അന്ന് തിലകന് സംഭവിച്ചത്, ഒപ്പം മറ്റു അഭിനേതാക്കള്‍ക്കും


സ്വന്തം ലേഖകർ

താരങ്ങളും താഴെയുള്ള ഉറുമ്പുകളും- അധ്യായം 2

'നൂറുകാലിൽ നുഴഞ്ഞുനീന്തും തേരട്ടയെ നിങ്ങൾ വെറുതെ വിടുക.
എട്ടുചട്ടുകാലെടയിൽ വെളുത്ത ഭാണ്ഡംപേസി വേച്ചുവേച്ചുനടക്കും ചിലന്തിയെ,
ഏറിയകാലിലുറയും വണ്ടിനെ വിടുക, ചുമ്മാവിടുക.
തൊടിയിൽ, തേക്കടിയിൽ, തേവിടിച്ചിപ്പുരയിൽ, തേവാരനടയിൽ, കാറിൽ
കുട്ടിത്തേവാങ്കിനെപ്പോൽ കുനിഞ്ഞിരുന്ന് കൂകും ബോറന്മാരെ കല്ലെറിയുക.
അതീ വർഗമാണ്. ഈ മാഫിയ.....'

ലയാളസിനിമയിലെ താരപ്രമാണിത്തത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു മഹാനടൻ ചൊല്ലിയ വരികളാണിത്. അദ്ദേഹത്തെ ഒരുകാലം സിനിമാ ലോകം തന്നെ അഭിനയത്തിന്റെ പെരുന്തച്ചൻ എന്ന് ആഘോഷിച്ചതാണ്. പക്ഷേ, പിന്നീട് അവർതന്നെ അദ്ദേഹത്തിന്റെ കഴുത്തിലേക്ക് ആജീവനാന്തവിലക്കിന്റെ ഉളി മനഃപൂർവം ഇട്ടുകൊടുത്തു. തിലകൻ എന്ന നടന്റെ ശിരസ്സറ്റു.

കഥ ഇങ്ങനെയാണ്:
തന്റെ കഥാപാത്രങ്ങൾ തട്ടിയെടുക്കാൻ ഒരു നടൻ ശ്രമിക്കുന്നുണ്ടെന്ന് തിലകൻ ആരോപിക്കുന്നു. തിരുവനന്തപുരം കേന്ദ്രമായ ലോബിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. അതോടെ ആ നടനും അദ്ദേഹത്തോട് അടുത്ത സൂപ്പർതാരവും തിലകനെതിരേയായി. ഈ സൂപ്പർതാരത്തിന്റെ അച്ഛനായി ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത് തിലകനാണ് എന്നതാണ് ഏറ്റവും കൗതുകകരമായ

വസ്തുത.

അതിനുശേഷം തിലകൻ സംവിധായകൻ വിനയന്റെ സിനിമയിൽ അഭിനയിച്ചു. വിനയനെതിരേ മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒരുമിച്ച് ഫത്വ പുറപ്പെടുവിച്ച കാലമായിരുന്നു അത്. വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്ന സൂപ്പർകല്പനകളെ തിലകൻ പുച്ഛിച്ചുതള്ളി. 'തലയിൽ ആൾത്താമസമില്ലാത്ത അഴകിയരാവണന്മാർ' എന്ന് അദ്ദേഹം അവരെ വിളിച്ചു. അതോടെ മലയാളത്തിലെ മുൻനിര നടന്മാരുടെയും അവരുടെ പാർശ്വവർത്തികളുടെയും ഒന്നാം നമ്പർ ശത്രുവായി തിലകൻ. അഡ്വാൻസ് നല്കിയശേഷം ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിൽ നിന്ന് അതിലെ നായകന്മാരുടെ നിർബന്ധപ്രകാരം നിർമാതാവിന് അദ്ദേഹത്തെ മാറ്റേണ്ടി വന്നു. ഡാം 999 എന്ന ഇംഗ്ലീഷ് സിനിമയിലഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷവുമായി ആലപ്പുഴയിലെ ഹോട്ടലിലെത്തിയ തിലകനെ കാത്തിരുന്നത് ഫെഫ്ക ആ ചിത്രത്തിൽ സഹകരിക്കില്ലെന്ന പ്രഖ്യാപനമാണ്. ഫെഫ്കയുടെ പിടിവാശിയെത്തുടർന്ന് വേദനയോടെ തിലകനെ മാറ്റുകയാണ് എന്ന് അതിന്റെ സംവിധായകനായ സോഹൻ റോയ് പ്രഖ്യാപിച്ചു.

