.jpg?$p=e46f401&f=16x10&w=856&q=0.8)
തുഷാർ കപൂർ മകൻ ലക്ഷ്യയ്ക്കൊപ്പം
ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് തുഷാർ കപൂർ. പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ജിതേന്ദ്ര കപൂറിന്റെയും സിനിമാനിർമാതാവ് ശോഭ കപൂറിന്റെയും മകൻ. ബാലാജി ടെലിഫിലിംസിന്റെ മേധാവിയായ ഏക്ത കപൂർ സഹോദരിയാണ്. തുഷാർ അമേരിക്കയിലെ മിഷിഗൻ സർവകലാശാലയിൽനിന്ന് എം.ബി.എ. ബിരുദം നേടിയശേഷം അവിടെയുള്ള ഓട്ടോമൊബൈൽ സ്ഥാപനത്തിൽ ഒരുവർഷത്തോളം ഫിനാൻഷ്യൽ അനലിസ്റ്റായി ജോലിചെയ്തു. കോർപ്പറേറ്റ് ലോകം തനിക്കു യോജിച്ചതല്ലെന്ന തിരിച്ചറിവിൽ തിരിച്ച് ഇന്ത്യയിലെത്തി. ഇതിനിടയിൽ മഹായാനബുദ്ധിസത്തിന്റെ ഭാഗമായ നീച്ചരൻ ബുദ്ധിസ്റ്റ് പാതയിൽ ആകൃഷ്ടനായി. കോർപ്പറേറ്റ് ലോകത്തുനിന്ന് നേരെ സിനിമയുടെ ലോകത്തേക്കാണ് തുഷാർ കപൂർ എത്തുന്നത്. ഡേവിഡ് ദവാനൊപ്പം ചില സിനിമകളിൽ അസിസ്റ്റന്റായി സിനിമാലോകത്തെ പരിചിതമായതോടെയാണ് അഭിനയരംഗത്തെത്തുന്നത്. 2001-ൽ ‘മുജെ കുച്ച് കെഹ്ന ഹെ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തുഷാർ കപൂർ ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രത്തിൽ തുഷാറിന്റെ നായികയായി അഭിനയിച്ചത് കരീനാ കപൂറാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് തുഷാറിന് ലഭിച്ചു. ഗയാബ്, കാക്കി എന്നീ ചിത്രങ്ങളാണ് തുഷാറിന് പ്രേക്ഷകമനസ്സിലേക്കുള്ള വാതിൽ തുറന്നുനൽകിയത്. പതിനഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും ചില ചിത്രങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. നസറുദ്ദീൻ ഷായോടൊപ്പമുള്ള ത്രില്ലർ ‘മാരീചാ’ണ് തുഷാർ കപൂറിന്റെ പുതിയ ചിത്രം. പോലീസ് ഓഫീസറുടെ വേഷത്തിലാണ് തുഷാർ കപൂറെത്തുന്നത്.
വിവാഹിതനാവാതെ തുഷാർ അച്ഛനായി. വാടകഗർഭധാരണത്തിലൂടെയായിരുന്നു അത്. മുംബൈയിലെ ജസ്ലോക് ആശുപത്രിയിൽവെച്ചായിരുന്നു കുഞ്ഞിന്റെ ജനനം. ബോളിവുഡിലെ ആദ്യത്തെ അവിവാഹിതനായ അച്ഛൻ തുഷാർ കപൂറാണ്. ശരീരത്തിനുപുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജംകൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്ന ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്.) അഥവാ കൃത്രിമ ബീജസങ്കലനംവഴിയാണ് കുട്ടി ജന്മമെടുത്തത്. 2016 ജൂണിലായിരുന്നു ഇത്. ഇപ്പോൾ അദ്ദേഹം ലക്ഷ്യ കപൂറിന്റെ അച്ഛനാണ്. തന്റെ പിതൃത്വത്തെ മുൻനിർത്തി ‘ബാച്ചിലർ ഡാഡ്’ എന്ന പുസ്തകത്തിലൂടെ എഴുത്തുകാരനുമായി. അവിവാഹിതനായ അച്ഛനായതിനെപ്പറ്റിയും അത് തന്നിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുമാണ് തുഷാർ കപൂർ സംസാരിക്കുന്നത്.
എന്തുകൊണ്ടാണ് അവിവാഹിതനായ അച്ഛനാവാൻ തീരുമാനമെടുത്തത്...
=ഒരു ജീവിതപങ്കാളി വേണമെന്ന തോന്നൽ എനിക്കുണ്ടായിട്ടില്ല. സിനിമയിലെ അഭിനയവും നിർമാണവും ഉൾപ്പെടെ ഞാൻ എപ്പോഴും തിരക്കിലായിരുന്നു. അതിനിടയിൽ പ്രായമാകുന്നത് ഞാൻ തിരിച്ചറിഞ്ഞില്ല. 39-ാമത്തെ വയസ്സിലാണ് എനിക്കൊരു കുഞ്ഞ് വേണമെന്നു തോന്നിയത്. അങ്ങനെയാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷനിലൂടെ കുഞ്ഞുണ്ടാവുന്നത്. പല പേരുകൾ മനസ്സിലുണ്ടായിരുന്നെങ്കിലും ലക്ഷ്യ എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു. എന്റെ ലക്ഷ്യംകൂടിയായിരുന്നു ലക്ഷ്യ.
ഇത്തരമൊരു തീരുമാനമെടുത്തപ്പോൾ മാതാപിതാക്കളുടെ, സഹോദരിയുടെ പ്രതികരണം...
=പ്രായപൂർത്തിയായ ഒട്ടേറെ അവിവാഹിതരായ സ്ത്രീകൾ കുട്ടികളെ വളർത്തുന്നുണ്ട്. മാതൃത്വം ആ അർഥത്തിൽ ആഘോഷിക്കപ്പെടുന്നുമുണ്ട്. എന്തുകൊണ്ട് അവിവാഹിതനായ എനിക്ക് പിതൃത്വം ആഘോഷിച്ചുകൂടാ എന്ന ചിന്തയിൽനിന്നാണ് കുട്ടി വേണമെന്ന ആലോചനയുണ്ടാവുന്നത്. അമ്മയുടെയും അച്ഛന്റെയും അവസ്ഥയിലൂടെ എനിക്ക് കടന്നുപോകണമെന്നു തോന്നി. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുകയായിരുന്നു. ജീവിതത്തിൽ അത്തരമൊരു ത്രില്ലിലേക്ക് ഞാൻ മാറുകയായിരുന്നു. ഇക്കാര്യം ആദ്യം പറയുന്നത് അമ്മയോടാണ്. അമ്മ ആദ്യം ഒന്നുംപറയാതെ എന്നെ നോക്കിനിന്നു. അമ്മ വഴിയാണ് അച്ഛനെ (ദാദ) ഇക്കാര്യം അറിയിക്കുന്നത്. അച്ഛൻ എതിർപ്പൊന്നും പറഞ്ഞില്ല. അതോടെ എനിക്ക് സന്തോഷമായി. പിന്നീട് സഹോദരി (ബുവ) എനിക്ക് പിന്തുണയുമായെത്തി. അത് വലിയ ധൈര്യമാണ് നൽകിയത്. എനിക്ക് കുഞ്ഞിനെ വേണമെന്ന് ബോധ്യമായപ്പോൾ 39 വയസ്സായിരുന്നു. 40-ൽ അച്ഛനാവുകയെന്ന ആഗ്രഹം നീട്ടിക്കൊണ്ടുപോകാൻ എനിക്കാകുമായിരുന്നില്ല. എന്റെ ആഗ്രഹത്തിനും സ്വപ്നസഫലീകരണത്തിനും ഞങ്ങളുടെ കുടുംബം പൂർണമായി പിന്തുണയ്ക്കുന്നുണ്ട്. അവർ വലിയ സന്തോഷത്തിലാണ്, ഒരു കുഞ്ഞിന്റെ അച്ഛനാകുകയെന്ന എന്റെ ആഗ്രഹത്തിനൊപ്പം അവർ നിന്നു. എന്റെ മകൻ കാഴ്ചയിൽ എന്നെപ്പോലെത്തന്നെയുണ്ട്. സന്തോഷിക്കാൻ ഇതിലധികം എന്തുവേണം? ലക്ഷ്യ ജനിച്ച് ആശുപത്രിയിൽ നിന്ന് ആദ്യമായി എന്റെ കൈയിലേക്ക് തന്നപ്പോൾ പിതൃത്വം എന്ന വൈകാരികതയുടെ വൻകടലാണ് എന്നിൽ ഇരമ്പിയാർത്തത്. ഞാൻ ആ നിമിഷംതൊട്ട് മാറുകയായിരുന്നു. ലോക്ഡൗൺ കാലം അങ്ങനെ വീട്ടിൽ ഫലപ്രദമായി വിനിയോഗിക്കാൻ എനിക്കായി. ലക്ഷ്യയും ഞാനും കൂടുതൽ അടുത്തത് ഈ കാലത്താണ്. വലിയ മാറ്റമാണ് ലക്ഷ്യ എന്നിലുണ്ടാക്കിയത്.
രാത്രിയിൽ മിക്ക കുഞ്ഞുങ്ങളും കരയാറുണ്ട്. ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് മറികടന്നത്...
=ലക്ഷ്യ നല്ല കുട്ടിയായിരുന്നു. അവൻ എന്നും സന്തോഷവാനായിരുന്നു. എനിക്ക് അവനിൽനിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. തൊട്ടടുത്ത് സന്തോഷത്തോടെ അവൻ ഉറങ്ങിക്കിടക്കുന്നത് നോക്കിനിൽക്കുമ്പോൾ എന്നിൽ തുളുമ്പുന്ന ആഹ്ലാദം വിവരിക്കാൻ വാക്കുകളില്ല. കുട്ടി പിറന്നുവീണ ദിവസംമുതൽ ഞാനനുഭവിക്കുന്ന സന്തോഷം എന്നെ പുതിയ മനുഷ്യനാക്കി മാറ്റിയിരിക്കുന്നു.
ലക്ഷ്യയ്ക്ക് ഭക്ഷണകാര്യങ്ങളിൽ വാശിയുണ്ടോ..
=അതൊന്നും പ്രശ്നമായി തോന്നിയിട്ടില്ല. എന്റെ അമ്മ നല്ല ന്യൂട്രീഷ്യനാണ്. അമ്മ പറഞ്ഞ ഭക്ഷണം നൽകുകയാണ് പതിവ്. പിന്നെ ഞാൻ കഴിക്കുന്നതെന്തും അവനും കൊടുക്കും. നെയ്യ് ചേർത്ത ഭക്ഷണങ്ങളാണ് കൂടുതൽ ഇഷ്ടം. ചിക്കനും ഇഷ്ടമാണ്. ചില സമയങ്ങളിൽ പിസ്സ കഴിക്കാനും താത്പര്യപ്പെടാറുണ്ട്. അവനുവേണ്ടിയാണ് ഞാനിപ്പോൾ സമയം ചെലവഴിക്കുന്നത്. അവന്റെ ഓരോ വളർച്ചയും ഞാൻ ശ്രദ്ധിക്കുന്നു. ആറുവയസ്സായി. സ്കൂളിൽ പോകുന്നു. അവനൊപ്പം കളിക്കുകയും ഉറങ്ങുകയും പഠിക്കുകയും ചെയ്യുമ്പോൾ ഒട്ടേറെ കാര്യങ്ങളാണ് അച്ഛനെന്ന നിലയിൽ ഞാൻ പുതുതായി പഠിച്ചെടുത്തത്. എന്റെ ജീവിതത്തിന്റെ മറ്റൊരു ഭാവമാണ് ലക്ഷ്യയിലൂടെ സഫലീകരിക്കുന്നത്.
ഭാവിയിൽ ലക്ഷ്യയ്ക്ക് ആരാവണമെന്നാണ് ആഗ്രഹം. അച്ഛനെപ്പോലെ അഭിനേതാവാകാൻ താത്പര്യമുണ്ടോ...
=ആദ്യം അവന് പോലീസ് ഓഫീസറാവാനായിരുന്നു താത്പര്യം. ഇപ്പോൾ അഭിപ്രായം മാറിയിട്ടുണ്ട്. ബഹിരാകാശസഞ്ചാരിയാവണമത്രേ.
ലക്ഷ്യ വന്നതോടെ തുഷാറിന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെന്തൊക്കെയാണ്...
=എപ്പോഴും തിരക്കിലും കൂട്ടുകാർക്കും ഒപ്പമായിരുന്നു ഞാൻ. അഭിനേതാവ് അല്ലെങ്കിൽ നിർമാതാവ് എന്നീ വേഷങ്ങളിൽ. അതിനിടയിൽ വിവാഹിതനാവാനുള്ള നിർബന്ധം ഉണ്ടായിരുന്നു. എന്റെ മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്താനായില്ല. അതിനിടയിൽ പ്രായം കടന്നുപോയി. ഇനി വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ലക്ഷ്യ ജീവിതത്തിൽ വന്നതോടെ എന്റെ എല്ലാ ഭ്രമണങ്ങളും ലക്ഷ്യയെ കേന്ദ്രീകരിച്ചായി. എന്റെ പ്രൊഫഷണൽ കാര്യം, സമയം, എല്ലാം പുതുതായി രൂപപ്പെടുത്തി. ഇന്ന് ഞാൻ വലിയ ആത്മവിശ്വാസമുള്ള വ്യക്തിയാണ്. പിതൃത്വം എന്നെ വലിയ ആത്മവിശ്വാസത്തിലേക്ക് നയിച്ചിട്ടുണ്ട്. അച്ഛനായതോടെ എന്റെ ജീവിതത്തിന് ഒരു അർഥമുണ്ടായതായി എനിക്ക് തോന്നുന്നു. ഒരുദിവസം അവസാനിക്കുമ്പോൾ ഏറെ കാര്യങ്ങൾ ചെയ്തുതീർത്തതായി തോന്നും. അവധിദിവസമായാൽപ്പോലും ചുമ്മാതിരുന്നു എന്ന തോന്നലുണ്ടാകില്ല. പിതൃത്വം എന്നെ പൂർണതയിലേക്ക് നയിക്കുന്നു.
ലക്ഷ്യയ്ക്ക് കഥ പറഞ്ഞുകൊടുക്കാറുണ്ടോ...
=എല്ലാ രാത്രിയിലും ഒരു കഥയെങ്കിലും ഞാൻ അവന് പറഞ്ഞുകൊടുക്കും. പുസ്തകം വായിക്കാൻ വലിയ താത്പര്യമാണ്. ചില കഥകൾ വീണ്ടും വായിക്കാൻ അവൻ നിർബന്ധിക്കും. ഞാനത് ചെയ്യാറുണ്ട്.
തുഷാറിന് വായിക്കാൻ താത്പര്യമുള്ള പുസ്തകങ്ങൾ എന്തൊക്കെയാണ്...
=ബുദ്ധിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് വായിക്കാൻ താത്പര്യം. ഞാനത് പ്രാക്ടീസ് ചെയ്യുന്നുണ്ട്. പത്രങ്ങളും ഓൺലൈനിലെ നല്ല ലേഖനങ്ങളും വായിക്കാൻ സമയം കണ്ടെത്തും.
