'തെലുങ്ക് സിനിമയെ ട്രോളുന്നവരെക്കൊണ്ട് കൈയടിപ്പിക്കണമെന്ന് വെങ്കടേഷ് മഹായ്ക്കുണ്ടായിരുന്നു' അപ്പു പ്രഭാകര്‍


രഞ്ജന കെ

സംവിധായകനും നടീനടൻമാർക്കും മാത്രമല്ല, ഛായാഗ്രഹകനുമുണ്ട് പ്രശംസകൾ.

-

ഹേഷിന്റെ പ്രതികാരം തെലുങ്ക് റീമേക്ക് വരുന്നെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് മലയാളികൾ കേട്ടത്. എന്നാൽ എന്തിനെയും വിമർശകന്റെ കണ്ണിലൂടെ കാണുന്ന നമ്മളിൽ ചിലർ ഒന്നു നെറ്റി ചുളിക്കുയുമുണ്ടായി. മലയാളത്തിൽ അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിൽ 'കൾട്ട്' ആയി പ്രേക്ഷകർ വിലയിരുത്തുകയും ആദ്യചിത്രത്തിലൂടെ സംവിധായകന് ദേശീയ പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്ത ചിത്രം തെലുങ്കിലെത്തുമ്പോൾ എങ്ങനെയുണ്ടാകും? പോട്ടെ, മഹേഷ് എങ്ങിനെയുണ്ടാകും, എന്ന ചിന്തകളും ചർച്ചകളും ഉടലെടുത്തു. ചിത്രം ജൂലൈ 30ന് നെറ്റ്ഫ്ലിക്ലസ് വഴി റിലീസ് ചെയ്ത അന്ന് മുതൽ തെലുങ്ക് പ്രേക്ഷകർ മാത്രമല്ല മലയാളികളും കൈയടിച്ചുകൊണ്ടിരിക്കുകയാണ്. സംവിധായകനും നടീനടൻമാർക്കും മാത്രമല്ല, ഛായാഗ്രഹകനുമുണ്ട് പ്രശംസകൾ.

ഉമ മഹേശ്വര ഉഗ്ര രൂപസ്യയുടെ ഛായാഗ്രഹകൻ മലയാളിയായ അപ്പു പ്രഭാകറാണ്. ഇടുക്കിയുടെ ഭംഗി പകർത്തിയത് ഷൈജു ഖാലിദാണെങ്കിൽ അരക്കു എന്ന വിനോദസഞ്ചാരമേഖലയെ ഭംഗിയൊട്ടും ചോരാതെ ക്യാമറയിൽ പകർത്തി അന്നാട്ടിൽ നടക്കുന്ന ഒരു പ്രതികാരക്കഥ നമുക്കു മുന്നിൽ അവതരിപ്പിച്ചു. ഈ സിനിമയോടെ തെലുങ്ക് സിനിമകളെക്കുറിച്ചുള്ള മലയാളികളടക്കമുള്ള സിനിമാപ്രേക്ഷകരുടെ കാഴ്ച്ചപ്പാടുകൾ ഏറക്കുറെ തിരുത്തിക്കുറിക്കാനായതിലെ സംവിധായകന്റെ സന്തോഷം പങ്കുവെക്കുകയാണ് ഛായാഗ്രഹകൻ അപ്പു മാതൃഭൂമി ഡോട്ട് കോമിനോട്.

ആദ്യ തെലുങ്ക് ചിത്രം, മലയാളികളുടെ പ്രതികരണം ഞെട്ടിച്ചു..

