Thumboor Shibu
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ബ്രോ ഡാഡി പുറത്തിറങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത് തുമ്പൂര്‍ ഷിബു എന്ന ചെറുപ്പക്കാരനാണ്. വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ നരഭോജി കഥാപാത്രമായെത്തിയ ഷിബുവിനെ എല്ലാവരും ഓര്‍ത്തെടുക്കുകയാണിപ്പോള്‍. സംവിധായകന്‍ പൃഥ്വിരാജിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് താന്‍ ബ്രോ ഡാഡിയില്‍ അഭിനയിച്ചതെന്ന് ഷിബു പറയുന്നു. ചെറിയ വേഷമായിരുന്നുവെങ്കിലും ഇന്ന് തന്നെ തേടി ഫോണ്‍ കോളുകള്‍ വരുമ്പോള്‍ അഭിമാനം തോന്നുന്നുവെന്ന് ഷിബു പറയുന്നു.
''പൃഥ്വിരാജ് സാര്‍ ആണ് നേരിട്ട് വിളിച്ചത്. അത്ഭുത ദ്വിപില്‍ ഒരുമിച്ചഭിനയിച്ചപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് അദ്ദേഹം വന്നപ്പോള്‍ ഞങ്ങളുടെ കൂട്ടായ്മയായ ഓള്‍ കേരള ടോള്‍ മെന്‍സ് അസോസിയേഷനാണ് സുരക്ഷ നല്‍കിയത്. ഒരു ദിവസം പൃഥ്വിരാജ് സാര്‍ എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു, ഷിബു യൂണിഫോമുമിട്ട് നിങ്ങളില്‍ നാല് പേര്‍ ഹൈദരാബാദ് വരെ വരണം, കേട്ടപ്പാടെ ഞാനും സുഹൃത്തുക്കളായ ഡയ്‌സണ്‍ കുറ്റിക്കാട്, ആന്റണി ചവറ,നിഷാദ് എന്നിവര്‍ വണ്ടി കയറി. ഹൈദരാബാദില്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് തിളങ്ങുന്ന കോസ്റ്റിയൂം കിട്ടി. ബാന്റ് മേളക്കാരുടേതിന് സമാനമായിരുന്നു അവ. ഞങ്ങളെ അരികിലേക്ക് വിളിച്ച് പൃഥ്വിരാജ് എന്താണ് ചെയ്യേണ്ടത് എന്നെല്ലാം വിശദമായി പറഞ്ഞു തന്നു. ഒരു അവസരം വന്നപ്പോള്‍ എന്നെ ഓര്‍ത്തുവിളിച്ച പൃഥ്വിരാജ് സാറിന് നന്ദി പറയുന്നു, അതുപോലെ മോഹന്‍ലാല്‍ സാറിനും. അദ്ദേഹത്തോടൊപ്പം ഒരു രംഗമെങ്കിലും അഭിനയിക്കാന്‍ സാധിച്ചുവല്ലോ. പിന്നീട് എനിക്ക് നന്ദി പറയാനുള്ളത് ട്രോളന്‍മാരോടാണ്, അവരാണ് ഞങ്ങളെപ്പോലുള്ള ചെറിയ കലാകാരന്‍മാരെ കണ്ടുപിടിച്ച് ഹിറ്റാക്കുന്നത്.''
വീട്ടില്‍ ജനിച്ച 'ദൈവപുത്രന്‍'

ഇരിഞ്ഞാലക്കുട കല്‍പ്പറമ്പിലാണ് ഞാന്‍ ജനിച്ചത്. അവിടെയാണ് എന്റെ തറവാട്. പോള്‍സണ്‍ എന്നാണ് അച്ഛന്റെ പേര്. അമ്മ ഫിലോമിന. രണ്ട് ചേച്ചിമാരുണ്ട്. അവരുടെ പേര് ഷിജി, ഷിബി. എന്റെ ജനനത്തിന് പോലും പ്രത്യേകതയുണ്ട്. എന്നെ അമ്മ പ്രസവിച്ചത് രാവിലെ വീടിന്റെ വരാന്തയില്‍ വച്ചാണ്. വരാന്തയില്‍ വച്ചാണ് അമ്മയ്ക്ക് പ്രസവവേദന വന്നത്, അവിടെ കിടന്നുകൊണ്ട് പ്രസവിക്കുകയായിരുന്നു. സൂര്യന്‍ ഉദിച്ച് വരുന്ന സമയമായിരുന്നു. സൂര്യനെ കണ്ട് ജനിച്ചതിനാല്‍ എന്നെ ഗോഡ്‌സണ്‍ (ദൈവപുത്രന്‍) എന്നാണ് വിളിക്കുന്നത്. പിന്നെ മറ്റൊരു പ്രത്യേകത കൂടിയുണ്ട്, 1982 ജനുവരി 26 നാണ് ജനിച്ചത്, റിപബ്ലിക് ദിനത്തില്‍. ബ്രോഡാഡി സിനിമ റിലീസ് ചെയ്തതും ജനുവരി 26 നാണ്. ഞാന്‍ വളര്‍ന്നത് തുമ്പൂരാണ്. പഠിച്ചതും അവിടെയൊരു സ്‌കൂളില്‍.
ഉയരത്തിന്റെ പേരില്‍ പരിഹസിക്കപ്പെട്ടപ്പോള്‍
പത്ത് വയസ്സെത്തിയപ്പോള്‍ തന്നെ എനിക്ക് നല്ല പൊക്കമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ സ്‌കൂളില്‍ വേറിട്ട് നില്‍ക്കുന്ന കുട്ടിയായിരുന്നു ഞാന്‍. അസംബ്ലിയില്‍ ഏറ്റവും പിറകിലായിരുന്നു എന്റെ സ്ഥാനം. ക്ലാസില്‍ ബാക്ക് ബഞ്ചിലായിരുന്നു. അധ്യാപകരെല്ലാം എല്ലായ്‌പ്പോഴും എന്നെ ശ്രദ്ധിക്കും. ഞാന്‍ അധികം ക്ലാസില്‍ പോയിട്ടില്ല. കുട്ടികളും അധ്യാപകരും എന്നെ കളിയാക്കാറുണ്ട്. അപകര്‍ഷതാബോധം കാരണം ഞാന്‍ ക്ലാസില്‍ പോകുന്നത് ഒഴിവാക്കും. അഥവാ പോകുന്ന ദിവസങ്ങളില്‍ ഉച്ചയോടെ വീട്ടിലേക്ക് പോരും.
ചെന്നൈ കാലം
കുറച്ച് കാലം ചെന്നൈയില്‍ ജോലി നോക്കി. അപകര്‍ഷതാബോധം കാരണം ചെന്നെയിലേക്ക് നാടുവിട്ടുപോയതല്ല ഞാന്‍. ചെന്നൈ അന്നത്തെ സിനിമയുടെ കേന്ദ്രമാണല്ലോ അവിടെ ഭാഗ്യം പരീക്ഷിക്കാമെന്ന് കരുതി. എന്നാല്‍ അതൊന്നും ശരിയാകാതെ വന്നപ്പോള്‍ അവിടെയും സെക്യൂരിറ്റിയായി ജോലി നോക്കി. പിന്നീടാണ് നാട്ടിലേക്ക് തിരിക്കുന്നത്.

ഉയരം അഭിമാനമായി മാറിയപ്പോള്‍...
പരിഹാസങ്ങളില്‍ തളരാതെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചതാണ് എന്റെ വിജയമെന്ന് ഞാന്‍ കരുതുന്നു. പൊക്കമുള്ളവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ് ഓള്‍ കേരള ടോള്‍മെന്‍സ് അസോസിയേഷന്‍ എന്ന സംഘനയുണ്ടാക്കിയത്. 1999 ല്‍ കുന്നംകുളത്ത് വച്ചായിരുന്നുസംഘടന രൂപീകരിച്ചത്. എനിക്ക് ആറടി പത്തിഞ്ചാണ് ഉയരമെങ്കില്‍ ഏഴടിയോളം ഉയരമുള്ളവര്‍ ഞങ്ങളുടെ സംഘടനയിലുണ്ട്. എന്നെപ്പോലുള്ളവര്‍ ഒരുപാടുണ്ടെന്ന് മനസ്സിലായപ്പോള്‍ എന്റെ അപകര്‍ഷതാ ബോധമെല്ലാം കാറ്റില്‍ പറന്നു. എന്റെ ഉയരത്തില്‍ അഭിമാനം തോന്നി. വലിയ പരിപാടികളിലും മറ്റും സുരക്ഷ ഒരുക്കുന്ന കൂട്ടായ്മയായി സംഘടന മാറിയത് പിന്നീടായിരുന്നു.
