ഉണ്ണി മുകുന്ദൻ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
നിധിതേടിപ്പോയ ആൽക്കെമിസ്റ്റിലെ സാന്റിയാഗോയെപ്പോലെ സിനിമ സ്വപ്നം കണ്ട് അതിന്റെ പിന്നാലെപ്പോയ ചെറുപ്പക്കാരൻ മലയാളവും കടന്ന് വളരുകയാണ്. നടൻ, നിർമാതാവ്, പാട്ടുകാരൻ... പന്ത്രണ്ടുവർഷങ്ങൾക്കിപ്പുറം സിനിമയുടെ പടവുകൾ ചവിട്ടിക്കയറുകയാണ് ഉണ്ണി മുകുന്ദൻ. കോമഡി, റൊമാൻസ്, ത്രില്ലർ, ഫാന്റസി, ആക്ഷൻ തുടങ്ങി വ്യത്യസ്തമായ കഥാപാത്രങ്ങളടങ്ങിയ സിനിമകളാണ് 2023-ൽ ഉണ്ണിയുടേതായി എത്തുന്നത്. മേപ്പടിയാനുശേഷം നിർമിക്കുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ തിയേറ്ററുകളിൽ എത്തിയതിനുപിന്നാലെ സിനിമയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും മനസ്സുതുറക്കുകയാണ് ഉണ്ണി.
ഷെഫീക്കിന്റെ സന്തോഷങ്ങളുടെ രഹസ്യം
ചെറിയകാര്യങ്ങളിൽ സന്തോഷിക്കുന്നയാളാണ് ഷെഫീക്ക്. ഗ്രാമവും അതിന്റെ നന്മയും പ്രണയവും കോമഡിയുമെല്ലാം ചേർന്ന ഒരു കുടുംബചിത്രം. ഒരു വലിയ ടീമിന്റെ ഒത്തൊരുമയുടെ വിജയമാണ് ഷെഫീക്കിന്റെ സന്തോഷങ്ങൾ. ‘മേപ്പടിയാനു’ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമകൂടിയാണിത്. നവാഗതനായ അനൂപ് പന്തളത്തിന്റേതാണ് എഴുത്തും സംവിധാനവും. സിനിമ കണ്ടിറങ്ങുന്നവരുടെ ചുറ്റുപാടുമായി സാമ്യംതോന്നുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഒരു ഗ്രാമത്തിലെ സാധാരണക്കാരനായ ഗൾഫുകാരൻ ചികിത്സയ്ക്കുപോവുന്നതും പിന്നീട് അയാളുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളും പ്രണയവുമൊക്കെയാണ് സിനിമ പറയുന്നത്. കാരക്ടർ പോസ്റ്ററുകൾ ഇറങ്ങിയതുതന്നെ വ്യത്യസ്തമായ രീതിയിലാണ്. ആടിനും കോഴിക്കും ഉൾപ്പെടെ കാരക്ടർ പോസ്റ്റർ ഇറക്കിയിട്ടുണ്ട് ഞങ്ങൾ. സിനിമയുടെ ഭാഗമായ എല്ലാവർക്കും അവരുടേതായ യുണീക്ക് കാരക്ടർ നൽകിയിട്ടുണ്ട്. മനോജ് കെ. ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, തുടങ്ങി ഒട്ടേറെപ്പേർ ഷെഫീക്കിന്റെ സന്തോഷത്തിനൊപ്പമുണ്ട്.

നിർമാണം, പാട്ട്, അഭിനയം... സിനിമയുടെ മറ്റുമേഖലകളിൽ ചുവടുറപ്പിക്കുകയാണോ?
എന്നും നമ്മൾ മറ്റു സാധ്യതകൾ അറിയുകയും പരീക്ഷിക്കുകയും വേണം. എന്നാലേ അപ്ഡേഷനും വളർച്ചയും നടക്കുകയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മേപ്പടിയാനിൽ നിർമാതാവിന്റെ കുപ്പായമിടേണ്ടിവന്നത് യാദൃച്ഛികമായാണ്. കോവിഡിനെത്തുടർന്ന് സിനിമയുടെ ആദ്യത്തെ നിർമാതാവ് പിന്മാറുകയായിരുന്നു. പിന്നീട്, ഞാൻതന്നെ നിർമാണം ഏറ്റെടുക്കേണ്ടിവന്നു. ഇന്ന് ആലോചിക്കുമ്പോൾ ആ തീരുമാനം ശരിയായി എന്ന് തോന്നാറുണ്ട്. മേപ്പടിയാൻ മികച്ചവിജയം നേടിത്തന്നു. അതോടെ നിർമാണത്തിലെയും മാർക്കറ്റിങ്ങിലെയും സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാൻശ്രമിച്ചു. ഈ കരുത്താണ് ഷെഫീക്കിന്റെ സന്തോഷങ്ങൾ നിർമിക്കാൻ ധൈര്യംതന്നത്. അടുത്തുതന്നെ ഒരു സിനിമകൂടി നിർമിക്കുന്നുണ്ട്. ഷെഫീക്കിന്റെ സന്തോഷത്തിൽ ഞാൻ മൂന്നു പാട്ടുകൾ പാടിയിട്ടുണ്ട്. ഷാൻ റഹ്മാനാണ് മ്യൂസിക്. അദ്ദേഹത്തിന്റെകൂടെ പാടാൻ കഴിയുന്നത് വലിയ അവസരമായാണ് കാണുന്നത്. പാട്ടുകേൾക്കാനും പാടാനുമെല്ലാം ഇഷ്ടമുള്ളയാൾ എന്ന നിലയിൽ ഒരു ചലഞ്ചായെടുക്കുകയായിരുന്നു. പാട്ട് ഇഷ്ടപ്പെട്ടെന്നും നന്നായിട്ടുണ്ടെന്നും പോസിറ്റീവായാണ് ആളുകൾ കമന്റ്ചെയ്യുന്നത്.