താരാധിപത്യത്തെ വെല്ലുവിളിച്ച ഭരതനും പത്മരാജനും, ആദ്യ വിലക്കിന്റെ ഇരയായ സുകുമാരനും- part 1

തിലകൻ ജീവിക്കാനായി സീരിയലിൽ അഭിനയിക്കാൻ പോയി. പക്ഷേ, അവിടെയും അദ്ദേഹത്തെ കാത്തിരുന്നത് വിലക്കുതന്നെ. തിലകനെ സീരിയലിൽ അഭിനയിപ്പിക്കരുതെന്ന് സീരിയൽതാരങ്ങളുടെ സംഘടനാനേതാവ് കൂടിയായ ഗണേഷ് കുമാർ അന്ത്യശാസനം പുറപ്പെടുവിച്ചു. അങ്ങനെ നിവൃത്തിയില്ലാതെ മലയാളത്തിലെ അഭിനയപ്രതിഭ തന്റെ പഴയ തട്ടകമായ നാടകത്തിലേക്ക് മടങ്ങി.

പക്ഷേ, സിനിമാജീവിതം അവസാനിച്ചിട്ടും തിലകൻ തോറ്റില്ല. അദ്ദേഹം രാജാക്കന്മാർക്കെതിരേ പോർവിളി മുഴക്കി. 'എന്റെ രോമത്തിൽപ്പോലും തൊടാൻ നിങ്ങൾക്ക് പറ്റില്ലെ'ന്ന് വെല്ലുവിളിച്ചു. കൂടുതൽ ശക്തിയോടെ പുനർജനിച്ചു. ഒടുവിൽ മലയാളസിനിമയ്ക്ക് തിലകനോട് ചോദിക്കേണ്ടി വന്നു: 'എവിടെയായിരുന്നു ഇത്രയും കാലം....' അദ്ദേഹത്തിനെതിരേ നിലകൊണ്ട സൂപ്പർതാരങ്ങളിലൊരാൾക്ക് ഒടുവിൽ തിലകനെ വിളിച്ചു ക്ഷമാപണസ്വരത്തിൽ ചോദിച്ചു: 'എന്റെ മകന്റെ സിനിമയിൽ കൂടെ അഭിനയിക്കില്ലേ...'

തിലകൻ പണ്ട് പറഞ്ഞത് അമ്മ എന്ന സംഘടനയിലെ ചില അംഗങ്ങളുടെ പ്രവർത്തനങ്ങൾ മാഫിയാ പോലെയാണ്. തീവ്രവാദപരമാണത്. അതുപോലെ തന്നെയാണ് ഫെഫ്കയും. 'ക്രിസ്ത്യൻ ബ്രദേഴ്‌സ്' എന്ന സിനിമയിൽനിന്ന് എന്നെ മാറ്റിയത് ഫെഫ്ക പറഞ്ഞിട്ടാണ് എന്നും അമ്മ ഒന്നും പറഞ്ഞിട്ടേയില്ലെന്നും അതിന്റെ നിർമാതാവ് സുബൈർ എന്നോടുപറഞ്ഞു. അപ്പോൾ എനിക്ക് മനസ്സിലായി ഫെഫ്കയെക്കാൾ വലിയ കുഴപ്പക്കാർ അമ്മയാണെന്ന്. ഒരു തൊഴിലാളിയുടെ തൊഴിൽ നിഷേധിക്കലും ഉപരോധിക്കലുമാണോ ഒരു സംഘടനയുടെ നയം? എനിക്കൊപ്പം അഭിനയിച്ച മാള അരവിന്ദൻ, ക്യാപ്റ്റൻ രാജു തുടങ്ങിയവരെയൊന്നും ഇനി അഭിനയിപ്പിക്കരുതെന്ന് നമ്മുടെ ഇപ്പോഴുള്ള സൂപ്പർസ്റ്റാറുകളിലൊരാൾ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്റ്റീജ് ഇഷ്യുവാണുപോലും.

