ടൊവിനോ തോമസ്, ബേസിൽ ജോസഫ് | ഫോട്ടോ: മാതൃഭൂമി
മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ എന്ന പേരുമായാണ് മിന്നല്‍ മുരളിയുടെ വരവ്. ടോവിനോ ആദ്യമായി സൂപ്പര്‍ ഹീറോയാകുന്നു. ചെയ്ത രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റുകളാക്കിയ ബേസില്‍ ജോസഫ് എന്ന സംവിധായകന്റെ മൂന്നാമത്തെ ചിത്രം, ഹോളിവുഡ് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യം... അങ്ങനെ പ്രതീക്ഷിക്കാന്‍ ഏറെയുണ്ട് മിന്നല്‍ മുരളിയില്‍. മുരളിയാവാനെടുത്ത അധ്വാനത്തേക്കുറിച്ചും ബേസില്‍ എന്ന സംവിധായകന്റെ കഠിനാധ്വാനത്തേക്കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ടോവിനോ.
ബേസില്‍ കഷ്ടപ്പെടുത്തിയോ?
മിന്നല്‍ മുരളിക്കുവേണ്ടി ഞങ്ങള്‍ ഒരുമിച്ച് കഷ്ടപ്പെടുകയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കഷ്ടപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഈ സിനിമ ആവശ്യപ്പെടുന്ന കഷ്ടപ്പാടുകളേക്കുറിച്ച് ബേസില്‍ ആദ്യം കഥ പറയുമ്പോള്‍ത്തന്നെ നല്ല ധാരണയുണ്ടായിരുന്നു. കൈവെയ്ക്കാന്‍ പോകുന്നത് സൂപ്പര്‍ ഹീറോ എന്ന ജോണറിലാവുന്ന സമയത്ത് അത് വെറുതെയായിപ്പോവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനകത്ത് നമ്മുടെ കഴിവിന്റെ പരമാവധി അധ്വാനിച്ചാല്‍ റിലീസിന് ശേഷവും നല്ല സാധ്യതകളുണ്ടാവും. നന്നായി പണിയെടുത്തിട്ടുണ്ടെങ്കിലും യാതൊരു പരാതിയുമില്ല. കാരണം ബേസില്‍ എന്നെക്കൊണ്ട് പണിയെടുപ്പിച്ചിട്ടുണ്ടെങ്കില്‍, അതുകാരണമാണ് ഞാന്‍ സ്‌ക്രീനില്‍ നന്നായിരിക്കുന്നത്.
സെറ്റില്‍ മിന്നലായിരുന്നോ ബേസില്‍?
അങ്ങനെ ചോദിച്ചാല്‍ അതാവശ്യമാണ്. റൂമിനകത്തിരിക്കുമ്പോള്‍ തമാശയൊക്കെ പറഞ്ഞിരിക്കുന്ന ബേസില്‍ അല്ല ലൊക്കേഷനില്‍ വരുന്ന സമയത്ത്. സെറ്റിലെത്തുമ്പോള്‍ അദ്ദേഹം വളരെ സീരിയസാണ്. എന്നാല്‍ അനാവശ്യമായി വഴക്കുപറയുകയോ ഒന്നും ചെയ്യില്ല. ചെയ്യുന്ന ജോലി വളരെ ഗൗരവമായും ആത്മാര്‍ത്ഥമായും ചെയ്യുന്നയാളാണ്. ഇടയ്ക്ക് മോണിറ്ററിന് പിന്നിലിരുന്ന് മനസില്‍ എഡിറ്റ് ചെയ്യുന്നതൊക്കെ കാണാം. ഒരു സംവിധായകന് കൊടുക്കേണ്ട എല്ലാ സ്‌പേസും ഞാന്‍ കൊടുക്കുകയും സുഹൃത്തില്‍ നിന്നെടുക്കാവുന്ന സ്വാതന്ത്ര്യം എടുക്കുകയും ചെയ്തിട്ടുണ്ട്.
ആകര്‍ഷിച്ചത് തീം
സൂപ്പര്‍ ഹീറോ കഥ എന്നതിലുപരി എന്നെ ആകര്‍ഷിച്ചത് ഈ സിനിമയുടെ പ്രമേയമാണ്. സൂപ്പര്‍ ഹീറോ എന്നു പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ്. എപ്പോഴും വരുന്നതല്ലല്ലോ. വ്യക്തിപരമായി ഞാന്‍ സൂപ്പര്‍ ഹീറോ ആരാധകനാണ്. പിന്നെ ബേസില്‍ ഒരു കഥപറയുമ്പോള്‍ ഒരു 99 ശതമാനവും ഞാന്‍ ഓ.കെയാണ്. ബേസില്‍ അങ്ങനെ വെറുതേ സിനിമ ചെയ്യുന്ന ആളല്ല. അത്രയും ഗവേഷണം നടത്തിയാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. ഇത്രയും വര്‍ഷമായിട്ടും ആകെ രണ്ട് സിനിമയേ ബേസിലിന്റേതായി പുറത്തുവന്നിട്ടുള്ളൂ. രണ്ടും 100 ശതമാനം വിജയം നേടിയിട്ടുള്ള സിനിമകളുമാണ്. മിന്നല്‍ മുരളിയില്‍ സൂപ്പര്‍ ഹീറോ എന്ന ഘടകം മാറ്റി നിര്‍ത്തിയാലും അതൊരു നല്ല സിനിമയായിരിക്കും എന്നെനിക്ക് തോന്നാറുണ്ട്. ശക്തി കിട്ടിയ ഉടനെ നാട്ടുകാരെ രക്ഷിക്കാനിറങ്ങിയ സൂപ്പര്‍ ഹീറോ അല്ല മുരളി.
ബേസില്‍ എന്ന നടന്‍
ബേസിലുമൊത്ത് ഇതിന് മുമ്പ് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകനായി അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു. ബാംഗ്ലൂരായിരുന്നു ചിത്രീകരണം. അതിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹോംലി മീല്‍സിലാണ് ബേസിലിനെ ഞാന്‍ ഏറ്റവും അധികം ശ്രദ്ധിച്ചിട്ടുള്ളത്. ഇത്രയും നാളുകള്‍ക്കിടയില്‍ ബേസില്‍ ചെയ്ത കഥാപാത്രങ്ങള്‍ നോക്കുമ്പോള്‍ പല ഷെയ്ഡുകളിലുള്ള കഥാപാത്രങ്ങളും അവതരിപ്പിച്ചതായി കാണാം. എന്റെ അഭിപ്രായത്തില്‍ ബേസില്‍ ഒരു ഗംഭീര നടനാണ്. പക്ഷേ സംവിധാനം മാത്രം ചെയ്താല്‍ മതി (ചിരിക്കുന്നു). എത്ര പടത്തിന്റെ സെക്കന്‍ഡ് പാര്‍ട്ടാണ് എടുക്കാനുള്ളത്? ബേസില്‍ അഭിനയിക്കുന്ന ചില കഥാപാത്രങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് മാത്രമേ ചെയ്യാനാവൂ.
സിനിമാ ജീവിതത്തില്‍ മിന്നല്‍ മുരളി ഉണ്ടാക്കാന്‍ പോകുന്ന പ്രധാന മാറ്റം
പ്രവചിക്കാനൊന്നും എനിക്കറിയില്ല. കേരളത്തിനകത്ത് മാത്രമായിരുന്നു നമ്മുടെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. ഇടക്കാലത്ത് അതിനൊരു മാറ്റമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഒന്നുരണ്ടുവര്‍ഷമായി അത് കൂടുതല്‍ പ്രകടമാണ്. ഞാന്‍ അഭിനയിക്കുന്ന, അല്ലെങ്കില്‍ ഭാഗമാകുന്ന സിനിമകള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടണം എന്ന് ഞാനെപ്പോഴും ആഗ്രഹിച്ചിരുന്നു. നല്ലൊരു നടനാവണമെന്ന് ആഗ്രഹിച്ചിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകളെപ്പറ്റിയൊക്കെ പറയുകയാണെങ്കില്‍ അതൊന്നും നടനല്ലല്ലോ ചിന്തിക്കേണ്ടത്. ഞാന്‍ ചെയ്യുന്ന ജോലി നല്ലതാണെന്ന് നാലുപേര്‍ പറയണം. എന്റെ സിനിമകള്‍ കേരളത്തിന് പുറത്തുള്ളവരും കാണണമെന്ന് ഭയങ്കര ആഗ്രഹമുണ്ട്. അതൊക്കെ സംഭവിക്കാന്‍ മിന്നല്‍ മുരളി ഒരു കാരണമായേക്കാം. എന്റെയൊരു പ്രതീക്ഷയാണത്. അങ്ങനെ സംഭവിച്ചാല്‍ സന്തോഷം.
Content Highlights: tovino thomas interview, minnal murali, basil jospeh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..