.കെ.ജി. ഒളിച്ചുചികിത്സിക്കാനെത്തുന്നത്.
എ.കെ.ജി.യെ സുരക്ഷിതമായി പാർപ്പിച്ചത് ഒരു പരിശീലനമായിരുന്നു. പിന്നീട് കെ.പി.ആർ. ഗോപാലൻ, ഇ.കെ. നായനാർ, എ.വി. കുഞ്ഞമ്പു തുടങ്ങിയവരെയെല്ലാം ഇല്ലത്ത് ഒളിവിൽ പാർപ്പിച്ച് സംരക്ഷിച്ചു. പലതവണ പോലീസ് ഇല്ലം വളഞ്ഞ് പരിശോധിച്ചു. ഉണ്ണി നമ്പൂതിരിയുടെ അമ്മയെ പലതവണ പോലീസ് ചോദ്യം ചെയ്തു. ഒരിക്കൽ പോലും പിഴവുപറ്റാതെ സംരക്ഷിക്കാനായത് തന്റെ ഇല്ലത്തിന്റെ പുണ്യമാണെന്ന് പറയുമായിരുന്നു അദ്ദേഹം.
Content Highlights: Unnikrishnan Namboothiri veteran actor passed away, AK Gopalan, EK Nayanar, AV Kunjambu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..