ദ കേരള സ്‌റ്റോറിയുടെ ജെ.എൻ.യുവിലെ പ്രദർശനം, ചിത്രത്തിന്റെ പോസ്റ്റർ
ദ കേരള സ്റ്റോറി എന്ന സിനിമ ഇന്ത്യയില്‍ ആദ്യമായി ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കപ്പെട്ടു. ജനാധിപത്യ ഇന്ത്യയിലെ അക്കാദമിക് ഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ജെ.എന്‍.യുവിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നിലത്തിരുന്ന് ആ സിനിമ കണ്ടു. ഹാളില്‍ തിങ്ങി നിറഞ്ഞ അറനൂറോളം പേരില്‍ ഒരാളായിരുന്നു ഞാന്‍. കേരളം എന്ന ഇന്ത്യന്‍ സംസ്ഥാനത്തേക്കുറിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ സിനിമ, യഥാര്‍ഥ സംഭവങ്ങളാണ് അടിസ്ഥാനമെന്ന് അണിയറ പ്രവര്‍ത്തകര്‍ നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. എന്നാല്‍, ചിത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്തു വന്ന നിമിഷം മുതല്‍ കേരളത്തിലെ മഹാ ഭൂരിപക്ഷവും പറയുന്നത് ഇതൊരു പ്രൊപ്പഗന്‍ഡ സിനിമയാണ് എന്നും സംഘപരിവാറാണ് ആ പ്രൊപ്പഗന്‍ഡയ്ക്ക് പിന്നില്‍ എന്നുമാണ്. ഈ വാദത്തെ സാധൂകരിക്കുന്നതായിരുന്നു ആദ്യ പ്രദര്‍ശനം.
സിനിമയുടെ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചത് സംഘപരിവാറാണ്. സംഘപരിവാര്‍ സംഘടനയായ എ.ബി.വി.പി. ജെ.എന്‍.യുവില്‍ സാംസ്‌കാരിക ഇടം കണ്ടെത്തുന്ന കൂട്ടായ്മയുടെ പേര് വിവേകാനന്ദ വിചാര്‍ മഞ്ച്. ആ കൂട്ടായ്മയുടെ പേരില്‍ എ.ബി.വി.പി. പരിപാടി സംഘടിപ്പിച്ചു. സിനിമയുടെ സംവിധായകനും നായികയുമെല്ലാം ജെ.എന്‍.യു. കണ്‍വന്‍ഷന്‍ സെന്ററിലെത്തി. ജയ് ശ്രീറാം വിളികളുമായി അറനൂറോളം പേര്‍ സിനിമ പ്രദര്‍ശനത്തിനായി കാത്തിരുന്നു. മുതിര്‍ന്ന പ്രൊഫസര്‍മാരില്‍ ചിലര്‍ വിളക്കു കൊളുത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വെളിച്ചമണഞ്ഞ് നീണ്ട മുദ്രാവാക്യം വിളികള്‍ക്കൊടുവില്‍ സിനിമ ആരംഭിച്ചു.
ഭീകരരുടെ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട ഒരു യുവതി വിദേശ സൈനികര്‍ക്ക് മുന്നിലിരുന്ന് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് തുടക്കം. ആ ഇരുത്തവും അവരുടെ മറുപടികളും സിനിമയെ ആദ്യം മുതല്‍ അവസാനം വരെ നയിക്കുന്നു. ഇരിയ്ക്കുന്ന പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ പേര് ഫാത്തിമ. അവര്‍ മുമ്പ് തിരുവനന്തപുരം സ്വദേശിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ആയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുന്നുണ്ട്.
കേരളത്തിന്റെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി കാസര്‍കോട്ടെ നഴ്സിങ് കോളേജില്‍ പഠിക്കാനെത്തുന്ന നാല് കുട്ടികള്‍. അവരില്‍ രണ്ട് പേര്‍ ഹിന്ദു മതത്തില്‍ ജനിച്ചവര്‍. ഒരാള്‍ ക്രിസ്ത്യന്‍ മത വിശ്വാസി. മറ്റൊരാള്‍ മുസ്ലിം. മുസ്ലിമായ യുവതി അവരുടെ മതപരമായ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി രണ്ട് ഹിന്ദു യുവതികളേയും പ്രണയ ബന്ധങ്ങളില്‍പ്പെടുത്തുന്നതും അതില്‍ ഒരാളെ വിദേശത്തേയ്ക്ക് കടത്തുന്നതും മറ്റൊരാള്‍ ആത്മഹത്യ ചെയ്യുന്നതും മതം മാറ്റത്തിന് കൂടെ നില്‍ക്കാത്ത ക്രിസ്ത്യന്‍ യുവതി ബലാത്സംഗം ചെയ്യപ്പെടുന്നതുമാണ് സിനിമയില്‍ ചിത്രീകരിച്ചത്.