ആദ്യതെലുങ്ക് ചിത്രമാണ്. കേരളത്തിൽ നിന്നുമുള്ള പോസിറ്റീവ് പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. മലയാളത്തിൽ അടുത്ത കാലത്തായി ഇറങ്ങിയ ചിത്രങ്ങളിൽ കൾട്ട് മൂവിയായി നിലനിൽക്കുന്ന സിനിമയാണല്ലോ മഹേഷിന്റെ പ്രതികാരം. തമിഴ് വേർഷനു രൂക്ഷമായി വിമർശനം ലഭിക്കുകയുമുണ്ടായി. അല്പം ഭയമുണ്ടായിരുന്നു. ലൊക്കേഷൻ കാണാൻ പോകുമ്പോൾ ഞാനും പോയിരുന്നു. ആളുകളുടെ, വീടുകളുടെ നിറങ്ങൾ, ഉപയോഗിക്കുന്ന വസ്തുക്കൾ, അലങ്കാരങ്ങൾ എല്ലാം കണ്ടുമനസ്സിലാക്കിയിരുന്നു. ഇടുക്കി മനസ്സിൽ അങ്ങനെ വരച്ച പോലെ കിടക്കുന്നതു കാരണം സ്ഥലങ്ങളൊന്നും തൃപ്തികരമായിരുന്നില്ല. മലയാളത്തെ അപ്പാടെ കോപ്പിയടിക്കാതിരിക്കാൻ ശ്രദ്ധിച്ചു. തെലുങ്ക് സിനിമയിലെ അഭിനേതാക്കൾ തന്നെ വേണമെന്നു സംവിധായകനു നിർബന്ധമുണ്ടായിരുന്നു. പലരും പുതുമുഖങ്ങളായിരുന്നു എന്നതാണ് സത്യം.

മഹേഷിന്റെ പ്രതികാരമാണെന്നു തോന്നരുത്..സംവിധായകൻ പറഞ്ഞു..

ബോളിവുഡ് നടിമാരെപ്പോലെയോ മോഡലുകളെപ്പോലെയോ അല്ല, തെലുങ്ക് പെണ്‍കുട്ടികളായി തന്നെ തോന്നണമെന്നാണ്‌ സംവിധായകൻ എന്നോടു പറഞ്ഞത്. അരക്കുവിൽ നടക്കുന്ന കഥയാണെന്നു തോന്നണമെന്നും പറഞ്ഞു. മിക്ക തെലുങ്ക് സിനിമകളിലെയും പാട്ടുകൾ അവിടെ വച്ചാണ് ചിത്രീകരിക്കുക പതിവ്. വിനോദസഞ്ചാരകേന്ദ്രമാണ്. നാടിന്റെ ഭംഗി പകർത്തുന്നതോടൊപ്പം അന്നാട്ടിലെ ആളുകളുടെ കഥ തന്നെയാണ് തോന്നിക്കണമെന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അഭിനേതാക്കൾക്ക് പരമാവധി എല്ലാ ഫ്രെയിമിലും സ്പെയ്സ് കൊടുത്തു.

maheshinte prathikaram
അപ്പു പ്രഭാകര്‍

രണ്ടുചിത്രങ്ങളേ റീമേക്ക് ചെയ്യുള്ളൂ, അതിലൊന്ന് മഹേഷിന്റെ പ്രതികാരം..

വെങ്കിടേഷ് മഹാ രണ്ടുചിത്രങ്ങളേ റീമേക്ക് ചെയ്യുള്ളൂ. അതിലൊന്ന് മഹേഷിന്റെ പ്രതികാരമായിരിക്കുമെന്ന് പറഞ്ഞിരുന്നു. മഹേഷിന്റെ കഥ തെലുങ്ക് പ്രേക്ഷകർക്ക് മുന്നിലെത്തിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഒരിക്കൽ ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ ചെന്നപ്പോൾ തെലുങ്ക് സംവിധായകനാണെന്ന് സ്വയം പരിചയപ്പെടുത്തിയ അദ്ദേഹത്തെ ആരും ഗൗനിച്ചില്ലെന്ന ഒരു സംഭവം പറഞ്ഞിരുന്നു. തെലുങ്കിലെ കമ്മേഴ്സ്യൽ സിനിമയെന്നാൽ പൊതുവെ തെന്നിന്ത്യയിൽ, പ്രത്യേകിച്ച് മലയാളികൽക്കിടയിൽ ട്രോളാനുള്ള പ്രവണതയാണ് കാണാറുള്ളത്. ആ കാഴ്ച്ചപ്പാട് മാറ്റണമെന്നത് വളരെക്കാലമായുളള മഹായുടെ ആഗ്രഹമാണ്. മാസ് കമ്മേഴ്സ്യൽ പടങ്ങൾ മാത്രമിറങ്ങുന്നത് അവിടുത്തെ പ്രേക്ഷകരുടെ നിലവാരം അത്തരത്തിലായതുകൊണ്ടല്ല, അത് തെറ്റിദ്ധാരണയാണെന്ന് തെളിയിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് ഈ സിനിമയിലൂടെ കുറെയൊക്കെ സാധിച്ചു എന്ന് വിശ്വസിക്കുന്നു.

തെലുങ്ക് ഇപ്പോഴും അറിയില്ല...

തെലുങ്ക് അറിയില്ല. സ്ക്രിപ്റ്റിനെക്കുറിച്ച് വലിയ പിടിയില്ലായിരുന്നു. കഥയറിയാമല്ലോ. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് സംവദിച്ചിരുന്നത്. സിനിമ മുഴുവനായി കണ്ടപ്പോഴാണ് തെലുങ്കിലെ പ്രാദേശിക പ്രയോഗങ്ങളെപ്പറ്റി ധാരണ വന്നുള്ളൂ.

സത്യദേവിന്റെ അപ്പുച്ചേട്ടൻ...

സത്യദേവ് നല്ല സുഹൃത്തായി മാറി. ഒരുപാട് ഹോംവർക്ക് ചെയ്താണ് സെറ്റിലെത്തിയത്. ഗൂഗിളിലൊന്നും കാണുന്ന ആളായല്ല. ഫഹദിന്റെ ഛായ പോലും അത്തരത്തിൽ വന്നതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഉമ മഹേശ്വ റാവു ചെരുപ്പ് ഇടില്ല എന്നു പ്രഖ്യാപിച്ച ദിവസം മുതൽ 25 ദിവസത്തോളം ചെരുപ്പിടാതെയാണ് സെറ്റിൽ നടന്നത്. കാലിന് പരിചയമാവാനാണ്, കഥാപാത്രത്തെ ഉൾക്കൊള്ളാനാണ് എന്നെല്ലാമാണ് പറഞ്ഞത്.

സത്യദേവ് മുമ്പ് അഭിനയിച്ച സിനിമകൾ വച്ചുനോക്കിയാൽ വലിയൊരു മേക്ക് ഓവർ തന്നെ അദ്ദേഹം ഈ ചിത്രത്തിനുവേണ്ടി കൊണ്ടുവന്നിട്ടുണ്ട്. മുമ്പ് ഒരു മഹേഷ് ബാബു ചിത്രത്തിനുവേണ്ടി മസിൽപെരുപ്പിച്ച ശരീരം വികസിപ്പിച്ചെടുത്തതായി കണ്ടു. തല്ലുകൊള്ളുന്ന സീനിൽ ഈ ശരീരം വച്ചെങ്ങനെ ശരിയാകും എന്ന സംശയം ഞാൻ ചോദിച്ചു. മൂന്നുമാസമില്ലേ, അപ്പോഴേക്കും റെഡിയാക്കാമെന്ന് അന്ന് മറുപടി പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല. ഫഹദിനെ അനുകരിക്കാതെ തന്നെ സ്വയം ഒരു സ്റ്റുഡിയോ ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു.

സൂപ്പർതാരങ്ങളെയൊന്നും വച്ച് ഇത്ര പെട്ടെന്ന് ഷൂട്ട് തീരില്ല..

