അജിഷ പ്രഭാകരൻ |Photo: Facebook|AjishaPrabhakaran
തിങ്കളാഴ്ച നിശ്ചയം കണ്ടവരാരും ചിത്രത്തിലെ അമ്മ കഥാപാത്രം ലളിതയെ മറക്കാനിടയില്ല. കുറിക്കുകൊള്ളുന്ന കൗണ്ടറുകളും സ്വാഭാവികമായ അഭിനയവും ചേര്‍ത്തൊരുക്കിയ ലളിതയെ സ്ക്രീനില്‍ എത്തിച്ചത് അജിഷ പ്രഭാകരന് എന്ന പയ്യന്നൂര്‍ സ്വദേശിനിയാണ്. പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി കുതിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുകയാണ് അജിഷ.
ഓണ്‍സ്ക്രീനിലെ ലളിതയല്ല ഓഫ്സ്ക്രീനിലെ അജിഷ
എന്റെ ആദ്യ സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. ചിത്രത്തില്‍ മൂന്ന് മക്കളുടെ അമ്മയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. പക്ഷെ ശരിക്കും എനിക്ക് അത്രയ്ക്ക് പ്രായമൊന്നുമില്ല. മേക്കപ്പ് ഇട്ട് പ്രായമാക്കി എന്നുപറയാം. സിനിമയെ എല്ലാവരും പുകഴ്ത്തി പറയുമ്പോഴും എനിക്ക് സങ്കടം മറ്റൊന്നാണ്. ചിത്രത്തിലെ ബാക്കിയുള്ള എല്ലാവരേയും ആളുകള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷെ അടുത്തറിയുന്നവര്‍ക്കല്ലാതെ ഞാനാണ് ലളിത എന്ന കഥാപാത്രം ചെയ്തതെന്ന് ആര്‍ക്കും മനസ്സിലായിട്ടില്ല. സോഷ്യല്‍ മീഡിയയിലൊക്കെ എന്റെ യഥാര്‍ഥ ചിത്രവും കഥാപാത്രത്തിന്റെ ചിത്രവുമൊക്കെ വെച്ച് പോസ്റ്റുകള്‍ വരുമ്പോഴാണ് പലര്‍ക്കും അത് ഞാനാണെന്ന് മനസ്സിലാവുന്നത് തന്നെ. ആദ്യ ദിവസങ്ങളിലൊക്കെ അതൊരു സങ്കടമായിരുന്നു. എന്നാല്‍ അത് ഞാന്‍ ചെയ്ത കഥാപാത്രത്തിന്റെ വിജയമാണെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. ചലച്ചിത്ര മേളയില്‍ തിങ്കളാഴ്ച നിശ്ചയം പ്രദര്‍ശിപ്പിച്ചുകഴിഞ്ഞപ്പോള്‍ ചിലര്‍ വന്ന് മൂത്ത മകളായി അഭിനയിച്ച ആളല്ലേ എന്നൊക്കെ ചോദിച്ചു. അത് കേട്ട് സംവിധാനയകനോട് സങ്കടം പറഞ്ഞപ്പോള്‍ അവരും പറഞ്ഞത് 'അതിന്റെ അര്‍ഥം നീ ചെയ്ത കഥാപാത്രം വിജയിച്ചു എന്നല്ലേ' എന്നാണ്. ഇപ്പോള്‍ അതെനിക്ക് മനസ്സിലാവുന്നുണ്ട്.
തിങ്കളാഴ്ച നിശ്ചയത്തിലേക്ക്..
രണ്ട് വര്‍ഷം മുന്‍പാണ് ഈ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ കണ്ടത്. ഭര്‍ത്താവ് അരുണ്‍ ആണ് എന്റെ ഫോട്ടോ അയച്ചുകൊടുത്തത്. അങ്ങനെ ഓഡീഷനില്‍ പങ്കെടുത്തു. സെലക്ട് ആയി. അങ്ങനെയൊണ് ചിത്രത്തിന്റെ ഭാഗമായത്. പയ്യന്നൂര്‍, കാഞ്ഞങ്ങാട് ഭാഗത്തുള്ളവരെ ആവശ്യമുണ്ട് എന്നായിരുന്നു കാസ്റ്റിങ് കോളില്‍ പറഞ്ഞിരുന്നത്. ഓഡിഷനില്‍ തന്ന ഭാഗമൊക്കെ കാഞ്ഞങ്ങാട് ഭാഷയിലുള്ളതായിരുന്നു. പയ്യന്നൂര്‍-കാഞ്ഞങ്ങാട് ഒക്കെ ഏകദേശം ഒരുപോലെ ആയിരുന്നതിനാല്‍ ഭാഷ അത്രയ്ക്കൊരു പ്രശ്നമല്ലായിരുന്നു. ആ രീതിയില്‍ സംസാരിക്കാന്‍ ഞങ്ങള്‍ക്ക് തയ്യാറെടുപ്പൊന്നും വേണ്ടിവന്നിട്ടില്ല. ഞങ്ങളെന്നും പറയുന്ന, അല്ലെങ്കില്‍ ചുറ്റിലും കേള്‍ക്കുന്ന സംസാരരീതിയാണ് ചിത്രത്തിലുള്ളത്.

