വിവിധ സിനിമകളിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ
മലയാള സിനിമയുടെ പെരുന്തച്ചന്, നടന് തിലകന് വിടവാങ്ങിയിട്ട് സെപ്റ്റംബര്‍ 24-ന് എട്ട് വര്‍ഷം. നായകന്' എന്ന ഔദ്യോഗിക പ്രതിഷ്ഠ പേറാതെ തന്നെ സിനിമകളില്‍ യഥാര്‍ഥ നായകനായി തിളങ്ങുകയും ആരാധന പിടിച്ചുവാങ്ങുകയും ചെയ്ത നടനാണ് തിലകന്. പോസ്റ്റുകളില്‍ പേരില്ലെങ്കിലും തിലകന്റെ ചിത്രങ്ങള്‍ ജനം കണ്ടു, ആസ്വദിച്ചു. അഭിനയശേഷി തിരിച്ചറിഞ്ഞ പ്രേക്ഷകന്റെ അംഗീകാരമായിരുന്നു അത്. നടനത്തില്‍ പൂര്‍ണത എന്ന വാക്ക് പലപ്പോഴും ഓര്‍മ്മപ്പെടുത്തുന്നത് സ്ക്രീനിലെ തിലകന്റെ പ്രകടനങ്ങളാണ്.
ഭൂരിഭാഗവും കരുത്തുറ്റ വേഷങ്ങള്‍. ആ ശബ്ദഗാംഭീര്യം ഒന്നുവേറെ തന്നെ. അഭിനയിക്കുകയാണെന്ന് തോന്നിപ്പിച്ചാല്‍ അഭിനയം പരാജയപ്പെട്ടു എന്ന് ഓര്‍മ്മപ്പെടുത്തിയ തിലകന് അങ്ങനെ, പിറക്കാനിരിക്കുന്നതും പാതിവഴിയിലെത്തിയതുമായി അനേകം കഥാപാത്രങ്ങളുടെ വിളിക്ക് കാത്തുനില്‍ക്കാതെ തിരശീല സാക്ഷിയാക്കി മടങ്ങി. അഭിനയിക്കാന്‍ വിളിച്ചവര്‍ക്കും വിളിക്കാതിരുന്നവര്‍ക്കും വിലക്കിയവര്‍ക്കും ശൂന്യത ബാക്കി.
ഇന്ത്യ കണ്ട എക്കാലത്തേയും ഡീറ്റയില്‍ഡ് ആക്ടര്‍- ശിവാജി ഗണേശനെക്കുറിച്ച് തിലകന് ഒരിക്കല്‍ അനുസ്മരിച്ചത് ഇപ്രകാരമാണ്. സ്വയം പൂരിപ്പിച്ചില്ലെങ്കിലും ആ വിശേഷണത്തിന്, കൂട്ടിച്ചേര്‍ക്കലിന് സിനിമാലോകത്ത് നിന്നൊരു നാമം നമുക്കുള്ളത് തിലകന്റേത് തന്നെയാണ്. നടനാകാന്‍ മാത്രം ജന്മമെടുത്ത വ്യക്തി. നാടകത്തിലായാലും സിനിമയിലായാലും തിലകന് പകരം മറ്റൊരാളില്ല. അഭിനയിച്ച ചിത്രങ്ങളില്‍ കഥാപാത്രമേതായാലും തിലകന് ഫ്രെയിമില്‍ നിറഞ്ഞുനില്ക്കും. അത് നടന വൈഭവമാണ്.
തിലകനോടൊപ്പം നില്ക്കുമ്പോള് സ്വാഭാവികമായി മറ്റു താരങ്ങളുടെ നിറം മങ്ങുന്നു. പല പ്രമുഖ താരങ്ങളുടെയും ഈ തോന്നല്‍ പലപ്പോഴും താനറിയാതെ തന്നെ തിലകന് തിരിച്ചടിയായി. സ്വന്തം കഴിവ് തനിക്ക് തന്നെ തിരിച്ചടിയാകുന്ന അപൂര്‍വ സ്ഥിതി. തിലകന് എന്ന നടനെ ഉപയോഗപ്പെടുത്താതെ അയിത്തം കല്പിച്ച് മാറ്റി നിര്‍ത്തിയ കാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിലൂടെ കോക്കസ്സുകളുടെ കൂടാരമായ സിനിമലോകത്ത് തിലകന് നിഷേധിയായി. അസൂയയും കഴിവില്ലായ്മയും മറയ്ക്കാന്‍ പലരും സംഘം ചേര്‍ന്ന് നടത്തിയ ഈ ബഹിഷ്കരിക്കല്‍ ഏത് സംഘടന മര്യാദയുടെ പേരിലായാലും ന്യായീകരിക്കാവുന്നതല്ല.
തിലകനെ ഒഴിവാക്കി തിലകനില്‍ നിറയേണ്ട കഥാപാത്രങ്ങള്‍ അങ്ങനെ മറ്റ് പലരിലേക്കുമായി പകുത്ത് നല്കി. എന്തോ ഒരു കുറവ് അവയിലെല്ലാം മുഴച്ചുനിന്നു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് അത് തിലകന് ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് പ്രതികരിച്ചു തുടങ്ങി, സിനിമ ചര്‍ച്ചകളിലും ഇത് പതിവായി.
പ്രേക്ഷകന്റെ ഈ നിലവിളി കേള്‍ക്കാന്‍ അവസാനനാളുകളില്‍ രഞ്ജിത്തും(ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ്), അന്‍വര്‍ റഷീദും(ഉസ്താദ് ഹോട്ടല്‍) ഉള്‍പ്പടെ ചിലരെങ്കിലും തയാറായി. 'ഞാന്‍ മാറിനിന്നതുകൊണ്ട് എനിക്കല്ല, പ്രേക്ഷകര്‍ക്കാണ് നഷ്ടമെന്ന്' തിലകന് പറയുമ്പോള്‍ സംഘടനയും ഈ കാരണവരും തമ്മിലുള്ള യുദ്ധത്തില്‍ തോറ്റത് സിനിമയാണ്, പ്രേക്ഷകനാണ്, കഥാപാത്രങ്ങളാണ്.
തിലകന്റെ തോല്‍വി പ്രേക്ഷകന്റെ തോല്‍വിയായിരുന്നു. അനാരോഗ്യത്തിന്റെ പിടിയിലും അവസാനനാളുകളില്‍ അച്യുതമേനോനും(ഇന്ത്യന്‍ റുപ്പി), കരീമക്കയും(ഉസ്താദ് ഹോട്ടല്‍). ഭാവാഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു.
Content Highlights: Thilakan Movies remembering legendary actor in Malayalam Cinema
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..