പ്രിയതാരങ്ങളോടുള്ള ആരാധനമൂത്ത് മക്കൾക്ക് അവരുടെ പേര് കൊടുക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ, ഇക്കാര്യം കേട്ടറിഞ്ഞ താരം അവരെ തപ്പിപ്പിടിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഉണ്ണി മുകുന്ദൻ ചെയ്തത് അതാണ്. സാമൂഹ്യ മാധ്യമങ്ങൾ വഴി കൈമാറിക്കിട്ടിയ ഉണ്ണി മുകുന്ദൻ എന്ന കുട്ടിയുടെ അച്ഛനെ കണ്ടുപിടിച്ച് അവരോട് സംസാരിച്ചു. ഇങ്ങനെയൊരു ആരാധന ഇതിന് മുൻപ് കണ്ടിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. ആരാധകന്റെ ഈ സ്‌നേഹം തന്റെ ചുമതല കൂട്ടിയെന്നും ഒരുപാട് സന്തോഷം തോന്നിയെന്നും ഉണ്ണി മാതൃഭുമി ഡോട്ട് കോമിനോട് പറഞ്ഞു 

ഇത്തരമൊരു ആരാധന ആദ്യം

ആരാധന പലതരത്തില്‍ കണ്ടിട്ടുണ്ട്. പക്ഷെ തന്റെ കുഞ്ഞിന് താന്‍ ആരാധിക്കുന്ന താരത്തിന്റെ പേര് നല്‍കുക എന്നത് നിസ്സാര കാര്യമല്ല. ആദ്യമൊന്നും ഞാന്‍ വിശ്വസിച്ചില്ല. എന്നെ പറ്റിക്കാനാവുമെന്നാണ് കരുതിയത്. കാരണം എവിടെയും കേട്ടുകേള്‍വിയുള്ള കാര്യമല്ലല്ലോ ഇത്. പിന്നീടാണ് ആ മോന്റെ ചിത്രങ്ങള്‍ ഞാന്‍ കാണുന്നത്. ഉടനെ തന്നെ സുനിലിന്റെ നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. അവര്‍ക്കും ഒരുപാട് സന്തോഷമായി.

അവാര്‍ഡിനേക്കാള്‍ വലിയ അംഗീകാരം

അവാര്‍ഡുകളെക്കാള്‍ വലിയ അംഗീകാരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത് വലിയ ഉത്തരവാദിത്തമാണ് എനിക്ക് നല്‍കിയിരിക്കുന്നത്. ഇനി ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഈ കുഞ്ഞിനെ കൂടി ബാധിക്കുന്ന തരത്തിലായിരിക്കും. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ വളര്‍ന്നു വരുന്ന മോനെയും ചിലപ്പോള്‍ ബാധിച്ചേക്കും. അതുകൊണ്ടു തന്നെ നല്ല കാര്യങ്ങള്‍ ചെയ്തും നന്മകള്‍ പ്രവര്‍ത്തിച്ചും  നല്ല കുറെ വിജയങ്ങള്‍ സ്വന്തമാക്കിയും മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നാളെ ആ കുഞ്ഞ് അച്ഛനെന്തിനാ ഇയാളുടെ പേരെനിക്കിട്ടത് എന്ന് ചോദിക്കാൻ ഇടവരാത്ത രീതിയില്‍ നല്ല കാര്യങ്ങള്‍ ചെയ്യണം. ഇനി ഞാന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ആ ഉണ്ണി മുകുന്ദനും കൂടി വേണ്ടിയായിരിക്കും. ഒരു പേര് വഴി എങ്കിലും ജീവിതകാലം മുതല്‍ ആ കുടുംബത്തില്‍ എന്റെ സാന്നിധ്യം ഉണ്ടാകും അതൊക്കെ വലിയ കാര്യമല്ലേ. ഗുരുവായൂരില്‍ പോകുമ്പോ ആ മോനെ കാണണമെന്നുണ്ട്. 

unni mukundan

ഗാംഭീര്യമില്ലാത്ത പേര്‌

ഞാന്‍ സിനിമയില്‍ വന്ന സമയത്ത് എന്റെ പേര് മാറ്റണമെന്ന് ആവശ്യപെട്ടവരുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ എന്ന പേര് ഒരു നായകന് ചേര്‍ന്നതല്ലെന്ന് പറഞ്ഞവരുണ്ട്. കുറച്ചു ഗാംഭീര്യമുള്ള പേര് വേണമെന്ന് പറഞ്ഞവരുണ്ട്. അങ്ങനെ പേര് മാറ്റിയാല്‍ നമുക്കും അതുമായി റിലേറ്റ് ചെയ്യാന്‍ പറ്റണ്ടേ. അതെനിക്ക് സാധ്യമല്ലായിരുന്നു. അതുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ എന്നാക്കാം എന്ന് കരുതിയത്. പക്ഷെ ഇന്ന് ആ പേര് മറ്റൊരാളും കൂടി പങ്കിട്ടിരിക്കുന്നു. ഒരുപാട് സന്തോഷം

 ഇര എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഉണ്ണി ഇപ്പോള്‍. മമ്മൂട്ടിയുടെ കൂടെ മാസ്റ്റര്‍ പീസ്, അനുഷ്‌കാ ഷെട്ടിയുമൊത്ത് ഭാഗ്മതി എന്നിവയാണ് ഉണ്ണിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

Content Highlights: Unni Mukundan Fan Baby Malayalam Movie Actor