ചാലക്കുടി അക്കര തിയേറ്ററില്‍ ഞാന്‍ ജോലി ചെയ്തിരുന്നു. ചാലക്കുടിയില്‍ ജോലി ചെയ്യുന്ന കാലത്താണ് കലാഭവന്‍ മണിച്ചേട്ടനെ (കലാഭവന്‍ മണി) പരിചയപ്പെടുന്നത്. അക്കാലത്ത് മണിച്ചേട്ടന്‍ വഴി വലിയ പ്രോഗ്രാമുകളില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തു.

ഷിബുവും സംഘവും
അത്ഭുത ദ്വീപിലേക്ക്....
ഒരു ടെലിവിഷന്‍ ചാനലിലെ ഷോ കണ്ടിട്ടാണ് വിനയന്‍ സര്‍ (സംവിധായകന്‍ വിനയന്‍) അത്ഭുത ദ്വീപിലേക്ക് ക്ഷണിച്ചത്. എന്നെ കൂടാതെ ഇരുപതോളം പേരും സിനിമയുടെ ഭാഗമായി. ചിത്രത്തില്‍ നരഭോജി കഥാപാത്രത്തെയാണ് ഞങ്ങള്‍ അവതരിപ്പിച്ചത്. ദിലീപ് നായകനായ ക്രേസി ഗോപാലനായിരുന്നു രണ്ടാമത്തെ ചിത്രം. 2008ല്‍ കലാഭവന്‍ മണി നേരിട്ട് വിളിച്ച് 'കബഡി കബഡി' എന്ന സിനിമയില്‍ ജയില്‍പ്പുള്ളിയുടെ വേഷം നല്‍കി. ആ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗത്തില്‍ അഭിനയിക്കാന്‍ സാധിച്ചു. 2009 ല്‍ ഗുലുമാലില്‍ കുഞ്ഞൂട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു, 2013 ല്‍ ക്ലൈമാക്‌സ്, 2014 ല്‍ മായാപുരി എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഇവ കൂടാതെ കായംകുളം കൊച്ചുണ്ണി, പറയിപെറ്റ പന്തിരുകുലം എന്നീ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു.
'ഉയരം ഞങ്ങള്‍ക്ക് അഭിമാനം, ദൈവം തന്നൊരു വരദാനം'

ഈവന്റ് മാനേജ്‌മെന്റിന് ജനപ്രീതി വര്‍ധിച്ച കാലത്താണ് ഞങ്ങളുടെ ഓള്‍ കേരള ടോള്‍മെന്‍സ് അസോസിയേഷന്‍ കൂടുതല്‍ പ്രശസ്തി നേടുന്നത്. കേരളത്തിലെ ഒട്ടേറെ പ്രശസ്ത സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിലും ഷോകളിലും കല്യാണങ്ങളിലുമെല്ലാം ഞങ്ങളുടെ സംഘടന സുരക്ഷയൊരുക്കി. 'ഉയരം ഞങ്ങള്‍ക്ക് അഭിമാനം, ദൈവം തന്നൊരു വരദാനം' ഇതാണ് ഞങ്ങളുടെ ആപ്തവാക്യം. കേരളത്തിലെ 80 മുനിസിപ്പാലിറ്റികളില്‍ ഞങ്ങളുടടെ സംഘടന പ്രവര്‍ത്തിക്കുന്നു. ഒരോ ജില്ലയ്ക്കും ഓരോ ചീഫ് ക്യാപ്റ്റനും അവരുടെ കീഴില്‍ വരുന്ന യൂണിറ്റുകളില്‍ ക്യാപ്റ്റനുമുണ്ട്. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അഞ്ജുവാണ് ഭാര്യ . തിരുവനന്തപുരം സ്വദേശിയാണ്. അഞ്ജുവിന്റെ നേതൃത്വത്തില്‍ ഓള്‍ കേരള ടോള്‍മെന്‍സ് അസോസിയേഷയന്റെ ഭാഗമായി ഒരു വനിതാ സംഘടനയുണ്ട്. ഈ സംഘടനയില്‍ ഉയരം മാനദണ്ഡമല്ല. അഞ്ജു തന്നെയാണ് സംഘടനയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്.
Content Highlights: Thumboor Shibu Interview Bro Daddy, Albhuthadweep actor, Movie, All Kerala Tallmen's association
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..