മറ്റുഭാഷകളിലെ സിനിമകളുടെ വിജയത്തെക്കുറിച്ച്
സാമന്തയും ഞാനും പ്രധാനവേഷങ്ങളിലെത്തിയ തെലുഗു ചിത്രം ‘യശോദ’ വലിയവിജയം നേടിക്കൊണ്ടിരിക്കുകയാണ്. ആക്ഷൻ ത്രില്ലറായ ചിത്രം നിരൂപകപ്രശംസയും നേടിക്കഴിഞ്ഞു. ഒന്നിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന, മറ്റുഭാഷയിലെ സിനിമകൾക്ക് ഇണങ്ങുന്നവരെ എല്ലാ ഇൻഡസ്ട്രിക്കും ആവശ്യമാണ്. എനിക്കിണങ്ങുന്ന കഥാപാത്രങ്ങൾ മറ്റു ഭാഷകളിൽനിന്ന് കിട്ടുന്നുണ്ട്. അവ പെർഫോം ചെയ്യാനും പറ്റുന്നുണ്ട്. അനുയോജ്യരായവരെ ഇതരഭാഷാ സിനിമകളിലേക്ക് കാസ്റ്റ് ചെയ്യുന്നതുപോലെ നമ്മുടെ സിനിമകളിലും വിളിക്കണം. എന്നാൽമാത്രമേ നമ്മുടെ ഇൻഡസ്ട്രിയും വളരുകയുള്ളൂ.

തുടർച്ചയായി നവാഗതസംവിധായകർക്കൊപ്പമാണ് സിനിമകൾ ചെയ്യുന്നത്. മനഃപൂർവമെടുത്ത തീരുമാനമാണോ?
പുതിയ ആളുകൾക്ക് അവസരംകൊടുക്കുകയെന്നത് മലയാളസിനിമയിൽ എക്കാലത്തും നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. ‘കെ.എൽ. 10’ ചെയ്യുമ്പോൾ മുഹ്സിൻ പരാരി നവാഗതനായിരുന്നു. മുഹ്സിൻ പരാരി, ‘ഒരുമുറൈ വന്ത് പാർത്തായ’യുടെ സംവിധായകൻ സാജൻ ഇവരിൽ നിന്നെല്ലാം എനിക്കൊരുപാട് പഠിക്കാനുണ്ട്. പുത്തൻരീതിയിലാണ് അവർ സിനിമയെ സമീപിക്കുന്നത്.

ആക്ഷൻഹീറോ പരിവേഷത്തിൽനിന്ന് മാറിനടക്കുകയാണോ?
ഒരേ ടൈപ്പ് സിനിമകൾ കുറെ ചെയ്യുന്നതിനിടയിലാണ് മേപ്പടിയാനുമായി വിഷ്ണു എത്തിയത്. എന്റെ അതുവരെയുണ്ടായിരുന്ന ഇമേജുകളെ മാറ്റിമറിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. തനി നാടൻപയ്യനായി ജനം ഏറ്റെടുത്തു. ഷെഫീക്കും അങ്ങനെയാണ്. നാട്ടിൻപുറത്തുകാരനായ പയ്യൻ. അടുത്തുതന്നെ റിലീസാകുന്ന മാളികപ്പുറവും കുടുംബചിത്രമാണ്. ഒരു ഡ്രാമ ജോണറിൽ വരുന്ന സിനിമയാണിത്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ്ലി’ ആക്ഷനും ‘ഗന്ധർവ ജൂനിയർ’ ഒരു ഫാന്റസി സിനിമയുമാണ്. വേറെയും പ്രോജക്ടുകളുണ്ട്. കൂടുതൽ നല്ല സിനിമകൾ നിർമിച്ചും അഭിനയിച്ചും ഇനിയും ഏറെദൂരം പോവാനുണ്ട്. സിനിമയിൽ ചെയ്യാൻപറ്റുന്ന എല്ലാമേഖലകളിലും സാന്നിധ്യമറിയിക്കുകയാണ് ആഗ്രഹം.
Content Highlights: unni mukundan interview, actor unni mukundan about his new movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..