മ്മൂട്ടി-ജോണി ആന്റണി ടീം താപ്പാനയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി, കോട്ടയം ഭാഗങ്ങളിലായി പുരോഗമിക്കുന്നു.മലയോരഗ്രാമമായ തോപ്രാംകുടിയിലെ അവിവാഹിതനായ ഒരു പ്ലാന്ററാണ് തോപ്പില്‍ ജോപ്പന്‍. മകന്‍ ഒരു കുടുംബജീവിതം നയിക്കുവാന്‍ ജോപ്പന്റെ അമ്മ കണ്ണീരോടെ പ്രാര്‍ഥിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. പഠിക്കുന്ന കാലത്ത് ജോപ്പന് ആനിയോട് ഏറെ സ്‌നേഹമുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ വക്കത്തുവരെ എത്തിയിട്ട് നടക്കാതെ പോയതോടെയാണ് ജോപ്പന്‍ അവിവാഹിതനായി കഴിയുന്നത്. ഇത് അയാളെ തികഞ്ഞ മദ്യപാനിയാക്കി മാറ്റി.കബഡി കളിയും മദ്യപാനവും. പലപ്പോഴും കബഡികളി ചെന്നെത്തുന്നത് കൈയേറ്റങ്ങളിലാണ്. കയ്യാങ്കളിയാണെങ്കിലും കബഡികളിയാണെങ്കിലും തോപ്പില്‍ ജോപ്പന്‍ മുന്‍പന്തിയില്‍ത്തന്നെ ഉണ്ടാകും. എന്തിനായാലും കളത്തിലിറങ്ങണം- അതാണ് ജോപ്പന്റെ തത്ത്വം.

ജോപ്പന്റെ നേതൃത്വത്തിലുള്ള കബഡി ടീമാണ് ചിയേര്‍സ്. വാരിയേര്‍സ്, തോപ്രാംകുടി ടീം എന്നിവയും ഈ നാട്ടിലെ കബഡി ടീമുകളാണ്. പലപ്പോഴും ജയം ചിയേര്‍സിനായതിനാല്‍ നാട്ടുകാര്‍ക്കിടയില്‍ അല്പം മതിപ്പും ജോപ്പനാണ്. തങ്ങളുടെ പ്രിയപ്പെട്ട മദ്യപാനത്തിന്റെ അനുസ്മരണയ്ക്കായിട്ടാണ് ചിയേര്‍സ് എന്ന പേരുപോലും നല്കിയിരിക്കുന്നത്. ജോപ്പന് വിപുലമായ സുഹൃദ്വലയമുണ്ടെങ്കിലും, നാലുപേരാണ് പ്രധാനികള്‍. പാപ്പിച്ചായന്‍, എല്‍ദോ, അരവിന്ദന്‍, മാത്തന്‍. ഇതില്‍ ജോപ്പനും എല്‍ദോയും ഒഴിച്ച് മറ്റുള്ളവരെല്ലാം വിവാഹിതരാണ്. കുടുംബക്കാരാണ്.

ഇവരുടെ മദ്യപാനത്തിനെതിരായ പ്രതികരണങ്ങള്‍ ഭാര്യമാരില്‍നിന്നും ഉണ്ടായിക്കൊണ്ടിരുന്നു. ജോപ്പന്റെ അമ്മയുടെയും മറ്റുള്ളവരുടെ ഭാര്യമാരുടെയും പരാതികള്‍ പള്ളി വികാരിയായ ജേക്കബ് ആനക്കാട്ടിലച്ചന്റെ അടുത്താണെത്തിയത്. ആനക്കാട്ടിലച്ചന് ആകെ പുലിവാലായി. ജോപ്പനെയും സംഘത്തെയും മദ്യപാനത്തില്‍നിന്നും പിന്തിരിപ്പിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. അതിനായി ആനക്കാട്ടിലച്ചന്‍ ഒരു മാര്‍ഗം കണ്ടെത്തി. അവിടെ വെച്ച് ജോപ്പന്റെ ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവിനു കാരണമാകുന്ന സംഭവങ്ങള്‍ അരങ്ങേറുകയായി. തുടര്‍ന്നുള്ള സംഭവങ്ങളാണ് കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. അത്യന്തം രസാവഹമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ രംഗങ്ങളെല്ലാം അവതരിപ്പിക്കുന്നത്.

അലന്‍സിയര്‍, പാഷാണം ഷാജി, ശ്രീജിത്ത് രവി, സോഹന്‍ സീനുലാല്‍ എന്നിവരാണ് പാപ്പിച്ചായന്‍, എല്‍ദോ, അരവിന്ദന്‍ എന്നിവരെ അവതരിപ്പിക്കുന്നത്.ആന്‍ഡ്രിയാ ജെര്‍മിയാസാണ് ആനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കര്‍, സുരേഷ്‌കൃഷ്ണ, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, സുധീര്‍, കണാരന്‍ ഹരീഷ്, നസീര്‍ സംക്രാന്തി, കവിയൂര്‍ പൊന്നമ്മ, രശ്മി ബോബന്‍, ശാന്തകുമാരി, ചാലി പാലാ, ജെയ്സ്, കലാഭവന്‍ ഹനീഫ്, മോഹന്‍ ജോസ്, തോമസ് കുര്യാക്കോസ്, ബേബി അക്ഷര, ബേബി ഷിഫ എന്നിവരും പ്രധാന താരങ്ങളാണ്. ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയുടെതാണ് തിരക്കഥ.

റഫീക്ക് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു.സനോജ് വേലായുധന്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.കലാസംവിധാനം സാലു.കെ.ജോര്‍ജ്ജ്. മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷ്, അസ്സോസിയേറ്റ് ഡയറക്ടേര്‍സ്: ടി.എം.ബാബു, മാത്യു തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദ്ഷ, ലൈന്‍ പ്രൊഡ്യൂസര്‍- നിഖില്‍ രഞ്ജി പണിക്കര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്സ്-ഷൈന്‍ കലവൂര്‍, റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- സനല്‍ വെള്ളായണി.

സ്റ്റില്‍സ്: അജിത് വി.ശങ്കര്‍. ഡ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്‍ ആന്റ്  എസ്.എന്‍. ഗ്രൂപ്പിന്റെ ബാനറില്‍ നൗഷാദ് ആലത്തൂര്‍, ജീവന്‍, നാസര്‍, സഞ്ജു എന്നിവര്‍ നിര്‍മിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.