ടൊവിനോ തോമസ്
സൂപ്പർ ഹീറോയാകാൻ കൊതിയുണ്ടോ...? എങ്കിൽ നിങ്ങൾക്ക് സൂപ്പർ ഹീറോ ആകാം, ടെലിവിഷൻ അവതാരകനാകണോ...? അതും ആകാം, അല്പം ഫാന്റസിക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ കഥാപാത്രമാകണോ...? അതും ആകാം. കേൾക്കുമ്പോൾ നല്ല സുഖമുള്ള സംഗതിയായിത്തോന്നാം. പക്ഷേ, സംഭവം കുറച്ച് കഷ്ടപ്പാടാണ്. ഇതെല്ലാം ആകണമെങ്കിൽ ആദ്യം നിങ്ങളൊരു മികച്ച സിനിമാനടനാകണം. സിനിമാപാരമ്പര്യങ്ങളേതുമില്ലാത്ത വീട്ടിൽനിന്ന് സിനിമാനടനാകാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ടൊവിനോ തോമസിനുമുന്നിലും അടഞ്ഞവാതിലുകളല്ലാതെ ഒരു കുറുക്കുവഴിയും ഉണ്ടായിരുന്നില്ല. മുട്ടിമുട്ടി തുറക്കപ്പെട്ട വാതിലുകളിലൂടെ വില്ലനായും സഹനടനായും കുഞ്ഞുകുഞ്ഞുവേഷങ്ങളിലൂടെ ടൊവിനോ തോമസ് സിനിമാലോകത്ത് പിച്ചവെച്ചപ്പോൾ മലയാളത്തിലെ ആദ്യത്തെ ‘സൂപ്പർ ഹീറോ’ ആണിതെന്ന് ആരും വിചാരിച്ചിരുന്നില്ല. മികച്ച കഥാപാത്രങ്ങളിലൂടെ കരിയർഗ്രാഫുയർത്തിയ ടൊവിനോ തോമസ് പത്തുവർഷങ്ങൾക്കിപ്പുറം കീഴടക്കിയത് സ്വപ്നങ്ങളുടെ ആകാശമാണ്. ‘മിന്നൽ മുരളി’യിലൂടെ പാൻ ഇന്ത്യ ഫാൻബേസ് കരസ്ഥമാക്കിയ താരം ആഷിഖ് അബു സംവിധാനംചെയ്ത ‘നാരദനി’ൽ ടെലിവിഷൻ അവതാരകനായ ചന്ദ്രപ്രകാശായി നടത്തുന്നത് കരിയർ ബെസ്റ്റ് പെർഫോമൻസാണ്. ത്രില്ലിങ് വഴിയിൽ ടെലിവിഷൻ ജേണലിസത്തിന്റെ ഉള്ളറകൾ അവതരിപ്പിക്കുന്ന നാരദൻ തിയേറ്ററുകളിൽ ശ്രദ്ധനേടുമ്പോൾ ടൊവിനോ തോമസ് സംസാരിക്കുന്നു.
? നാരദനിലെ ചന്ദ്രപ്രകാശ് എന്ന വാർത്താ അവതാരകനാകുക എളുപ്പമായിരുന്നോ? വർത്തമാനകാലത്ത് ചിത്രത്തിന്റെ പ്രസക്തി എത്രത്തോളമാണ്
= ആഷിഖേട്ടനും (ആഷിഖ് അബു), ഉണ്ണിച്ചേട്ടനും (ഉണ്ണി ആർ.) നാരദൻ തുടങ്ങുമ്പോൾത്തന്നെ കൃത്യമായി ചന്ദ്രപ്രകാശ് എന്ന കഥാപാത്രം എങ്ങനെയുള്ളയാളാണെന്ന് പറഞ്ഞുതന്നിരുന്നു. അതിനെ അടിസ്ഥാനമാക്കിയാണ് ഞാൻ അയാളുടെ മാനറിസമടക്കമുള്ള മറ്റു കാര്യങ്ങളെല്ലാം ചെയ്തത്. ആദ്യകേൾവിയിൽ വളരെ ചലഞ്ചിങ്ങായൊരു കഥാപാത്രമാണിതെന്ന് മനസ്സിലായിരുന്നു. കാരണം രണ്ടുഗെറ്റപ്പുകൾ, പലവിധ മാനറിസങ്ങൾ, അയാൾ കടന്നുപോകുന്ന മാനസികാവസ്ഥകൾ അങ്ങനെ പലതും. എന്നാൽ, ആഷിഖേട്ടനടക്കമുള്ളവരുടെ സഹായംകൊണ്ട് ആ ചലഞ്ചിനെ മറികടക്കാനും നല്ലരീതിയിൽതന്നെ കഥാപാത്രത്തെ അവതരിപ്പിക്കാനും പറ്റി. പല അവതാരകരുടെ റഫറൻസ് എടുത്തപ്പോഴും ആരെയും അനുകരിക്കുകയോ മോശമാക്കുകയോ ചെയ്യുന്ന രീതിയിലായിരിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. മാധ്യമപ്രവർത്തകരിലെത്തന്നെ നല്ലവരെയും മോശപ്പെട്ടവരെയും ഒരുപോലെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. വാർത്തയിലെ സത്യമല്ല, മാർക്കറ്റാണ് പ്രധാനം എന്ന് ചിന്തിക്കുന്നിടത്താണ് നാരദനിലെ ചന്ദ്രപ്രകാശ് മോശം മനുഷ്യനായി പരിണമിക്കുന്നത്. ബാക്കിയുള്ളവർക്കൊക്കെ എന്തുസംഭവിച്ചാലും ഞാൻ മാത്രം വിജയിക്കണം എന്നൊരു ചിന്ത ഇന്ന് എല്ലാമേഖലയിലുമുള്ള മനുഷ്യർക്കുമുണ്ട്. അത് ശരിയായ ചിന്താഗതിയല്ലെന്നാണ് എന്റെ വിശ്വാസം. ഇന്ത്യയെപ്പോലെ ഇത്രയധികം വാർത്താച്ചാനലുകളുള്ള വേറൊരു രാജ്യം ലോകത്തുണ്ടോ എന്ന് സംശയമാണ്. പലപ്പോഴും ചാനലുകളുടെ മത്സരത്തിന്റെ ഭാഗമായി തെറ്റായരീതിയിൽ വാർത്തകൾ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. വർത്തമാനകാലത്തുണ്ടായ അത്തരം ചില സംഭവങ്ങളിലേക്ക് വിരൽചൂണ്ടുന്ന ചില സന്ദർഭങ്ങൾ നാരദനിലുമുണ്ട്. അതുകൊണ്ട് ടെലിവിഷൻ വാർത്തകാണുന്ന ആർക്കും സിനിമയും അതിലെ സംഭവങ്ങളും പെട്ടെന്ന് കണക്ട് ചെയ്യാനാകും. സിനിമകണ്ട് ഒരുപാടുപേർ മികച്ച അഭിപ്രായങ്ങൾ പറഞ്ഞു. ഓരോ ദിവസം കഴിയുംതോറും ആദ്യ ദിവസങ്ങളേക്കാൾ കൂടുതൽ പ്രേക്ഷകർ നാരദൻ കാണാൻ തിയേറ്ററിൽ എത്തുന്നുണ്ട്. നിങ്ങൾക്ക് ‘നാരദൻ’ ഇഷ്ടപ്പെടുകയാണെങ്കിൽ അത് മറ്റുള്ളവരോട് പറയുക. ഇഷ്ടപ്പെടാത്തവരുണ്ടെങ്കിൽ അടുത്ത നല്ലൊരു സിനിമയുമായി ഞാൻ വീണ്ടുംവരുമെന്ന് ഉറപ്പുനൽകുന്നു.
? മിന്നൽ മുരളിക്കുശേഷം ടൊവിനോയിൽനിന്ന് പ്രേക്ഷകർ കൂടുതൽ പ്രതീക്ഷിക്കുന്നതായി തോന്നിയിട്ടുണ്ടോ? ഉത്തരവാദിത്വം കൂടിയോ.
= എന്റെ കരിയറിലെത്തന്നെ ഏറ്റവും വലിയ വിജയമായ സിനിമയാണ് ‘മിന്നൽ മുരളി’. ടൊവിനോ എന്ന നടനെ ഇതുവരെ അറിയാത്ത ആൾക്കാർ അറിഞ്ഞത് ‘മിന്നൽ മുരളി’ക്കുശേഷമാണ്. ഒരു സിനിമകൊണ്ട് നമ്മൾക്ക് ഒരുപാട് പുതിയ ആൾക്കാരിലേക്ക് എത്താൻ സാധിക്കുന്നു എന്നത് വളരെ സന്തോഷമാണ്. ‘മിന്നൽ മുരളി’ ഇറങ്ങിയശേഷം ലോകത്തിന്റെ പലഭാഗത്തുനിന്ന് ആൾക്കാർ എന്നെ വിളിക്കുകയും സന്ദേശം അയക്കുകയുമൊക്കെ ചെയ്തു. ‘മിന്നൽ മുരളി’ക്കുശേഷം നടനെന്നനിലയിൽ എന്റെ ഉത്തരവാദിത്വം കൂടിയിട്ടുണ്ട്. കാരണം പണ്ട് എന്റെ സിനിമകൾ കണ്ടുകൊണ്ടിരുന്നത്ര ആളുകളല്ല ഇന്നെന്റെ സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്. ആ ഉത്തരവാദിത്വം ഞാനെന്ന നടന്റെ ആഗ്രഹങ്ങളെയോ അഭിനയത്തെയോ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. പ്രേക്ഷകൻ ഇനി കാണുന്ന എന്റെ സിനിമ ഒരിക്കലും ‘മിന്നൽ മുരളി’പോലെ ഒന്ന് ആകരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. കാരണം സ്റ്റീരിയോ ടെപ്പ് ആകരുതെന്ന് എന്ന് നിർബന്ധമുണ്ട്. മിന്നൽ മുരളിക്കുശേഷം വീണ്ടും അതുപോലെതന്നെ സൂപ്പർ ഹീറോ സിനിമകൾ ആവർത്തിച്ചാൽ അത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടണമെന്നില്ല. പലതരം സിനിമകൾ ചെയ്യാനും അഭിനേതാവ് എന്നനിലയിൽ എന്റെ കൂടുതൽ കഴിവുകളെ കണ്ടെത്താനും കഴിഞ്ഞാലാണ് നടനെന്നനിലയിൽ എനിക്ക് വളരാനാകുക. അത്തരമൊരു ശ്രമമായിരുന്നു ‘നാരദൻ’.
? ഏതൊരു നടന്റെയും ആഗ്രഹമാണ് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാവുന്നനിലയിലേക്ക് എത്തുകയെന്നത്, ടൊവിനോ അത്തരമൊരു ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞോ
= എത്തി എന്നാണ് ഞാൻ കരുതുന്നത്. ഓരോന്നും ചെയ്തുനോക്കാനുള്ള ഒരു സ്വാതന്ത്ര്യം തീർച്ചയായിട്ടും ഇപ്പോഴെനിക്കുണ്ട്. നല്ലൊരു ടീമിനെ ലഭിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന സിനിമകൾ ചെയ്തുനോക്കാൻ നമുക്ക് പറ്റും. ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത രീതിയുള്ള കഥാപാത്രങ്ങളാണ് വരുംനാളുകളിൽ പുറത്തിറങ്ങാനിരിക്കുന്ന വാശി, വിനീത് കുമാർ ചിത്രം, വഴക്ക്, തല്ലുമാല എന്നിവയിലെല്ലാം ചെയ്തിരിക്കുന്നത്. അഭിനയിക്കുന്ന എല്ലാ സിനിമകളിലും എന്റെ തല, എന്റെ ഫുൾഫിഗർ വേണം എന്ന് ആഗ്രഹമുള്ളയാളല്ല ഞാൻ. നടനെന്നനിലയിൽ ഇഷ്ടപ്പെട്ട സിനിമകളാണ് ഞാനിപ്പോൾ ചെയ്യുന്നത്. കേന്ദ്രകഥാപാത്രമാകാത്ത ഒരുപാട് സിനിമകൾ പോയവർഷങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുമുണ്ട്. ഇനി പുറത്തുവരാൻ പോകുന്നതിലും അത്തരം സിനിമകളുണ്ട്. പിന്നെ, ഒരു നടനെന്നനിലയ്ക്ക് എനിക്ക് ചെയ്യാൻപറ്റുന്ന ചില നല്ല കാര്യങ്ങളുണ്ട്, ഉദാഹരണം ചില നല്ല സിനിമകൾ നടക്കണമെങ്കിൽ വിപണിമൂല്യമുള്ള നടന്മാരെ ആവശ്യമായിവരും. അത്തരം സന്ദർഭങ്ങളിൽ എന്റെ വിപണിമൂല്യം അത്തരം സിനിമകൾക്കുവേണ്ടി ഉപയോഗിക്കാം. അങ്ങനെക്കൂടിയാണ് ഞാൻ സിനിമാഭിനയത്തെ നോക്കിക്കാണുന്നത്. അല്ലാതെ നടനെന്നനിലയിലുള്ള ഉയർച്ചയ്ക്കുവേണ്ടി മാത്രമല്ല സിനിമ ചെയ്യുന്നത്. മിന്നൽ മുരളിപോലെ വലിയ സിനിമകൾ ചെയ്‌തെന്നുകരുതി ഇനി അത്തരം വലിയ ബജറ്റ് സിനിമകൾ മാത്രം ചെയ്യണമെന്ന് ആഗ്രഹമില്ല. ചെറിയ സിനിമകളും ചെയ്യണം. പലതരം സംവിധായകരുടെകൂടെ വ്യത്യസ്തമായ സിനിമകൾചെയ്ത് എല്ലാദിവസവും വേറെ വേറെ കഥാപാത്രമായി ജീവിച്ച് വളരെ രസകരമായി മുന്നോട്ടുപോകണം. അത്തരമൊരു ജീവിതമാണ് ഇന്നെന്നെ സന്തോഷിപ്പിക്കുന്നത്.
? ടൊവിനോ കംഫർട്ടബിൾ ആക്ടറാണെന്ന് ആഷിഖ് അബു അടക്കം കൂടെ വർക്ക് ചെയ്ത സംവിധായകരെല്ലാം പറയുന്നു, എന്താണതിന്റെ രഹസ്യം
= (ചിരിക്കുന്നു) ഏത് സിനിമ ചെയ്യുമ്പോഴും ആ ക്രൂവിന്റെ ഭാഗമായി നിന്നുകൊണ്ട് ഒരു ടീം പ്ലെയറായി മാറാനാണ് എനിക്കിഷ്ടം. കാരണം സിനിമയൊരു കളക്ടീവ് ആർട്ട്‌ഫോമാണെന്ന്
പൂർണമായ ബോധ്യമുണ്ട്. അതുകൊണ്ട് സിനിമകൾ തിരഞ്ഞെടുക്കുമ്പോഴും അത്തരമൊരു ടീമാണോ എന്ന് നോക്കാറുണ്ട്. ഒരു സിനിമാസെറ്റിൽ ചെല്ലുമ്പോൾ അവിടെയുള്ളവരെല്ലാം നമ്മുടെ സുഹൃത്തുക്കളാണെങ്കിൽ നമുക്ക് അഭിനയം കുറച്ചുകൂടി എളുപ്പമാകും. എന്നാൽ, സുഹൃത്തുക്കളുടെ കൂടെമാത്രം സിനിമ ചെയ്ത് മുന്നോട്ടുപോകാനും പറ്റില്ല. അതിനാൽ പോകുന്നയിടങ്ങളെല്ലാം പുതിയ സൗഹൃദങ്ങളുണ്ടാക്കാൻ ശ്രമിക്കാറുണ്ട്. വളരെ നല്ല കലാകാരന്മാരുടെ കൂടെ പ്രവൃത്തിക്കുക എന്നത് അഭിനേതാവെന്നനിലയിൽ എന്റെ ആഗ്രഹംകൂടിയാണ്. ഒരു സിനിമ തുടങ്ങി തീരുന്നതുവരെ ഒരു കുടുംബംപോലെയാണ് എല്ലാവരും ജീവിക്കുന്നത്. അപ്പോൾ തീർച്ചയായും മാനസിക അടുപ്പം എല്ലാവരുടെ ഇടയിലും ഉണ്ടാകും. എനിക്ക് അങ്ങനെ അനുഭവപ്പെടാറുണ്ട്. കൂടെ പ്രവൃത്തിക്കുന്നവരുമായി പെട്ടെന്ന് അടുപ്പം ഉണ്ടാക്കുന്ന ആളാണ് ഞാൻ. അതൊരു ബോധപൂർവമായ ശ്രമമല്ല. പൊതുവേ ഞാൻ അങ്ങനെയാണ്. അതുകൊണ്ടുതന്നെ ഓരോ സിനിമയിലെയും അന്തരീക്ഷം എനിക്ക് അനുകൂലമായിമാറാറുണ്ട്. ആഷിഖേട്ടനൊപ്പം മായാനദി, വൈറസ്, നാരദൻ എന്നീ സിനിമകൾ ചെയ്തുകഴിഞ്ഞു. ഏപ്രിലിൽ ഷൂട്ട് ആരംഭിക്കുന്ന ആഷിഖേട്ടന്റെ നീലവെളിച്ചത്തിലും പ്രധാനകഥാപാത്രമായി ഞാനുണ്ട്. നമ്മളെ നന്നായി ഉപയോഗിക്കുന്ന സംവിധായകരുടെകൂടെ വീണ്ടും പ്രവർത്തിക്കുക എന്നത് വളരെ സന്തോഷമാണ്. വൈക്കം മുഹമ്മദ് ബഷീറെന്ന മഹാനായ സാഹിത്യകാരന്റെ ‘നീലവെളിച്ചം’ എന്ന കഥയിൽ അഭിനയിക്കുക എന്നത് കരിയറിലെ വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. ബഷീറിന്റെ വലിയൊരു ആരാധകനാണ് ഞാൻ. എന്റെ കൈയിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നല്ലൊരു കളക്ഷനുണ്ട്. എന്റെ ചെറുപ്പത്തിൽതന്നെ വീട്ടിൽ ഒരു കുഞ്ഞുലൈബ്രറിയുണ്ട്. അതിൽ പ്രധാനപുസ്തകങ്ങൾ ബഷീറിന്റേതായിരുന്നു. സ്‌കൂൾ കാലംതൊട്ട് അദ്ദേഹത്തെ വായിച്ചുതുടങ്ങിയ ഞാൻ വലുതായപ്പോൾ ആ കഥകളിലൊന്നിൽ അഭിനേതാവാകുന്നു എന്നതൊരു എക്‌സൈറ്റ്‌മെന്റാണ്.
? ടൊവിനോയെ ഇഷ്ടപ്പെടുന്ന, നായകനാക്കി സിനിമ എടുക്കണമെന്നാഗ്രഹിക്കുന്ന പുതുതലമുറയിലെ സിനിമാ പ്രേമികളോട് എന്താണ് പറയാനുള്ളത്
= അങ്ങനെ ഒരു നടനെ മാത്രം പ്രതീക്ഷിക്കാതിരിക്കുക. സിനിമ എന്ന് പറയുന്നത് നടന്മാരേക്കാളൊക്കെ വലുതാണ്. ഞാനുൾപ്പെടെയുള്ള നടന്മാരൊക്കെയൊന്നുമില്ലെങ്കിലും വേറെ ആരെങ്കിലുമൊക്കെയായി സിനിമകളെല്ലാം ഇവിടെ സംഭവിക്കും. അപ്പോൾ ഒരിക്കലും ഒരാളെ മാത്രം ആശ്രയിച്ച് നമ്മുടെ കരിയർ മുന്നോട്ടുപോകണം എന്ന് ചിന്തിക്കരുത്. പരമാവധി ആത്മാർഥമായി സിനിമകൾ എഴുതുക, അവ ചെയ്യുക. നല്ല സിനിമകളെയെല്ലാം പ്രോത്സാഹിപ്പിക്കുക. വലിയൊരുശതമാനം നവാഗതസംവിധായകരുടെ കൂടെ സിനിമകൾ ചെയ്യുന്നൊരു ആളാണ് ഞാൻ. അതുകൊണ്ട് പുതിയ ആൾക്കാർക്ക് എന്നും മലയാള സിനിമയിൽ ഇടവും സാധ്യതയുമുണ്ട്. നിരാകരണങ്ങളിൽ നിരാശരാകാതെ, സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ടുപോകുക. എപ്പോൾ വേണമെങ്കിലും നല്ലകാലം സംഭവിക്കാം.
Content Highlights: Tovino Thomas Interview, Naaradan Movie, Neelavelicham, Minnal Murali success
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..