ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദേവദർശനും ദീപാങ്കുരനുമൊപ്പം ഉണ്ണികൃഷ്ണൻ നമ്പൂതിരി (ഫയൽചിത്രം)
ഷാർജ : വിടപറഞ്ഞ മലയാളത്തിന്റെ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അവസാനമായി ഒരുനോക്കുകാണാൻ സാധിക്കാത്ത വേദനയിലാണ് ചെറുമകൻ ഡോ. ദേവദർശൻ കൈതപ്രം. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൾ ദേവിയുടെയും പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെയും ഇളയമകനായ ദേവദർശൻ ദുബായ് കിംസ് ആശുപത്രിയിൽ ഡോക്ടറായി സേവനം നടത്തുകയാണ്.
കോവിഡ് കാരണം ഒരു വർഷത്തോളമായി മുത്തച്ഛനെ നേരിൽ കാണാനും സാധിച്ചില്ല. അസുഖമാകുംവരെ ഓൺലൈനിൽ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. തൊട്ടടുത്ത് ഇരുന്ന് സംസാരിക്കുന്ന ലാഘവത്തോടെ മുത്തച്ഛൻ എല്ലാകാര്യങ്ങളും ചോദിക്കുകയും പറയുകയും ചെയ്യും.
ക്യാമറയുടെ മുന്നിൽ നിന്ന ശീലമായതിനാലാകാം ഓൺലൈനിലെല്ലാം സംസാരിക്കാൻ മുത്തച്ഛന് ഏറെ സന്തോഷമാണെന്നും ദേവദർശൻ പറഞ്ഞു.
ആരോഗ്യത്തോടെ ഉണ്ടായപ്പോൾ കോഴിക്കോട് തിരുവണ്ണൂരിലെ ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി മാസങ്ങളോളം വന്ന് താമസിക്കുമായിരുന്നു.
സംഗീതം നിറഞ്ഞുനിൽക്കുന്ന ഇല്ലത്ത് മുത്തച്ഛൻ ഏറെ സന്തോഷിച്ചതും ഇപ്പോൾ വേദനയോടെ ദേവദർശൻ ഓർക്കുന്നു.
സ്വന്തം മുത്തച്ഛനെ മലയാളികളാകെ മുത്തച്ഛനായി കാണുമ്പോൾ വലിയ അഭിമാനമാണ്,
ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ആദ്യസിനിമയായ ‘ദേശാടനം’ ഇറങ്ങുമ്പോൾ ദേവദർശനും ജ്യേഷ്ഠൻ സംഗീതസംവിധായകനായ ദീപാങ്കുരനും സ്കൂളിൽ പഠിക്കുകയാണ്. അക്കാലത്ത് മുത്തച്ഛൻ സിനിമയിൽ അഭിനയിച്ചെന്ന് കേട്ടപ്പോൾ ഇരുവർക്കും ആശ്ചര്യമായിരുന്നു, ഈ പ്രായത്തിൽ മുത്തച്ഛന് സിനിമയിൽ അഭിനയിക്കാൻ സാധിക്കുമോയെന്നുപോലും ചിന്തിച്ചിട്ടുണ്ട്.
എന്നാൽ സിനിമ വലിയ വിജയമാവുകയും അതോടെ മുത്തച്ഛൻ അറിയപ്പെട്ട നടനായതെല്ലാം വലിയ കാര്യമായി തോന്നിയിരുന്നു. കമൽഹാസൻ, രജനീകാന്ത്, ഐശ്വര്യാറായ്, മമ്മൂട്ടി എന്നിവരോടൊപ്പമെല്ലാം അഭിനയിച്ച കാര്യം മുത്തച്ഛൻ അഭിമാനത്തോടെ പറയാറുണ്ടെന്നും ദേവദർശൻ പറഞ്ഞു.
സ്നേഹവും പരിലാളനയും ഉണ്ണികൃഷ്ണൻ നമ്പൂതിരി വാരിക്കോരി നൽകിയിട്ടുണ്ട് മക്കൾക്കും ചെറുമക്കൾക്കും. മുത്തച്ഛൻ ഇല്ലാതായെങ്കിലും ഒരു ആയുസ്സ് മുഴുവൻ ലഭിക്കേണ്ട ലാളന കിട്ടിയിട്ടുണ്ടെന്ന് ദേവദർശൻ പറഞ്ഞു.
Content Highlights: Unnikrishnan Namboothiri demise, Grandchild Devadarsan remembers actor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..