ഓരോ ഫ്രെയ്മിലും പ്രൊപ്പഗന്‍ഡ നിറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും കേരളത്തെ ഒരു തരത്തിലും അടയാളപ്പെടുത്തുന്നില്ല സിനിമ. കൂട്ടത്തിലേയ്ക്ക് എത്തുന്ന മുസ്ലീം യുവതിയോട് നിങ്ങള്‍ കോഴിക്കോടോ, മലപ്പുറമോ അല്ലേ എന്ന ചോദ്യം മുതല്‍ മതം മാറാന്‍ നിര്‍ബന്ധിക്കപ്പെട്ട കുട്ടിയുടെ വീട്ടിലെ ചുവരില്‍ കാള്‍ മാര്‍ക്സിനേയും ഏംഗല്‍സിനേയും ലെനിനേയും കൊണ്ടുവെക്കുന്നതിലും വീടിന് പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി കൊടികെട്ടിവെയ്ക്കാനും, അത് ഓരോ ഫ്രൈമിലും കാണിക്കാനും സംവിധായകന്‍ സുദീപ്തോ സെന്‍ ശ്രദ്ധിക്കുന്നു. കാസര്‍കോട് കേന്ദ്രീകരിച്ച് ഒരു മുസ്ലീം മത പഠന സ്ഥാപനം വഴി മതംമാറ്റത്തിനുള്ള ആസൂത്രിത ഇടപെടല്‍ നടക്കുന്നുവെന്ന് സിനിമ പറയുന്നു. മുസ്ലീം മത വിശ്വാസികളായി സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നവരെല്ലാം ഭീകരരോ ഭീകരര്‍ക്ക് സഹായം ചെയ്യുന്നവരോ ആയി ചിത്രീകരിക്കപ്പെടുന്നു. സ്നേഹത്തിന്റെയോ സഹാനുഭൂതിയുടേയോ ഒരു കണിക പോലും സുദീപ്തോ സെന്നിന്റെ കാഴ്ചയില്‍ കേരളത്തിലെ മുസ്ലീങ്ങള്‍ക്കില്ല.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ നാല് യുവതികളുടെ വിശ്വാസ സ്വത്വത്തെ അടയാളപ്പെടുത്തുന്നതില്‍ സ്വീകരിച്ച സൂക്ഷ്മത തന്നെയാണ് ഈ സിനിമ കേരള സമൂഹത്തിലും പുറത്തും ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു. ഹിന്ദുക്കളായ രണ്ട് പേരും മതത്തെയോ ദൈവ വിശ്വാസത്തേയോ പിന്തുടരാത്തവര്‍. അതില്‍ ഒരാളുടെ വീട്ടുകാര്‍ വിശ്വാസികളാണ് എങ്കിലും ആ കുട്ടി വിശ്വാസങ്ങളിലും ആചാരങ്ങളിലും തല്‍പരയല്ല. രണ്ടാമത്തെ ഹിന്ദു കുട്ടിയുടെ കുടുംബം കമ്യൂണിസ്റ്റുകാരാണ്. അച്ഛനമ്മമാര്‍ കമ്യൂണിസം പിന്തുടരുന്നത് കൊണ്ട് കുട്ടി വിശ്വാസ വഴിയില്‍ സഞ്ചരിക്കുന്നില്ല. എന്നാല്‍, മൂന്നാമത്തെ ക്രിസ്ത്യന്‍ കുട്ടി മതം പിന്തുടരുന്നു. അവള്‍ പക്ഷേ ഇസ്ലാമിലേയ്ക്ക് മാറാനുള്ള ശ്രമത്തിന് പിടികൊടുക്കുന്നില്ല. നാലാമത്തെയാള്‍ മുസ്ലീം യുവതിയാണ്. ആ കുട്ടി മതം പിന്തുടരുന്നു എന്ന് മാത്രമല്ല എല്ലാവരേയും മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നും അതില്‍ മിക്കയിടത്തും വിജയിച്ചുവെന്നും സിനിമ പറയുന്നു. ഹിന്ദു കുട്ടികള്‍ മതം പിന്തുടരാതെ പിഴച്ച് പോകുന്നു, മുസ്ലീം കുട്ടികള്‍ ബോധപൂര്‍വ്വം മതം മാറ്റത്തിനും ഭീകര പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്നു, പാവമായ ക്രിസ്ത്യന്‍ യുവതി, അവള്‍ പോലും മുസ്ലീംങ്ങളുടെ പീഡനത്തിന് ഇരയാകുന്നു എന്ന് സിനിമ പറയുന്നു.
ഒരു വെടിയ്ക്ക് മൂന്ന് പക്ഷിയാണ് അണിയറയിലുള്ളവര്‍ ലക്ഷ്യമിട്ടത് എന്ന് തോന്നുന്നു. കേരളത്തിലെ മുസ്ലീങ്ങളെല്ലാം മറ്റ് മതക്കാര്‍ക്ക് വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്, അവര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി മതം മാറ്റം ചെയ്യിക്കുന്നവരാണ് എന്ന ചിന്ത രാജ്യത്തും പുറത്തും പടര്‍ത്തല്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ അടിത്തറയൊരുക്കുന്നത് കമ്യൂണിസ്റ്റുകളാണ് എന്ന ധാരണ പടര്‍ത്തല്‍. പാവം ക്രിസ്ത്യാനികള്‍ ഇതിനെല്ലാം ഇരയാകുന്നു എന്ന ചിന്തയുണ്ടാക്കല്‍. കലാ മൂല്യത്തിന് യാതൊരു പരിഗണനയും കൊടുക്കാതെ മുസ്ലീം വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയും പറയുന്ന ചിത്രം എന്ന് പ്രാഥമികമായി ദ കേരള സ്റ്റോറിയെ വിലയിരുത്താം.
കേരളത്തെക്കുറിച്ച്, നാടിന്റെ സംസ്‌കാരത്തെക്കുറിച്ചും സാമൂഹ്യഘടനയേയും കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ് ചിത്രം സാധ്യമാക്കാന്‍ നിയോഗിക്കപ്പെട്ടത് എന്ന് വ്യക്തം. ഹിന്ദു യുവതികളോട് ക്രിസ്ത്യന്‍ യുവതി ചോദിക്കുന്നത് ദീപാവലി ആഘോഷിക്കാന്‍ എന്തുകൊണ്ട് വീട്ടില്‍ പോകുന്നില്ല എന്നാണ്. പഴയ തലമുറ ആഘോഷിക്കാറുണ്ട്, പക്ഷേ ഞങ്ങളത് അങ്ങനെ കൊണ്ടാടാറില്ല എന്ന് ഹിന്ദു യുവതികള്‍ മറുപടി പറയുന്നു. കേരളത്തില്‍ അന്നും ഇന്നും ദീപാവലി വലിയൊരാഘോഷമേയല്ല. ജാതിമത ഭേദമന്യേ മനുഷ്യര്‍ കൊണ്ടാടുന്ന ഉത്സവങ്ങളാണ് കേരളത്തില്‍ ഏറെയുമുള്ളത് എന്ന യാഥാര്‍ഥ്യം ഉത്തരേന്ത്യയിലെ ചിലര്‍ക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.
ബോംബിന് മുകളിലാണ് കേരളത്തിന്റെ നില്‍പ്പ്, കമ്യൂണിസ്റ്റുകള്‍ കുഴപ്പക്കാരാണ് എന്നൊക്കെ പുട്ടിന് പീരപോലെ പറയിപ്പിക്കുന്നു കഥാപാത്രങ്ങളെക്കൊണ്ട്. ഹിജാബ് ചര്‍ച്ചാ വിഷയമാക്കാനും ശ്രമിക്കുന്നു. ഒരു ഗുളിക കുടിച്ച ശേഷം പെട്ടെന്ന് ആളുകള്‍ മതം മാറുന്നതും കാസര്‍കോട്ടെ ഒരു മാളില്‍ മൂന്ന് യുവതികള്‍ വസ്ത്രം പോലും വലിച്ചു കീറി അക്രമിക്കപ്പെടുന്നതും അത് കണ്ട ഒരു മനുഷ്യന്‍ പോലും പ്രതികരിക്കാതിരുന്നതും സിനിമ കാണിക്കുന്നു. ഉത്തരേന്ത്യയിലെ കേവല യുക്തികളില്‍ വിളയിച്ചെടുത്തതാണ് കഥാപരിസരം എന്ന് വ്യക്തം.
കേരളത്തില്‍ നിന്ന് 30,000 പേര്‍ മിസ്സിങ്ങാണ്. അനൗദ്യോഗികമായി ആ എണ്ണം അന്‍പതിനായിരമാണ്. 703 കേസേ റജിസ്റ്റര്‍ ചെയ്തുള്ളു, 260 പേരെ മാത്രമേ രക്ഷപ്പെടുത്തിയുള്ളു എന്നെല്ലാം ഒരു കാഥാപാത്രം വന്ന പോലീസിന് മുന്നില്‍ വിശദീകരിക്കുന്നുണ്ട്. ഒരു സിനിമയെ സിനിമയായി മാത്രം കാണുമ്പോള്‍ ഈ കണക്കുകള്‍ പരിഗണനാ വിഷയമാകുകയേ വേണ്ട. എന്നാല്‍, ഞങ്ങള്‍ പറയുന്നതെല്ലാം സത്യമാണ്, സത്യകഥയാണ് എന്നും പറഞ്ഞ് ഒരു സിനിയെടുക്കുമ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ ഈ കണക്കുകള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. കേരളത്തിലെ 32,000 പേര്‍ മതം മാറി എന്ന് സിനിമയുടെ അവസാനം എഴുതിക്കാണിക്കുന്നുണ്ട്. അത് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയാണ് എന്നും പറയുന്നുണ്ട്.
