തിലകനായിരുന്നില്ല, പ്രേക്ഷകര്‍ക്ക് മുന്നില്‍ ചെറുതായത് ദേശീയ പുരസ്‌കാരമായിരുന്നു


തിലകൻ

ക്യാമറയ്ക്ക് മുന്നില്‍ മരിച്ചുവീഴണമെന്നായിരുന്നു തിലകന്റെ ആഗ്രഹം. ഇടയ്ക്ക് ചിലര്‍ സിനിമയിലേക്ക് വഴിമുടക്കിയായി നിന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ചതൊഴിച്ച് നിര്‍ത്തിയാല്‍ അവസാന കാലവും തിലകന്‍ കാമറയ്ക്ക് മുന്നില്‍ തന്നെയായിരുന്നു. ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിനിടെയാണ് തിലകന്‍ കുഴഞ്ഞുവീണത്. വൈകാതെ അബോധാവസ്ഥയിലായി. ആരോഗ്യനില ക്രമേണ മോശമായിവന്നു. അതീവഗുരുതരാവസ്ഥയില്‍ ഏതാനും ദിവസം ആസ്പത്രിയില്‍. ഒടുവില്‍ അനിവാര്യമായ മരണം ആ അഭിനയപ്രതിഭയെ കൂട്ടിമടങ്ങുന്നു. ഇനി തിലകന്റെ ശേഷിപ്പുകളായി അനേകം കഥാപാത്രങ്ങളും ഓര്‍മ്മകളും ബാക്കിയാകുന്നു. ഇന്ന് ആ ഓര്‍മകള്‍ക്ക് ഒരു പതിറ്റാണ്ട്.

നാടകമായാലും സിനിമയായാലും തിലകന്റെതായ ഇടം അവയിലെല്ലാമുണ്ടായിരുന്നു. ആര്‍ക്കും അവഗണിക്കാനാകാത്ത അഭിനയപ്രതിഭ. പ്രതിഭ കൊണ്ടാണ് തിലകന്‍ മത്സരിച്ചത്. വേഷം ഏതായാലും അതിന് ഒരു തിലകന് സ്പര്‍ശമുണ്ട്. കര്‍ക്കശക്കാരനായ അധ്യാപകനായാലും, സ്നേഹനിധിയായ അച്ഛന്റെ വേഷമായാലും, വില്ലന്റെ മാനറിസമായാലും, ഭ്രാന്തന്റെ കോമാളിത്തമായാലും താളംകൈവിട്ടുപോകാതെ ആ കഥാപാത്രത്തെ സമീപിക്കാനും കഥാപാത്രമായി തന്നെ നില്‍ക്കാനും തിലകന് കഴിയാറുണ്ട്. തിലകന്‍ മോശമാക്കി എന്ന വാക്ക് അഭിനയവേദിയില്‍ നിന്ന് കേള്‍ക്കാറില്ല. 1973 ല്‍ പെരിയാറില്‍ തുടങ്ങി ഒടുവില്‍ റിലീസായ ഉസ്താദ് ഹോട്ടലിലെ കരീമിക്ക വരെ എണ്ണമറ്റ കഥാപാത്രങ്ങള്‍. അതിനും മുമ്പ് നാടകവേദിയ സമ്പുഷ്ടമാക്കിയ നിരവധി വര്‍ഷങ്ങള്‍. പി.ജെ ആന്റണിയുടെ പി.ജെ തിയേറ്റേഴ്സിന്റെ കീഴില്‍ ഒട്ടേറെ നാടകങ്ങള്‍. വളരെ ആത്മബന്ധമായിരുന്നു പി.ജെയും തിലകനും തമ്മിലുണ്ടായിരുന്നത്. ആദ്യ സിനിമ പെരിയാറില്‍ അഭിനയിച്ചതും പി.ജെ.യുടെ കഥാപാത്രത്തിന്റെ മകനായി തന്നെ. ഒരു തുടര്‍ച്ച പോലെ പിന്നീട് തിലകനെ ഏറ്റവും കൂടുതല്‍ തേടിയെത്തിയതും അച്ഛന്‍ വേഷങ്ങള്‍ തന്നെ. 81 ല്‍ യവനികയോടെ മലയാള സിനിമയ്ക്ക് തിലകന്‍ അനിവാര്യതയായി. യവനികയിലെ വക്കച്ചനും പഞ്ചവടിപ്പാലത്തിലെ പ്രതിപക്ഷ നേതാവും തിലകന്‍ അതേ വ്യത്യസ്തതയോടെ അദ്ദേഹം കൈകാര്യം ചെയ്ത വേഷങ്ങളാണ്.ജോര്‍ജ്ജ് കുട്ടി c/o ജോര്‍ജ്ജ് കുട്ടി ഒരേ സമയം അലസഭാവവും ഗൗരവവും ഒരേ കഥാപാത്രത്തില്‍ സമ്മേളിക്കുന്നത് തിലകനിലൂടെ കണ്ടു. ഇട്ടിച്ചനും മീനത്തിലെ താലികെട്ടിലെ ദിലീപിന്റെ അച്ഛനായ ഗോവിന്ദന്‍ നമ്പീശനും ആജ്ഞാശക്തിയുടെ കരുത്തുറ്റ പ്രതീകങ്ങളാണ്. ഏറ്റവും കൂടുതല്‍ തിലകന്‍ ശോഭിച്ച വേഷങ്ങളിലൊന്ന് ജഡ്ജി റോളുകളാണ്. ആദ്യവസാനം നര്‍മ്മത്തില്‍ പൊലിഞ്ഞ കിലുക്കത്തിലെ ഏറ്റവും ഗൗരവമുള്ള വേഷം തിലകന്റെ ജസ്റ്റിസ് പിള്ളയാണ്. കര്‍ക്കശക്കാരനായ ജസ്റ്റിസ് പിള്ള രേവതിയോടൊത്തുള്ള രംഗങ്ങള്‍ എത്രതവണ നമ്മെ ചിരിപ്പിച്ചിരിക്കുന്നു. അതേ സമയം മുരളിയ്ക്ക് മുമ്പില്‍ രേവതിയുടെ പിതൃത്വം വിശദീകരിക്കുമ്പോള്‍ അതുവരെ കണ്ടതിലകനല്ല നമുക്ക് മുന്നില്‍വരുന്നത്. മിന്നാരത്തിലെ റിട്ട.ഐ.ജി മാത്യൂസും ഏറെ ചിരിപ്പിച്ച വേഷമാണ്. നരസിംഹത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ രംഗം ലാലും തിലകനും തമ്മിലുള്ളതാണ്. കര്‍മ്മത്തില്‍ മകനെന്ന പരിഗണന പോലും മറന്ന് വിധികല്‍പിക്കുന്ന ജസ്റ്റിസ് മേനോന്‍ തിലകന് മാത്രം ചെയ്യാന്‍ കഴിയുന്ന വേഷമാണ്. വരവേല്‍പിലെ ലേബര്‍ ഓഫീസര്‍, സന്ദേശത്തിലെ ജയറാമിന്റെയും ശ്രീനിവാസന്റെയും അച്ഛനായ സ്റ്റേഷന്‍ മാസ്റ്റര്‍ ഏകാന്തത്തിലെ അച്യുത മേനോന്‍ ഓര്‍ക്കുക വല്ലപ്പോഴും എത്രയെത്ര വേഷവൈവിധ്യങ്ങള്‍.

കൊച്ചുമകന്‍ നഷ്ടപ്പെട്ട മൂന്നാംപക്കത്തിലെ തമ്പിയുടെ വേദന പ്രേക്ഷകഹൃദയങ്ങളിലാണ് കണ്ണീര്‍പൊഴിച്ചത്. മരണവിവരം അശോകനില്‍ നിന്ന് അറിയുന്ന തിലകന്റെ മുഖത്ത് കടല്‍ത്തിരയായി വികാരങ്ങളുടെ വേലിയേറ്റമാണ് വിടരുന്നത്. തച്ചന്റെ മനസ്സില്‍ കുടികൊള്ളുന്ന അസൂയയും തന്നെക്കാള്‍ വലിയവനെന്ന് മകനെ പുകഴ്ത്തുന്നത് കേട്ട് മകന്റെ കഴുത്തിലേക്ക് കത്തിയെറിയാന്‍ മടിക്കാത്ത രാമന്‍ പെരുന്തച്ചന്‍ എന്ന കഥാപാത്രം തിലകന് മാത്രമായി സൃഷ്ടിച്ചതെന്ന് നിസ്സംശയം പറയാം. എന്നിട്ടും ആ വേഷത്തിന് ദേശീയ അവാര്‍ഡ് കൊടുക്കാന്‍ മടിച്ചപ്പോള്‍ വളരെ ചെറുതായി പോയത് തിലകനല്ല മറിച്ച് അഗ്‌നിപഥിലെ അഭിനയത്തിന് അമിതാഭ് ബച്ചന് പുരസ്‌കാരം കൊടുത്ത ജൂറി തന്നെയാണ്.

മകളായി കാണേണ്ടവളെ പ്രാപിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ആന്റണി പൈലോക്കാരന്‍ എന്ന നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ കഥാപാത്രം. ആന്റണി പൈലോക്കാരനെ പോലെ ജനം വെറുത്തുപോയ, ശാപം ചൊരിഞ്ഞ വില്ലന്മാര്‍ സിനിമയില്‍ ചുരുക്കമാണ്. ആ കഥാപാത്രത്തെ അത്ര ആഴത്തില്‍ വെറുക്കുമ്പോള്‍ അത് തിലകന്‍ എന്ന നടന്റെ മഹാവിജയം കൂടിയാണ്. കഥാപാത്രത്തെ എത്ര ആഴത്തില്‍ സമീപിച്ച് അവതരിപ്പിക്കണമെന്നുള്ളതിന്റെ പാഠപുസ്തകമാണ് ആന്റണി പൈലോക്കാരന്‍.

കിരീടത്തില്‍ നിന്റെ അച്ഛനാടാ പറയുന്നെ കത്തിതാഴെയിടടാ എന്ന് തിലകന്‍ ഓരോ തവണയും ആവര്‍ത്തിച്ചു പറയുമ്പോള്‍ പോലീസുകാരന്റെ ആജ്ഞയും, അച്ഛന്റെ അധികാരവും കടന്ന് നിസ്സഹായാവസ്ഥയുടെ നേര്‍രൂപമായി വൈകാരിക തലം മാറിമാറിവരുന്നു. കര്‍ക്കശക്കാരനായ ചാക്കോ മാഷിനെ കാണുമ്പോള്‍ അതില്‍ തിലകനില്ല. ചാക്കോ മാഷ് മാത്രമേയുള്ളൂ. സ്വന്തം അച്ഛനെ തന്നെയാണ് തിലകന്‍ ചാക്കോ മാഷില്‍ അവതരിപ്പിച്ചതെന്ന് സംശയിക്കാം. അഭിനയത്തികവിന് തിലകന്റെ സാക്ഷ്യപത്രമാണ് ചാക്കോ മാഷ്. രണ്ടാംഭാവം, കര്‍മ്മ എന്നീ ചിത്രങ്ങളില്‍ അധോലോക നായകനായി തിലകന്‍ വിലസി. അതേ സമയം ക്രൂരതയുടെ പര്യായമായി കണ്ടിട്ടുള്ള കള്ളക്കടത്തുകാരന്‍ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ചതിന്റെ ഉദാഹരണമാണ് അനന്തന്‍ നമ്പ്യാര്‍ എന്ന പേടിത്തൊണ്ടനായ കള്ളക്കടത്തുകാരന്റെ വേഷം. അതില്‍ ശ്രിനീവാസനൊപ്പം വേഷപ്രച്ഛനനായി പോകുന്ന തിലകന്‍ ഇന്നും എന്നും ചിരിപടര്‍ത്തും. ആരംഗത്തില്‍ തിലകന്റെ ശബ്ദവിന്യാസവും എത്ര മനോഹരമാണ്. പോരെങ്കില്‍ ചക്കിക്കൊത്ത ചങ്കരനിലെ രാഘവന്‍ തമ്പിയും മൂക്കില്ലാത്ത രാജ്യത്തിലെ ഭ്രാന്തനും തിലകന് തമാശയും വഴങ്ങുമോ എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളാണ്. സിദ്ദിഖ് ലാല്‍ ചിത്രമായ ഗോഡ്ഫാദര്‍ ഒരേ സമയം കോമഡിയും എന്നാല്‍ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വൈരുധ്യത്തിന്റെയം കഥയാണ്. അതില്‍ ഏറ്റവും ശക്തമായ വേഷം തിലകന്‍ അവതരിപ്പിച്ച ബാലരാമനായിരുന്നു.

വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമ സമാനതകളില്ലാത്ത അഭിനയത്തികവിന്റെ പര്യായമാണ്. അപ്പനാണോ മകനാണോ മികച്ച നടന്‍ എന്ന ചോദ്യവുമായി ചിത്രത്തിന്റെ അന്ത്യരംഗത്തൊരു ഡയലോഗുണ്ട്.' ഇപ്പഴാടാ നീയൊരു നായകനായതെന്ന് തിലകന്‍ പറയുമ്പോള്‍ പക്ഷേ നല്ലനടന്‍ ഇപ്പോഴും അപ്പന്‍ തന്നെയാണെന്ന് ജയറാമിന്റെ മറുപടി' കൊച്ചുതോമയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കൂടിയാണ്. അഭിനയത്തിനൊപ്പം തിലകന്റെ ഏറ്റവും വലിയ സംഭാവനയാണ് അനുഗ്രഹീത തിരക്കഥാകൃത്ത് ലോഹിതദാസിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തി എന്നത്.

Content Highlights: Thilakan actor 10th death anniversary Remembering legendry actor, thilakan films, characters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented