ഉണ്ണി പാലക്കൽ തെരുവോരത്തുള്ള തന്റെ തുണിക്കച്ചവടത്തിൽ
എടപ്പാൾ: നവാഗത തിരക്കഥാകൃത്തിനുള്ള അടൂർ ഭാസി പുരസ്കാരം നേടിയ കലാകാരൻ ജീവിക്കാൻവേണ്ടി തെരുവുകച്ചവടം നടത്തുന്നു.
നന്നംമുക്കിലെ ഉണ്ണി പാലക്കൽ എന്ന അമ്പത്തേഴുകാരനാണ് ജീവിതത്തിന്റെ തിരക്കഥയിൽ തെരുവുകച്ചവടക്കാരനായി മാറിയത്.
റഷീദ് കെ. മൊയ്തു സംവിധാനംചെയ്ത ‘ഏഴ് ദേശങ്ങൾക്കുമകലെ’ എന്ന സിനിമയുടെ തിരക്കഥയ്ക്കാണ് ഇദ്ദേഹത്തിന് അടൂർ ഭാസി പുരസ്കാരം ലഭിച്ചത്.
ശ്രീജിത്ത് രവിയും ശിവജി ഗുരുവായൂരുമെല്ലാം അഭിനയിച്ച ചിത്രം വേണ്ടത്ര ജനശ്രദ്ധ നേടിയില്ലെങ്കിലും തിരക്കഥാകൃത്തെന്ന നിലയിൽ ഉണ്ണിയുടെ പ്രതിഭ തിളങ്ങിയ ചിത്രമായിരുന്നു അത്. ബാല്യകാലം മുതൽ തിരക്കഥയായിരുന്നു ഉണ്ണിയുടെ മനസ്സിൽ. വായനയും എഴുത്തും അരങ്ങുവാണപ്പോൾ ഏഴാം ക്ലാസോടെ സ്കൂളിനോട് വിടപറഞ്ഞു.
സ്രായിക്കടവ് പാലമില്ലാത്ത കാലത്ത് അവിടെ വഞ്ചിത്തൊഴിലാളിയായി ജീവിതം തുഴഞ്ഞു. അതോടൊപ്പം മലബാർ നാടകവേദി അംഗമായി പത്തിൽപ്പരം നാടകങ്ങൾ എഴുതുകയും സംവിധാനംചെയ്യുകയും അഭിനയിക്കുകയും ചെയ്തു.
പത്തോളം ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ജീവിതത്തിൽ ഇതിനകം പല വേഷങ്ങളും കെട്ടേണ്ടിവന്നതിനാൽ തിരക്കഥാസ്വപ്നങ്ങൾ കെട്ടിപ്പൂട്ടി വെക്കേണ്ടിവന്നു.
ബസ് കണ്ടക്ടറായിരിക്കെ ബസുടമയാകാനുടലെടുത്ത മോഹം വലിയ ചതിയിലകപ്പെടുത്തി. 30 ലക്ഷത്തോളം രൂപയുടെ ബാധ്യതയിൽ കുരുങ്ങാൻ ഇതു കാരണമായി.
വീടും സ്ഥലവും ആഭരണവുമെല്ലാം വിറ്റിട്ടും കടംവീടാതെ പ്രവാസലോകത്തേക്ക് പറന്ന ഇദ്ദേഹം കടം വീട്ടിയശേഷമാണ് പിന്നീട് നാട്ടിലെത്തിയത്. അപ്പോഴേക്കും വാങ്ങിയ ബസ് ചാലിശ്ശേരി പോലീസ്സ്റ്റേഷനു മുന്നിൽ കിടന്നു തുരുമ്പെടുത്തുനശിച്ചിരുന്നു. അതിനുശേഷമാണ് റെഡിമെയ്ഡ് തുണിക്കച്ചവടത്തിലേക്കു തിരിഞ്ഞത്. ഇപ്പോൾ കുറച്ചുകാലമായി സംസ്ഥാനപാതയോരത്ത് ചെറിയ ഷെഡുകെട്ടി അതിൽ തുണിത്തരങ്ങൾ വിറ്റാണ് ജീവിതം. അതിനിടയിലും എഴുത്തുണ്ട്.
ഭാര്യ ദേവിയും എഴുത്തുകാരിയായ മകൾ മന്യയും മകൻ മനുവും അടങ്ങുന്ന കുടുംബം എന്നും അച്ഛന്റെ കഥാമോഹത്തിനൊപ്പം നിന്നത് തുണയായതായി ഉണ്ണി പറയുന്നു. ‘ഹരിദ്വാറിൽ ഒരു പ്രണയകാലത്ത്’ എന്ന സിനിമയുടെ തിരക്കഥയുടെ പണിയിലാണ് ഇപ്പോൾ ഉണ്ണി.
Content Highlights: unni palakkal script writer sells clothes on street to survive ezhu deshangalkumakale
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..