മലയാളസിനിമ എന്നു പറഞ്ഞാൽ ആ സൂപ്പർസ്റ്റാർ എന്നർഥം. വിനയന്റെ പടത്തിൽ അഭിനയിച്ച സുധീർ എന്ന പുതിയ നടനുണ്ട്. 'ക്രിസ്ത്യൻ ബ്രദേഴ്‌സി'ൽ അയാൾക്ക് വേഷമുണ്ടായിരുന്നു. മുപ്പതുദിവസമാണ് വേണ്ടത്. പക്ഷേ, അതിന്റെ സംവിധായകൻ ജോഷി സുധീറിനെ വിളിച്ചു ചോദിച്ചു: 'നീ വിനയന്റെ പടത്തിലുണ്ടോ?' സുധീർ പറഞ്ഞു: 'ഉണ്ട്,സാർ'. ഉടൻ ജോഷിയുടെ മറുപടി:' പ്രശ്നമായല്ലോടാ..' ജോഷി പറഞ്ഞതാണിത്. ജോഷിയെപ്പോലെ തലമുതിർന്ന ഒരു സംവിധായകൻ ആരെയാണ് ഭയപ്പെടുന്നത്? ഒരു സംവിധായകന് ഇവിടെ ഭയപ്പെടണോ ആരെയെങ്കിലും? ഒരു കലാകാരനാണ് സംവിധായകൻ. കലാകാരന് സ്വാതന്ത്ര്യം വേണം. മാനസികമായ സ്വാതന്ത്ര്യവും അല്ലാത്ത സ്വാതന്ത്ര്യവും വേണം. ഇന്ത്യൻ ഭരണഘടനയിൽ പറഞ്ഞ സ്വാതന്ത്ര്യവും വേണം. ആരെയെങ്കിലും ഭയപ്പെട്ട് ഒരു പടം ചെയ്യാനൊക്കില്ല. പടം ചെയ്യുന്നവൻ ഭയപ്പെടാതെ ചെയ്യണം. 'തിലകനെ കട്ട് ചെയ്തു, പിന്നെയാണോടാ നീ' എന്ന് സുധീറിനോട് ചോദിച്ചത് ഫെഫ്ക നേതാവായ ബി.ഉണ്ണികൃഷ്ണനാണ്. 'ചുറ്റുപാടും നടക്കുന്നതൊന്നും നീ അറിയുന്നില്ലേടാ' എന്നും ചോദിച്ചു. 'തിലകനെ ശാരീരികമായി നേരിടും' എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എനിക്കും അറിയാം ശാരീരികമായി നേരിടാൻ. പക്ഷേ, അത് സംസ്കാരശൂന്യതയാണ്. 'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന സിനിമയുടെ സെറ്റിൽവച്ച് നടൻ ഇന്ദ്രൻസ് കരയുന്നത് കണ്ടിട്ടുണ്ട്. എന്തിനാണ് കരഞ്ഞത് എന്ന് ചോദിച്ചപ്പോൾ ആദ്യം അദ്ദേഹം ഒഴിഞ്ഞുമാറി. നിർബന്ധിച്ചപ്പോൾ കാര്യം പറഞ്ഞു. 'വിനയന്റെ പടത്തിൽ അഭിനയിക്കാൻ 25,000 രൂപ അഡ്വാൻസ് വാങ്ങിയിരുന്നു. ഇപ്പോൾ അവിടെനിന്നും ഇവിടെനിന്നുമൊക്കെ ആൾക്കാർ വിളിച്ചുപറയുന്നു അഭിനയിച്ചാൽ ഉപരോധം വരുമെന്ന്. ഞാൻ വളരെ താഴ്ന്ന നിലയിൽനിന്ന് വരുന്നയാളാണ്. എനിക്ക് ജീവിക്കണം. ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നവരോട് നീതികേട് കാണിക്കേണ്ടി വരുന്നല്ലോ എന്നോർത്താണ് കരഞ്ഞത്'-ഇതാണ് ഇന്ദ്രൻസ് പറഞ്ഞത്. അങ്ങനെ പലരെയും ബുദ്ധിമുട്ടിച്ചുകൊണ്ടാണ് ഇവിടെ ചില മാഫിയാസംഘങ്ങൾ സിനിമയുണ്ടാക്കുന്നത്. തൊഴിൽ ചെയ്യുക എന്നത് ഒരു വ്യക്തിയുടെ ഭരണഘടനാവകാശം മാത്രമല്ല. ജന്മാവകാശവുമാണ്. അതിന് അനുവദിക്കാതിരിക്കാൻ ഒരു സംഘടനയ്ക്കും അവകാശമില്ല. അങ്ങനെയുണ്ടെങ്കിൽ ആ സംഘടന തകർക്കണം. എന്നെ ആരുടെയും കാലുനക്കാൻ
കിട്ടില്ല.

നാളെ: വിനയൻ എന്ന സംവിധായകൻ ഒരുഭാഗത്തും മലയാളസിനിമയിലെ എല്ലാ പ്രബലസംഘടനകളും മറുഭാഗത്തുമായി നടന്ന യുദ്ധം മലയാളസിനിമയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും 'രക്തരൂഷിത'മായ അധ്യായമാണ്.
ഈ സംഭവവികാസങ്ങളിലേക്ക് നയിച്ച സൂപ്പർസ്റ്റാർ കളികളെക്കുറിച്ച് വിനയൻ തുറന്നെഴുതുന്നു,

മാള അരവിന്ദൻ

മലയാളത്തെ ഒരുപാട് ചിരിപ്പിച്ച മാള എന്ന നടൻ സഹപ്രവർത്തകർ തന്നോട് ചെയ്തതോർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്.
കാരണം: വിനയന്റെ സിനിമയിൽ അഭിനയിച്ചു.
അവസാനം: ഖേദം പ്രകടിപ്പിച്ചെങ്കിലും പഴയ അവസരങ്ങൾ കിട്ടിയില്ല. ലോഹിതദാസ് മാത്രം സിനിമകളിലേക്ക് വിളിച്ചു.

നവ്യ നായർ

മലയാളത്തിൽ ഒരുകാലത്തെ തിരക്കേറിയ നായികയായിരുന്നു നവ്യനായർ. പക്ഷേ, പെട്ടെന്ന് അവസരങ്ങളില്ലാതെയായി.
കാരണം:സ്ഥിരം നായകനെ വിട്ട് (അദ്ദേഹം തന്നെയാണ് കുറ്റാരോപിതനായ നടനും) പൃഥ്വിരാജിന്റെ നായികയാകാൻ പോയി. അതോടെ സ്ഥിരം നായകൻ കുപിതനായി. നവ്യയുടെ ചിത്രങ്ങളെ കൂകിത്തോൽപ്പിക്കാനുള്ള ശ്രമം തുടങ്ങി.
അവസാനം:അവസരങ്ങൾ നഷ്ടപ്പെട്ട് സിനിമയിൽനിന്ന് തന്നെ അപ്രത്യക്ഷയായി.

അനൂപ് ചന്ദ്രൻ

യുവനിരയിലെ ഹാസ്യനടന്മാരിൽ വളരെ പെട്ടെന്ന് തിരക്കേറി. പക്ഷേ, പതനവും അതേ വേഗത്തിൽതന്നെ.
കാരണം:മിമിക്രിക്കാരെക്കുറിച്ച് പൊതുവേദിയിൽ അഭിപ്രായം പറഞ്ഞു. അതോടെ മിമിക്രിയിൽനിന്ന് വന്ന നായകൻ വിളിപ്പിച്ചു, നീ ഇനി മലയാളസിനിമയിൽ കാണില്ലെന്ന് എല്ലാവരും കേൾക്കെ ഭീഷണിപ്പെടുത്തി. നടൻ അതോടെ ഔട്ട്.
അവസാനം:തന്നെ സിനിമയിൽനിന്ന് ഇല്ലാതാക്കാൻ ശ്രമിച്ചു എന്ന് നായകനെതിരേ നടിയെ ആക്രമിച്ച കേസിൽ മൊഴി നല്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented