ഉമ്പായി എന്ന പേരിൽത്തന്നെ ഗസലിന്റെ ഈണമുണ്ട്. പൊടുന്നനെ ഒരുനാൾ മാഞ്ഞുപോയ നക്ഷത്രം ഇന്നും പ്രോജ്ജ്വലമായി സംഗീതപ്രേമികളുടെ മനസ്സിൽ ഉദിച്ചും ജ്വലിച്ചും നിൽക്കുന്നതിനുകാരണം അദ്ദേഹം നമുക്കായ് അവശേഷിപ്പിച്ചുപോയ ഗാനങ്ങൾ തന്നെയാണ്. അദ്ദേഹത്തിന്റെ മനസ്സുപോലെ മധുരിതമായ ഗാനങ്ങൾ... വിരവഹും പ്രണയവും നിറച്ച് മലയാളിക്ക് ഉമ്പായി എന്ന പി.എം.ഇബ്രാഹിം നൽകിയ മലയാള ഗസലുകൾ... അദ്ദേഹം പോയിട്ട് രണ്ടുവർഷം..

ഒരു ചെറുതാരകം മുറ്റത്തെ മുല്ലയിൽ ....

പടിഞ്ഞാറെ വീട്ടിൽ അബുവിന് കലയെന്നുകേൾക്കുന്നതേ കലിയായിരുന്നു. പാട്ടിന്റെ കാര്യം പറയാനുമില്ല! അങ്ങനെയുള്ള അബുവിന്റെ മകൻ ഇബ്രാഹിം സംഗീതം മാത്രമാണു തന്റെ ലോകമെന്ന് പ്രഖ്യാപിക്കുന്നിടത്താണ് ഈ കഥ ആരംഭിക്കുന്നത്. ഗുരുക്കൻമാരില്ലാതെ പാട്ടുകേട്ട് പഠിച്ച് മട്ടാഞ്ചേരിയുടെ പാട്ടുകാരനായി അവൻ മാറി.. പിന്നീട് വെല്ലുവിളികളെ ഓരോന്നായി അതിജീവിച്ച്, ഗുരുമുഖത്തുനിന്നുകൂടി സംഗീതം പഠിച്ച് അവൻ കേരളത്തിന് ഗസൽ സംഗീതത്തിന്റെ മാസ്മരികത പകർന്നുനൽകി. പിതാവിനാൽ വെറുക്കപ്പെട്ട മകൻ ഇബ്രാഹിമിൽനിന്ന് ഗസൽ സംഗീതം മലയാളിക്ക് ഇത്രയേറെ സുപരിചിതമാക്കാൻ കാരണക്കാരനായി, കേരളത്തിന്റെ സ്വന്തം ഉമ്പായിയായി അയാൾ മാറി.
പ്രവാസിയായ ഒരു ആരാധകൻ തന്റെ അവധിക്കാലം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫെയ്സ് ബുക്ക് സ്റ്റാറ്റസിൽ എഴുതിച്ചേർത്തു. നാട്ടിലെത്തിയാൽ ആദ്യം താമരക്കുളത്തിൽ കുളിക്കണം, പുളിയിട്ട മീൻകറി കൂട്ടണം, ഉമ്പായിയുടെ ഗസൽ നേരിട്ട് കേൾക്കണം.
ശരിയാണ്, ആ ശബ്ദഗരിമയിൽ, തെളിഞ്ഞൊഴുകുമ്പോൾ പാട്ടുകൾക്ക് താമരയിതളുകൾ തലോടിയ വെള്ളത്തിന്റെ തണുപ്പും, പുളിയിട്ട നാടൻ കറിയുടെ എരിവും പുളിയുമുണ്ട്.

വേദിയിൽ നിന്ന് ഗസലായി പറന്നിറങ്ങുന്നത് പാട്ടുകാരൻ തന്നെയാണ്.
ഫോർട്ട്കൊച്ചിയിലെ ചുള്ളിക്കലിലുള്ള ഹോട്ടൽ അബാദ് പ്ലാസയിൽവെച്ചായിരുന്നു ഉമ്പായി കാണാമെന്ന് പറഞ്ഞിരുന്നത്. ഹോട്ടലിന്റെ റിസപ്ഷനിലേക്ക് കടന്നതും ആ ഗാനം ചെവിയിലെത്തി.. 'സുനയനേ സുമുഖീ... സുരവദനേ സഖീ..' റിസപ്ഷനിസ്റ്റിനോട് മുറി ചോദിച്ച് മുകളിലെത്തി. അവിടെ ചിരിച്ച മുഖവുമായി നിന്നിരുന്നു കേരളത്തിന്റെ ഈ ഗസൽ ചക്രവർത്തി. അകത്തേക്കിരുന്ന് സംസാരിക്കാൻ തുടങ്ങിയപ്പോഴേ അദ്ദേഹം ചിരിച്ചുകൊണ്ടുപറഞ്ഞു. ഇനിയൊരു വിവാദത്തിന് ബാല്യമില്ല.. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ ജീവിച്ചുപോവുകയാണ്.

