കൊച്ചുപ്രേമൻ | ഫോട്ടോ: മാതൃഭൂമി
‘ജ്വാലയായ്’ എന്ന സൂപ്പർഹിറ്റ് പരമ്പരയുടെ സെറ്റിൽനിന്ന് സിനിമയിൽ അഭിനയിക്കാൻ പൊള്ളാച്ചിയിലേക്ക്, സംവിധായകന്റെ അനുമതിയില്ലാതെ പണ്ടൊരിക്കൽ കൊച്ചുപ്രേമൻ വണ്ടികയറി. സിനിമ മോഹിച്ച് അവിടെയെത്തിയപ്പോൾ ആ റോൾ മറ്റൊരാൾക്കു നൽകിയതറിഞ്ഞ് മുറിയിലിരുന്നു കരഞ്ഞു. സങ്കടത്തോടെ, പരമ്പരയുടെ ലൊക്കേഷനിൽ തിരിച്ചെത്തിയപ്പോൾ സംവിധായകൻ വയലാർ മാധവൻകുട്ടി ആശ്വസിപ്പിച്ചു, വീണ്ടും കഥാപാത്രമാക്കി.
സിനിമ നഷ്ടപ്പെട്ട്, അഭിനയമോഹം പൊലിഞ്ഞ്, ഹോട്ടൽമുറിയിൽ കതകടച്ചിരുന്ന് അന്നു കരഞ്ഞപ്പോഴുണ്ടായ സങ്കടം, വേദന പിന്നീടൊരിക്കലും കൊച്ചുപ്രേമനു മറക്കാവുന്നതായിരുന്നില്ല. കാണികളുടെ വിസ്മയമായ വെള്ളിത്തിരയിൽ വന്നു ചിരിപ്പിക്കുന്നവരുടെ ഉള്ളിലൊക്കെ ഇത്തരത്തിൽ പല സങ്കടങ്ങളുമുണ്ടാകും. പൂർവകാലത്തെ അക്കഥകളിലേക്കു തിരിഞ്ഞുനോക്കാൻ കൊച്ചുപ്രേമന് ഇഷ്ടക്കേടുണ്ടായിരുന്നില്ല, ഒരിക്കലും.
അശോക് ആർ.നാഥിന്റെ ‘മിഴികൾ സാക്ഷി’യുടെ ലൊക്കേഷൻ. സുകുമാരിയാണ് മുഖ്യകഥാപാത്രമാകുന്നത്. അനിൽ മുഖത്തലയുടെ തിരക്കഥയിൽ അതിഥിതാരമായി മോഹൻലാലുമുണ്ട്. കൊല്ലം മുഖത്തല ക്ഷേത്രമുറ്റത്ത് വല്യത്താന്റെ വേഷമിട്ട് കൊച്ചുപ്രേമൻ വിശ്രമിക്കുന്നു. ഇടയ്ക്കൊരു വിളി- ‘ഞങ്ങളൊക്കെ ഇവിടുണ്ട്, എന്തെങ്കിലും എഴുതി സഹായിക്കണം’. ലേഖകൻ അടുത്തെത്തിയപ്പോൾ കൊച്ചുപ്രേമൻ പറഞ്ഞു- ‘എല്ലാവരും വലിയ താരങ്ങളെ കാണും, അവരെപ്പെറ്റി എഴുതും. ഞങ്ങളെപ്പോലുള്ളവരെ കണ്ടില്ലെന്നു നടിക്കും’.
സിനിമയിൽ തന്നെപ്പോലുള്ളവർ നേരിടുന്ന അവഗണനയിലേക്കു വിരൽചൂണ്ടുന്നതായിരുന്നു ആ വാക്കുകൾ. വല്യത്താൻ മികച്ച വേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെടാതെ പോയി. ‘രൂപാന്തര’ത്തിലെ രാഘവനും രാജീവ് അഞ്ചലിന്റെ ‘ഗുരു’വിലെ കഥാപാത്രവും അതുവരെ കണ്ട വേഷങ്ങളിൽനിന്നു വ്യത്യസ്തമായിരുന്നു.
ശബ്ദവും രൂപവുമായിരുന്നു കൊച്ചുപ്രേമൻ എന്ന നടന്റെ പ്രത്യേകതകൾ. ഒരുപക്ഷേ, കിട്ടിയ വേഷങ്ങളേറെയും ചെറുതായിരുന്നിരിക്കാം. എന്നാൽ, സിനിമാലോകത്ത് അദ്ദേഹത്തിന്റെ അടയാളപ്പെടുത്തൽ പറയുമ്പോൾ പേരിലെ ‘കൊച്ചു’ എന്ന വാക്ക് ഒഴിവാക്കിയേ പറ്റൂ. പേരിനൊപ്പം ‘കൊച്ചു’ ചേർത്ത പ്രേമന് വിവേചനങ്ങൾ പലതു നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും ചെറുതും പലതുമായ വേഷങ്ങൾ അദ്ദേഹത്തെത്തേടി വന്നുകൊണ്ടിരുന്നു. ‘ഏഴുനിറങ്ങളി’ലെ കൊച്ചുവേഷം അത്ര ശ്രദ്ധിക്കുന്നതായിരുന്നില്ല. അതിന്റെ നിരാശ വീണ്ടും നാടകത്തിലേക്ക് അദ്ദേഹത്തെ തിരിച്ചെത്തിച്ചു. പക്ഷേ, 1996-ൽ രാജസേനന്റെ ‘ദില്ലിവാലാ രാജകുമാരനി’ലേക്കുള്ള യാത്രയിൽ തുടങ്ങി പ്രേമന്റെ മറ്റൊരു ജീവിതം.
ഹാസ്യമാണ് കൂടുതൽ വഴങ്ങിയത്. പക്ഷേ, ഏതു വേഷവും കൈകാര്യം ചെയ്യാനുള്ള മികവു കണ്ടറിഞ്ഞ സംവിധായകരുടെ കൈകളിലും അദ്ദേഹമെത്തി. അങ്ങനെയാണ് മികച്ച നടനുള്ള സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടംപിടിച്ചത്. പദ്മകുമാർ സംവിധാനം ചെയ്ത ‘രൂപാന്തരം’ എന്ന സിനിമയിലെ രാഘവനായിരുന്നു ആ കഥാപാത്രം.
‘മച്ചമ്പീ അതു നമ്മളെയാ കേട്ടോ...’, ‘പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വയ്ക്കുന്നതിനു പകരം കുട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോർഡ് വയ്ക്കുന്നതു നന്നായിരിക്കും കേട്ടോ...’ തുടങ്ങിയ കൊച്ചുപ്രേമന്റെ ഡയലോഗുകൾ മലയാളിയെങ്ങനെ മറക്കും.
Content Highlights: unforgettable dialogues of actor kochupreman, kochupreman Movies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..