രണ്ട് വര്‍ഷം മുന്‍പ് ഷൂട്ടിങ്, കുടുംബം പോലെ ലൊക്കേഷന്‍
2019 ഡിസംബറിലാണ് ഷൂട്ട് തുടങ്ങിയത്. ജനുവരിയോടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. കാഞ്ഞങ്ങാട്ടിലും പരിസരത്തും തന്നെയായിരുന്നു ഷൂട്ട്. ഏപ്രില്‍-മെയ് മാസത്തിലാണ് റിലീസ് വിചാരിച്ചിരുന്നതെങ്കിലും ലോക്ക്ഡൗണ്‍ കാരണം അത് നീണ്ടു പോയി. കാഞ്ഞങ്ങാടും പരിസരത്തും തന്നെയായിരുന്നു ഷൂട്ടിങ്ങ്. ലൊക്കേഷനാണെന്നോ ഷൂട്ടിങ്ങ് ആണെന്നോ ഒന്നും ഒരിക്കലും തോന്നിയിട്ടേ ഇല്ല. ഞങ്ങളെല്ലാം പരസ്പരം സഹായിച്ചും പറഞ്ഞുകൊടുത്തും ജീവിക്കുകയായിരുന്നു കുറച്ചുദിവസം. സ്വന്തം വീട്ടുകാരെപോലെ ആയിരുന്നു എല്ലാവരും. എന്റെ മകനായി അഭിനയിച്ച അര്പിത് ഷൂട്ട് തുടങ്ങിയ അന്ന് മുതല്‍ എന്നെ അമ്മേ എന്നാണ് വിളിച്ചിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ് വിളിക്കുന്നതും. ഷൂട്ടിങ്ങിന്റെ ഇടയ്ക്ക് എന്തെങ്കിലും ആവശ്യമൊക്കെ വരുമ്പോള്‍ അതും നമ്മള് തന്നെയാണ് ചെയ്തത്. ഇടയ്ക്കൊരു സീനിലെ കൈപയ്ക്ക ഉപ്പേരിയൊക്കെ അങ്ങനെ ഞങ്ങള്‍ അവിടെ തന്നെ ഉണ്ടാക്കിയതാണ്.
സെന്ന ഹെഗ്ഡേ- സ്വാതന്ത്ര്യം തന്ന സംവിധായകന്
സത്യം പറഞ്ഞാല്‍ അഭിനയിച്ചു തീരും വരെ സിനിമ എന്താണെന്നോ കഥ എന്താണെന്നോ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. ഞങ്ങളാരും സ്ക്രിപ്റ്റ് പോലും വായിച്ചിട്ടില്ല. എടുക്കാന്‍ പോകുന്ന സീന്‍ ഇതാണെന്ന് ആദ്യം പറഞ്ഞുതരും. ബാക്കി അഭിനയമൊക്കെ നമ്മള് സ്വന്തമായി ചെയ്യണം. സിനിമയിലെ പല ഡയലോഗുകളും അങ്ങനെ ഉണ്ടായതാണ്. ക്ലൈമാക്സിലുള്ള ആ അടി സീനിലൊക്കെ ഡയലോഗുകള്‍ ഞങ്ങള്‍ അപ്പോള്‍ തോന്നിയത് വിളിച്ചുപറഞ്ഞതാണ്. അതുകൊണ്ടാവാം സീനുകള്‍ അത്രയും സ്വാഭാവികമായത് എന്ന് തോന്നുന്നു. ഐ.എഫ്.എഫ്.കെയ്ക്ക് പ്രദര്‍ശിപ്പിച്ചപ്പോഴാണ് 'ഓ സിനിമ ഇങ്ങനെയാണല്ലേ' എന്നൊക്കെ മനസ്സിലായത്.
കൂടെയുള്ള ഒരാള്‍ എന്നല്ലാതെ ചിത്രത്തിന്റെ സംവിധായകനാണ് ഞാന്‍ എന്ന വേര്‍തിരിവൊന്നും സെന്ന സാറും കാണിച്ചിട്ടില്ല. ഞങ്ങള്‍ക്കൊപ്പം സംസാരിച്ചിരുന്ന്, തമാശ പറഞ്ഞ്, ഭക്ഷണം കഴിച്ച്, നമ്മുടെ കൂടെത്തന്നെ നില്ക്കുന്ന ഒരാള്‍. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ വീട്ടിലുള്ള ഒരാള്‍ എന്നല്ലാതെ സംവിധായകനെ കുറിച്ചോ ഒന്നും തോന്നിയിട്ടില്ല.
വീട് പോലെ, നാട് പോലെ.. സന്തോഷം തരുന്ന പ്രതികരണങ്ങള്‍
സിനിമ കണ്ട് ഒരുപാട് പേര് നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം അഭിപ്രായം പറഞ്ഞിരുന്നു. നാട്ടിലുള്ള മിക്കവരും വിളിച്ചിട്ട് പറയുന്നത് ഇതെന്റെ വീട് പോലെ, ഇതെന്റെ നാട് പോലെ, ഇവരെന്റെ അമ്മായിയെ പോലെ എന്നൊക്കെയാണ്. അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. സിനിമയിലെ ഓരോരുത്തരേയും നമ്മള് എപ്പോഴെങ്കിലും എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടവരോ സംസാരിച്ചവരോ ഒക്കെ ആണെന്നാണ് പലരും പറയുന്നത്. ഒരു ടീം എന്ന നിലയ്ക്ക് അത് വലിയ വിജയമാണെന്നാണ് മനസ്സിലാക്കുന്നത്. ചിത്രം കണ്ടിട്ട് ജയസൂര്യ വിളിച്ചിരുന്നു. ചെയ്തത് ഗംഭീരമായെന്ന് പറഞ്ഞു. എന്നെപ്പോലുള്ള ഒരു തുടക്കക്കാരിക്ക് ലഭിക്കുന്ന ഒരു അവാര്‍ഡിന് തുല്യമായിരുന്നു ജയേട്ടന്റെ ആ ഫോണ്‍കോള്‍.

അവതാരക, ആര്.ജെ, അഭിനേതാവ്..
തിങ്കളാഴ്ച നിശ്ചയം എന്റെ ആദ്യത്തെ സിനിമയാണെന്ന് പറഞ്ഞല്ലോ. ഇതിന്റെ വര്‍ക് ഷോപ്പ് കഴിഞ്ഞുനില്ക്കുന്നതിന്റെ ഇടയ്ക്ക് ഒരു ഷോര്‍ട്ട് ഫിലിമില്‍ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. അഭിനയിക്കാമെന്നേറ്റ കുട്ടി വരാതിരുന്നപ്പോള്‍ കിട്ടിയ ഒരു ചാന്‍സ്. ഭര്‍ത്താവ് അരുണ്‍ ആണ് ആ അവസരമൊരുക്കി തന്നത്. ആ ഷോര്‍ട്ട് ഫിലിമിന്റെ മ്യൂസിക് ചെയ്തിരുന്നത് ഭര്‍ത്താവ് അരുണ്‍ ആണ്. തിങ്കളാഴ്ച നിശ്ചയം ചെയ്തതിനു ശേഷം 'പല്ലൊട്ടി'എന്നൊരു സിനിമ കൂടി ചെയ്തിട്ടുണ്ട്. 'നൈന'എന്നൊരു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച നിശ്ചയത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആണ് നൈന സംവിധാനം ചെയ്യുന്നത്. എന്റെ ഭര്‍ത്താവായി വേഷമിട്ട മനോജേട്ടന് എന്റെ അമ്മാവനായാണ് നൈനയിലുള്ളത്. സിനിമയില്‍ അഭിനയിച്ച് മുന്‍പരിചയം ഇല്ലെങ്കിലും നേരത്തെ ദൂരദര്‍ശനില്‍ പിന്നെ രണ്ട് സ്വകാര്യ ചാനലില്‍ അവതാരകയായും റെഡ് എഫ്എമ്മില്‍ ആര്.ജെ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്.
ഗായകനായ അരുണ്‍ രാജ് ആണ് ഭര്‍ത്താവ്. മകന് ഋഷഭ് ദേവ്. പയ്യന്നൂര്‍ ആണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താമസം.
Content Highlights: Thinkalazhcha Nishchayam Movie Actor, Ajisha Prabhakaran Interview, mother character, Senna Hegde film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..