പാട്ടിലേക്കുള്ള വഴി

കുഞ്ഞുനാൾ മുതലിങ്ങോട്ട് എന്റെ പാട്ടുവഴികളിലെല്ലാം എതിർപ്പിന്റെ മുള്ളുകളുണ്ടായിരുന്നു. പിതാവായിരുന്നു പ്രധാന വില്ലൻ. അത് അന്നത്തെ സാഹചര്യത്തിന്റെ പ്രത്യേകതയുമായിരുന്നു. കലാകാരൻമാരെല്ലാം മുഴുപ്പട്ടിണിക്കാരാണ് എന്നാണ് ഉപ്പയുടെ കണ്ടെത്തൽ. മട്ടാഞ്ചേരിയിലെ അന്നത്തെ കലാകാരൻമാരുടെ ജീവിതം നേരിട്ടുകണ്ടിരുന്നവരാരും മക്കളെ കലാകാരനാക്കാൻ സമ്മതിക്കില്ല എന്നത് സത്യവുമായിരുന്നു. അത്ര അരാജകത്വം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. അപ്പോൾപ്പിന്നെ എതിർപ്പ് സ്വാഭാവികം. തോണിയും കപ്പലുമായി മാത്രം ബന്ധപ്പെട്ടുകിടന്നിരുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഡോക്ടറുടെ മകൻ ഡോക്ടർ എന്നു പറയും പോലെ തോണിക്കാരന്റെ മകൻ തോണിയിൽ, കൂടിവന്നാൽ ബോംബെയ്ക്കുപോവുന്ന കപ്പലിൽ.. അതിൽക്കൂടുതൽ ചിന്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അവിടെ തീർത്തും അസംബന്ധമായിരുന്നു സംഗീതമെന്ന എന്റെ നിലപാട്. എന്റെ സംഗീതവഴിയിലെ ആദ്യ പ്രതിയോഗി. എന്റെ നിലപാടിനെ എതിർത്ത്
ഉപ്പ.. അദ്ദേഹത്തിന്റെ നിലപാടിനെ ശക്തമായി തള്ളിക്കളഞ്ഞ് മറുവശത്ത് ഞാൻ.

ജനിച്ചപ്പോഴേ എന്റെ രക്തത്തിൽ പാട്ടുണ്ടായിരുന്നു. എന്റെ ചോരയിൽ സംഗീതം എങ്ങനെ വന്നു, എന്നുവന്നു എന്നൊന്നും എനിക്കറിയില്ല. ദൈവം തന്നതാണ്.. എന്റെ അമ്മയുടെ അനുഗ്രഹമാണ്. പിന്നെ മട്ടാഞ്ചേരി എന്ന പ്രദേശം. മട്ടാഞ്ചേരിയും സംഗീതവും ഇഴചേർന്നതാണ്. അത് വേർപിരിക്കാനാവില്ല.
പാട്ടിനെ മാറ്റിവെക്കാൻ ഞാൻ ശ്രമിച്ചുനോക്കിയിരുന്നു എന്നത് സത്യമാണ്. എന്നാൽ അത് ശ്വാസംപോലെ എന്നോടൊപ്പം നിന്നു. പാട്ട് വെറുതെ പാടാനും കേൾക്കാനും മാത്രമുള്ള ഒന്നായിരുന്നില്ല എനിക്ക്...അത് എന്റെ ദുഖങ്ങൾക്കുള്ള മരുന്നാണ്..സാന്ത്വനമാണ്.. അന്നും ഇന്നും.
എന്നിൽനിന്ന് സംഗീതത്തെ അടർത്തിയെടുക്കാൻ ഉപ്പ എത്ര പരിശ്രമിച്ചോ അത്രത്തോളം അദ്ദേഹത്തിൽ നിന്ന് ഞാനും അകന്നുമാറി. തോണിപ്പണിയും കമ്യൂണിസവുമായിരുന്നു ഉപ്പയുടെ ലോകം. അദ്ദേഹം കാണാതെ തബല വായിച്ചും പാട്ടുകേട്ടും ഞാൻ സംഗീതത്തെ സ്വന്തമാക്കാൻ തുടങ്ങി. എന്നേക്കാൾ എന്റെ പെങ്ങളോട് ബാപ്പ കാണിച്ചിരുന്ന വാത്സല്യവും കുട്ടിയായിരുന്ന എന്റെ വാശികൂട്ടി. അന്ന് ഉമ്മയായിരുന്നു എനിക്ക് സാന്ത്വനം.
എട്ടുവയസ്സുവരെ ബാപ്പയുടെ അനിയന്റെ വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. അവിടെയുണ്ടായിരുന്ന റേഡിയോയാണ് എന്റെ സംഗീതലോകത്തെ ആദ്യത്തെ കൂട്ടുകാരിൽ ഒരാൾ. ഹിന്ദി പാട്ടുകളായിരുന്നു അന്ന് ഏറെയും റേഡിയോയിലൂടെ കേട്ടുകൊണ്ടിരുന്നത്. ബാപ്പയുടെ മൂന്നാമത്തെ അനിയൻ ഖാലിദിന് സംഗീതലോകത്ത് ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു. പ്രശസ്ത പിന്നണി ഗായകൻ മെഹമൂദ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാൾ ആയിരുന്നു.
ഉപ്പയുടെ അനിയൻ വീട്ടിൽ വാങ്ങിയ ഗ്രാമഫോൺ പിന്നീട് എന്റെ ഇഷ്ടക്കാരനായി മാറി. ഡിസ്ക് ഇട്ട് സ്പ്രിങ് മുറുകുന്നതുവരെ ഹാന്റിൽ തിരിക്കണം. പാട്ട് പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ വലിയാൻ തുടങ്ങുമ്പോൾ ഓടിപ്പോയി ചാവി കൊടുക്കണം. അന്ന് അതെല്ലാം അത്ഭുതമായിരുന്നു.

