തീയേറ്ററുകൾ തുറക്കുന്നതോടെ വെള്ളിത്തിരയിലേക്ക് എത്തുന്നത് ഇരുപത്തഞ്ചിലധികം പുത്തൻ ചിത്രങ്ങൾ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് തിയേറ്ററുകൾ തുറക്കാം എന്ന സർക്കാർ ഉത്തരവ് സിനിമാലോകത്തിന് പുത്തൻ ഉണർവാണ് നൽകുന്നത്. 2020 മാർച്ചിൽ പ്രദർശനത്തിനൊരുങ്ങിയ മലയളത്തിലെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം ഉൾപ്പെടെ സിനിമകളുടെ വലിയ നിര തന്നെ തിയേറ്റർ റിലീസിനായി കാത്തുനിൽക്കുന്നുണ്ട്. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ വിശേഷങ്ങളിലേക്ക്...

മരയ്ക്കാരും മുഖ്യമന്ത്രിയും

100 കോടി രൂപ ചെലവിട്ട് മോഹൻലാൽ-പ്രിയദർശൻ ടീം ഒരുക്കിയ 'മരയ്ക്കാർ-അറബിക്കടലിന്റെ സിംഹം' 2020 മാർച്ച് 26നായിരുന്നു റിലീസ് നിശ്ചയിച്ചത്. കോവിഡിന്റെ ക്ഷീണം മറികടന്ന് തിയേറ്ററുകളെ വീണ്ടും ഉത്സവപ്പറമ്പാക്കാൻ ഇതുപോലൊരു മാസ് ചിത്രത്തിനേ സാധിക്കൂ എന്ന് സിനിമാ പ്രവർത്തകർ കരുതുന്നു. ഇടവേളയ്ക്ക് ശേഷം പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ആദ്യസിനിമയായി മരയ്ക്കാർ മാറാൻ സാധ്യതകളേറെ. ജീത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം ദൃശ്യം-2വും (ഒ.ടി.ടി.) റിലീസിന് സമയം കാത്തിരിക്കുകയാണ്.

2020 മാർച്ച് 22ന് തീയേറ്ററുകളിലെത്തേണ്ട മമ്മൂട്ടി ചിത്രം 'വൺ' പ്രേക്ഷകപ്രതീക്ഷകളെ വാനോളം വളർത്തുന്നുണ്ട്. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ വേഷത്തിൽ മമ്മൂട്ടിയെത്തുന്ന സിനിമയുടെ സംവിധാനം സന്തോഷ് വിശ്വനാഥാണ്. തിരക്കഥ ബോബി-സഞ്ജയ്. തിയേറ്ററുകൾ വീണ്ടും തുറന്നാൽ ആദ്യമെത്തുന്ന മമ്മൂട്ടി ചിത്രം 'വൺ' തന്നെയായിരിക്കും. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' എന്ന ചിത്രവും അണിയറയിൽ ഒരുങ്ങിനിൽക്കുന്നു. 2020 ജൂലായ് 31ന് ഈദ് റിലീസായി നിശ്ചയിക്കപ്പെട്ടിരുന്ന 'ദി പ്രീസ്റ്റി'ന് മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

കാവലായി കേശു

2020 ജനുവരിയിൽ തുടങ്ങിയ 'കാവൽ' എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് കാരണം മുടങ്ങിയിരുന്നു. ചിത്രീകരണം പുനരാരംഭിച്ച ചിത്രത്തിന്റെ ജോലികളെല്ലാം ഇപ്പോൾ പൂർത്തിയായി. നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'കാവൽ' ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയാണ്. തിയേറ്ററുകൾ തുറക്കുന്ന ആദ്യമാസം തന്നെ 'കാവൽ' പ്രേക്ഷകർക്ക് മുന്നിലെത്തും. 'കേശു ഈ വീടിന്റെ നാഥ'നാണ് റിലീസ് പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു ചിത്രം. ദിലീപും ഉർവശിയും ജോഡികളാകുന്ന ഈ നാദിർഷ സിനിമ കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ടതായിരുന്നു.

കോൾഡ് കേസും ജനഗണമനയും

ബ്ലസിയുടെ ആടുജീവിതം ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് 2021ൽ തീയേറ്ററുകൾ പ്രതീക്ഷിക്കുന്നത്. 'ക്വീൻ' സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ 'ജനഗണമന'യും നവാഗതസംവിധായകൻ തനു ബാലക്കിന്റെ 'കോൾഡ് കേസും'. രണ്ടും റിലീസിനൊരുങ്ങിനിൽപ്പാണ്. 'ജനഗണമന'യുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിനും സംവിധായകൻ ഡിജോയ്ക്കും കോവിഡ് ബാധിച്ചത് വലിയ വാർത്തയായിരുന്നു. കുറ്റാന്വേഷണത്തിന്റെ കഥ പറയുന്ന 'കോൾഡ് കേസി'ൽ അസിസ്റ്റന്റ് കമ്മീഷണർ സത്യജിത്തിന്റെ വേഷമാണ് പൃഥ്വിരാജിന്. രണ്ട് സിനിമകളിൽ ഏതാകും ആദ്യം തിയേറ്ററിലെത്തുക എന്നത് വ്യക്തമല്ല.

മാലിക്കും തുറമുഖവും

ടേക്ക് ഓഫിന് ശേഷം സംവിധായകൻ മഹേഷ് നാരായണനും ഫഹദ്ഫാസിലും ഒന്നിക്കുന്ന സിനിമയാണ് 'മാലിക്ക്'. ആന്റോ ജോസഫ് നിർമിച്ച ഈ മെഗാബജറ്റ് ചിത്രം 2020 വിഷു റിലീസായി തീരുമാനിച്ചതായിരുന്നു. ഒരു വർഷത്തിലേറെ വൈകി 2021 മേയ് 13ന് ചിത്രം തിയേറ്ററുകളിലെത്തിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രം കൂടിയാണ് മാലിക്ക്. നവാഗതനായ നസീഫ് യൂസഫ് ഇസുദ്ദീൻ സംവിധാനം ചെയ്യുന്ന 'ഇരുൾ' ആണ് ഫഹദിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം. സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരും സിനിമയിൽ വേഷമിടുന്നു.

രാജീവ് രവി ഒരുക്കിയ 'തുറമുഖ'മാവും ലോക്ക്ഡൗണിന് ശേഷം ആദ്യം തിയേറ്ററിലെത്തുന്ന നിവിൻപോളി ചിത്രം. 1950കളിൽ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരേ നടന്ന തൊഴിലാളി മുന്നേറ്റമാണ് സിനിമയുടെ പശ്ചാത്തലം. സണ്ണി വെയ്ൻ നിർമിച്ച് നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത 'പടവെട്ട്' എന്ന നിവിൻ പോളി ചിത്രത്തിന്റെ അന്തിമഘട്ട ജോലികളും നടക്കുന്നു. ബേസിൽ ജോസഫ് ഒരുക്കുന്ന 'മിന്നൽ മുരളി', വി.എസ്. രോഹിത്തിന്റെ 'കള' എന്നിവയാണ് ടൊവിനോ തോമസിന്റെ ഉടൻ പുറത്തിറങ്ങാനുള്ള സിനിമകൾ. ക്യാപ്റ്റൻ എന്ന ആദ്യചിത്രത്തിലൂടെ ശ്രദ്ധേയനായ ജി. പ്രജേഷ്സെൻ ഒരുക്കുന്ന 'വെള്ളം', രഞ്ജിത്ത് ശങ്കറിന്റെ 'സണ്ണി' എന്നിവയാണ് തിയേറ്ററുകളിലെത്താനുളള ജയസൂര്യ ചിത്രങ്ങൾ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'കുറുപ്പ്' ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും നിർമാതാക്കൾ തന്നെ അത് നിഷേധിച്ചിട്ടുണ്ട്. തിയേറ്ററുകൾ തുറക്കുന്ന മുറയ്ക്ക് 'കുറുപ്പും' തിരശ്ശീലയിലെത്തും. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രണവ്മോഹൻലാൽ-കല്യാണി പ്രിയദർശൻ ചിത്രം ഹൃദയ മാണ് പ്രതീക്ഷനൽകുന്ന മറ്റൊരു സിനിമ.

ഇനിയുമുണ്ട് ചിത്രങ്ങൾ

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയാണ് 2021ലെത്തുന്ന മറ്റൊരു ചിത്രം. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന സിനിമ നിർമിച്ചിരിക്കുന്നത് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ്. കുഞ്ചാക്കോ ബോബനെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി അപ്പു ഭട്ടതിരി സംവിധാനം ചെയത 'നിഴലും' ഈ വർഷം തിയേറ്ററുകളിലെത്തും. സൂപ്പര്‍ഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാണെക്കാണെ.  
ടോവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും, ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കാണെക്കാണെ. 1983, ക്വീന്‍ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീംകാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീന്‍ നിര്‍മിക്കുന്ന ചിത്രമാണ് കാണെക്കാണെ. പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  ഷബീര്‍ പെരിന്തല്‍മണ്ണ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യന്‍.പി ആർ ഒ മഞ്ജു ഗോപിനാഥ്, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്.  'ആസ് യു വാച്ച്' എന്ന ടാഗ്ലൈനോടുകൂടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വ്യത്യസ്ഥത കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

മഞ്ജുവാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന സന്തോഷ് ശിവൻ ചിത്രം 'ജാക്ക് ആൻഡ് ജിൽ', ആർ.ജെ. മാത്തുക്കുട്ടി ഒരുക്കുന്ന ആസിഫലി ചിത്രം 'കുഞ്ഞെൽദോ', പാർവതി തിരുവോത്തിനെ നായികയാക്കി സിദ്ധാർഥ് ശിവ സംവിധാനം ചെയ്ത 'വർത്തമാനം', ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹൻ ഒരുക്കുന്ന 'മേപ്പടിയാൻ', സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ',സണ്ണി വെയ്ൻ ചിത്രം അനുഗ്രഹീതൻ  ആന്റണി,ജയസൂര്യയുടെ  വെള്ളം,സിജു വിൽസൺ  നായകനാകുന്ന വരയൻ , അനൂപ് മേനോൻ സംവിധാനം ചെയ്ത് അനൂപും രഞ്ജിത്തും മുഖ്യവേഷങ്ങളിലെത്തുന്ന 'കിങ് ഫിഷ്' എന്നിവയാണ് റിലീസിനൊരുങ്ങി നിൽക്കുന്ന മറ്റ് പ്രധാന ചിത്രങ്ങൾ.

നഷ്ടപ്പെട്ടത് 1000 കോടി

കോവിഡ് കാലത്തെ അടച്ചിടൽ മലയാള സിനിമയ്ക്ക് വരുത്തിയ നഷ്ടം എത്രയാണ്? ഏതാണ്ട് ആയിരം കോടി രൂപയ്ക്ക് മുകളിൽ വരുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. 2020 മാർച്ച് നാലിനാണ് ഏറ്റവുമൊടുവിൽ സിനിമ തിയേറ്ററുകളിലെത്തിയത്. കപ്പേള, ടു സ്റ്റേറ്റ്സ്, കോഴിപ്പോര്, വർക്കി എന്നീ ചിത്രങ്ങൾ ആ വെള്ളിയാഴ്ച റിലീസ് ചെയ്തു. കോവിഡ് ഭീതി പിടിമുറുക്കിയതോടെ ഈ സിനിമകളുടെ പ്രദർശനം അവസാനിപ്പിക്കേണ്ടിവന്നു. മാർച്ച് 10 മുതൽ പിന്നീടിങ്ങോട്ടുളള ഒമ്പത് മാസങ്ങൾ അടച്ചിരിപ്പിന്റേതായിരുന്നു. ഇതിനിടയിൽ വിഷു,ഈസ്റ്റർ,ഓണം,ക്രിസ്മസ് സീസണുകൾ കടന്നുപോയി. വിഷു, ഈസ്റ്റർ റിലീസുകൾ മുടങ്ങിയത് കൊണ്ട് മാത്രമുണ്ടായ നഷ്ടം 300 കോടി വരും എന്ന് അന്ന് കണക്കാക്കപ്പെട്ടിരുന്നു. അതോടൊപ്പം ഓണം, ക്രിസ്മസ് സീസണുകൾ കൂടി ഇല്ലാതായതോടെ നഷ്ടം ആയിരം കോടി കടക്കുമെന്ന് നിർമാതാക്കളും വിതരണക്കാരും പറയുന്നു.

Content Highlights : Theatres Reopening After nine months New Movie Releases Marakkar One Kaval Nizhal Cold Case