താമസിക്കുന്നിടത്തു നിന്ന് ഒന്നരമണിക്കൂർ ദൂരെയായിരുന്നു സിനിമയിലെ അടി നടക്കുന്ന കവല ചിത്രീകരിച്ച സ്ഥലം. 14-15 മണിക്കൂർ ഷൂട്ട് ആയിരുന്നു എല്ലാ ദിവസവും. ഒരു ന്യൂജെൻ സിനിമാസെറ്റ് പോലെ അത്ര സ്വാതന്ത്ര്യമുണ്ടായിരുന്നു. 35-37 ദിവസം കൊണ്ടാണ് ഷൂട്ട് പൂർത്തീകരിച്ചത്. ഒരുപക്ഷേ തെലുങ്ക് സൂപ്പർതാരങ്ങളെയൊന്നും വച്ച് ഇത്ര കുറച്ച് ദിവസങ്ങൾകൊണ്ടോ ഈ ഒരു സെറ്റിലോ ഷൂട്ട് ചെയ്ത് തീരുമായിരുന്നില്ല.

telugu
സംവിധായകന്‍ വെങ്കടേഷ് മഹായ്‌ക്കൊപ്പം

ബംഗാളി സിനിമയിൽ നിന്ന് തെലുങ്കിലേക്ക്..

2015ൽ സത്യജിത്ത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ ഉടനെ അമൽ നീരദിന്റെ കോംറേഡ് ഇൻ അമേരിക്കയുടെ സെറ്റിലെത്തി. അവിടെ ഛായാഗ്രഹകൻ രണദിവയ്ക്കൊപ്പം ഓപ്പറേറ്റിംഗ് ക്യാമറാമാനായിരുന്നു. അതിനിടയിൽ സുധ പത്മജ സംവിധാനം ചെയ്ത ഐ ടെസ്റ്റ് എന്ന ഷോർട്ട് ഫിലിം ചെയ്തു. അതിന് ദേശീയ പുരസ്കാരം ലഭിച്ചു. ശേഷം കാർബണിൽ ആദ്യ ഷെഡ്യൂളിൽ കെ യു മോഹനൻ സാറിന്റെ സഹായിയായി. സി ഐ എ കഴിഞ്ഞ് മുംബൈയിൽ കുറച്ചുകാലമുണ്ടായിരുന്നു. ആയിടയ്ക്കാണ് മോഹനൻ സാറിനെ പരിചയപ്പെടുന്നത്. അതിനു ശേഷം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ ആയിരുന്ന പ്രവീൺ സുകുമാരൻ സംവിധാനം ചെയ്ത 'സായാഹ്നങ്ങളിൽ ചില മനുഷ്യർ' എന്ന ചിത്രത്തിനു വേണ്ടി സ്വതന്ത്ര ഛായാഗ്രഹകനായി. ഫെസ്റ്റിവൽ മൂവി ആയിരുന്നു അത്. പിന്നീട് സുഹൃത്ത് സൗരവ് റായ്യുടെനിംതോ ഒരു നേപ്പാളി ഫീച്ചർ സിനിമ ചെയ്തു. അത് മുംബൈ, റോട്ടർഡം ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ നേടിയിരുന്നു. ദേശീയ പുരസ്കാരം ലഭിച്ച വേളയിൽ ബംഗാളിയിലും ചില ഓഫറുകൾ വന്നു. മൂന്ന് ഫീച്ചർ സിനിമകളുടെ ഛായാഗ്രഹകനായി. 2019 ജൂലൈയിലാണ് ഉമ മഹേശ്വര ടീമിന്റെ ക്ഷണം വരുന്നത്. അവർക്ക് തെലുങ്കിനു പുറത്തുള്ള ക്യാമറാമാനെ ആയിരുന്നു ആവശ്യം. ഓഗസ്റ്റിൽ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. ഒക്ടോബറോടു കൂടി ചിത്രീകരണവും.

ബംഗാളി കേട്ടാൽ മനസ്സിലാവും..

ബംഗാളി മനസ്സിലാവും. സംസാരിക്കാൻ അത്ര അറിയില്ല. അഭിജാൻ ആണ് ഇപ്പോൾ വർക്ക് ചെയ്യുന്ന ചിത്രം.

ഫ്ലാഷ് ബാക്ക്.. എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ചു ഫിലിം സ്കൂളിൽ പോയി..

2009ൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ആണ് പഠിച്ചത്. അന്നൊന്നും എന്താണ് താത്‌പര്യം എന്നതിൽ വലിയ പിടിയൊന്നുമില്ലായിരുന്നില്ല. എഞ്ചിനീയറിങ്ങിന് മോശമില്ലാത്ത റാങ്ക് കിട്ടി. കോഴിക്കോട് എൻ ഐ ടിയിൽ ചേർന്നു. അത് കഴിഞ്ഞ് നേരെ ജോലി. ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ഇതല്ല എന്റെ വഴി എന്ന തോന്നലുണ്ടാകുന്നത്. ഫോട്ടോഗ്രഫിയിൽ താത്‌പര്യം തോന്നി മേടിച്ച ഒരു ക്യാമറയുമുണ്ടായിരുന്നു കൂടെ. അതെങ്ങനെ കരിയറാക്കാമെന്ന ചിന്തയിലാണ് ഫിലിം സ്കൂളുകളെപ്പറ്റി ആഴത്തിലറിഞ്ഞത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിച്ചുനോക്കാമെന്ന് ആശയം തോന്നിയത്. എന്നാൽ ആ വർഷം അവിടെ പുതിയ ബാച്ചിനെ എടുക്കുന്നില്ലെന്നറിഞ്ഞപ്പോഴാണ് സത്യജിത്റേ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കുന്നതും ചേരുന്നതും. ജോലി ഉപേക്ഷിച്ചതുമെല്ലാം റിസ്കായിരുന്നു. സിനിമാപാരമ്പര്യം പോലുമില്ലാത്ത കുടുംബമാണ് എന്റേത്.

അപ്പോൾ ഇനി മലയാളത്തിലേക്ക്?

മലയാളത്തിൽ ഒരു സിനിമയുടെ ഓഫർ വന്നിരുന്നു. അതിന്റെ പ്രീപ്രൊഡക്ഷനും കഴിഞ്ഞു. ചില സാങ്കേതിക കാരണങ്ങളാൽ അത് നീട്ടിവെക്കുകയായിരുന്നു. ഒരു മലയാളസിനിമ ചെയ്യാൻ അതിയായ ആഗ്രഹമുണ്ട്. നല്ല ഓഫറുകൾ വന്നാൽ സ്വീകരിക്കും. സൂപ്പർതാരസിനിമകൾ, ക്ലാസിക് സിനിമകൾ, കമ്മേഴ്സ്യൽ ഇങ്ങനെ വേർതിരിവ് ഇല്ലാതായിക്കൊണ്ടിരിക്കുകയല്ലേ മലയാളത്തിൽ. സൗബിൻ അഭിനയിച്ച ഒരു ചിത്രം മമ്മൂട്ടി നായകനായ ഒരു ചിത്രം പോലെ ഇന്ന് തീയേറ്ററിൽ ഓടും. നല്ല തിരക്കഥകളുടെ ഭാഗമാകാൻ താത്‌പര്യമുണ്ട്.

അമൽ നീരദിനെ പരിചയപ്പെടാൻ കൊച്ചിയിലെത്തി... പിന്നെ സി ഐ എ സെറ്റിലും..

അമൽനീരദിന്റെ രീതികളോട് താത്‌പര്യമുണ്ട്. കൊച്ചി സിനിമാക്കാർക്കിടയിൽ ഒരു ലെജന്റ് തന്നെയാണ്. സത്യജിത് റേ പ്രൊഡക്ട് ആണ്. ആദ്യ ബാച്ച് സിനിമാട്ടോഗ്രാഫി വിദ്യാർഥിയായിരുന്നു. കുറേ വർഷം സീനിയറാണ്. പരിചയപ്പെടണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്റെ ഡിപ്ലോമ കണ്ട് വിളിച്ചതാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് ഏറ്റവും നല്ല അവസരമായിരുന്നു അത്. ആദ്യമായി സെക്കന്റ് ക്യാമറ ഉപയോഗിച്ചത് സി ഐ എയിലായിരുന്നു. അതുവരെ സിംഗിൾ ക്യാമറ അപ്രോച്ച് ആയിരുന്നു.

ഛായാഗ്രഹകരിൽ പ്രിയം ഷൈജു ഖാലിദിനോട്..