കൊടിയ മുസ്ലീം വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയും പറഞ്ഞുവെച്ചിട്ട് ഒടുവില്‍ അപ്പറഞ്ഞതെല്ലാം സത്യമാണ് എന്ന് കാണിക്കാനുള്ള പൊടിക്കെകളും ചേര്‍ത്ത്, ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സിനിമാ പ്രമോഷനും നടത്തിയ ഉല്‍പ്പന്നമാണ് ജെ.എന്‍.യുവില്‍ പ്രദര്‍ശിക്കപ്പെട്ടത്. കര്‍ണാടകയിലെ വോട്ടെടുപ്പിന് മുമ്പ് തന്നെ ചിത്രം തിയേറ്ററുകളില്‍ എന്ന മറ്റൊരു പ്രത്യേകതയും ഉണ്ടല്ലൊ.
.jpg?$p=5caaf9d&&q=0.8)
അവസാന രംഗവും കഴിഞ്ഞ് ഹാളില്‍ വെളിച്ചം വീഴും മുന്‍പ് വീണ്ടും മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. ജയ് ശ്രീറാമും ഭാരത് മാതാ കി ജയും ചുവപ്പ് മായട്ടെയെന്നും വലിയൊരു സംഘം വിളിച്ചു. ആ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സുദീപ്തോ സെന്നും നായിക ആദാ ശര്‍മയും വേദിയിലെത്തി. പിന്നീട് അവര്‍ക്ക് അഭിവാദ്യം വിളിയായി. അല്‍പ്പസമയത്തിനകം പരിപാടി അവസാനിച്ചു. അണിയറ പ്രവര്‍ത്തകരും പിരിഞ്ഞു.
ഈ സമയത്തിനിടയില്‍ ജെ.എന്‍.യുവില്‍ ഒരു പ്രതിഷേധം നടന്നു. സിനിമാ പ്രദര്‍ശന ഹാളിന് ഏതാണ്ട് ഒരു കിലോ മീറ്ററോളം അകലെ സബര്‍മതി ദാബയ്ക്കരികെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഒത്തു കൂടി. സിനിമയ്ക്കെതിരെ പ്രതിഷേധിച്ച് പിരിഞ്ഞു. കേരളത്തിനെതിരെയുള്ള ഗൂഢാലോചനയും സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമവുമാണ് ഈ സിനിമയെന്ന് അവര്‍ ആരോപിച്ചു.
തിരിച്ച് വരുമ്പോഴാണ് കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പത്തെ ഒരു സംഭവം ആലോചിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബി.ബി.സി. എടുത്ത ഡോക്യുമെന്ററി സര്‍വ്വകലാശാല യൂണിയന്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍വ്വകലാശാല വൈദ്യുതിയും ഇന്റര്‍നെറ്റും വിഛേദിച്ചു. എ.ബി.വി.പിക്കാര്‍ കല്ലെറിഞ്ഞു. വലിയ സംഘര്‍ഷമുണ്ടായി. അന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് വാര്‍ത്തയൊക്കെ റിപ്പോര്‍ട്ട് ചെയ്ത് തിരിച്ച് പോകാന്‍ കഴിഞ്ഞത്. എന്നാല്‍, ഇന്ന് എ.ബി.വി.പിക്കാര്‍ക്ക് സിനിമാ പ്രദര്‍ശനത്തിന് സര്‍വ്വകലാശാല ഹാള്‍ അനുവദിച്ചു. എസ്.എഫ്.ഐക്കാര്‍ ജനാധിപത്യ പ്രതിഷേധം നടത്തി പിരിയുകയും ചെയ്തു. കാര്യങ്ങളെല്ലാം ശുഭമായത് കൊണ്ട് എട്ട് മണിയ്ക്ക് തിരികെ ഓഫീസിലുമെത്തി.
അപ്പോഴേക്കും സുദീപ്തോ സെന്നും നായിക ആദ ശര്‍മയും ഹിന്ദി, ഇംഗ്ലീഷ് ചാനലുകളുടെ സ്റ്റുഡിയോയില്‍ എത്തിയിരുന്നു. കേരളത്തിലെ അവസ്ഥയില്‍ പരിതപിച്ച് ഇരുവരും ദുഖിതരാകുന്നത് ടി.വിയില്‍ വീണ്ടും കണ്ടു.
Content Highlights: the kerala story first review jnu screening
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..