ടിനി ടോം, കെ.പി.എ.സി. ലളിത, മഞ്ജു പിള്ള | ഫോട്ടോ: മാതൃഭൂമി
“ഞാൻ മരിച്ചുപോയാൽ എന്നെ ഓർക്കുമോ...?”
“പ്രിയപ്പെട്ട നാരായണീ, മരണത്തെപ്പറ്റി ഒന്നും പറയാൻ സാധ്യമല്ല. ആര്, എപ്പോൾ, എങ്ങനെ മരിക്കുമെന്ന് ഈശ്വരനുമാത്രമേ അറിയൂ.”
“അങ്ങ് എന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, എങ്ങനെ ഓർക്കും...?”
“നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിൽ എന്നുമുണ്ടാകും.”
ഇനിയൊരിക്കലും തുറക്കേണ്ടതില്ലാത്ത മിഴികൾ പൂട്ടി, വെള്ളപുതച്ച് ‘നാരായണി’ ഉറങ്ങിക്കിടക്കുമ്പോൾ വെള്ളവസ്ത്രമണിഞ്ഞ് ‘ബഷീർ’ വന്നു. ‘നാരായണി’യുടെ ചേതനയറ്റ ശരീരത്തെ ഒന്നു വലംവെച്ച്, ഒരുനിമിഷം കണ്ണുകളടച്ച് പ്രണാമമർപ്പിക്കുമ്പോൾ ‘ബഷീറി’ന്റെ മനസ്സിൽ തിരകൾപോലെ ആ ഡയലോഗ് വന്നു തൊട്ടിട്ടുണ്ടാകാം. പ്രിയപ്പെട്ട ഒരാൾ മരണത്തിന്റെ തണുപ്പിലേക്ക് ആഴ്ന്നുപോയതിന്റെ സങ്കടത്തിൽ അൽപ്പനേരം മൗനമായി നിന്നശേഷം ‘ബഷീർ’ തിരികെ നടന്നു.
മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയായ കെ.പി.എ.സി. ലളിതയ്ക്ക് പ്രണാമമർപ്പിക്കാൻ മമ്മൂട്ടി എത്തിയ രംഗം... ‘മതിലുകൾ’ എന്ന സിനിമയിൽ വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ച മമ്മൂട്ടി, ആ സിനിമയിൽ നാരായണിയുടെ ശബ്ദമായിരുന്ന ലളിതയെ അവസാനമായി കാണാനെത്തുമ്പോൾ സങ്കടത്തിന്റെ വലിയ ആഴങ്ങളിൽ തൊട്ട ചിലരും അവിടെയുണ്ടായിരുന്നു... ലളിതയുടെ ചേതനയറ്റ ശരീരത്തിനരികിൽ ഒരു രാവും പകലും മക്കളെപ്പോലെ കൂടെ നിന്നവർ. ലളിതയെ സ്വന്തം അമ്മയെപ്പോലെ കണ്ട നടൻ ടിനി ടോമും നടി മഞ്ജു പിള്ളയും ഇപ്പോഴും തീരാവേദനയുടെ കനലുകളിലാണ്. ലളിതയുടെ ചേതനയറ്റ ശരീരത്തിനൊപ്പം ആംബുലൻസിലും വാഹനത്തിലും സഞ്ചരിച്ചപ്പോൾ മനസ്സിലൂടെ കടന്നുപോയ ഒരുപാട് ഓർമകൾ പങ്കിട്ട് ടിനിയും മഞ്ജുവും സംസാരിക്കുന്നു.
എത്രയോ നടന്ന കാലുകൾ
ലളിതയുടെ ചേതനയറ്റ ശരീരം എങ്കക്കാട്ടെ ‘ഓർമ’യുടെ മുറ്റത്തെ മണ്ണിലേക്ക് കൊണ്ടുപോകുമ്പോൾ കാലിന്റെ ഭാഗം പിടിച്ചിരുന്നത് ടിനി ടോമാണ്. അത് ജീവിതത്തിലെ നിയോഗമായാണ് ടിനി കാണുന്നത്.
“ലളിതാമ്മയുടെ ഭൗതികശരീരം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ നിന്ന് എങ്കക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകാൻ കെ.എസ്.ആർ.ടി.സി. ബസിലേക്ക് കയറ്റിയശേഷം തിരിച്ചിറങ്ങാൻ നോക്കുമ്പോഴാണ് സിദ്ധാർത്ഥനും ശ്രീക്കുട്ടിയും അനാഥരെപ്പോലെ അവിടെയിരിക്കുന്നതു കണ്ടത്. ബസിന്റെ വാതിലുകൾ അടയുമ്പോൾ എനിക്ക് ഇറങ്ങിപ്പോരാൻ തോന്നിയില്ല. അമ്മയുടെ അവസാന ഉറക്കത്തിനുള്ള യാത്രയിൽ ഒപ്പം സഞ്ചരിക്കേണ്ടത് ആരോ എന്നെ ഏൽപ്പിച്ചതുപോലെ തോന്നി. ജീവിതത്തിൽ അമ്മയോടൊപ്പം എത്രയോ യാത്രകൾ ചെയ്തിരിക്കുന്നു. അന്ത്യയാത്രയിലും അമ്മയുടെ കാലിനരികാലാണ് ഞാനിരുന്നത്. യാത്രയ്ക്കിടെ എത്രയോതവണ ഞാൻ അറിയാതെ അമ്മയുടെ കാലിലേക്ക് നോക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എത്രയോ യാത്രകൾ നടത്തിയിരുന്നയാൾ. കുടുംബത്തിന്റെ പ്രാരബ്ധം ഉൾപ്പെടെ ജീവിതത്തിന്റെ പ്രതിസന്ധികൾ അതിജീവിക്കാനുള്ള പോരാട്ടങ്ങൾക്കായി എത്രയോ തവണ ആ കാലുകൾ ഭൂമിയിൽ സഞ്ചരിച്ചിരിക്കുന്നു... അങ്ങനെ മനസ്സിലേക്ക് ഒരുപാടു ചിന്തകളുടെ കടൽ സമ്മാനിച്ച യാത്രയായിരുന്നു അത്...” -സംസാരിക്കുമ്പോൾ പലപ്പോഴും ടിനിയുടെ കണ്ണുകൾ നനഞ്ഞു.
അമ്മേ, മറക്കില്ലൊരിക്കലും
ലളിതയുടെ ചേതനയറ്റ ശരീരത്തിന്റെ ഫ്രെയിമുകളിലെല്ലാം സങ്കടത്തിന്റെ ആഴങ്ങൾ തൊട്ട് ഒരു മകളുണ്ടായിരുന്നു. മകളും മരുമകളുമൊക്കെയായി ഒരുപാടുതവണ ലളിതയ്ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയ നടി മഞ്ജു പിള്ളക്ക് അമ്മയുടെ അന്ത്യയാത്രയെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകും.
“അമ്മയുടെ ഭൗതികശരീരം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ നിന്ന് ലായം കൂത്തമ്പലത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഞാനും ആംബുലൻസിൽ കയറി. അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ ഇരിക്കുമ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. മനസ്സിലേക്ക് ഒരുപാട് ഓർമകൾ കയറിവന്നു. അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടിൽ കഴിയുമ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാർത്ഥ് ഒഴിവാക്കിയപ്പോൾ, എന്റെ വാക്ക് അവൻ കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസ്സിലായി. അത്രമേൽ ക്ഷീണിതയായി, രൂപംപോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നത്. അമ്മ എവിടെപ്പോയാലും അവിടെനിന്നൊക്കെ എനിക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരും. ഗുരുവായൂരിൽ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാൻ എന്നോടു പറയും... ആംബുലൻസിൽ ഇരിക്കുമ്പോൾ അതൊക്കെ ഞാൻ ഓർത്തു. അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റിൽ അമ്മയുടെ അടുത്ത് അധികനേരം ചെന്നിരുന്നില്ലെങ്കിൽ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ എന്നെ കരുതിയിരുന്നത്...” -സങ്കടത്താൽ വാക്കുകൾ മുറിഞ്ഞപ്പോൾ മഞ്ജു കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ, നിറഞ്ഞ മിഴികളോടെ പറഞ്ഞു, “ഫ്ളാറ്റിൽ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികിൽ ഇരിക്കുമ്പോഴും ആംബുലൻസിൽ ഇരിക്കുമ്പോഴും പൊട്ടിക്കരയാതെ പിടിച്ചുനിന്നു. അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയശേഷം തിരികെ കാറിൽ വന്നിരിക്കുമ്പോൾ അതുവരെ പിടിച്ചുനിർത്തിയതെല്ലാം പൊട്ടിപ്പോയി. അപ്പോൾ ഒരുകാര്യം എനിക്ക് വീണ്ടും ബോധ്യമായി, അമ്മയായിരുന്നു അവർ, എന്റെ സ്വന്തം അമ്മ.”
Content Highlights: tini tom and manju pillai remembering kpac lalitha, KPAC Lalitha Passed Away
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..