അവിടെ വെച്ചാണ് സൈഗാൾ, പങ്കജ് മല്ലിക്ക്, സുരയ്യ, നൂർജഹാൻ, തലത് മഹമൂദ്, എസ്.ബി.ജോൺ, മുകേഷ്, റാഫി, ലതാമങ്കേഷ്കർ ഇവരെല്ലാം എന്റെ ലോകത്തിലെത്തുന്നത്.
ഞാൻ തബലയിൽ സന്തോഷം കണ്ടെത്തിയതും അപ്രതീക്ഷിതമായാണ്. ഉപ്പയുടെ പെങ്ങൾ കുറി നടത്തിയിരുന്നു. അമ്മായിയുടെ മകനും ഞാനുമാണ് കുറി പിരിക്കാൻ പോയിരുന്നത്. ഒരു ദിവസം കൊച്ചിൻ പോർട്ടിലെ ജീവനക്കാരനായിരുന്ന ബാവാക്കയുടെ വീട്ടിൽ ചെന്നപ്പോഴാണ് അവിടെയിരിക്കുന്ന ഹാർമോണിയവും തബലയും കണ്ണിൽപ്പെട്ടത്. അതിൽ കൈവെക്കാതിരിക്കാനായില്ല. ആദ്യമായാണ് തബലയിൽ തൊടുന്നത്. വെറുതെ എന്തൊക്കെയോ കൊട്ടി. 'നീ തബല പഠിക്കണം' എന്ന് പറഞ്ഞ് എന്നെ ആദ്യമായി പ്രോത്സാഹിപ്പിച്ചത് അന്ന് ബാവാക്കയാണ്. പിന്നീട് കല്യാണവീടുകളിൽ പോയി തബല വായിക്കാൻ തുടങ്ങി. ആരിൽനിന്നും പഠിക്കാതെ തെറ്റെന്തെന്ന് തിരിച്ചറിയാതെ തബലയിൽ കൈവച്ചിരുന്ന കാലം.പിതാവറിയാതെ തബല വായന അങ്ങനെ ഞാൻ ജീവിതത്തിന്റെ ഭാഗമാക്കി.

തബലയിൽ ഇപ്പോൾ കൈവെച്ചു കാണാറില്ലല്ലോ?

അതും ഒരു സംഭവമാണ്. മട്ടാഞ്ചേരിക്കാർക്ക് സംഗീതമൊഴിവാക്കി ആഘോഷങ്ങളില്ല. ഞങ്ങൾ കുറച്ചുപേർ ചേർന്ന് ഒരു സംഘമുണ്ടാക്കി. തനിയെ പഠിച്ച പാട്ടുകളും തനിയെ സ്വായത്തമാക്കിയ തബലവായനയുമായി മുന്നോട്ടുപോയ കാലം. ഒരു വായനക്ക് മുപ്പതു രൂപവരെ കിട്ടും. അതിനിടെയാണ് ബാപ്പയുടെ സുഹൃത്തും ഉപദേശകനുമായിരുന്ന ടി.എം.മുഹമ്മദ് തിരഞ്ഞെടുപ്പിന് മത്സരിക്കാൻ തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തിന്റെ ആദ്യ പരിപാടിക്ക് ഞാൻ തബല വായിക്കണം. അദ്ദേഹം അത് ബാപ്പയ്ക്ക് മുന്നിൽ അവതരിപ്പിച്ചു. ഞാൻ തബലവായിക്കുമെന്ന് അന്നാണ് ഉപ്പയറിയുന്നത്. അന്നുമുതൽ ഞാൻ തബലിസ്റ്റായി അറിയപ്പെട്ടെങ്കിലും ഉപ്പയ്ക്ക് സംഗീതവും ഞാനുമെന്നപോലെ ടി.എം.മുഹമ്മദും ശത്രുവായി മാറി. എങ്കിലും അന്നത്തെ വേദിമുതൽ ഞാൻ അംഗീകരിക്കപ്പെട്ടുതുടങ്ങി എന്നതാണ് സത്യം. തബല പഠിക്കാതെതന്നെ മെഹബൂബ് ഭായിക്കുവേണ്ടിപ്പോലും ഞാൻ തബല വായിച്ചു.
ആയിടെയാണ് അല്ലാ രാഖയും പണ്ഡിറ്റ് രവിശങ്കറും ചേർന്നുള്ള ഒരു പരിപാടി കൊച്ചിയിൽ വരുന്നത്. ടി.എം. മുഹമ്മദ് എനിക്ക് അദ്ദേഹത്തിന്റെ പാസ് തന്നു. അപ്രതീക്ഷിതമായിരുന്നു അത്. അന്നത്തെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. അവിടെചെന്ന് രണ്ടാം നിരയിൽത്തന്നെ ഇരുന്നു. അല്ലാരാഖ കൊട്ടിത്തുടങ്ങിയപ്പോൾ ഇടിവെട്ടിയത് എന്റെ മനസ്സിലായിരുന്നു. തബലയ്ക്ക് ഞാൻ ഇതുവരെ കേൾക്കാത്ത ശബ്ദം. അപ്പോൾ ഞാൻ ഇതുവരെ ചെയ്തത് എന്തായിരുന്നു എന്ന തിരിച്ചറിവുണ്ടായി. കേരളത്തിൽ തബല വായിക്കുന്ന മുഴുവൻപേരെയും അന്ന് ഞാൻ വെറുത്തു. പഠിക്കാതെ തബല തൊടില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു. വീട്ടിലെത്തിയപ്പോൾ പരിപാടി കാണാൻ പോയതിന് ഉപ്പ എന്നെ മരത്തിൽ കെട്ടിയിട്ട് അടിച്ചു. എന്നാൽ ആ വേദനയേക്കാൾ എത്രയോ ഇരട്ടി മനസ്സിൽ ഓടിയെത്തുന്നത് അല്ലാരാഖയും രവിശങ്കറും തന്നെയാണ്.
മെഹബൂബ് ഭായിക്കുവേണ്ടി ഞാൻ പലപ്പോഴായി തബല വായിച്ചിട്ടുണ്ട്. അദ്ദേഹമാണ് എനിക്ക് നേർവഴി കാണിച്ചുതന്നത്. നീളമുള്ള എന്റെ വിരലുകൾകൊണ്ട് താളവിസ്മയം തീർക്കാനാവുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. അതിനായി കൂടുതൽ പഠിക്കണം. ബോംബെയിലേക്കു പോകാൻ അദ്ദേഹമാണ് എന്നെ ഉപദേശിച്ചത്.