ഷൈജു ഖാലിദ് ഫാനാണ്. ഷൈജു ക്യാമറയിലൂടെ കണ്ടത് റീമേക്ക് ചെയ്യുക എന്ന വെല്ലുവിളി ഏറ്റെടുക്കുക തന്നെയായിരുന്നു. അദ്ദേഹം സിനിമ കണ്ടിരിക്കുമെന്ന് കരുതുന്നു. മലയാളസിനിമയിൽ നിന്നും ചിലർ വിളിച്ചിരുന്നു. ദിലീഷ് പോത്തൻ ഫെയ്സ്ബുക്ക് പോസ്റ്റിട്ടുവെന്ന് അറിഞ്ഞിരുന്നു.

മഹേഷിന്റെ പ്രതികാരം vs ഉമ മഹേശ്വര ഉഗ്ര രൂപസ്യ

മഹേഷിന്റെ പ്രതികാരത്തിലെ കളർ ഗ്രേഡിംഗിൽ നിന്നും അല്പം വ്യത്യസ്തമായാണ് ഉമ മഹേശ്വരയിൽ ചെയ്തത്. കഥാപാത്രങ്ങളുടെ സ്കിൻ ടോണുകളിലും അല്പം സ്വാഭാവികത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. കത്തി നിൽക്കുന്ന സൂര്യനും നിറയെ കുന്നുകളുമൊക്കെയാണ് അരക്കുവിൽ. ഇടുക്കിയിലേതുപോലെ ഇടയ്ക്കിടെ മരങ്ങളുടെ തണലില്ല.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനവും പ്രായോഗിക പരിജ്ഞാനവും വെവ്വേറെ...

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുമ്പോൾ സ്റ്റിൽ ഫോട്ടോഗ്രാഫിയെപ്പറ്റി ചെറിയൊരു ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സിനിമ പശ്ചാത്തലവുമില്ലാതെ വരുന്നവർക്ക് ഫിലിം പ്രൊഡക്ഷനിൽ അടിത്തറ പാകാനും സ്ട്രക്ചേഡ് ആയി പഠിക്കാനും ഇത്തരം ഇൻസ്റ്റിറ്റ്യൂട്ടുകൾ നല്ലതാണ്. എന്നാൽ അവിടെ കംഫർട് സോണുകളുണ്ടാവും. ഔട്ട് ഓഫ് ദ ബോക്സ് ചിന്തിക്കാനും റിസ്കുകൾ എടുക്കാൻ ശീലിക്കാനും പ്രാക്ടിക്കൽ പരിചയം വേണം. സംവിധായകർക്കൊപ്പം സഹായി ആയും സ്വതന്ത്രനായും വർക്ക് ചെയ്യണം. എങ്കിലേ ഫിലിം ഫോർമാറ്റിനെക്കുറിച്ച് അറിയാനും കഴിയൂ. തുടക്കത്തിൽ ഏവർക്കും ബുദ്ധിമുട്ട് തോന്നാം.

സംവിധാനമോഹം...

സംവിധാനം അല്പം കൂടി ഉത്തരവാദിത്തമുള്ള ജോലിയാണ്. പതുക്കെ നോക്കാം. ഇപ്പോൾ സിനിമാട്ടോഗ്രാഫിയിലാണ് ഫോക്കസ് ചെയ്യുന്നത്. കൂടുതൽ വർക്കുകൾ ചെയ്യണം.

ഭാര്യ ഫിലിം ക്രിട്ടിക്കാണ്..

ഭാര്യ അശ്വതി ഗോപാലകൃഷ്ണൻ ഫിലിം ക്രിട്ടിക്കാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നതിനു മുമ്പെ ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. സി ഐ എ കഴിഞ്ഞ സമയത്തായിരുന്നു വിവാഹം. പെരുമ്പാവൂർ ആണ് താമസം. കോഴിക്കോട് എരഞ്ഞിപ്പാലം ആണ് സ്വദേശം.

Content Highlights :uma maheswara ugra roopasya movie cinematographer keralite appu prabhakar interview director venkatesh maha satyadev kancharana


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented