പാണ്ഡുവും എം.ജി.ആറും
കോവിഡിനോട് പൊരുതിത്തോറ്റ് അരങ്ങൊഴിയുമ്പോള്‍ നടന് പാണ്ഡു ബാക്കിവയ്ക്കുന്നത് വെള്ളിത്തിരയിലെ ഒരുപിടി നല്ല വേഷങ്ങള്‍ മാത്രമല്ല, തമിഴകരാഷ്ട്രീയത്തിലെ ഒരു വലിയ ചരിത്രം കൂടിയാണ്. എം.ജി.ആറിന്റെ കാലം മുതല്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം പ്രവര്‍ത്തകര്‍ അഭിമാനത്തോടെ നെഞ്ചേറ്റി കൊണ്ടുനടക്കുന്ന രണ്ടില ചിഹ്നം രൂപകല്പന ചെയ്തത് എണ്ണമറ്റ ചിത്രങ്ങളിലൂടെ തമിഴരെ ചിരിപ്പിച്ച നടന് പാണ്ഡു എന്ന പാണ്ഡുരംഗനാണ്.
രണ്ടില ചിഹ്നത്തില്‍ മത്സരിച്ച എ.ഐ.എ.ഡി.എം.കെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന് തൊട്ടുപിറകെ പാണ്ഡു കോവിഡിനോട് പൊരുതിത്തോറ്റത് കാലത്തിന്റെ ഒരു യാദൃച്ഛിതകയാകാം. എന്നാല്‍, ഈ രണ്ടില ചിഹ്നത്തിന്റെ പിറവിക്ക് പിന്നില്‍ പണ്ട് പാണ്ഡു പങ്കുവച്ച രസകരമായൊരു കഥയുണ്ട്.
എഴുപതുകളുടെ തുടക്കം. പാണ്ഡു സിനിമയില്‍ ചെറുതും വലുതുമായ കോമഡി വേഷങ്ങള്‍ ചെയ്തു ജീവിക്കുന്ന കാലം. ഒരിക്കല്‍ വീട്ടിലേയ്ക്കൊരു ഫോണ്‍ വന്നു. മറുതലയ്ക്കല്‍ എം.ജി.ആര്. പെട്ടെന്ന് വീട്ടിലേയ്ക്ക് വരണം എന്നതാണ് ആവശ്യം. കലൈഞ്ജര്‍ കരുണാനിധിയുടെ ദ്രാവിഡ മുന്നേറ്റ കഴകവുമായി തെറ്റി എം.ജി.ആര്. പുതിയ പാര്‍ട്ടിക്ക് ജന്മം നല്‍കിയിട്ട് ഏറെയായിട്ടില്ല. തമിഴക രാഷ്ട്രീയം തിളച്ചുമറിയുന്ന കാലം. അല്പം ആശങ്കയോടെയാണ് പാണ്ഡു രാമപുരത്തെ എം.ജി.ആറിന്റെ വീട്ടില്‍ ചെന്നു കയറിയത്.
വീട്ടില്‍ നിറയെ ആളുകള്‍. എങ്ങും കൂടിയാലോചനകളും അടക്കിപ്പിടിച്ച സംസാരങ്ങളും ബഹളവും. ചെന്നപാടെ എം.ജി.ആര് പാണ്ഡുവിനെ അകത്തേയ്ക്ക് കൊണ്ടുപോയി. എന്നിട്ടൊരു ചോദ്യം.
'പാണ്ഡു എന്തെങ്കിലും കഴിച്ചിരുന്നോ.?'
ഇല്ലെന്ന് മറുപടി.
ഉടനെ എം.ജി.ആര് ബിരിയാണിയും കോഴിയുമെല്ലാം ഓര്‍ഡര്‍ ചെയ്തു. എന്നിട്ട് പാണ്ഡുവിനെ വേഗം വീടിന്റെ താഴത്തെ നിലയിലെ മുറിയിലേയ്ക്ക് കൊണ്ടുപോയി. എന്നിട്ട് സ്വരംതാഴ്ത്തി പറഞ്ഞു.
'നമ്മുടെ പാര്‍ട്ടിക്ക് ഒരു ചിഹ്നം വേണം.'

താന്‍ നിര്‍മിച്ച് സംവിധാനം ചെയ്ത ഓള്‍ടൈം ഹിറ്റ് ചിത്രം ഉലകം സുറ്റും വാലിബന്റെ ടൈറ്റില്‍ ചെയ്ത പരിചമുണ്ടായിരുന്നു എം.ജി.ആറിന് പാണ്ഡുവുമായി. ഭാരിച്ചൊരു ഉത്തരവാദിത്തം വിശ്വസിച്ച് ഏല്പിച്ചതിന്റെ കാരണവും ഇതുതന്നെ. പോരാത്തതിന് സഹോദരനും നടനുമായ സെല്‍വരാജ് സന്തതസഹചാരിയുമാണ്.
എന്നാല്‍, പാണ്ഡുവിന് തിരഞ്ഞെടുപ്പ് ചിഹ്നത്തെക്കുറിച്ച് ആദ്യം ഒരു രൂപമുണ്ടായിരുന്നില്ല. ഒടുവില്‍ മാതൃക എം.ജി.ആര് തന്നെ പറഞ്ഞുകൊടുത്തു.
'വിടര്‍ന്നു നില്ക്കുന്ന രണ്ടിലകളായിക്കോട്ടെ. അതില്‍ അണ്ണാദുരൈയും.'
എം.ജി.ആറിന്റെ മനസ്സില്‍ ഈ രണ്ടില വിരിഞ്ഞതിന് പിന്നില്‍ രസകരമായ മറ്റൊരു ഉപകഥയുണ്ട്. പാര്‍ട്ടി രൂപവതകരിച്ചതിനുശേഷം ദിവസങ്ങളായി പാര്‍ട്ടിക്ക് ഡി.എം.കെയുടെ ഉദയസൂര്യനെ വെല്ലുന്ന ഒരു ചിഹ്നം കിട്ടാനുള്ള തലപുകഞ്ഞ ആലോചനയിലായിരുന്നു എം.ജി.ആറും കൂട്ടരും. അങ്ങനെയിരിക്കെ ഒരിക്കല്‍ എം.ജി.ആര് ഒരു ഇറച്ചിക്കട സന്ദര്‍ശിച്ചു. അപ്പോഴാണ് അവിടെ തൂക്കിയിട്ടിരിക്കുന്ന ആടിന്റെ രണ്ട് ശ്വാസകോശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. മനുഷ്യന്റെ ജീവന് നിലനിര്‍ത്തുന്ന ഒന്നാണല്ലോ ശ്വാസകോശം. തലകീഴായി തൂക്കിയിട്ട ഈ ശ്വാസകോശങ്ങള്‍ തിരിച്ചിട്ടാണ് രണ്ടിലയുടെ ആദ്യരൂപം തയ്യാറാക്കിയത്.
വരയ്ക്കാന്‍ രണ്ട് ഇലകളെ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതത്ര എളുപ്പമായിരുന്നില്ല പാണ്ഡുവിന്. ഒരാഴ്ച മുറിയില്‍ നിന്ന് പുറത്തുവിട്ടില്ല എം.ജി.ആര്. ഓരോ തവണ വരയ്ക്കുമ്പോഴും എം.ജി.ആറിനെ വിളിച്ചു കാണിക്കണം. എം.ജി.ആര്. ഭേദഗതി പറയും. പാണ്ഡു പിന്നെയും മാറ്റിവരയ്ക്കും. അങ്ങനെ നാലു തവണ മാറ്റിവരച്ച രൂപമാണ് ഇന്ന് കാണുന്നത്.
അണ്ണാദുരൈയുടെ പേരിലുള്ള പാര്‍ട്ടിയായതിനാല്‍ ചിഹ്നത്തില്‍ അണ്ണയ്ക്ക് വേണ്ട പ്രാധാന്യം വേണമെന്ന കാര്യത്തില്‍ എം.ജി.ആറിന് വലിയ നിഷ്കര്‍ഷയുണ്ടായിരുന്നു. മൗണ്ട് റോഡില്‍ കൈ ചൂണ്ടിനില്ക്കുന്ന അണ്ണാദുരൈയുടെ പ്രതിമയായിരുന്നു തനിക്ക് മാതൃകയെന്ന് പാണ്ഡു ഒരു അഭിമുഖത്തില്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിനുമുണ്ടായിരുന്നു എം.ജി.ആറിന്റെ സരസമായൊരു ഭേദഗതി.
'എം.ആര്. രാധ എനിക്കു നേരെ നിറയൊഴിച്ചത് മതിയായില്ലെ. എന്തിനാണ് അണ്ണയെ കൊണ്ടും എന്നെ വെടിവപ്പിക്കുന്നത്?'
എം.ജി.ആറിന്റെ മുനവച്ച ചോദ്യത്തില്‍ ചിരിയടക്കാന്‍ പാടുപെട്ടു പാണ്ഡു. അങ്ങനെയാണ് ചിഹ്നത്തില്‍ മുകളിലേയ്ക്ക് കൈ ചൂണ്ടിനില്ക്കുന്ന അണ്ണാദുരൈ പ്രത്യക്ഷപ്പെട്ടത്. എന്തായാലും ചിഹ്നം പൂര്‍ത്തിയായശേഷം മാത്രമാണ് പാണ്ഡുവിന് മുറിയില്‍ നിന്നൊരു മോചനമുണ്ടായത്.
രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ പാര്‍ട്ടി ചിഹ്നം രൂപകല്പന ചെയ്ത കാര്യം പാണ്ഡു വീട്ടില്‍ പോലും പറഞ്ഞില്ല. അങ്ങിനെയിരിക്കെ ഒരിക്കല്‍ മറ്റൊരു നിയോഗവുമായി എം.ജി. ആര് വീണ്ടും വിളിക്കുന്നു. ഇക്കുറി പാര്‍ട്ടി പാതകയാണ് വേണ്ടത്. 1977ലെ നിര്‍ണായകമായ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായിരുന്നു ഇത്. എന്തായാലും പാണ്ഡുവിന്റെ ചിഹ്നത്തിനും പതാകയ്ക്കും നല്ല രാശിണ്ടായിരുന്നു. ആദ്യ തിരഞ്ഞെടുതില് തന്നെ എം.ജി.ആറിന്റെ നേതൃത്വത്തില്‍ വന്‍ വിജയം. എം.ജി.ആര് ആദ്യമായി മുഖ്യമന്ത്രിപദമേറ്റു. മരണം വരെ അവിടെ തുടരുകയും ചെയ്തു.
എന്നാല്‍, ചിഹ്നം പോലെ പതാക തയ്യാറാക്കിയ കാര്യവും പാണ്ഡു ലോകത്ത് നിന്ന് മറച്ചുവച്ചു. ഒടുവില്‍ എം.ജി.ആര്. തന്നെയാണ് ഈ അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കിയത്. തിരഞ്ഞെടുപ്പുവിജയം ആഘോഷിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ നന്ദിപ്രകാശനത്തിന്റെ സമയത്താണ് എം.ജി.ആര്. കൊടിയുടെയും ചിഹ്നത്തിന്റെയും കഥ തുറന്നു പറഞ്ഞത്. അന്ന് നന്ദിസൂചകമായി പാണ്ഡുവിന് അഞ്ച് പവന്റെ ഒരു മാല സമ്മാനിക്കുകയും ചെയ്തു ഏഴൈ തോഴന്.
എന്തായാലും ഒരാഴ്ച മുറിയില്‍ അടച്ചിരുന്നു ജന്മം കൊടുത്ത ചിഹ്നം പാഴായില്ല. അത് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന് മാത്രമല്ല, തമിഴക രാഷ്ട്രീയത്തിന്റെ തന്നെ ഒരു ഭാഗമായി. എ.ഐ.എ.ഡി.എം.കെയെ സംബന്ധിച്ചിടത്തോളം അതൊരു വെറും തിരഞ്ഞെടുപ്പ് ചിഹ്നമല്ല. അഭിമാനസ്തംഭം കൂടിയാണ്. അതുകൊണ്ടാണല്ലൊ, എം.ജി.ആറിന്റെയും ജയലളിതയുടെ കാലശേഷം രണ്ടായി പിരിഞ്ഞ വിഭാഗങ്ങള്‍ പാര്‍ട്ടിയിലെ മേല്ക്കൊയ്മയ്ക്കൊപ്പം ഈ ചിഹ്നത്തിനും വേണ്ടി നിയമപരമായും കായികമായും പോരാടിയത്. ആദ്യം ജയലളിതയും ജാനകി രാമചന്ദ്രനും തമ്മിലായിരുന്നു യുദ്ധം. പിന്നെ ഒപി.എസ്, ഇ.പി.എസ് വിഭാഗങ്ങളും ടിടി ദിനകരനും തമ്മില്‍. ചിഹ്നം ഇപ്പോള്‍ പളനിസ്വാമി നേതൃത്വം നല്കുന്ന ഔദ്യോഗിക പക്ഷത്തിന്റെ കൈയില്‍ ഭദ്രമാണ്. തന്റെ ചിഹ്നത്തില്‍ പാര്‍ട്ടി ഒരിക്കല്‍ക്കൂടി ജയിക്കുന്നത് കണ്ട് കണ്ണടയാനുള്ള ഭാഗ്യം മാത്രം പാണ്ഡുവിനുണ്ടായില്ല.
Content Highlights: Actor Pandu, AIADMK symbol Two Leaves MGR Jayalalitha
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..