പ്രൊഫഷണലും വ്യക്തിപരമായ കാര്യങ്ങളെയും എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്...
=സമയത്തെ എങ്ങനെ സമ്പന്നമായി വിനിയോഗിക്കാമെന്ന കാര്യം ജീവിതത്തിൽ പഠിച്ചിട്ടുണ്ട്. ലക്ഷ്യയ്ക്കുവേണ്ടി മിക്കസമയം ചെലവഴിക്കുമെങ്കിലും അഭിനയം, നിർമാണം എല്ലാ ജോലികളിലും ഞാൻ ഏർപ്പെടുന്നുണ്ട്. അവനെ മിക്ക സ്ഥലത്തും കൊണ്ടുപോകാറുണ്ട്. എന്റെ അച്ഛൻ ജിതേന്ദ്ര ബോളിവുഡിലെ അഭിനേതാവായിരുന്ന കാലത്ത് ഞാനും സഹോദരിയും ചിത്രീകരണം കാണാൻ പോയിട്ടില്ല. അമ്മയുടെ സംരക്ഷണത്തിൽത്തന്നെയാണ് വളർന്നത്. ലക്ഷ്യ എന്നോടൊപ്പം ഉണ്ടാവാറുണ്ട്. കൂട്ടുകാരെ കാണാൻ പോകുമ്പോഴും മറ്റ് ബോളിവുഡ് സുഹൃത്തുക്കളുടെ കുട്ടികളുടെ ജന്മദിനാഘോഷത്തിന് പോകുമ്പോഴും ലക്ഷ്യ ആ സന്തോഷത്തിലും പങ്കാളിയാവുന്നു. കുഞ്ഞുങ്ങളെ എനിക്ക് വലിയ ഇഷ്ടമാണ്. അതിനാൽ, അവരെ പരിപാലിക്കേണ്ടിവരുന്നത് ഒരു ദുരിതമായി ഒരിക്കലും എനിക്ക് തോന്നുന്നില്ല. നിങ്ങളുടെ തീരുമാനം ശരിയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, അതിൽ ഉറച്ചുനിൽക്കാൻ ശക്തിയുണ്ടെങ്കിൽ സമൂഹം അതിനെ ഗൗരവത്തോടെ കാണുമെന്നാണ് എന്റെ അനുഭവം. അച്ഛനെന്ന അനുഭവം ജീവിതത്തെ ആകെ ഉടച്ചുവാർക്കും. എന്റെ കുഞ്ഞിൽനിന്ന് എനിക്ക് ഇനിയും ഒരുപാട് പഠിക്കാനുണ്ട്.
അമ്മയെപ്പറ്റി ലക്ഷ്യ ചോദിച്ചിട്ടുണ്ടോ...
=ഇല്ല. അവൻ കുറച്ചുകൂടി വളർന്നാൽ അക്കാര്യം ചോദിച്ചാൽ വിശദമായി പറഞ്ഞുകൊടുക്കും. എത്രയോ കുട്ടികൾ മാതാപിതാക്കളില്ലാതെ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം വളരുന്നു. വിവാഹമോചിതരായി ചില കുട്ടികൾ അച്ഛനൊപ്പവും ചിലർ അമ്മയോടൊപ്പവും വളരുന്നു. അങ്ങനെ ഒട്ടേറെ തലങ്ങളിൽ കുട്ടികൾ വളരുന്നുണ്ട്. അതുപോലെ എനിക്കൊപ്പം ലക്ഷ്യ വളരുന്നു. അച്ഛൻ മാത്രമല്ല അവന്റെ അമ്മയും ഞാൻതന്നെയാണ്.
ബാച്ചിലർ ഡാഡ് എഴുതാനുള്ള കാരണമെന്താണ്...
=ഞാൻ കടന്നുപോയ ലോകത്തെ മറ്റുള്ളവർക്കും പകർന്നുനൽകാൻവേണ്ടിയാണ് ഞാൻ ഈ പുസ്തകം എഴുതിയത്. പുസ്തകം ഇറങ്ങിയപ്പോൾ എന്റെ അമ്മതന്നെ കുറെ കോപ്പികൾ വാങ്ങി സുഹൃത്തുക്കൾക്ക് നൽകി. ഒട്ടേറെ സുഹൃത്തുക്കൾ നല്ല അഭിപ്രായം പറഞ്ഞു. ലക്ഷ്യ രാത്രി ഉറങ്ങിക്കഴിഞ്ഞ സമയത്താണ് ഈ പുസ്തകം എഴുതാൻ സമയം കണ്ടെത്തിയത്്. ആദ്യം ചെറിയ മെന്റൽ ബ്ലോക്കുണ്ടായിരുന്നെങ്കിലും പിന്നീട് അത് വലിയ പ്രവാഹംപോലെ അയത്നലളിതമായി സാധ്യമാവുകയായിരുന്നു.
പുതിയ സിനിമകൾ...
=നസറുദ്ദീൻ ഷായും ഞാനുമൊന്നിച്ച് പുതിയ ചിത്രം വരുന്നു. ‘മാരീച്’ എന്നാണ് പേര്. ധ്രുവ് ലാതർ ആണ് ഈ ത്രില്ലർ ചിത്രത്തിന്റെ സംവിധായകൻ. നസറുദ്ദീൻ ഷാ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ഒരു കത്തോലിക് പുരോഹിതന്റെ വേഷമാണ്. 20 വർഷമായുള്ള സിനിമാജീവിതത്തിനിടെ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് മാരീചിൽ ഞാൻ അവതരിപ്പിക്കുന്നത്. ഇതുവരെ ചെയ്തിട്ടുള്ള വേഷങ്ങൾപോലെയല്ല മാരീചിലെ പോലീസ് ഓഫീസർ. ചിത്രത്തിന്റെ നിർമാണവും ഞാൻതന്നെയാണ്.
വിവാഹിതരാകാതെയും വിവാഹിതരായിട്ടും...
വിവാഹിതനാകാതെ വാടകഗർഭപാത്രത്തിലൂടെ ആദ്യം അച്ഛനായത് തുഷാർ കപൂറാണ്. 2016-ൽ. എന്നാൽ, ബോളിവുഡ് സ്ത്രീ സെലിബ്രിറ്റികളിൽ ഏറ്റവുമാദ്യം ഈ വഴി സ്വീകരിച്ചത് സംവിധായിക ഫറാഖാനാണ്. 2008 ഫെബ്രുവരിയിൽ. അവിവാഹിതയായ ഇവർക്ക് വാടക ഗർഭപാത്ര സ്വീകരണത്തിലൂടെ ഇപ്പോൾ മൂന്നുകുട്ടികളുണ്ട്.അവിവാഹിതനായ കരൺ ജോഹർ 2017-ൽ ഇരട്ടക്കുട്ടികളുടെ അച്ഛനായി. 2019-ൽ തുഷാർ കപൂറിന്റെ സഹോദരി ഏക്ത കപൂർ അവിവാഹിതയായ അമ്മയായി. ഷാരൂഖ്ഖാൻ, ആമിർഖാൻ, സണ്ണിലിയോൺ, ശ്രേയസ് തൽപഡെ, ലിസ റായ്, പ്രിയങ്കാ ചോപ്ര, ശില്പ ഷെട്ടി, പ്രീതി സിന്റ, സൊഹൈൽ ഖാൻ എന്നിവരും വിവാഹിതരായിട്ടും വാടക ഗർഭപാത്രത്തെ ആശ്രയിച്ച് രക്ഷിതാക്കളായവരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..