ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടയാള്‍, ചിലര്‍ നടത്തിയ നീക്കങ്ങളായിരുന്നു പലതും


പി.പ്രജിത്ത്

6 min read
Read later
Print
Share

സംഘട്ടനങ്ങള്‍ നിറഞ്ഞ, സിക്സ്പാക്ക് ശരീരം കാണിക്കുന്ന സിനിമകളില്‍ മാത്രമേ അഭിനയിക്കൂവെന്ന് ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നെ മനസ്സിലാക്കുന്നതില്‍ ചുറ്റുമുള്ളവരും അവര്‍ക്കുമുന്നില്‍ സ്വയം അവതരിപ്പിക്കുന്നതില്‍ എനിക്കും പിഴവ് സംഭവിച്ചിട്ടുണ്ട്

ഫോട്ടോ : എസ് എൽ ആനന്ദ്

രേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ ബാല്യം ഉണ്ണി മുകുന്ദന്റെ ഓര്‍മയിലുണ്ട്. അഹമ്മദാബാദിലെ പഠനകാലത്ത് ഭൂകമ്പത്തിനും കലാപത്തിനും സാക്ഷിയായി. കവിതകള്‍ രചിക്കുന്ന
സിനിമക്ക് പാട്ടെഴുതിയ ഉണ്ണിയെ അടുത്തറിയാം.

"ജീവിതത്തിലെനിക്ക് ഒരുപാട് ലഹരികളുണ്ട്. അഭിനയം, വ്യായാമം, പാട്ട്, കവിതാരചന... എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായ ലഹരിവസ്തുക്കളൊന്നും ഞാന്‍ ഉപയോഗിച്ചിട്ടില്ല.'' സിനിമക്കുവേണ്ടി കഠിനാധ്വാനം ചെയ്യാന്‍ മടിയില്ലാത്ത ഉണ്ണിമുകുന്ദന്‍ വെള്ളിത്തിരയിലെത്തിയിട്ട് എട്ടുവര്‍ഷം പൂര്‍ത്തിയായി. മലയാളത്തിലും തെലുഗിലും ശ്രദ്ധേയനായ താരവുമായി അടുത്തുസംസാരിച്ചപ്പോള്‍ നമ്മളിതുവരെ അറിയാത്ത ഒരുപാട് അനുഭവങ്ങളും ചിന്തകളും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു.നരേന്ദ്രമോദിക്കൊപ്പം പട്ടം പറത്തിയ ബാല്യവും അഹമ്മദാബാദിലെ പഠനകാലത്ത് ഭൂകമ്പത്തിനും കലാപത്തിനും സാക്ഷിയാകേണ്ടിവന്ന ഓര്‍മകളും ഉണ്ണിവിവരിച്ചു.

കവിതകള്‍ രചിക്കുന്ന, സിനിമക്ക് പാട്ടെഴുതുന്ന വ്യത്യസ്തനായൊരു മനുഷ്യനെയാണ് സംസാരത്തിലുടനീളം കണ്ടത്. വേരുകള്‍ അവിടെ അഹമ്മദാബാദിലാണ്, ജന്മംകൊണ്ട് മലയാളിയെങ്കിലും ജനിച്ചതും വളര്‍ന്നതും മറുനാട്ടില്‍. പത്താം ക്ലാസുവരെ പഠിച്ചത് ഗുജറാത്തിയും ഹിന്ദിയും സംസ്‌കൃതവും. വീട്ടില്‍ മലയാളം പറയണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. സിനിമയ്ക്കു വേണ്ടിയാണ് മലയാളം എഴുതാനും വായിക്കാനും പഠിച്ചത്. സഹസംവിധായകനില്‍നിന്ന് തുടങ്ങി നടനായും നായകനായും മാറിയ അഭിനയ ജീവിതമായിരുന്നു ഉണ്ണി മുകുന്ദന്റേത്.

''ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഞാന്‍. അന്യനാട്ടില്‍ പഠിച്ചുവളര്‍ന്ന ഒരാള്‍ ഇവിടെ ആളാകേണ്ടെന്ന ഉദ്ദേശത്തില്‍ ചിലര്‍ നടത്തിയ നീക്കങ്ങളായിരുന്നു പലതും. ഇവിടത്തെ രീതിയും ഇടപെടലുകളും മനസ്സിലാക്കാന്‍ എനിക്കും സമയം വേണ്ടിവന്നു. മസിലളിയന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം അഭിമാനമായിരുന്നു. എന്റെ കഥാപാത്രങ്ങള്‍ മനസ്സില്‍ നില്‍ക്കുന്നതുകൊണ്ടല്ലേ അങ്ങനെ വിളിക്കുന്നതെന്ന് കരുതി. എന്നാല്‍, പിന്നീട് മനസ്സിലായി ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കുവെന്നൊരു ധാരണ പരത്താന്‍വേണ്ടി ചിലര്‍ ബോധപൂര്‍വമുണ്ടാക്കിയ ശ്രമമായിരുന്നു അതെന്ന്. സംഘട്ടനങ്ങള്‍ നിറഞ്ഞ, സിക്സ്പാക്ക് ശരീരം കാണിക്കുന്ന സിനിമകളില്‍ മാത്രമേ അഭിനയിക്കൂവെന്ന് ഞാനിതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നെ മനസ്സിലാക്കുന്നതില്‍ ചുറ്റുമുള്ളവരും അവര്‍ക്കുമുന്നില്‍ സ്വയം അവതരിപ്പിക്കുന്നതില്‍ എനിക്കും പിഴവ് സംഭവിച്ചിട്ടുണ്ട്.''

ഞാന്‍ ജിമ്മില്‍ പോകുന്നതുകൊണ്ട് നിങ്ങള്‍ക്കെന്താണ്

കുട്ടിക്കാലത്ത് ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. അവയില്‍നിന്ന് രക്ഷനേടാന്‍ വേണ്ടിയാണ് ശരീരത്തെ ബലപ്പെടുത്തിയത്. ചെറുപ്പംമുതല്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടു. സിനിമ സ്വപ്നമായി ഉദിച്ചുയരും മുന്‍പുതന്നെ ജിമ്മിലേക്ക് പോയിത്തുടങ്ങി. എട്ടാം ക്ലാസ് മുതല്‍ വര്‍ക്ക് ഔട്ടുകള്‍ ആരംഭിച്ചു. വീട്ടിലെ അമ്മിക്കുട്ടിയും ഗ്യാസ് കുറ്റിയുമെല്ലാമെടുത്തായിരുന്നു അദ്യ പരിശീലനം. പത്താം ക്ലാസുമുതല്‍ ജിമ്മില്‍ പോയിത്തുടങ്ങി. പന്ത്രണ്ടാം ക്ലാസ്സോടെ വ്യായാമം ജീവിതത്തിന്റെ ഭാഗമായി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാല്‍പ്പത് കിലോ, ഒന്‍പതിലെത്തിയപ്പോള്‍ നാല്‍പ്പത്തഞ്ച്, പത്താംക്ലാസില്‍ അമ്പത് കടന്നു. പ്ലസ് വണ്‍ അമ്പത്തിയെട്ടും പന്ത്രണ്ടാം ക്ലാസില്‍ എഴുപത്തിരണ്ട് കിലോയുമായി. ക്രമാനുഗതമായി വളര്‍ച്ചയായിരുന്നു അത്.

unni Mukundan

മാമാങ്കത്തില്‍ അഭിനയിക്കുമ്പോള്‍ എഴുപത്തിനാല് കിലോയിലേക്ക് ശരീരം മാറ്റി. യഥാര്‍ഥകഥയെ അവലംബമാക്കിയാണ് മാമാങ്കം സിനിമ ഒരുക്കിയത്. ചരിത്രത്തിലെവിടെയും ചന്ത്രോത്ത് പണിക്കരുടെ മുഖമുണ്ടായിരുന്നില്ല. അയാളുടെ ശരീരം ഇത്തരത്തിലൊക്കെ ആകണമെന്ന് സംവിധായകനോ അണിയറപ്രവര്‍ത്തകരോ നിര്‍ദേശിച്ചിരുന്നില്ല. കളരിയില്‍ പയറ്റിത്തെളിഞ്ഞ, അടവുകളെല്ലാം പഠിച്ച് ചെറിയ വയസ്സിലേ ഗുരുസ്ഥാനത്തേക്കുയര്‍ന്ന യുവാവിന്റെ ശരീരം ശക്തമായിരിക്കണമെന്ന് ഉണ്ണി മുകുന്ദന്‍ സ്വയം നിശ്ചയിക്കുകയായിരുന്നു. അഭിനയിക്കുന്ന സിനിമകള്‍ക്കു വേണ്ടി ശാരീരികമാറ്റങ്ങള്‍ നടത്താന്‍ തയ്യാറുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍, അത്തരത്തിലുള്ള ശ്രമങ്ങളെ ചെറുതും വലുതുമായ കളിയാക്കലുകളിലൂടെ മാത്രമേ സിനിമാലോകം കാണുന്നുള്ളുവെന്ന് ഉണ്ണി പറയുന്നു.

''ജിമ്മില്‍ പോകുന്നതും ശരീരം ശ്രദ്ധിക്കുന്നതും വലിയ അപരാധമായിട്ടാണ് പലരും കാണുന്നത്. ഹിന്ദിയിലും തമിഴിലുമെല്ലാം ചെറിയ വേഷങ്ങള്‍ ചെയ്യുന്നവര്‍പോലും സ്വന്തം ശരീരത്തെ കൃത്യമായി പരുവപ്പെടുത്തുന്നവരാണ്. മലയാളത്തിലെ അഭിനേതാക്കള്‍ ഒന്നിനുപുറകെ ഒന്നായി സിനിമകള്‍ ചെയ്യുന്നതുകൊണ്ട് പലര്‍ക്കും കഥാപാത്രങ്ങള്‍ക്കായി ശാരീരികമാറ്റങ്ങള്‍ നടത്താന്‍ കഴിയുന്നില്ല. എന്റെ രീതി അതില്‍നിന്ന് വ്യത്യാസമാണ്. ഒരു കഥാപാത്രത്തെ നമ്മള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പൂര്‍ണമായും അതിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരം അവന്റെ ടൂളാണ്. അതിനെ മിനുക്കിയെടുക്കുകയെന്നത് വലിയ ജോലിയാണ്. മസില്‍ ഉണ്ടാക്കുന്നതുപോലെ തന്നെ ചില വേഷങ്ങള്‍ക്കുവേണ്ടി ശരീരഭാരം കുറയ്ക്കുന്നതും ഭാരിച്ച ജോലിയാണ്. മലയാളത്തില്‍ ഇത്തരം കാര്യങ്ങളില്‍ ഇനിയും അവബോധമുണ്ടായിട്ടില്ല. എന്റെ സമാനമായി നില്‍ക്കുന്നവരൊന്നും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതുകൊണ്ടാകണം ഞാന്‍ ചെയ്യുമ്പോള്‍ ഇതെല്ലാം വലിയ സംഭവമായി പലരും ഉയര്‍ത്തിക്കാണിക്കുന്നത്.''

യുവതാരങ്ങളില്‍ വലിയൊരു വിഭാഗം ലഹരിക്കടിമകളാണെന്ന് ആരോപണമുണ്ട്?

Unni

അടുത്തകാലത്തുണ്ടായ ചില സംഭവങ്ങളെ ഉയര്‍ത്തിക്കാണിച്ച് യുവതാരങ്ങളെല്ലാം ലഹരിക്കടിമകളാണെന്ന വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായൊരു ശ്രമം പലയിടത്തും കാണുന്നുണ്ട്. അഭിനേതാക്കളെ മൊത്തമായി കരിവാരിത്തേക്കുന്ന ആരോപണങ്ങളാണ് അത്. ഞാന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ല. എന്റെ വീട്ടില്‍ പൊടിയുണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും.

ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തതരം താത്പര്യങ്ങളായിരിക്കും. ചിലര്‍ വായനശാലകളിലേക്കും ചിലര്‍ ക്രിക്കറ്റിലേക്കും ഫുട്‌ബോളിലേക്കും മറ്റുചിലര്‍ പാട്ടിലേക്കുമെല്ലാം ഒഴിവുസമയങ്ങള്‍ തിരിച്ചുവിടും. ഞാന്‍ ഇടവേളകള്‍ കൂടുതലായും ജിമ്മിലും മറ്റിടങ്ങളിലുമായാണ് ചെലവിടാറ്. അത് വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകളെ ചൂണ്ടിക്കാണിക്കാനായി മുന്നോട്ടുവരുന്നില്ല എന്നാണ്. കാടടച്ച് വെടിവെക്കുന്ന രീതി അംഗീകരിക്കാനാവില്ല.

കറുത്ത സ്‌കോര്‍പ്പിയോ കാറിലാണ് അന്നൊക്കെ മോദിയെ കണ്ടിരുന്നത്

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നരേന്ദ്ര മോദിക്കൊപ്പം പട്ടംപറത്തിക്കളിച്ചിട്ടുണ്ട്. കറുത്ത സ്‌കോര്‍പ്പിയോ വാഹനത്തിലാണ് അന്നദ്ദേഹം വന്നിരുന്നത്. കുട്ടിക്കാലത്ത് പിന്നെയും പലതവണ കണ്ടു. അപ്പോഴും അദ്ദേഹത്തിന്റെ വാഹനം കറുത്ത സ്‌കോര്‍പ്പിയോതന്നെ. ആ വാഹനത്തോട് അദ്ദേഹത്തിന് പ്രത്യേക പ്രിയമുള്ളതായി തോന്നിയിട്ടുണ്ട്.

മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പട്ടംപറത്തല്‍. കുട്ടികളുടെ മത്സരത്തിനൊപ്പം ചേരാനായിരുന്നു മോദിയുടെ വരവ്. ഞങ്ങളുടെ കൂട്ടം അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ഏറെ നേരം പട്ടം പറത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കൊപ്പം ചെലവിടാന്‍ അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. ആളുകളുമായി ഇടപഴകുന്നതിലും അവരെ തന്നിലേക്ക് അടുപ്പിക്കുന്നതിനും അദ്ദേഹത്തിന് വലിയൊരു കഴിവുള്ളതായി തോന്നിയിട്ടുണ്ട്. അന്ന് അവിടെ താമസിച്ച ഞങ്ങളുടെ തലമുറയില്‍പെട്ടവരിലേക്ക് രാഷ്ട്രീയബോധം കൊണ്ടുവന്നതില്‍ മോദി വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പിന്‍തുടര്‍ന്ന് ഞങ്ങള്‍ക്കിടയില്‍ പലരും പിന്നീട് രാഷ്ട്രീയത്തിലേക്കിറിങ്ങി.

മകരസംക്രാന്തിക്കുപുറമേ ഗണേശോത്സവവും വലിയ പ്രാധാന്യത്തോടെയാണ് ആഘോഷിച്ചത്. ഓരോ നാട്ടില്‍നിന്നും ഉയരുന്ന ഗണപതികള്‍ തമ്മിലായിരുന്നു ഗണേശോത്സവത്തില്‍ മത്സരിച്ചത്. ഏറ്റവും വലുതും ഭംഗിയുള്ളതുമായ ഗണപതി ആരുടെത് എന്നായിരുന്നു എല്ലാവരും നോക്കിയിരുന്നത്. അഹമ്മദാബാദിലെ മണിനഗറിലായിരുന്നു താമസിച്ചിരുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സോഷ്യല്‍ സയന്‍സ് പരീക്ഷാദിവസമാണ് ഗുജറാത്തില്‍ ഭൂകമ്പമുണ്ടാകുന്നത്. അന്ന് പരീക്ഷ എഴുതേണ്ടിവന്നില്ല. ഒന്‍പതില്‍ പഠിക്കുമ്പോഴാണ് വര്‍ഗീയകലാപം തലപൊക്കിയത്.

കവിത എഴുതും ചെസ്സ് കളിയോട് താത്പര്യമാണ്

അഹമ്മദാബാദിലായതുകൊണ്ട് പത്താംതരംവരെ ഇംഗ്ലീഷും ഹിന്ദിയും സംസ്‌കൃതവും ഗുജറാത്തിയുമായിരുന്നു പഠിച്ചത്. പതിനൊന്നാം തരം മുതല്‍ ഹിന്ദിയിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചു. ഹിന്ദിയിലെ മികച്ച എഴുത്തുകാരെ വായിക്കാനായത് ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കവിത എഴുതുന്ന ശീലമുണ്ടായിരുന്നു. ഇംഗ്ലീഷില്‍ മുപ്പതോളം കവിതകള്‍ എഴുതിയിട്ടുണ്ട്. ഭാവിയില്‍ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കണം. മലയാളം പഠിച്ചത് സിനിമയില്‍ വന്നതിനുശേഷമാണ്. മലയാളസിനിമയ്ക്കുവേണ്ടി പാട്ടെഴുതി എന്നത് ആഹ്ലാദം നല്‍കുന്ന കാര്യമാണ്.

അഭിനയം കഴിഞ്ഞാല്‍ സ്‌പോര്‍ട്‌സിനോടാണ് താത്പര്യം. ഉസൈന്‍ ബോള്‍ട്ടിന്റെയും മുഹമ്മദലിയുടെയും കട്ടഫാനാണ്. റീടേക്ക് ഇല്ലാത്ത കാര്യമല്ലേ... ഒരു നിമിഷത്തിലെ പ്രകടനമാണല്ലോ അവരെ താരങ്ങളാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അവരല്ലേ യഥാര്‍ഥ നായകര്‍. ഔട്ട് ഡോര്‍ സ്‌പോര്‍ട്‌സിനോട് താത്പര്യമുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും ഇഷ്ടമാണ്. ലുഡോ കളിക്കാനിഷ്ടമില്ല. ക്യാരംസിനോടും താത്പര്യമില്ല. കൂട്ടുകാര്‍ക്കൊപ്പം ചെസ്സ് കളിക്കാറുണ്ട്.

മസിലളിയന്‍ എന്ന വിളി കേള്‍ക്കുമ്പോള്‍?

ആദ്യമെല്ലാം ആസ്വദിച്ചിരുന്നു. മല്ലുസിങ്ങിലെ ഹരീന്ദ്രസിങ്ങും വിക്രമാദിത്യനിലെ മസിലളിയന്‍ വേഷവുമെല്ലാം എന്നിലേക്കെത്തിയതിന് കാരണം എന്റെ ശരീരം തന്നെയാണ്. ചിത്രീകരണം നടക്കുന്ന മേപ്പടിയാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവം പറയാം. മേപ്പടിയാനില്‍ അഭിനയിക്കാമെന്നുറപ്പിച്ചുകഴിഞ്ഞശേഷം സംവിധായകനുമായി കൂടുതല്‍ അടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമാണ്. സിനിമയുടെ കഥപറയാന്‍ എന്റെ അടുത്തേക്ക് വരുന്നതിനുമുന്‍പ് അഞ്ചോ ആറോ ആളുകള്‍ സംവിധായകനോട് പറഞ്ഞത് ഈ സിനിമ ഉണ്ണി മുകുന്ദന്‍ ഏറ്റെടുക്കില്ലെന്നും എനിക്കുവേണ്ടത് അടിയും ഇടിയും നിറഞ്ഞ മസില്‍ കാണിക്കാന്‍ പകത്തിലുള്ള കഥകളാണെന്നാണ്്. മേപ്പടിയാന്റെ സംവിധായകന്‍ കഥ പറയാനായി ഒറ്റപ്പാലത്തേക്ക് തിരിക്കും മുന്‍പുപോലും കഥയേറ്റെടുക്കില്ലെങ്കില്‍ എന്തിന് പോകണം എന്ന് പലവട്ടം ചിന്തിച്ചിരുന്നുവത്രേ... അവരുടെ വാക്കുകേട്ട് സംവിധായകന്‍ പിന്‍തിരിഞ്ഞിരുന്നെങ്കില്‍ മേപ്പടിയാന്‍ എന്ന സിനിമയില്‍ ഞാനുണ്ടാകില്ലായിരുന്നു. സിനിമാ മേഖലയിലുള്ളവര്‍തന്നെയാണ് ഇത്തരം തെറ്റായ ധാരണകള്‍ പരത്തുന്നത്. മസിലളിയന്‍ എന്ന വിളിയിലൂടെ അവരെന്നെ തളച്ചിടുകയാണ്.

തെലുങ്കില്‍ ഉണ്ണി മുകുന്ദന് ആരാധകരേറെയാണ്. അന്യഭാഷകളിലും സജീവമാകുകയാണോ?

ജനതാ ഗ്യാരേജും ബാഗ്മതിയും വലിയ നേട്ടം കൊയ്തത് ഗുണം ചെയ്തിട്ടുണ്ട്. നെഗറ്റീവ് വേഷത്തിലാണെങ്കിലും ലാലേട്ടനും ജൂനിയര്‍ എന്‍.ടി.ആറിനുമൊപ്പം മികച്ചൊരു കഥാപാത്രത്തെ ചെയ്യാന്‍ കഴിഞ്ഞു എന്നത് സന്തോഷം നല്‍കിയ കാര്യമാണ്. ബാഗ്മതി ജപ്പാനിലെ ഫിലിംഫെസ്റ്റിവലിലെല്ലാം പ്രദര്‍ശിപ്പിച്ചു. അക്ഷയ്കുമാര്‍ ബാഗ്മതിയെ ഹിന്ദിയിലേക്ക് കൊണ്ടുപോയി. തെലുഗില്‍ രണ്ട് സിനിമയിലേ അഭിനയിച്ചുള്ളുവെങ്കിലും അതുണ്ടാക്കിയ ഇളക്കം വലുതായിരുന്നു. നിലവില്‍ പുതിയ തെലുങ്ക് സിനിമകളില്ല. മലയാളത്തെ അപേക്ഷിച്ച് പ്രൊഫഷണലിസം കൂടിയ സിനിമാമേഖലയാണ് തെലുഗ്. അഭിനയിക്കാന്‍ ഇറങ്ങുകയെന്നത് കൃത്യമായൊരു ജോലിചെയ്യാന്‍ പോകുന്നതുപോലെയാണ്. ഭക്ഷണവും താമസവും യാത്രയും ചിത്രീകരണസമയങ്ങളുമെല്ലാം മുന്‍കൂട്ടി ഉറപ്പിച്ച് മാറ്റമില്ലാതെ മുന്നോട്ടുപോകും. നിര്‍മാണച്ചെലവ് വലുതായതിനാല്‍ ചെറിയകാര്യങ്ങള്‍ പോലും ശ്രദ്ധയോടെയാണവര്‍ നീങ്ങുന്നത്.

മാമാങ്കം നല്‍കിയ മാറ്റം

Unni Mukundan

മമ്മൂട്ടിചിത്രങ്ങളില്‍ അനുജനായും സുഹൃത്തായും വില്ലനായും പല വേഷങ്ങളില്‍ ഉണ്ണിമുകുന്ദനെ കണ്ടിരുന്നെങ്കിലും മാമാങ്കത്തിലെ കഥാപാത്രം ഉണ്ണിമുകുന്ദന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് സമ്മാനിച്ചത്. മാമാങ്കത്തിന്റെ അവസാനവട്ട ചര്‍ച്ചകളിലാണ് ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ചിത്രത്തിനായി ശരീരം പാകപ്പെടുത്തി, കളരിയില്‍ പയറ്റ് പഠിച്ച് കുതിരസവാരി അഭ്യസിച്ച് കഥാപാത്രത്തിനായി സ്വയം മാറുകയായിരുന്നു.മാമാങ്കം ഹിന്ദിയില്‍ മൊഴിമാറിയെത്തിയപ്പോള്‍ ഉണ്ണിമുകുന്ദന്‍തന്നെയാണ് കഥാപാത്രത്തിന് ശബ്ദംനല്‍കിയത്. ബോളിവുഡിലെ തന്റെ സുഹൃത്തുക്കള്‍ക്കുള്ള സമ്മാനമാണ് മാമാങ്കമെന്ന സിനിമയെന്ന് ഉണ്ണി പറയുന്നു.

ഉണ്ണിമുകുന്ദനെഴുതിയ കവിതകള്‍ വായിക്കാം

The Charmer

I took the thorny lane,
and painted the path crimson,
for, the berries could have been,
tasted, had I dreamt different!

Grieve, agony
and laborious passage,
life assumes for the windy days!
Crystals close,
bowed! Journey naver cease!
The time lag portraits every man.

I adore my path, for,
not many can trode it!
Blessed are the souls, set out,
to charm the mistress of Honour!

star and style
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ വാങ്ങാം

Remembrance


I remember my days so clear,
Childhood was like so near,
Seeing myself play, all I would do
was more over the time... so dear!

There I see, me running around,
Like the bee for the flowers surround,
Not withholding at any place,
Can I just rejoice my lovely days!

Life was so playful,
Hardly, I knew, will it more so fast!
Foolish was of me then, longing
to be the man, who never stood last!

No more a boy, now a man,
Mirrors showing the time span,
Deep in my heart, I want to revive,
that childhood, just to be alive!

ജനുവരി ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്

Content Highlights : Unni Mukundan Interview Movies Life Meppadiyan Mamankam Childhood Stories Star And Style


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KG George and Mammootty

കെ.ജി. ജോർജ് കണ്ടു, മമ്മൂട്ടിയുടെ മനസ്സിലെ മാന്ത്രികക്കുതിരയെ

Sep 26, 2023


Ganesh and KG George

3 min

ആഖ്യാനകലയുടെ ആചാര്യൻ, വിട കെ.ജി. ജോർജ്‌

Sep 25, 2023


Sidney Poitier Legendary Hollywood actor passes away his life story fight against racism Oscar award

2 min

സിഡ്‌നി പോയ്റ്റിയെർ;ലോകസിനിമയിലെ കറുത്തപൊന്ന്‌

Jan 9, 2022


Most Commented