വേട്ടക്കാരനും ഇരയും തമ്മിൽ ഒരു ബന്ധമുണ്ട്. അഴിക്കാനാവാത്ത, നിർവചിക്കാനാവാത്ത ഒരു ദൃഢബന്ധം. ജീവജാലങ്ങളുടെ ലോകത്തു നിന്ന് അതിനെ ഒപ്പിയെടുക്കുകയാണ് ബി.ബി.സി.

ഏഴ്‌ ഭാഗങ്ങളിലായി ഇരയെയും വേട്ടക്കാരനെയും കുറിച്ച് ബി.ബി.സി. നിർമിക്കുന്ന ഒരു ഡോക്യുമെൻററി പരമ്പരയാണ് ‘ദി ഹണ്ട്’. ഇത് അവതരിപ്പിക്കുന്നത് പ്രകൃതിസ്നേഹിയായ ഡേവിഡ് ആറ്റൺബറോയും. 

ഇരയും വേട്ടക്കാരനും തമ്മിലുള്ള ചോരമണക്കുന്ന ബന്ധത്തെ കാഴ്ചക്കാരിലേക്ക് പകരാനാണ് ഡോക്യുമെന്ററിയുടെ ശ്രമം. ഓരോ ഇരയെയും ഭക്ഷണമാക്കാൻ വേണ്ടി കുരുക്കാൻ ഓരോ വേട്ടക്കാരനും മെനയുന്ന തന്ത്രങ്ങൾ, അതിൽ നിന്ന്, അഥവാ മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓരോ ഇരയും നടത്തുന്ന മറു തന്ത്രങ്ങൾ.അതാണ് ഹണ്ടിന്റെ വന്യത. പക്ഷേ ചോരപുരണ്ട കാഴ്ചകളുടെ രൗദ്രതയല്ല,ഇരയും വേട്ടക്കാരനും തമ്മിൽ ബുദ്ധികൊണ്ടും ശരീരം കൊണ്ടുമുള്ള പോരാട്ടത്തിന്റെ അതിശയിപ്പിക്കുന്ന കാഴ്ചകളാണ് ഇതിൽ കാണാനാകുക. അതുകൊണ്ടുതന്നെ കാഴ്ച ഇവിടെയൊരു അനുഭവമാകുന്നു.പ്രകൃതിയിൽ ഓരോ നിമിഷവും നടക്കുന്ന ഈ മത്സരങ്ങളെ വിവിധ ഭൂപ്രകൃതികളിലേക്ക് കടന്നുചെന്ന് ക്യാമറയിലാക്കിയത് എമ്മി അവാർഡ് ജേതാവ് കൂടിയായ അലസ്റ്റെയർ ഫോതർഗിൽ ആണ്.

ഹണ്ട് (വേട്ട) എന്ന വാക്ക് എന്താണ് നമ്മിൽ ഉണർത്തുന്നത്? രക്തംനിറഞ്ഞ ഹിംസ. പക്ഷേ ആദ്യ ഭാഗത്തിൽത്തന്നെ ആറ്റൻബറോ പറയുന്നു: ‘വേട്ടക്കാർ കൂടുതൽ സമയവും പരാജിതരാണ്. ഭൂരിഭാഗം ശ്രമങ്ങളിലും അവർ പരാജയപ്പെട്ടേ മതിയാകൂ എന്നതാണ്‌ പ്രകൃതി നിയമം.’ ഇതിന്റെ ഉദാഹരണമെന്നോണം ഒരു പുലിയുടെ വേട്ടയ്ക്കുള്ള അതികഠിനമായ ശ്രമങ്ങളെ മനോഹരമായി ആദ്യ ഭാഗത്തിൽത്തന്നെ നമ്മളിൽ എത്തിക്കുന്നു ബിബിസി. കഠിനാധ്വാനം ചെയ്തേ മതിയാകൂ ഈ പുലിക്ക്‌. കാരണം മണംകൊണ്ട്, നിറംകൊണ്ട്, അനക്കംകൊണ്ട് ഇര അവനെ തിരിച്ചറിയുകയും രക്ഷപ്പെടുകയും ചെയ്യും. 

ഒരു മുതലയ്ക്ക് തന്റെ ഇരയെ പിടിക്കാൻ മണിക്കൂറുകളോളം ഒരു തടിക്കഷണം എന്നോണം വെള്ളത്തിൽ അനങ്ങാതെ കിടക്കേണ്ടി വരും. ഇങ്ങനെ ഓരോ വേട്ടക്കാരനും നേരിടേണ്ടി വരുന്ന പ്രയാസങ്ങൾ നിരവധിയാണ്. അതുകൊണ്ടുതന്നെ പരാജയസാധ്യത കൂടുതലും. പ്രകൃതിയുടെ മുന്നിൽ വില്ലനും നായകനും അല്ലെങ്കിൽ വേട്ടക്കാരനും ഇരയും ഇല്ല. അവസാനം എങ്ങനെ എന്ന്‌ പ്രവചിക്കാനാവാത്ത തീവ്രയത്നം മാത്രമേ ഉള്ളു. അത്തരം ചില നാടകീയ മുഹൂർത്തങ്ങളിലേക്ക്‌ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു എന്നതാണ്‌ ഈ പരമ്പരയുടെ വിജയം.ആദ്യഭാഗത്ത് ഒരു പുലി ഒരു മാനിനെ പിടിക്കാനുള്ള ശ്രമം നടത്തുന്നു. തങ്ങളുടെ ഇരകളെ ബഹുദൂരം പിന്തുടർന്ന് തളർത്തുന്ന വേട്ടപ്പട്ടികൾ, ഇരയ്ക്കു വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന നൈൽ മുതലകൾ, വലിയ തിമിംഗലങ്ങളെ കൂട്ടമായി പിന്തുടർന്ന് വേട്ടയാടുന്ന കൊലയാളി തിമിംഗലങ്ങൾ എന്നിവയെയും കാണിക്കുന്നുണ്ട്. ഇത്രയൊക്കെ തന്ത്രങ്ങൾ മെനയുമ്പോഴും ഒരുകാര്യം തീർച്ച. പലപ്പോഴും വിജയം ഇരയ്ക്ക് തന്നെ.

രണ്ടാം ഭാഗത്തിൽ കാണിക്കുന്നത് പ്രധാനമായും ആർട്ടിക്കിലെ വേട്ടക്കാരെയാണ്. ഇവിടെ തന്ത്രങ്ങൾ പിഴയ്ക്കുവാൻ ഒരു പ്രധാന കാരണം മാറിമാറി വരുന്ന കാലാവസ്ഥയാണ്. മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച്‌ തന്ത്രങ്ങളും മാറണം. ആർട്ടിക്കിലെ ചെന്നായ്, കുറുക്കൻ, പോളാർ കരടികൾ എന്നിവയൊക്കെ തന്ത്രങ്ങൾ മാറിമാറി പരീക്ഷിക്കുന്നതിൽ വിദഗ്ദ്ധരാണ്. എന്നാലും പ്രകൃതിയുടെ നിയമം ഇവർക്കും ബാധകമാണ്. പലപ്പോഴും തോൽവി വേട്ടക്കാരന് തന്നെ.

മൂന്നാം ഭാഗത്തിൽ കാട്ടിനുള്ളിലെ ഒളിച്ചുകളിയാണ്. കടുവകൾ മുതൽ ആകാശത്ത്‌ വട്ടമിട്ട് പറക്കുന്ന  വലിയ പക്ഷികൾ വരെ അനുഭവിക്കുന്നത് ഒരേ പ്രശ്നം തന്നെ. ഇടതിങ്ങിയ കാട്ടിനുള്ളിൽ നിന്നും ഇരയെ കണ്ടെത്തുക. ഓർക്കുക കരയുടെ മൂന്നിലൊന്ന് വരുന്ന കാട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് ജീവജാലങ്ങളിൽ പകുതിയാണ്‌.അനന്തമെന്ന് നമുക്ക് തോന്നുന്ന കടൽ, ഭൂമിയുടെ പകുതി തന്നെ അപഹരിച്ചിരിക്കുന്നു. എന്നിരുന്നാലും ജീവജാലങ്ങൾക്ക് വസിക്കാൻ കഴിയുന്ന ഭാഗങ്ങൾ വളരെ കുറവ് മാത്രം. അനന്തമായ അന്വേഷണങ്ങൾ ആണ് ഈ മേഖലയിലെ വേട്ടക്കാരന്റെ പ്രധാന ആയുധം. നീലത്തിമിംഗലം, സ്രാവ്, കടൽ സിംഹം, ഡോൾഫിൻ ആൽബട്രോസ് പോലുള്ള പക്ഷികൾ എന്നിവയൊക്കെ വേട്ടക്കാരന്റെ വേഷമണിയുന്നു കടലിൽ. എന്നിരുന്നാലും വിശ്രമമില്ലാത്ത അന്വേഷണവും യാത്രയും കൊണ്ടാണ് അവയൊക്കെ വിജയിക്കുന്നത്. നാലാം ഭാഗം നിറഞ്ഞു നിൽക്കുന്നത് കടലിലെ വേട്ട തന്നെ.

അഞ്ചാം ഭാഗത്ത് കാണുന്നത് തുറന്നു കിടക്കുന്ന യുദ്ധഭൂമിയാണ്. കാരണം കരയുടെ പകുതി മരുഭൂമികളും പുൽമേടുകളും നിറഞ്ഞതാണ്. ഇവിടെ വേട്ടക്കാരന് തൻറെ ഇരയെ നന്നായി കാണാം. തിരിച്ചും അങ്ങനെ തന്നെ. അതുകൊണ്ട് പരാജയസാധ്യത ഇരുകൂട്ടർക്കുമാണ്. ഇവിടെ അപ്രതീക്ഷിത നീക്കങ്ങൾക്കാണ് മുൻതൂക്കം. അവസരങ്ങൾ വളരെ കുറവ് മാത്രം.

കിറുകൃത്യമായ കണക്കുകൂട്ടലുകൾ വേണ്ട വേട്ടയിടങ്ങളാണ് നദീതടങ്ങളും കടൽക്കരകളും.  ഇവിടെ ഒരു പ്രത്യേകത ഉണ്ട്. വേട്ടക്കാരൻ സ്വയം ഇരയായി മാറുന്നത് അറിയുന്നുണ്ടാകില്ല. കാരണം ആകാശത്തും കരയിലും വെള്ളത്തിലും വേട്ടക്കാരനുണ്ട്. അതേസമയം അവൻ ഇരയുമാണ്. കരയോടടുത്ത് മീൻ പിടിക്കാൻ വരുന്ന ഡോൾഫിൻ അപകടത്തിലേക്കു തന്നെ ഊളിയിടുകയാണ്. മീൻ പിടിക്കാൻ നദിക്കരയിൽ കാത്തിരിക്കുന്ന ചെറിയ വേട്ടമൃഗങ്ങൾ നദിയിലുള്ള മുതലകളെയും ചീങ്കണ്ണികളെയും കാണുന്നില്ല. മുയലിനെ പിടിക്കാൻ കാത്തിരിക്കുന്ന കാട്ടുപൂച്ചയെ ലക്ഷ്യമിട്ട് ആകാശത്തൊരു പരുന്ത് പറക്കുന്നുണ്ട്. ആറാം ഭാഗത്ത് ഇവരെ കുറിച്ച്‌ പ്രതിപാദിക്കുന്നു.

ഏഴാം ഭാഗം കവിത പോലെ അതിസുന്ദരം. നാശത്തിലേക്ക്‌ അതിവേഗത്തിൽ നീങ്ങുന്ന ഈ വേട്ടക്കാരെ സംരക്ഷിക്കുന്നവരാണതിൽ. ശാസ്ത്രജ്ഞർ മുതൽ സംരക്ഷണ കേന്ദ്രത്തിലെ ജോലിക്കാർ വരെ. അവർ നിതാന്ത ജാഗ്രതയിലാണ്. നിരന്തരം കഠിനാധ്വാനത്തിലും. അഞ്ച്‌ ഭൂഖണ്ഡങ്ങളിൽ സഞ്ചരിച്ച്‌ സിംഹം, കടുവ, പോളാർ കരടി, നീല തിമിംഗലം തുടങ്ങിയവയെ സംരക്ഷിക്കുന്നവരെ കണ്ടെത്തി, അവരെ അവതരിപ്പിക്കുകയാണ് ഈ ഭാഗത്ത്. കാരണം പ്രകൃതിയിൽ മാംസഭുക്കുകളായി ഉണ്ടായിരുന്ന ജീവികളിൽ മൂന്നിലൊന്ന് ഭാഗം നാശത്തിലേക്ക്‌ പോകുന്നത് മനുഷ്യന്‌ തടഞ്ഞല്ലേ പറ്റൂ.

പ്രധാന പ്രൊഡ്യൂസർ അലസ്റ്റെയർ ഫോതർഗിൽ ആണെങ്കിലും സീരീസ് പ്രൊഡ്യൂസർ ഹുവ് കോർഡെ ആണ്. ഗവേഷണ വിഭാഗം ഇല്ലേയ്റ മല്ലലിയൂവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. സോഫി ഡാർലിംഗ്ടൺ, മാർക്ക് സ്മിത്ത്, ജോൺ എയിച്ചിസ്സൺ, ജാമീ മക്ഫേഴ്സൺ, ഡഗ് ആൻഡേഴ്സൺ എന്നിവർ ക്യാമറ കൈകാര്യം ചെയ്തു. ഏഴ്‌ ഭാഗങ്ങളിലായി അറുപത് എപ്പിസോഡുകളാണുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 2015 നവംബർ മുതൽ കാണിച്ചുവരുന്നു. ബി.ബി.സി. അമേരിക്ക ജൂലായ്‌ മുതൽ കാണിച്ചു തുടങ്ങി. ബ്ലൂ റേ ഡിസ്ക് ആയും ഡിവിഡി ആയും ലഭ്യമാണ്.

lekshmiprabha28@gmail.com