'നിങ്ങളുടെ ജീവിതത്തേക്കുറിച്ച് ഏറ്റവും നന്നായി അറിയാവുന്നയാൾ നിങ്ങളേക്കാൾ അധികം പ്രായവ്യത്യാസമില്ലാത്ത സ്വന്തം സഹോദരനായിരിക്കും . നിങ്ങൾ ആരാണെന്നും എന്താണെന്നും ലോകത്ത് ആരെയുംകാൾ കൂടുതൽ അറിയുക അയാൾക്കായിരിക്കും' - ആൽവിൻ സ്ട്രെയിറ്റ് - 'ദ സ്ട്രെയിറ്റ് സ്റ്റോറി.'

നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ളതല്ലേ ഒന്നോ രണ്ടോ വയസ്സിന് മൂത്തതോ ഇളയതോ ആയ സഹോദരനുമായുള്ള ആത്മബന്ധം. പലപ്പോഴും നമ്മുടെ അടുത്ത സുഹൃത്ത് ഈ ചേട്ടനോ അനുജനോ ആയിരിക്കും. ഒന്നിച്ച് തോട്ടിൽ മീൻ പിടിക്കാൻ പോവുകയും പാടത്തെ തവളയ്ക്ക് കല്ലെറിയുകയും വീട്ടുകാരറിയാതെ സെക്കൻഡ് ഷോയ്ക്ക് ചാടിപ്പോവുകയും രാത്രി മാനത്തെ നക്ഷത്രങ്ങളെ നോക്കികിടന്ന് സ്വപ്നം കാണുകയും ചെയ്ത സഹോദരൻ.

ഇങ്ങനെയുള്ള രണ്ടു സഹോദരങ്ങൾ വാർധക്യത്തിൽ ചില കാരണങ്ങൾ പറഞ്ഞു പിണങ്ങുന്നു. അവർ പരസ്പരം സംസാരിച്ചിട്ട് പത്തുവർഷത്തോളമായി. ഇവരിലെ മൂത്തയാൾക്ക് സ്ട്രോക്ക് വന്നുവെന്ന വാർത്തയറിഞ്ഞ് 73-കാരനായ അനുജൻ ആൽവിൻ സ്ട്രെയ്റ്റ് ചേട്ടനെക്കാണാനായി ഒരു മോവിങ് മെഷീനിൽ (പുല്ലുവെട്ട്യന്ത്രം) നടത്തിയ യഥാർത്ഥ യാത്രയാണ് ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ 'ദ സ്ട്രെയ്റ്റസ്റ്റോറി'യെന്ന ഹോളിവുഡ് സിനിമയുടെ ആധാരം. ആൽവിൻ സട്രെയ്റ്റായി റിച്ചാർഡ് ഫ്രാൻസ്വർ്ത്തും ലീലായി ഹാരി ഡെൻ സ്റ്റാന്റണുമാണ് വേഷമിട്ടത്.

യാത്രയെന്നു പറഞ്ഞാൽ അത്ര ചെറിയ യാത്രയൊന്നുമല്ല. അമേരിക്കയിലെ അയോവ സംസ്ഥാനത്തെ ലോറൻസിലാണ് അനുജൻ ആൽവിന്റെ താമസസ്ഥലം. ചേട്ടൻ ലൈൽ അടുത്ത സംസ്ഥാനമായ വിസകോൻസിനിലെ മൗണ്ട് സയോണിലും. നടക്കാൻ ബുദ്ധിമുട്ടും കാഴ്ചക്കുറവുമുണ്ടെങ്കിലും ഇതൊന്നും 390 കിലോമീറ്റർ യാത്ര ചെയ്ത് സഹോദരനെ കാണുകയെന്ന തീരുമാനമെടുക്കുന്നതിൽ നിന്ന് ആൽവിനെ തടസ്സപ്പെടുത്തുന്നില്ല.

73-ാം വയസ്സിൽ ആൽവിന് ഡ്രൈവിങ് ലൈസൻസ് കിട്ടില്ല. അതിനാലാണ് പുല്ലുവെട്ടി യന്ത്രത്തെ ആശ്രയിച്ചത്. അതിൽ ഒരു ട്രെയ്ലറും ഘടിപ്പിച്ച് തുടങ്ങിയ യാത്ര ആദ്യ ഘട്ടത്തിൽ പരാജയപ്പെടുകയാണ്. പ്രായത്തെയും അവശതകളെയും തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം  കൈമുതലായുള്ളയാളാണ് ആൽവിൻ. അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ ' എ സ്റ്റബൺ മേൻ '. പക്ഷേ രണ്ടാം ശ്രമത്തിൽ ആഴ്ചകൾ നീണ്ട യാത്രയ്ക്കൊടുവിൽ അയാൾ ലക്ഷ്യം കാണുകയാണ്. ഈ യാത്രയിൽ ആൽവിൻ കണ്ടുമുട്ടുന്ന മനുഷ്യരുടെയും കടന്നു പോകുന്ന പ്രകൃതിയുടെയുമെല്ലാം ആകെത്തുകയാണ് സ്ട്രെയ്റ്റ് സ്റ്റോറി.

പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമാണ് മിഡ് വെസ്റ്റ് മേഖലയിലുൾപ്പെട്ട അമേരിക്കൻ സംസ്ഥാനങ്ങൾ. മിഡ് വെസ്റ്റിലുൾപ്പെട്ട അയോവയുടെയും വിസ്കൊൻസിന്റെയും സുന്ദര ദൃശ്യങ്ങൾ - നീണ്ടു കിടക്കുന്ന ഗോതമ്പു പാടങ്ങളും ജനവാസമില്ലാത്ത പ്രദേശങ്ങളും മിസിസിപ്പി നദിയും നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും ഗോതമ്പു പാടങ്ങൾക്കു മേലെ ഉദിച്ചുയരുന്ന സൂര്യനും ഇടയ്ക്ക് പെയ്യുന്ന മഴയും കൊടുങ്കാറ്റും ഇടിമിന്നലുമെല്ലാം ആൽവിന്റെ യാത്രയ്ക്ക് അകമ്പടിയാകുകയാണ്.

യാത്രയിൽ ആൽവിൻ കണ്ടു മുട്ടുന്ന നിരവധി ആളുകളുണ്ട്. ജീവിതത്തിന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ആനന്ദം കണ്ടെത്തുന്നവർ. 'നൻമകൾ നിറഞ്ഞ നാട്ടിൻ പുറം' എന്ന നമ്മൾ പറഞ്ഞു തേഞ്ഞ പദമുണ്ടല്ലോ . അത് ഇവിടെ തിളക്കത്തോടെ നിൽക്കുകയാണ്.
യാത്രയിൽ കണ്ടു മുട്ടുന്ന പലരും ആൽവിനിൽ നിന്ന് പലതും പഠിക്കുന്നുണ്ട്. വീട്ടിൽ നിന്ന് ഒളിച്ചോടുന്ന ഗർഭിണി പെൺകുട്ടി വൃദ്ധനുമായുള്ള മനസുതുറന്ന സംഭാഷണത്തോടെ തിരികെ വീട്ടിലേക്ക് മടങ്ങുകയാണ്. യാത്രക്കിടയിൽ അയോവയക്കു കുറുകെയുള്ള വാർഷിക സൈക്കിൾ (റാഗ്ബ്രായി) യാത്രയിൽ പങ്കെടുക്കുന്നവരെ ആൽവിൻ കാണുന്നുണ്ട്. രാത്രി ഇവർക്കൊപ്പം ചിലവഴിക്കുന്ന അദ്ദേഹത്തോട് ഒരു യുവാവ് ചോദിക്കുന്നു'പ്രായമാകുന്നതിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്താണ്? 'ചെറുപ്പകാലത്തെക്കുറിച്ച് ഓർക്കുന്നത് ' എന്നായിരുന്നു ആൽവിന്റെ മറുപടി.

യാത്രയ്ക്കിടെ ലോൺമോവർ കേടാകുമ്പോൾ അദ്ദേഹം പരിചയപ്പെടുന്ന കുടുംബമുണ്ട്. ഒരു അപരിചിതന്റെ ആവശ്യഘട്ടത്തിൽ കൂടെ നിൽക്കുന്ന അവരുടെ മനുഷ്യനൻമ നമ്മുടെ ഹൃദയത്തെ തണുപ്പിക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള സൈനികനാണ് ആൽവിൻ. ലോൺ മോവർ കേടാകുന്ന സ്ഥലത്തുവച്ച് പരിചയപ്പെടുന്ന മറ്റൊരു വൃദ്ധനുമായി ആൽവിൻ മനസ്സു തുറക്കുന്നുണ്ട്. അയാളും ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികനാണ്. ഇതുവരെ തന്റെ മനസ്സിൽ ഒളിപ്പിച്ചിരുന്ന ഒരു രഹസ്യം അയാളോട് വെളിപ്പെടുത്തുന്നുമുണ്ട്.

യാത്രയുടെ അവസാന ഘട്ടത്തിൽ ഒരു കത്തോ്ലിക്കാ ദേവാലയത്തിന്റെ സെമിത്തേരിയിലാണ് ആൽവിൻ രാത്രി ക്യാമ്പ് ചെയ്യുന്നുണ്ട്. അനുവാദം ചോദിക്കാതെ സെമിത്തേരിയിൽ കടന്ന വൃദ്ധന് പുരോഹിതൻ രാത്രിയിലെ ആഹാരവുമായാണെത്തുന്നത്. സംസാരിച്ചു വരുമ്പോൾ പുരോഹിതന് ആൽവിന്റെ സഹോദരൻ ലീലിനെ പരിചയമുണ്ട്.

പുരോഹിതനോട് ആൽവിൻ പറയുന്നു 'ലീലിനെ കാണണം. പഴയതു പോലെ ഒരുമിച്ചിരുന്ന് രാത്രി നക്ഷത്രങ്ങളെ കാണണം'.പറയുക മാത്രമല്ല യാത്രയിൽ വീണ്ടും പ്രതിബന്ധമുണ്ടായിട്ടും ആൽവിൻ ലക്ഷ്യസ്ഥാനത്തെത്തി. ലീലിനൊപ്പമിരുന്ന് നക്ഷത്രങളെ കാണുകയും ചെയ്തു.
സറിയലിസ്റ്റ് സിനിമകളുടെ സംവിധാകയനായ ഡേവിഡ് ലിഞ്ചിന്റെ, ജീവിതഗന്ധിയായ സിനിമ എന്ന വിശേഷണാണ് ' ദ സ്ട്രെയ്റ്റ് സ്റ്റോറി'ക്കുള്ളത്. 12 അവാർഡുകളും 29 നോമിനേഷനുകളും ചിത്രം നേടി. ജോൺ റോച്ചും ലിഞ്ചിന്റെ ജീവിത പങ്കാളിയായിരുന്ന സംവിധായിക മേരി സ്വീനിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഫ്രെഡി ഫ്രാൻസിസാണ് ഛായാഗ്രഹണം.

തന്റെ 79-ാം വയസ്സിലാണ് ഫ്രാൻസ് വർത്ത് 'സ്ട്രെയ്റ്റ് സ്റ്റോറി'യിൽ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ അവസാന ചിത്രം. മികച്ച നടനുള്ള അക്കാദമി അവാർഡിന് ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് നോമിനേഷൻ ലഭിച്ചു. മികച്ച നടനുള്ള ഓസ്കാർ നോമിനേഷൻ ലഭിക്കുന്ന ഏ്റ്റവും പ്രായമുള്ള താരമെന്ന ബഹുമതിയാണ് അദ്ദേഹത്തിന് ഇതിലൂടെ സ്വന്തമായത്. എൺപതാം വയസ്സിൽ അദ്ദേഹം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ക്ലാസിക് ചിത്രമെന്ന ഏകകണ്ഠമായ അഭിപ്രായം നേടിയ 'ദ സ്ട്രെയ്റ്റ് സ്റ്റോറി' പക്ഷേ ബോക്സ് ഓഫീസിൽ വിജയമായില്ല. പല നല്ലചിത്രങ്ങളുടെയും ലോകമെങ്ങുമുള്ള ഗതി ഇതു തന്നെയാണല്ലോ.

Content Highlights : The Straight story directed by David Lynch biographical film of Alvin Straight Richard Farnsworth