ഉണ്ണിമേനോൻ | Photo: Latheesh Poovathur Mathrubhumi
38 വർഷമായി ഉണ്ണി മേനോൻ എന്ന ഗായകൻ സംഗീതാസ്വാദകരുടെ കണ്ണും കാതും മനവും നിറയ്ക്കാൻ തുടങ്ങിയിട്ട്. വല്ലപ്പോഴുമേ ആ മനോഹര ശബ്ദം ആസ്വദിക്കാനുളള ഭാഗ്യം മലയാളികൾക്ക് ലഭിക്കാറുള്ളൂ. എന്തേ ഇങ്ങനെ ഇടവേള വരുന്നു എന്ന ചോദ്യത്തിന് അവസരങ്ങൾ തേടി ചെല്ലാൻ ചമ്മലാണ്, ഇന്നും എന്നെ തേടി വരുന്ന പാട്ടുകൾ മാത്രമേ പാടാറുള്ളൂ, അത് ശ്രദ്ധിക്കപ്പെടാറുമുണ്ട്, എന്തോ ഭാഗ്യം എന്ന് ചിരിയോടെ മറുപടി. ശരിയാണ്, എത്ര വലിയ ഇടവേള എടുത്താലും ഉണ്ണി മേനോൻ പാടി വച്ച ഓരോ പാട്ടും ഇന്നും മലയാളികൾ മറക്കാത്തവയാണ്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു മനോഹര മെലഡി മലയാളികൾക്ക് സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹം. കർണൻ നെപ്പോളിയൻ ഭഗത് സിങ്ങ് എന്ന ചിത്രത്തിനായി രഞ്ജിൻ രാജിന്റെ ഈണത്തിൽ ഉണ്ണി മേനോൻ ആലപിച്ച കാതോർത്ത് കാതോർത്ത് എന്ന ഗാനം സംഗീതാസ്വാദകർ നെഞ്ചേറ്റിക്കഴിഞ്ഞു. പുതിയ പാട്ടുകാർക്കൊപ്പമുള്ള പാട്ടനുഭവത്തെക്കുറിച്ചും പാടി വച്ച പാട്ടുകളെക്കുറിച്ചും ഉണ്ണി മേനോൻ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു.
ചെന്നൈയിലേക്ക് അന്വേഷിച്ചെത്തിയ പുതിയ പാട്ട്
രഞ്ജിൻ രാജ് എന്ന സംഗീത സംവിധായകനാണ് കർണൻ നെപ്പോളിയൻ ഭഗത് സിങ്ങ് എന്ന ചിത്രത്തിലെ ഈ മനോഹര മെലഡിക്ക് പിന്നിൽ. നല്ലൊരു ഗായകനാണ് രഞ്ജിൻ. റിയാലിറ്റി ഷോയിലൂടെ വന്ന പ്രതിഭയാണ്. അദ്ദേഹം ഒരു ദിവസം എന്റെ സുഹൃത്തിനൊപ്പം ചെന്നൈയിലെ എന്റെ വീട്ടിലേക്ക് വന്നു. ജോസഫ് എന്ന ചിത്രത്തിനൊക്കെ ശേഷമാണ്. രഞ്ജിനെ ആ സമയത്ത് എനിക്ക് നേരിട്ട് പരിചയമില്ലായിരുന്നു. അന്ന് രഞ്ജിൻ എന്നോട് പറഞ്ഞു എനിക്കിങ്ങനെ ഒന്നു രണ്ട് സിനിമകളൊക്കെ വന്നിട്ടുണ്ട്. അതിൽ ഉണ്ണി ചേട്ടനെ കൊണ്ട് പാടിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെന്ന്. "അതിനെന്താ സന്തോഷമുള്ള കാര്യമല്ലേ., നമുക്ക് ചെയ്യാമെന്ന്" ഞാനും പറഞ്ഞു. ഏത് രീതിയിലുള്ള പാട്ടുകളാണ് ഉണ്ണി ചേട്ടന് താത്പര്യം എന്ന് രഞ്ജിൻ ചോദിച്ചു. "അങ്ങനെയൊന്നുമില്ല ഒരു ഗായകൻ എന്ന നിലയിൽ ഏത് പാട്ട് ലഭിച്ചാലും സന്തോഷമേയുള്ളൂ. വല്ലപ്പോഴുമാണ് ഞാൻ പാടുന്നത്, പിന്നേ ഇതേവരെ എന്നെ തേടി വന്ന പാട്ടുകൾ ഞാൻ പാടിയാൽ നന്നാവും എന്ന് സംഗീത സംവിധായകർ വിചാരിക്കുന്ന പാട്ടുകളാണ്. അത് ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്". എന്ന് ഞാൻ മറുപടി പറഞ്ഞു. എങ്കിൽ ഉണ്ണി ചേട്ടന് പറ്റിയ ഒരു പാട്ട് ഞാൻ ചെയ്യുന്നുണ്ടെന്ന് പറഞ്ഞാണ് അന്ന് ഞങ്ങൾ പിരിഞ്ഞത്.
പിന്നീട് ഒരുമാസത്തിന് ശേഷമാണ് പാട്ട് ചെയ്ത് എനിക്ക് അയച്ചു തരുന്നത്. കേട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു ഇത് ജനങ്ങൾക്കിഷ്ടപ്പെടുന്ന ഒരു മെലഡിയാവുമെന്ന്. നന്നായി പാടി നന്നായി വിഷ്വലൈസ് ചെയ്താൽ ഹിറ്റാകുന്ന ട്യൂൺ ആയാണ് എനിക്ക് തോന്നിയത്. പാടാൻ പോയ സമയത്തും അത് തന്നെയാണ് ഞാൻ പറഞ്ഞത് നന്നായി ചിത്രീകരിക്കണേ എന്ന്. നല്ല വരികളാണ്, ഈണമാണ് അങ്ങനെ എല്ലാം ഒത്തു വരുന്ന ഗാനം ഒരു ഗായകന് കിട്ടുക എന്ന് പറഞ്ഞാൽ അത് ലോട്ടറിയാണ്. ആയിരം പാട്ട് പാടിയിട്ട് കാര്യമില്ലല്ലോ, പാടുന്നത് ആളുകൾക്ക് ഇഷ്ടപ്പെടേണ്ടേ. അങ്ങനത്തെ ഒരു ഭാഗ്യം ചില പാട്ടുകൾക്കേ ലഭിക്കൂ. അങ്ങനെ ഒരു ഭാഗ്യം കിട്ടിയ പാട്ടായിട്ട് തോന്നി എനിക്കീ കാതോരം എന്ന ഗാനം. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വലിയ അംഗീകാരമാണത്. കാരണം ഇന്ന് ആയിരക്കണക്കിന് പുതിയ ഗായകർ വന്നു കഴിഞ്ഞു. അതും കഴിവുറ്റവർ. അതിനിടയ്ക്ക് ഇത്തരം നല്ല ഗാനങ്ങൾ പാടാൻ അവസരം ലഭിക്കുക എന്നത് ഒരു ബോണസല്ലേ. ചെന്നൈയിൽ താമസിക്കുന്ന എന്നെ രഞ്ജിൻ അന്വേഷിച്ചു വന്നു, ഈ പാട്ട് തന്നു, അത് ശ്രദ്ധിക്കപ്പെട്ടു എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്. എന്റെ മാത്രമല്ല ആ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരുടെയും.
നാല് വർഷത്തിന് ശേഷമുള്ള ഓണനാളിലും ട്രെൻഡിങ്ങാവുന്ന 'തിരുവാവണി രാവ്'
ആ പാട്ടിന്റെ ഏറ്റവും വലിയ ചേരുവ എന്ന് പറയുന്നത് അതിന്റെ വരികളാണ്. ഭയങ്കര ഗൃഹാതുരത ഉണർത്തുന്ന വരികളാണ് തിരുവാവണി രാവിന്റേത് . ഓണത്തിന്റെ എല്ലാ ഘടകങ്ങളും അതിലുണ്ട്. കേരളത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളിച്ചതിനൊപ്പം ഷാൻ റഹ്മാൻ ചെയ്ത സ്മാർട്ടായ ഒരു സംഗതിയുണ്ട്. പാട്ടിൽ ഫ്യൂഷൻ മിക്സ് ചെയ്തു. അങ്ങനെ യുവാക്കളും പാട്ട് ഏറ്റെടുത്തു. പഴമയുടെയും പുതുമയുടെയും മനോഹരമായ ഫ്യൂഷൻ അതിലുണ്ട്.പാട്ടിലെ ദൃശ്യങ്ങളും അതിലേറെ മനോഹരമായിരുന്നു. അതു മാത്രമല്ല ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രം വലിയൊരു ഹിറ്റായി. അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തു വന്നപ്പോൾ തിരുവാവണി രാവ് ഇന്നും ഏവരും മൂളി നടക്കുന്നു. ഈ കഴിഞ്ഞ ഓണത്തിനും അത് ട്രെൻഡിങ്ങായിരുന്നു. എനിക്ക് തോന്നുന്നത് ഓണം ഉള്ളിടത്തോളം കാലം ആ പാട്ട് നിലനിൽക്കും അതിന് മാറ്റമില്ല . അത് വലിയ ഭാഗ്യമാണ്. വിനീത് ശ്രീനിവാസനാണ് ആ പാട്ടിലേക്ക് എന്നെ നിർദ്ദേശിച്ചത് എന്ന് പറഞ്ഞ് കേട്ടു.ഇത് ഉണ്ണിച്ചേട്ടൻ പാടിയാൽ നന്നാകുമെന്ന്. അങ്ങനെ പുള്ളിക്ക് തോന്നാൻ കാരണം എന്താണെന്ന് എനിക്ക് അറിയില്ല. അത് എന്റെ ഭാഗ്യമാകും. എനിക്ക് പകരം വേറെ ഏത് ഗായകൻ പാടിയാലും ആ പാട്ട് ഹിറ്റാകുമായിരുന്നു. ഓരോ അവസരവും എനിക്ക് വന്ന് ചേർന്നതാണ്. അങ്ങനെ വല്ലപ്പോഴുമേ സംഭവിക്കാറുള്ളൂ. പക്ഷേ അത് തന്നെ വലിയൊരു ഭാഗ്യമല്ലേ. എന്നെ തേടിയെത്തുന്ന പാട്ടുകൾ മാത്രമേ ഞാൻ പാടാറുള്ളൂ. അങ്ങോട്ട് തേടി ചെല്ലാറില്ല. ഭയങ്കര ചമ്മലാണ്. 38 വർഷമായി പിന്നണി ഗാനരംഗത്ത്. ഇന്നും പാട്ടിന് പ്രസക്തി കുറയുന്ന വേളയിലും ഇത്തരം പാട്ടുകൾ വീണു കിട്ടുന്നത് ഭാഗ്യം തന്നെയാണ്
സ്ഥിതിയിൽ ലഭിച്ച അപൂർവ ഭാഗ്യം
അതുപോലെ തന്നെയാണ് സ്ഥിതി എന്ന ചിത്രത്തിലെ ഒരു ചെമ്പനീർ പൂവിറുത്തു എന്ന ഗാനവും. കൊച്ചു കുട്ടികൾക്ക് വരെ ഇഷ്ടമാകുന്ന എന്തോ ഒരു വൈബ്രേഷൻ ആ പാട്ടിലുണ്ട്. അങ്ങനെയൊരു ഭാഗ്യം എനിക്ക് പണ്ടുമുതലേ ലഭിക്കുന്നുണ്ട്. എന്നെ അന്വേഷിച്ച് വരുന്ന പാട്ടുകളിലെ വരികൾ വളരെ മനോഹരമായിരിക്കും. വെറുതേ എന്തെങ്കിലും പാടിയിട്ട് കാര്യമില്ലല്ലോ. അത് പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ കൂടി സാധിക്കണ്ടേ. ഈ പാട്ടിന്റെ പ്രത്യേകതയും അതാണ്, നമ്മുടെയൊക്കെ ജീവിതവുമായി ബന്ധപ്പെടുത്താൻ സാധിക്കുന്ന വരികളാണ്. അതാണ് ആ പാട്ടിന്റെ വിജയം. അത് ആരു പാടിയാലും ഹിറ്റാണ്. പക്ഷേ അതിനുള്ള യോഗം എനിക്ക് വന്നത് കൊണ്ടാണ് അതെന്റെ ക്രെഡിറ്റിൽ വന്നത്. മറ്റൊരു വലിയ ഭാഗ്യമാണ് ഒരു പാട്ടിന് സംഗീത സംവിധാനം നിർവഹിക്കാനും പാടാനും അതിൽ നായകനായി അഭിനയിക്കാനും എനിക്കായി. അങ്ങനൊരു സൗഭാഗ്യം ഒരുപക്ഷേ മറ്റാർക്കും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.
ഭാഗ്യം, നിയോഗം എന്നിവയൊക്കെയുണ്ടോ?
തീർച്ചയായും . അല്ലെങ്കില്‍ രഞ്ജിൻ രാജ് എന്ന ന്യൂ ജനറേഷൻ സംഗീത സംവിധായകൻ ചെന്നൈയിൽ എന്നെ അന്വേഷിച്ച് വരാനും എന്നെ കൊണ്ട് ഈ പാട്ട് പാടിക്കേണ്ട ആവശ്യമെന്താ,? ആയിരക്കണക്കിന് പ്രതിഭാശാലികളായ പുതുമുഖ ഗായകർ കേരളത്തിലുണ്ട്. അതും ഹിന്ദുസ്ഥാനിയും കർണാട്ടിക്കും സൗണ്ട് എഞ്ചിനീയറിങ്ങും വരെ പഠിച്ച അസാമാന്യ പ്രതിഭകൾ. എന്നിരുന്നാലും ഈ പാട്ട് ഇന്ന ആൾ പാടിയാൽ നന്നാവുമെന്ന് തോന്നാനുള്ള ആ മനസ്ഥിതി ഉണ്ടല്ലോ അവിടെയാണ് ആ പാട്ടിന്റെ വിജയം, അത് എന്റെ ഭാഗ്യമാണ്. യാതൊരു സംശയവുമില്ല ഈ ഭാഗ്യമെന്ന സംഗതി ഉള്ളത് തന്നെയാണ്.
വരാനിരിക്കുന്ന ഭാഗ്യങ്ങൾ, സന്തോഷങ്ങൾ
ആൽബങ്ങൾ ചെയ്യുന്നുണ്ട്. സംഗീത സംവിധാനവും നിർവഹിക്കുന്നുണ്ട്. ഒരു ഓണപ്പാട്ട് ചെയ്തിരുന്നു, അത് ശ്രദ്ധിക്കപ്പെട്ടു. അതും എന്നെ അന്വേഷിച്ച് വരുന്നവർക്ക് ചെയ്തുകൊടുക്കുന്നതാണ്. ആൽബങ്ങൾ അല്ലെങ്കിൽ ഭക്തി ഗാനങ്ങൾ ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ പ്രത്യേകത അവിടെ നമ്മുടെ ഇഷ്ടത്തിനാണ് മുൻഗണന, അധികം കൈകടത്തുകൾ ഉണ്ടാകില്ല. ഒരുപാട് സ്വാതന്ത്യമുണ്ട്. സിനിമ എന്ന് പറഞ്ഞാൽ അങ്ങനെ അല്ലല്ലോ. ഈ കോവിഡ് കാലത്ത് ഏതാണ്ട് ആറ് പാട്ടുകള്‍ കമ്പോസ് ചെയ്തിട്ടുണ്ട്. അതിങ്ങനെ വെറുതെ ഇരിക്കുന്ന സമയത്ത് ഒരു സ്പാർക്കിൽ ചെയ്യുന്ന കാര്യമാണ്. പിന്നെ അഭിനയം, മൂന്ന് സിനിമയിൽ അഭിനയിച്ചു. സ്ഥിതി, ബ്യൂട്ടിഫുൾ, 916. ഈ ഏപ്രിലിൽ ഒരു ഷൂട്ട് ഉണ്ടായിരുന്നു. അനിൽ നാഗേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകന്റെ അച്ഛന്റെ റോളായിരുന്നു. അതിലും രണ്ട് പാട്ടുകൾ പാടിയിട്ടുണ്ട്. നല്ല സൂപ്പർ മെലഡികളാണ്. ഷൂട്ട് ഇപ്പോൾ നീണ്ടു പോയി. എന്ന് നടക്കുമെന്നറിയില്ല. പക്ഷേ നടക്കും. അതുകൂടാതെ ആറ് പാട്ടുകൾ പാടി വച്ചിട്ടുണ്ട്. ഒന്ന് ശരതിന്റെ സംഗീതത്തിൽ ഞാനും ചിത്രയും ചേർന്ന് പാടിയ ഒരു മനോഹര ഗാനമാണ്. അത് എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷ
Content Highlights : Unni Menon Singer Interview karnan napoleon bhagat singh Movie Song Melody Ranijn Raj Music
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..