ബോംബെയിലെത്തിപ്പെട്ടത് എങ്ങനെയാണ്?

സംഗീതം പഠിക്കാൻ ബോംബെയിലേക്ക് പോണം എന്ന് പറഞ്ഞാൽ വീട്ടിൽ സമ്മതിക്കില്ലെന്നുറപ്പായിരുന്നു. അതുകൊണ്ട് ബാപ്പയുടെ ദൗർബ്ബല്യത്തെ ഉപയോഗിക്കാൻതന്നെ ഞാൻ തീരുമാനിച്ചു. 'കപ്പലോട്ടക്കാരനാവണം'. കുടുംബത്തിലെ എല്ലാവരുടെയും വഴിയിലേക്ക് വരാൻ തയ്യാറായ എന്നെക്കണ്ട് ബാപ്പ സന്തോഷിച്ചിരിക്കണം. സീമാനായ അനിയനോടുപറഞ്ഞ് ഉപ്പ എന്റെ മുംബൈ യാത്ര തരമാക്കി. അവിടെയെത്തി സീമാൻ പരീക്ഷ തോറ്റു. കുറച്ചുകാലം കപ്പലിൽ പല ജോലികൾ ചെയ്തു. അപ്പോഴും മികച്ച ഒരു തബല അധ്യാപകനെ മനസ്സ് തേടുകയായിരുന്നു. ദൈവം നേരത്തെ തയ്യാറാക്കിയ തിരക്കഥപോലെയാണ് ഞാൻ അവിടെവെച്ച് എന്റെ ഉസ്താദിനെ കണ്ടെത്തുന്നത്. ഉസ്താദ് മുജാവിൽ അലിഖാൻ.

ടിൻ മേക്കർ സുലൈമാൻ എന്ന് അറിയപ്പെട്ടിരുന്ന ഒരാളുടെ കൂടെയാണ് ഞാൻ അന്ന് താമസിച്ചിരുന്നത്. ഞാൻ പാടുന്നത് ഒരിക്കൽ ഉസ്താദ് കേട്ടു. ഞാനാണ് പാടുന്നത് എന്നറിഞ്ഞ് അദ്ദേഹം അങ്ങോട്ടു കയറുവന്നു. ഇരുകൈകളും എനിക്ക് നേരെ നീട്ടി അദ്ദേഹം പറഞ്ഞു. 'ചലോ ബേട്ടെ മേരേ സാത്ത്'. അദ്ദേഹം എന്നെ ചേർത്തുനിർത്തി. എന്റെ ജീവിതത്തിന് അർഥമുണ്ടായിത്തുടങ്ങിയതായി ഞാൻ തിരിച്ചറിഞ്ഞ ദിനമായിരുന്നു അത്. തബല പഠിത്തത്തിനപ്പുറം എന്റെ പാട്ടുകേട്ട് തബലയേക്കാൾ എന്നെയാവശ്യം പാട്ടിനാണ് എന്ന് മനസ്സിലാക്കിത്തന്ന ഗുരുവാണ് അദ്ദേഹം. ഏഴുവർഷം ഞാൻ അദ്ദേഹത്തിനൊപ്പമായിരുന്നു. ഇടയ്ക്ക് നാട്ടിൽ വന്നുപോയിരുന്നു. വഴിപിഴച്ച മകനെ ബാപ്പ അന്നേ മനസ്സിൽനിന്നുപോലും മാറ്റിനിർത്തിയിരിക്കണം. എന്നാൽ അദ്ദേഹമൊഴികെയുള്ളവരെല്ലാം എന്റെ സംഗീതത്തിൽ എനിക്ക് കൂട്ടുനിന്നു. കുറച്ചുപുസ്തകങ്ങളും എനിക്ക് സമ്മാനിച്ചാണ് ഗുരു എന്നെ പിരിഞ്ഞത്.

ജീവിതത്തിൽ ഏറെ താളപ്പിഴകൾ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്..
നാട്ടിലുള്ള കാലത്തേ മദ്യവും പുകവലിയുമെല്ലാം എന്റെ ശീലത്തിന്റെ ഭാഗമായിരുന്നു. മദ്യശാലയിൽത്തന്നെ ഉറങ്ങിയെണീക്കുന്ന ശീലമായിരുന്നു അന്ന്. മുംബൈയിലെ ആദ്യകാലങ്ങളിലും ഇവ എന്നോടൊപ്പം നിന്നു. ഉസ്താദിനൊത്തുള്ള കാലം എന്നെ വല്ലാതെ മാറ്റിയിരുന്നു. എന്നാൽ നാട്ടിൽ തിരിച്ചെത്തിയ ഞാൻ തീർത്തും ഒറ്റപ്പെട്ടു. ഉമ്മ ഈ ലോകം വിട്ട് പോയിരുന്നു. ഉപ്പയുടെ രണ്ടാം വിവാഹം പീഡനമായിരുന്നു. കാശിനായി മാത്രം ഞാൻ പാടാൻ തുടങ്ങി. വിവാഹം കഴിച്ചതുപോലും പണത്തിനായാണ്. സ്ത്രീധനമായി കിട്ടിയ രണ്ടായിരം രൂപ ഞാൻ കൂട്ടുകാർക്ക് മദ്യം വാങ്ങിക്കൊടുക്കാൻ ചെലവാക്കി. വർഷങ്ങളെടുത്തു ഇതല്ല ജീവിതമെന്ന തിരിച്ചറിവുണ്ടാകാൻ...

ഗുരുക്കൻമാർ ആരൊക്കെയായിരുന്നു?

ഉസ്താദ് മാത്രമാണ് എന്റെ ഗുരു. അതിനുശേഷം വന്നവരെല്ലാം ഗുരുസ്ഥാനീയരാണ്. ബാപ്പയോട് ഏറെ എതിർപ്പുണ്ടെങ്കിലും അദ്ദേഹം ചെയ്ത ഒരു വലിയ കാര്യമുണ്ട്. കമ്യൂണിസം എന്ന മഹത്തായ ആശയം എന്റെ മനസ്സിൽ അദ്ദേഹം ചെറുപ്പംമുതലേ കയറ്റിയിരുന്നു. രാഷ്ട്രീയപാർട്ടിയല്ല... ആ ആശയം.. മുതലാളിത്തം എന്ന ദുഷിച്ച സംഭവത്തോട് ഒരിക്കലും യോജിക്കാനാവില്ല. അങ്ങനെയുള്ളിടത്ത് കല വളരില്ല. കമ്യൂണിസവും ഗസലും തമ്മിലും അടിസ്ഥാനപരമായി ഒരു ബന്ധമുണ്ട്. സ്വാതന്ത്ര്യ സമരകാലത്തും പിൽക്കാലത്തും അനീതിക്കെതിരെ കമ്യൂണിസം പോരാടി. ഗസലുകളും ധാരാളമായി ഇക്കാലത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കമ്യൂണിസം സ്വാധീനിച്ച പോലെത്തന്നെ ഗസലുകളും ജനങ്ങളെ സ്വാധീനിച്ചിരുന്നു. ആശയപ്രചാരണത്തിന് സംഗീതം ഒട്ടേറെ ഉപകാരപ്പെട്ടു.
സംഗീതം സമൂഹത്തിന്റേതാണെന്ന് എന്നെ പഠിപ്പിച്ചത് ഇ.എം.എസ് ആണെങ്കിൽ സംഗീതം ജീവിതമാണെന്ന് എന്നെ പഠിപ്പിച്ചത് മെഹദി ഹസ്സൻ സാഹബാണ്. സംഗീതം മതേതരമാണ് എന്ന് പണ്ഡിറ്റ് ജസ് രാജ് വ്യക്തമാക്കിത്തന്നു. എന്റെ ജീവിതത്തിൽ ഇത്തരത്തിൽ എന്നെ സ്വാധീനിച്ചവർ നിരവധിയാണ്.

ഗസലാണ് സ്വന്തം വഴി എന്ന് തിരിച്ചറിയുന്നതെങ്ങനെയാണ്?
യാദൃശ്ചികമായി മെഹ്ദി ഹസ്സന്റെ ഗസൽ കേൾക്കാനിടയായതാണ് എന്നെ ആ ശാഖയിലേക്കെത്തിക്കുന്നത്. 1977ൽ അടിയന്തരാവസ്ഥ കഴിഞ്ഞ ഉടൻ ആയിരുന്നു അത്. ഏറ്റവും നീറ്റൽ അനുഭവപ്പെടുമായിരുന്ന സമയം. ജീവിതം അവസാനിപ്പിക്കാനായി രണ്ടുതവണ അറബിക്കടലിലേക്ക് ഞാൻ ഇറങ്ങി നടന്നിട്ടുണ്ട. അങ്ങനെ ജീവിതം വെറുക്കപ്പെട്ട അവസ്ഥയിലാണ് എനിക്ക് മെഹ്ദി ഹസ്സന്റെ കാസറ്റ് കിട്ടുന്നത്. അതുതന്നെ അബ്ദുൽഖാദർ വക്കീൽ എന്നോട് പറഞ്ഞു ഗസൽ പാടണമെന്ന്. ശാസ്ത്രീയസംഗീതത്തേക്കാൾ എന്നെ ആളുകൾ കേൾക്കാൻ ഇഷ്ടപ്പെടുക ഗസലിലൂടെയാണെന്ന്. അത് കാര്യമാക്കിയില്ലെങ്കിലും ആ കാസറ്റ് കേട്ടതോടെ എന്റെ മനസ്സ് ആകെമാറി. അതിൽ ഏറ്റവും ലളിതമായ റഫ്ത റഫ്ത ഓ മെരീ... എന്ന ഗസലാണ് ഞാൻ ആദ്യം പഠിച്ചത്. പിന്നീട് ഗസലുകൾ തേടിപ്പിടിച്ച് കേട്ടുതുടങ്ങി. അറിയാത്ത ഉറുദു വാക്കുകളുടെ അർത്ഥങ്ങൾ തേടിക്കണ്ടെത്തി. പല വേദികളിലും ഗസൽ പാടിത്തുടങ്ങി.
ഇപ്പോൾ മെഹദി ഹസ്സൻ ഉറുദുവിൽ പറഞ്ഞത് ഞാൻ എന്റെ ഭാഷയിൽ പറയുന്നു. അതാണ് ഒരു കലാകാരന്റെ കടമ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് മലയാളം ഗസലുകളിലേക്ക് കടന്നത്. മലയാളത്തിൽ ഞാൻ തുറന്ന പാത ഇന്ന് ജനങ്ങൾ സ്വീകരിക്കുന്നു എന്നത് സന്തോഷം തരുന്നുണ്ട്. കല സമൂഹത്തിനുവേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഞാൻ എന്റെ വിഭാഗത്തിൽത്തന്നെ കാലൂന്നിനിന്ന് പാടുന്നു. പ്രലോഭനങ്ങൾക്ക് വിധേയമാവാതെ.

സിനിമയിൽ പാടാൻ അവസരമുണ്ടായിട്ടും പാടാതിരുന്നത്?
സിനിമ എന്റെ വഴിയല്ല. എന്റെ വഴി ഗസലാണ്. അതുകൊണ്ടാണ് ഞാൻ നിലനിൽക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ സിനിമയിൽ പാടിപ്പിക്കാൻ പലരും മുന്നോട്ടുവന്നിട്ടുണ്ട്. അവരോടൊക്കെ നന്ദിയുണ്ട്. പക്ഷെ ആ വഴിയിൽ ഞാനില്ല. കോംപ്രമൈസ് ചെയ്യുന്നിടത്ത് എന്റെ സംഗീതം നശിക്കുന്നു എന്നാണ് എന്റെ വിശ്വാസം. ഇപ്പോൾ ഇറങ്ങിയ ആൽബങ്ങളിലെ ചില പാട്ടുകൾക്ക് വിമർശനമുണ്ട്. കവിതകളുടെ നിലവാരം പാട്ടിൽ പ്രതിധ്വനിക്കും. അതിൽ എനിക്ക് ചെയ്യാനാവുന്നതിൽ ചില പരിമിതികളുണ്ട്.

ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ച് ..

അതേക്കുറിച്ച് പറയാൻ ഞാൻ അത്ര വലുതായിട്ടില്ല. കുറച്ച് പാട്ടുപഠിച്ചു. അല്പം തബലയും. സംഗീതക്കടലിൽ അല്പം ഒന്ന് ഇറങ്ങി നിന്നു എന്നതുതന്നെയാണ് എനിക്ക് സന്തോഷം തരുന്നത്.
കൊച്ചിയിലെ അബാദ് പ്ലാസയിൽ പാടിക്കൊണ്ടിരുന്ന സമയത്ത് ഉച്ചയുറക്കം പതിവായിരുന്നു. അങ്ങനെ ഉറങ്ങാൻ കിടക്കുമ്പോൾ ടേപ്പ് റെക്കോഡറിൽ മെഹദി ഹസ്സന്റെ പാട്ടുകൾ വെക്കും. പാടുന്നതിനിടയിൽ അദ്ദേഹം സംസാരിക്കുമായിരുന്നു. ഫോർവേഡ് ചെയ്യാനുള്ള മടിക്ക് അതുചെവിക്കൊള്ളാതെ കിടക്കും. ഒരു ദിവസം ഞാൻ ആ ശബ്ദം ശ്രദ്ധിച്ചു. 'എവിടെപ്പോയി ബീറ്റിൽസ്? കൊടുങ്കാറ്റുപോലെവന്നു.. കാറ്റുപോലെ പോയി.. എന്നാൽ നമ്മുടെ സംഗീതം ഇന്നും നിലനിൽക്കുന്നു. എന്തെന്നാൽ അതിൽ സംഗീതമുണ്ട്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ.. ഹിന്ദുസ്ഥാനി പടർന്നുകയറുകയാണ്.' മെഹ്ദി തുടർന്നു.
ഹിന്ദുസ്ഥാനി സംഗീതം നാല് വീക്ഷണത്തിൽ അധിഷ്ഠിതമാണ്. ശിവജി മത്, കിഷൻ മത്, ഭാരത് മത്, ഹനുമാൻ മത്. ഗസൽ കിഷൻ മതിലാണ്. ധ്രുപത് ഹമുമാൻ മതിലാണ്. ഹിന്ദുസ്ഥാനി സംഗീതം ഹിന്ദുത്വത്തിന്റെ ഭാഗംതന്നെയാണ്. അക്കാര്യത്തിൽ സംശയം വേണ്ട. അതിലെ ഇസ്ലാം സംഭാവനകൾ അതി വിശാലമായ മനസ്സോടെ അവർ സ്വീകരിച്ചതാണെന്ന സത്യമാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. സംഗീതം തൊട്ട് ബിരിയാണിയും വാസ്തുശില്പവും വരെ നല്ല മനസ്സോടെ ഹിന്ദുത്വം സ്വീകരിച്ചതാണിവിടെ. ഹിന്ദുത്വ സംഗീത ശാസ്ത്രത്തിന്റെ വീക്ഷണത്തിലേക്ക് ഒരു ഘടകം കൂടി കൂട്ടിച്ചേർത്തു എന്നു പറയാം. അത് വലിയ മനസ്സാണ്. അതിന്റെ ഫലമായിട്ടാണ് ഇവിടെ ജീവിതത്തിലും ബന്ധങ്ങൾ കടന്നുവന്നത്. സംഗീതം നശിക്കുന്നതാണ് ഇന്നത്തെ എല്ലാ ശത്രുതകൾക്കും അടിസ്ഥാനകാരണം. അതിന് ഇന്നത്തെ കുട്ടികളെ ബലിയാടാക്കരുത്.
മറ്റൊരു രാജ്യത്തിനുമില്ലാത്ത വൈവിധ്യമാണ് ഇവിടെ. ഇത്രയധികം ഭാഷകൾ, സംസ്ക്കാരങ്ങൾ, ആചാരനുഷ്ഠാനങ്ങൾ.. ഈ വൈവിധ്യത്തെ കൂട്ടിയിണക്കുന്നതിൽ സംഗീതത്തിന് പ്രമുഖ സ്ഥാനമുണ്ട്. ഓം നമശ്ശിവായയും നബീസെ മേരെ സലാം കരോയും എനിക്ക് പാടാൻ പറ്റുന്നതും അതുകൊണ്ടുതന്നെ. സംഗീതത്തിന് ജാതിയും മതവുമില്ല.. സ്നേഹം മാത്രമേയുള്ളു. എല്ലാ മതക്കാർക്കും ദൈവത്തിലേക്കെത്താനുള്ള മാർഗ്ഗമാണ് സംഗീതം. ഇന്ത്യൻ സംഗീതസംസ്ക്കാരം ലോകത്തെവിടെയുമില്ലെന്ന് വർഷങ്ങൾക്ക്മുമ്പ് എന്റെ ഇംഗ്ലീഷ് ആരാധനാമൂർത്തിയായ എൽവിസ് പ്രിസ് ലി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സംഗീതത്തിന് സമാനതകളില്ലെന്ന് യാനിയും അടുത്തകാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ കു്ട്ടികളിൽ ഇന്ന് നമ്മൾ നിറയ്ക്കുന്നത് ഈ സംഗീത സംസ്ക്കാരമാണോ എന്ന് എനിക്ക് സംശയമുണ്ട്.

ചാനലുകളിലെ റിയാലിറ്റി ഷോകളാണോ അർഥം വെക്കുന്നത്?
ചാനലുകളിലെ ഷോകളെ ഞാൻ കുറ്റം പറയുന്നില്ല. എന്റെ കുട്ടിക്കാലത്തെല്ലാം ഒരു അവസരം എന്നത് സ്വപ്നത്തിൽക്കൂടിയില്ലായിരുന്നു. ഇന്നിപ്പോൾ അവസരം കൈയെത്തും ദൂരെയാണ്. ഒരു മത്സരത്തിൽ വിജയിച്ചാൽ ആ കുട്ടിക്ക് പിന്നെ ഗാനമേളകളിലും മറ്റും നല്ല ബുക്കിംഗ് ആണല്ലോ.. വിദേശ യാത്രകൾ.. പട്ടിണിയില്ലാതെ ജീവിക്കലാണല്ലോ ഇന്ന് പ്രധാനം. എന്നാൽ കലജീവിതമാണ്. അവരിലെ സംഗീതം.. ആ സംഗീതത്തിന് യഥാർത്ഥത്തിൽ നിലനിൽ്പുണ്ടോ എന്നതുമാത്രമാണ് ചോദ്യം. ഭാവം മെയ്ക് അപ്പിലൂടെ ഉണ്ടാവേണ്ട ഒന്നല്ല. അത് മനസ്സിൽ വന്ന് സ്വരത്തിലൂടെ പുറത്തുവരേണ്ടതാണ്.
യഥാർത്ഥ സംഗീതത്തിന് ചാനലുകളിൽ സ്പോൺസർഷിപ്പ് കിട്ടില്ല. അത് അവരുടെ നിലനിൽപ്പിന്റെ ഭാഗമാണ്. അപ്പോൾ അതിനെക്കുറിച്ച് കൂടുതൽ പറയുന്നതിൽ അർത്ഥമില്ല.

സംഗീതംതന്ന സുഹൃത്തുക്കളും ആരാധകരും?

എപ്പോഴും കൂടെനിൽക്കുന്ന ഒരുപാട് സുഹൃത്തുക്കൾ എന്നോടൊപ്പമുണ്ട്. എന്നും എന്റെ നിഴലായി കൂടെയുള്ള ഹമീദ് ഉൾപ്പെടെ. കൊച്ചിയിലെ ഇസ്ക്ര എന്ന കലാസംഘടനയുടെ സെക്രട്ടറിയാണ് ഹമീദ്. കഴിഞ്ഞ 40 വർഷത്തിലധികമായി ഹമീദും ഞാനുമായുള്ള ബന്ധം നിലനിൽക്കുന്നു.
പേരെടുത്ത് പറയാനാവാത്തത്ര സുഹൃത്തുക്കൾ ഇക്കാലത്തിനുള്ളിൽ എനിക്കുണ്ടായി.
ബഹുമതികളേക്കാൾ ആരാധകർ തരുന്ന സ്നേഹമാണ് എന്റെ ശക്തി. കത്തുകളായും ഫോൺ വിളികളായും ആരാധകർ എന്നെത്തേടി വരാറുണ്ട്. പലരും പറയാറുണ്ട് യാത്രകളിലൊക്കെ മനസ്സ് ശാന്തമാക്കാൻ ഉമ്പായിയുടെ പാട്ടുകൾ സഹായിക്കാറുണ്ടെന്ന്. ഞാൻ അറിയുന്ന ഒരു കുടുംബത്തിലെ എട്ടുമാസം പ്രായമായ കുഞ്ഞ് കരയുമ്പോൾ കരച്ചിൽ മാറ്റുന്നത് എന്റെ പാട്ടുകൾ വെച്ചുകൊടുത്താണ്. അത് എന്റെ കഴിവല്ല. സംഗീതത്തിന്റെ ശക്തിയാണ്.

നടന്നുകയറിയ വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ?
തിരുവോണത്തിന്റെ അവസാന യാമത്തിൽ ജനിച്ച എനിക്ക് പ്രാതലും ഉച്ച ഭക്ഷണവും കിട്ടിയില്ലെങ്കിലും അത്താഴം കിട്ടുമെന്ന് അമ്മ പറയുമായിരുന്നു. ഇപ്പോൾ ഈ ജീവിത സായാഹ്നത്തിൽ നിന്ന് നോക്കുമ്പോൾ ആ വാക്കുകൾ സത്യമായതായിത്തന്നെ തോന്നുന്നു. അത്താഴം മാത്രമല്ല.. അതിലുമപ്പുറം എനിക്ക് ലഭിച്ചു. മലയാളിക്ക് ഗസൽ എന്ന അന്യമായിരുന്ന ഒരു സംഗീത ലോകത്തെ പരിചയപ്പെടുത്താൻ കഴിഞ്ഞു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇവിടത്തെ സംഗീതലോകത്തിൽ ഒരു ചെറിയ പീഠം എനിക്കായി ഇവിടത്തെ സംഗീതപ്രേമികൾ തന്നുകഴിഞ്ഞു.
പാട്ടുപാടുന്നതുപോലെത്തന്നെ സംഗീതം നല്കുന്നതും ഞാൻ ആസ്വദിക്കുന്നു. ആദ്യമായി എന്നോട് ഒരു ആൽബം ചെയ്യണമെന്ന് പറഞ്ഞത് യേശുദാസാണ്. പിന്നീട് പലരും പലപ്പോഴായി എന്നെ ഇക്കാര്യം ഓർമ്മിപ്പിച്ചു. അബാദ് പ്ലാസയിൽ പാടിയിരുന്ന കാലത്ത് അവിടുത്തെ ഒരു സുഹൃത്താണ് വേണു വി ദേശത്തെ പരിചയപ്പെടുത്തുന്നത്. ഒട്ടും അറിയപ്പെടാത്ത എനിക്ക് അദ്ദേഹം ഒരു സങ്കോചവും കൂടാതെ വരികൾ തന്നു. പ്രണാമം എന്ന ആൽബം പിറക്കുന്നത് സച്ചിദാനന്റെയും യൂസഫലി കേച്ചേരിയുടെയും ഒ.എൻ.വി.യുടേയും വേണു വി ദേശത്തിന്റെയും ഈസ്റ്റ് കോസ്റ്റ് വിജയന്റെയുമെല്ലാം വരികൾ എന്റെ സംഗീതത്തിന് പിൻബലമേകി. നന്നായി എഴുതുന്ന ചില പുതിയ എഴുത്തുകാരും ഇപ്പോൾ എനിക്കായി വരികൾ നൽകുന്നു.
കൊച്ചിക്കും മലബാറിനും മാത്രം സ്വന്തമായിരുന്ന ഗസൽ ഇന്ന് തിരുവിതാംകൂറിലും ഹരമായിരിക്കുന്നു. മാവേലിക്കരയിലും പത്തനംതിട്ടയിലുമൊക്കെ അടുത്തയിടെ നടന്ന പരിപാടികൾ അതിനു തെളിവാണ്. വൻ ജനാവലിയാണ് പാട്ടുകേൾക്കാൻ എത്തിയിരുന്നത്. പാടി നിർത്തിയിട്ടും പുതിയ പാട്ടുകൾക്കായി ആവശ്യക്കാരുടെ കുറിപ്പുകൾ എന്നെത്തേടി വന്നു. ആദ്യ ആൽബത്തിലെ അനുരാഗമെന്ന പേർ വിളിച്ചു, സുനയനേ സുമുഖീ, കല്ലല്ല മരമല്ല, വീണ്ടും പാടാം സഖിയേ തുടങ്ങിയ പാട്ടുകൾ മുതൽ അവസാനം ചെയ്ത ആൽബത്തിലെ ഒറ്റക്ക് നിന്നെയും നോക്കിവരെ പലരും ഇടയ്ക്കിടെ ഓർമിപ്പിക്കും. ഇത്രയൊക്കെ മതി എനിക്ക് സന്തോഷിക്കാൻ..

സംസാരിക്കുന്നതിനിടയിൽ ഹാർമോണിയത്തിൽ കൈവെച്ച് ഇടയ്ക്കിടെ അദ്ദേഹം പാടിക്കൊണ്ടിരുന്നു. വാക്കുകളേക്കാൾ അദ്ദേഹത്തിന്റെ ഓർമകൾക്ക് നിറം നൽകുന്നത് സംഗീതം തന്നെയാണ്. പാടുന്നതുപോലെത്തന്നെയാണ് ഉമ്പായി സംസാരിക്കുന്നതും. ആ വാക്കുകളിലും സംഗീതമുണ്ട്. ശബ്ദഗരിമയുണ്ട്. പറഞ്ഞാലും പാടിയാലും തീരാത്തത്ര ഇനിയും ബാക്കിയുണ്ട്. ആ കഥകളും പാട്ടുകളും കേൾക്കാൻ ഇനിയുമൊരവസരം ലഭിക്കുമെന്ന ഉറപ്പിൽ മുറിയിൽനിന്ന് പുറത്തിറങ്ങി. റോഡിലേക്കിറങ്ങുമ്പോൾ പുറകിൽ അദ്ദേഹത്തിന്റെ പാട്ട് നേർത്ത ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു..'പ്യാര് ഭരെ ദോ ശർമീലീ നൈൻ..'

(മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈൽ മാസികയ്ക്കുവേണ്ടി തയ്യാറാക്കിയ അഭിമുഖം... )

Content Highlights : Umbayee Death Anniversary Interview Star And Style Gazal Songs